Wednesday 21 November 2012

മലയാളിയും മരുന്നും


അറിവും ബോധവും മറ്റുള്ളവരേക്കാള്‍ കൂടുതലുണ്ടെന്നും, വിദ്യാസമ്പന്നരെന്നും  അഹങ്കരിക്കുന്ന മലയാളികള്‍ ആണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മരുന്നുകള്‍ ഉപയോഗിക്കുന്നത്.
ശെരിയായ ആരോഗ്യ പരിപാലനം ഇല്ലായ്മ, ചിട്ടയായ ജീവിത ചര്യ ഇല്ലായ്മ, അനാവശ്യ ഭയം ഇവയൊക്കെയാണ് നമ്മുടെ മരുന്ന് ഉപഭോഗം കൂട്ടുന്നത്.ഈപ്പറഞ്ഞ കാര്യങ്ങളൊക്കെ ചൂഷണം ചെയ്യാനുള്ള ഒരു വിഭാഗം ഡോക്ടര്‍മാരുടെ ചിന്തയും, മരുന്ന് കമ്പനിക്കാരുടെ ലാഭക്കൊതിയും ഇതിനു ആക്കം കൂട്ടുന്നു.
ഇന്ത്യയിലെ നൂറ്റി ഇരുപതു കോടി ജനങ്ങളില്‍ വെറും മൂന്നു കോടി മാത്രമാണ് കേരളത്തിലെ ജനസംഖ്യ. എന്നാല്‍ മരുന്നുകള്‍ ഉപയോഗിക്കുന്ന കണക്ക് പരിശോധിച്ചാല്‍ ഇന്ത്യയിലെ ശെരാശരി മരുന്ന് ഉപഭോഗത്തിന്റെ പതിനഞ്ചു ശതമാനത്തോളം കേരളത്തില്‍ മാത്രമാണ് എന്ന് പഠനങ്ങള്‍ പറയുന്നു. ഇത് ശെരിക്കും ഭയമുളവാക്കുന്ന  വസ്തുതയാണ്.
സര്‍ക്കാര്‍ ആശുപത്രികളില്‍,എന്തിനേറെപ്പറയുന്നു മെഡിക്കല്‍ കൊളെജുകളില്‍പ്പോലും ഒരു രോഗിക്ക് ആവശ്യമുള്ളതിന്റെ പത്തിരട്ടിയോളം അളവ് മരുന്നുകളാണ് നല്‍കുന്നത്. വിരമിച്ച ചില ഡോക്ടര്‍മാരുടെ വാക്കുകള്‍ ഇതിനു അടിവരയിടുന്നു. അപ്പോള്‍പ്പിന്നെ പ്രൈവറ്റ്‌ ആശുപത്രികളിലെ കാര്യം പറയാനുണ്ടോ??
ഒരു സാധാരണ പനിയോ,ജലദോഷമോ വന്നാല്‍ പോലും മലയാളിക്ക് ആശുപത്രിയില്‍ പോകാതെ കഴിയില്ല. സമീപത്തെ ക്ളിനിക്കുകളിലോന്നും പോവാതെ ഏറ്റവും മുന്തിയ ആശുപത്രിയില്‍ തന്നെ പോയില്ലങ്കില്‍ ഒരു സമാധാനം കിട്ടുകില്ല. പനി എന്നത് ശരീരം അതിന്റെ പ്രതിരോധശേഷി പരീക്ഷിക്കുന്ന ഒരു അവസ്ഥയാണന്ന് ഒരു ഡോക്ടര്‍ പറഞ്ഞതായി ഓര്‍ക്കുന്നു. പനിക്കായി മരുന്നിനു ചെല്ലുമ്പോള്‍ മരുന്നൊന്നും തരാതെ തിരികെ പറഞ്ഞുവിട്ട അനുഭവവും ഉണ്ടായിട്ടുണ്ട്.
ഒരേതരം മരുന്നുകള്‍ തന്നെ വിവിധ കമ്പനിക്കാര്‍ വിപണിയില്‍ എത്തിക്കുമ്പോള്‍ വിലയില്‍ വലിയ വ്യത്യാസം കാണുന്നു. അത് വിദേശ കമ്പനിയുടേത് ആണെങ്കില്‍ സാധാരണ ഉള്ളതിനേക്കാള്‍ എത്രയോ മടങ്ങായിരിക്കും അതിന്റെ വില???. വില കൂടുന്നതിനനുസരിച്ച് അതിന്റെ ഗുണത്തില്‍ മാറ്റമൊന്നും ഉണ്ടായിട്ടല്ല ഈ വ്യത്യാസം... പക്ഷെ അങ്ങിനെ ഒരു തെറ്റിദ്ധാരണ മലയാളികള്‍ക്കുണ്ട് എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. കുറഞ്ഞ വിലക്കുള്ള മരുന്ന് ഏതെന്കിലും ഡോക്ടര്‍ കുറിച്ച് കൊടുത്താല്‍ അത് വാങ്ങാതെ അടുത്ത ഡോക്ടറെ കാണാനായി പോകും. എന്തെങ്കിലും മരുന്ന് എഴുതി കൊടുത്തില്ല എങ്കില്‍ ഡോക്ടര്‍ ശെരിയല്ല എന്ന അഭിപ്രായവും. മരുന്ന് കഴിക്കാതെ തനിക്ക് ജീവിക്കാന്‍ പറ്റില്ല എന്നൊരു അബദ്ധ ധാരാണ മലയാളിയുടെ മനസ്സില്‍ വേരുറച്ചു കഴിഞ്ഞു.
ഒരു വിഭാഗം ഡോക്ടര്‍മാര്‍ വില കൂടിയ മരുന്നുകളെ എഴുതൂ .. കാരണം.. അതിനനുസരിച്ച് അവര്‍ക്ക് കിട്ടുന്ന കമ്മീഷനും കൂടും. വയറുവേദനയുമായി ചെന്നാല്‍ പോലും സ്കാനിംഗ് നടത്താന്‍ പറയുന്ന ഡോക്ടര്‍മാര്‍ ധാരാളം. ഡോക്ടര്‍ പറഞ്ഞില്ലെങ്കില്‍ രോഗി അങ്ങോട്ട്‌ ആവശ്യപ്പെടും. രണ്ടായാലും  ഒരു പ്രത്യേക സ്കാനിംഗ് സെന്ററിലേക്ക് മാത്രമേ ഡോക്ടര്‍ കുറിപ്പ് കൊടുക്കൂ. ഒന്നുകില്‍ കൃത്യമായി കമ്മീഷന്‍ കിട്ടുന്ന സ്ഥലത്തേക്ക് അല്ലെങ്കില്‍ തന്റെ ബിനാമി സ്ഥാപനത്തിലേക്ക്.
മലയാളി ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത് ലൈംഗീക ഉത്തേജന-വാജീകരണ ഔഷധങ്ങള്‍ വാങ്ങാനാണ്. ഇന്ന് മാര്‍ക്കറ്റില്‍ പല ബ്രാണ്ടിലുള്ള അനേകം ഉത്തേജന മരുന്നുകള്‍ ലഭ്യമാണ്. മരുന്നുകളുടെ ആവശ്യക്കാര്‍ ഏറിയതനുസരിച്ചു ഉല്‍പ്പന്നങ്ങളുടെ എണ്ണവും വര്‍ധിച്ചു. ഇത്തരം ഔഷധങ്ങള്‍ ഡോക്ടറുടെ നിര്‍ദേശം ഇല്ലാതെ പോലും യഥേഷ്ടം ലഭ്യമാണ്. പ്രതിവര്‍ഷം കോടിക്കണക്കിന്  രൂപയാണ് ഈയിനത്തില്‍ മലയാളികള്‍ ചെലവാക്കുന്നത്. മുറിവൈദ്യന്മാരുടെ കണക്കുകള്‍ കൂടിയാവുമ്പോള്‍ എത്രയോ ഇരട്ടിയാവും. 
ചിട്ടയായ ജീവിതരീതികള്‍ പാലിച്ചാല്‍ വലിയൊരളവുവരെ മരുന്നുപയോഗം ഒഴിവാക്കാവുന്നതാണ്.ചിട്ടയായ ജീവിതക്രമം പാലിക്കാന്‍ സമയക്കുറവുണ്ട് എന്നത് അലസതയില്‍ നിന്നുണ്ടാകുന്ന ഒരു വാദം മാത്രമായിട്ടെ കാണാന്‍ കഴിയൂ. കൃത്യമായ ചില വ്യായാമ മുറകളിലൂടെയും, ആഹാര ക്രമീകരങ്ങണളിലൂടെയും രോഗങ്ങളെ വലിയൊരളവുവരെ അകറ്റി നിര്‍ത്താന്‍ സാധിക്കും.
ഇന്ന് ചികില്‍സ തേടുന്ന എണ്‍പത് ശതമാനത്തിലധികം ആളുകള്‍ക്കും അവരുടെ ജീവിത രീതികളിലും ഭക്ഷണ ക്രമത്തിലും അല്പം മിതത്വം പാലിച്ചാല്‍ മരുന്നുകള്‍ കൂടാതെ തന്നെ ആരോഗ്യസംരക്ഷണം സാധ്യമാകും എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

ആഹാര രീതികളിലെ മോഡേണിസം മലയാളിയെ രോഗിയാക്കുന്നതില്‍ പ്രാധാനമാണ്. പാക്കെറ്റ്‌ ഭക്ഷണവും, തട്ടുകട ഭക്ഷണവും, കെ.എഫ.സി പോലുള്ള മോഡേണ്‍ റെസ്റ്റോറന്റ് ഭക്ഷണവും കഴിവതും ഒഴിവാക്കിയാല്‍ ആരോഗ്യവും, പണവും ലാഭിക്കാം. നമ്മുടെ കാലാവസ്ഥക്കും ശരീരപ്രകൃതിക്കും പറ്റിയ ഭക്ഷണം ഓരോരുത്തരും ശീലമാക്കണം.
രോഗമറിയാതെ ചികിത്സിക്കുന്നതും, ആരോഗ്യശീലങ്ങളെക്കുറിച്ചു  ശെരിയായ കാഴ്ച്ചപ്പാടില്ലാത്തതുമാണ് മരുന്നുകള്‍ക്കായി മലയാളിയുടെ പോക്കറ്റ് ചോരുന്നതിനു പ്രധാന കാരണം. അത് തിരിച്ചറിയാത്തിടത്തോളംകാലം സാമ്പത്തികവും ശാരീരികവുമായ  ഈ ചൂഷണം തുടര്‍ന്നുകൊണ്ടേയിരിക്കും.

(തണല്‍ കൂട്ടായ്മയിലെ യുവജനോത്സവത്തില്‍ ലേഖനരചന വിഭാഗത്തില്‍ നല്‍കിയത്)

No comments: