Thursday, 26 July 2018

“ആവിഷ്കാരസ്വാതന്ത്ര്യം” വ്യഭിചരിക്കപ്പെടുമ്പോള്‍

ആവിഷ്കാരസ്വാതന്ത്ര്യത്തെപ്പറ്റി പലരുമിവിടെ കൊട്ടിഘോഷിക്കുന്നതായിക്കാണുന്നു. എന്താണ് ഈ ആവിഷ്കാരസ്വാതന്ത്ര്യം?എന്തു തെമ്മാടിത്തരവും പറയാൻ മാത്രമായി സൗകര്യപൂർവം ഉപയോഗിക്കുന്ന ഒന്നാണോ ഈ വാക്ക് ??

അവഹേളനപരമായി എന്തു തെമ്മാടിത്തരവും വിളിച്ചുകൂവുന്നതല്ല ആവിഷ്കാരസ്വാതന്ത്ര്യം... കലാകാരൻ കണ്ടറഞ്ഞിതും, കൊണ്ടറിഞ്ഞതും, കേട്ടറിഞ്ഞതുമായ കാര്യങ്ങള്‍ തന്റെ ഭാവനയ്ക്കൊത്ത് സഭ്യമായി വരച്ചുകാണിക്കുന്നതാണ് ആവിഷ്കാരസ്വാതന്ത്ര്യം. അതിൽ പുരോഗമനപരമായ ഒരു സന്ദേശമുണ്ടാവണം... രചനയിൽ കഴമ്പുണ്ടാവണം.. സാമൂഹികപരിഷ്കരണത്തിനുതകുന്ന ഒരു ത്രെഡ്ഡുണ്ടാവണം..


കലാസൃഷ്ടികൾ കാലാനുസൃതമായിരിക്കണം. സ്ഥാപിതതാൽപര്യക്കാർക്ക് സൗകര്യപൂർവം ഉപയോഗിക്കാനുള്ള ഉൽപ്പന്നമായി രചനകൾ മാറാതിരിക്കാൻ കലാകാരൻ ശ്രദ്ധിക്കണം. ഇതൊന്നുമില്ലാതെ ഹിന്ദുമതവിശ്വാസപ്രകാരം ക്ഷേത്രദർശനത്തിനുപോകുന്ന സ്ത്രീകളെ അപ്പാടെ അധിക്ഷേപിക്കുന്ന പരാമർശം ഹരീഷീന്റെ നോവലായി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്നത് നിർഭാഗ്യകരം തന്നെയാണ്. തിരുത്തപ്പെടേണ്ട തെറ്റുതന്നെയാണതെന്നതിൽ തർക്കമില്ല.

ന്യായീകരണത്തിനായി എംടിയുടെ നിർമ്മാല്യവും, ബഷീറിന്റെ പുസ്തകവും ഉദാഹരണങ്ങളായി ചുണ്ടിക്കാണിക്കുന്നവരോട് ചോദിക്കാനുള്ളത്; നിങ്ങൾ ഉദാഹരിക്കുന്ന പുസ്തകവും, സിനിമയും, മീശയിലെ കഥാപാത്രത്തിന്റെ സംഭാഷണശകലങ്ങളും തമ്മില്‍ എങ്ങനെ പൊരുത്തപ്പെടും??

അന്ധവിശ്വാസം കൊണ്ട് ജീവിക്കുകയും, അന്ധവിശ്വാസം പ്രചരിപ്പിക്കുകയും ചെയ്ത വെളിച്ചപ്പാട്, തനിക്കു ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന നെഞ്ചുപിളർക്കുന്ന അനുഭവങ്ങളാൽ നിരാശനും,ദുഖിതനും,രോഷാകുലനുമായി ഉറഞ്ഞു തുള്ളി തലയിൽ വെട്ടി, ഒഴുകി വന്ന ചോരയും തുപ്പലും കൂട്ടിചേർത്ത് തന്റെ ഉപാസനാമൂർത്തിയായ ഭഗവതിയുടെ മുഖത്തേയ്ക്ക് കാർക്കിച്ചു തുപ്പുകയും, വാളുകൊണ്ട് വിഗ്രഹത്തിൽ ആഞ്ഞു വെട്ടുകയും ചെയ്യുന്നു... ഇതിലൂടെ നാട്ടില്‍ മനപൂർവമായോ അല്ലാതെയോ പ്രചരിച്ചിരുന്ന അന്ധവിശ്വാസങ്ങളെ തച്ചുടക്കാൻ വെളിച്ചപ്പാടിനെത്തന്നെ കലാകാരൻ ഉപകരണമാക്കുന്നു. അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന കപടസന്യാസികൾക്കെതിരെ ഈ കാലഘട്ടത്തിലും ഇത്തരം പ്രതികരണങ്ങൾ നടക്കുന്നില്ലേ??

ഇനി ബഷീറിന്റെ ഭഗവത്ഗീതയും കുറെ മുലകളും എന്ന പുസ്തകത്തിലേക്ക് വരാം... എഴുത്തുകാരൻ ജീവിച്ചിരുന്ന കാലഘട്ടത്തിൽ അതായത് സ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കാർ അനുവാദമില്ലാതിരുന്ന ആ കാലഘട്ടത്തിൽ അനുഭവവേദ്യമായ കാഴ്ചകൾ അദ്ദേഹത്തിന്റെ രചനയിൽ പ്രതിപാദിച്ചതിൽക്കവിഞ്ഞ് എന്താണുള്ളത്?? ഹരീഷിന്റെ വിവാദ നോവൽ മീശയിലുമുണ്ടല്ലോ അതുപോലെയുള്ള കാര്യങ്ങള്‍?? അത് പക്ഷേ കഥാകാരന്റെ ഭാവനയാണന്ന് മാത്രം. അതിലൊന്നും ആരും എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ലല്ലോ...

എംടിയുടേയും ബഷീറിന്റെയും സമകാലീനനല്ലാത്ത ഹരീഷിന്റെ സ്വന്തം ജീവിതാനുഭവങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞ ചിന്തകളാവാം അദ്ദേഹം തന്റെ കഥാപാത്രത്തെക്കൊണ്ട് പറയിച്ചത്.


ആവിഷ്കാരസ്വാതന്ത്ര്യത്തെപ്പറ്റി വാതോരാതെ കുരയ്ക്കുന്ന അഭിനവ സാംസ്കാരിക'നായ'കരോടും, സ്വത്വം അടിയറവുവച്ച് കുഴലൂത്തു നടത്തുന്ന എഴുത്തുകാരോടും ചോദിക്കാനുള്ളത്; പവിത്രൻ തീക്കുനിയുടെ കവിത 'പർദ്ദ' എതിർപ്പിനെത്തുടർന്ന് പിൻവലിച്ചപ്പോഴും(പർദ്ദ പ്രസിദ്ധീകരിക്കുന്നതിനു ആഴ്ചകൾക്കു മുൻപ് രാമായണത്തിലെ രാമനെ പരിഹസിക്കുന്ന തരത്തിൽ 'സീത' എന്നൊരു കവിതയും പവിത്രൻ തീക്കുനി പ്രസിദ്ധീകരിച്ചിരുന്നു. പക്ഷേ അപ്പോള്‍ ഇന്ന് ഹരീഷ് നേരിടുന്നതരം ഭീഷണികളൊന്നും പവിത്രനുനേരെ ഉണ്ടായിരുന്നില്ല എന്നത് മറ്റൊരു സത്യം) ,

ലിയാനർഡോ ഡാവിഞ്ചിയുടെ 'അന്ത്യ അത്താഴം' എന്ന ചിത്രത്തെ ആസ്പദമാക്കി മലയാള മനോരമയുടെ ഉടമസ്ഥതയിലുള്ള ഭാഷാപോഷിണി മാസികയിൽ ചിത്രം വരച്ച ടോം വട്ടക്കുഴിക്കെതിരെ മെത്രാൻമാരുടെ കൈകൾ ഉയർന്നപ്പോഴും നിങ്ങളിൽ ഒരാളെപ്പോലും പ്രതികരിക്കാൻ കണ്ടില്ലല്ലോ?? നിങ്ങൾ പ്രതികരിക്കില്ല.... പ്രതികരിക്കാനായി നിങ്ങൾ ചിന്തിക്കുമ്പോൾത്തന്നെ ഒരു ദുസ്വപ്നംപോലെ ജോസഫ് മാഷിന്റെ മുഖവും കൈകളുമാവും നിങ്ങളുടെ മനസിലേക്കോടിയെത്തുന്നത്... സ്വന്തം തടി സംരക്ഷിക്കാൻവേണ്ടിമാത്രം അവസരോചിതമായ നിലപാടുകളെടുത്ത് ആവിഷ്കാരസ്വാതന്ത്ര്യമെന്ന വാക്കിനെ വ്യഭിചരിക്കരുത്.

തങ്ങൾക്ക് പ്രയോജനമെന്നുതോന്നുന്ന കാര്യങ്ങളിൽ മാത്രം 'അവസരത്തിനൊത്തുയർന്ന്' രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന മുഖ്യമന്ത്രിയും, പ്രതിപക്ഷനേതാവുമുൾപ്പടെയുള്ള രാഷ്ട്രീയഭിക്ഷാംദേഹികളോടും പറയാനുള്ളത് ഒന്നുമാത്രം; ഹിന്ദുത്വവാദികളെ എതിർക്കാനെന്ന ഭാവത്തിൽ ഹിന്ദുമതത്തേയും ആചാരങ്ങളേയും അധിക്ഷേപം ചൊരിയുന്നവരെ സംരക്ഷിക്കുന്നതു പോരാതെ വിശ്വാസികളായ സ്ത്രീസമൂഹത്തെ മുഴുവന്‍ അഭിസാരികകളായി ചിത്രീകരിക്കുന്നതിനേക്കൂടി പ്രോൽസാഹിപ്പിക്കുന്നതുവഴി വലിയ തെറ്റുകളാണ് നിങ്ങൾ ചെയ്യുന്നത്. തീവ്രഹിന്ദുത്വവാദികളുടെ വളർച്ചക്ക് ആക്കം കൂട്ടുന്നതാണ് നിങ്ങളുടെ വികലമായ നിലപാടുകള്‍. ഹിന്ദുസമൂഹമെന്നാൽ 'ഹിന്ദുത്വവാദികൾ' ആണെന്നുള്ള നിങ്ങളുടെ അബദ്ധനിലപാടുകള്‍ തിരുത്തപ്പെടണം... അറിഞ്ഞോ അറിയാതെയോ നിങ്ങളുടെ പൂർവകാല നിലപാടുകളിൽ ചിലതെങ്കിലും തീവ്രഹിന്ദുത്വവാദികളോട് സമരസപ്പെട്ടതിനാൽ ചാർത്തപ്പെട്ട 'കളസം' തൂത്തെറിയാനുള്ള ഒരു മാർഗമായി മാത്രം ഹിന്ദുസമൂഹത്തിന്റെ വിശ്വാസങ്ങളേയും, ആചാരങ്ങളേയും തരാതരംപോലെ ഉപയോഗിക്കരുത് എന്നൊരു അപേക്ഷയുണ്ട്.

വിവാദമുണ്ടാക്കി പെട്ടന്നുള്ള ഒരു പ്രശസ്തിയും, അതിൽക്കൂടിയുള്ള സർക്കുലേഷൻ വർദ്ധനവുമാവാം കഥാകാരനും ഇടതു സഹയാത്രികനായ വീരേന്ദ്രകുമാറിന്റെ ഉടമസ്ഥതയിലുള്ള മാതൃഭൂമി വാരികയും പ്രതീക്ഷിച്ചത്. ഏതായാലും ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുമ്പോൾ കഥാകാരനും, പ്രസിദ്ധീകരണങ്ങളും ഏറെ ശ്രദ്ധ പുലർത്തണം.

ഹരീഷ് തന്റെ നോവൽ 'മീശ' പിൻവലിക്കണമെന്നോ, എഴുത്ത് നിർത്തണമെന്നോ, മാതൃഭൂമി അത് പ്രസിദ്ധീകരിക്കരുതെന്നോ എനിക്കഭിപ്രായമില്ല.... എന്നാൽ ഹിന്ദുസമൂഹത്തിലെ വിശ്വാസികളായ സ്ത്രീകളെ അപ്പാടെ അധിക്ഷേപിക്കുന്ന സംഭാഷണശകലങ്ങൾ പിൻവലിക്കുകതന്നെവേണം.

ആചാരങ്ങളേയും, വിശ്വാസങ്ങളേയും വിമർശിക്കാം ... പരിഹസിക്കാം .. പക്ഷേ പരിധിവിട്ടാകരുത് എന്നുമാത്രം.
കുറിപ്പ്: ഞാനൊരു വിശ്വാസിയായ ഹിന്ദുവാണ്; എന്നാൽ സംഘിയല്ല. ഇത്രയും പറഞ്ഞതിന്റെപേരിൽ വർഗീയവാദിയാക്കാനും സംഘിക്കളസം ഇടീക്കാനും വരുന്നവർക്ക് പൂഞ്ഞാറ്റിലെ ജോർജിന്റെ ഭാഷയിലാവും മറുപടി.

Sunday, 4 March 2018

ത്രിപുരയുടെ പാഠം


ത്രിപുര, മേഘാലയ, നാഗാലാന്‍റ് തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്ഫലം പുറത്തുവന്നു. അധികാരത്തിന്‍റെ പിന്‍ബലത്തിലും, ഇതര പാര്‍ട്ടികളിലെ നേതാക്കളെ  വിലക്കെടുത്തും ബിജെപി അവിടെ വിജയം കൈവരിച്ചുഎന്നുവേണം പറയാന്‍. 

തികച്ചും ജനാധിപത്യപരമായ ഒരു വിജയമാണതെന്ന് ഒരിക്കലും ബിജെപിക്ക് അവകാശപ്പെടുവാന്‍ കഴിയില്ല.. കാരണം കൊണ്ഗ്രെസ്സ്/തൃണമൂല്‍ കൊണ്ഗ്രെസ്സ് തുടങ്ങിയ പാര്‍ട്ടികളില്‍നിന്നും അധികാരമോഹികളായവരെ പ്രലോഭനങ്ങള്‍ നല്‍കി  ചാക്കിട്ടുപിടിച്ചും, വിഘടനവാദികളുമായി സഖ്യത്തിലേര്‍പ്പെട്ടുമാണ് ഇത്ര വലിയ വിജയം അവര്‍ മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളില്‍ സ്വന്തമാക്കിയത്. മേഘാലയയിലെ കുതിരക്കച്ചവടം ഇനി കാണാന്‍ പോകുന്നു... അറുപതു നിയമസഭാ സീറ്റുകളില്‍ ഇരുപത്തിഒന്ന് സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കൊണ്ഗ്രെസ്സിനെ നോക്കുകുത്തിയാക്കിക്കൊണ്ട് കേവലം രണ്ടെണ്ണം മാത്രമുള്ള ബിജെപി അവിടെ പ്രാദേശിക കക്ഷികളുമായിചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീവ്രശ്രമത്തിലാണ്. കേന്ദ്രഭരണത്തിന്‍റെ പിന്‍ബലവും അഴിമതിയിലൂടെ സ്വരൂപിച്ച ധനവുമൊക്കെ ബിജെപി പരമാവധി ഉപയോഗിക്കുമെന്നതില്‍  യാതൊരു സംശയവുമില്ല. ഗോവയും മണിപ്പൂരുമൊക്കെ ഉദാഹരണങ്ങള്‍.

ത്രിപുരയിലും നാഗാലാന്റിലും കൊണ്ഗ്രെസ്സിന്റെ സ്ഥിതി അതി ദയനീയമായി മാറി. യഥാക്രമം പത്തും എട്ടും സീറ്റുകളുണ്ടായിരുന്ന കൊണ്ഗ്രെസ്സിനു ഇക്കുറി ഒരൊറ്റ സീറ്റുപോലും നേടാന്‍ കഴിഞ്ഞിട്ടില്ല എന്നത് ദയനീയമാണ്. പക്ഷെ സാങ്കെതികമായിപ്പറഞ്ഞു ആശ്വാസം കണ്ടെത്താം. ത്രിപുരയില്‍ പത്ത് എംഎല്‍എ മാര്‍ ഉണ്ടായിരുന്നതില്‍ ഏഴുപേര്‍ തിരഞ്ഞെടുപ്പിന് വളരെമുന്നെതന്നെ തൃണമൂല്‍ വഴി ബിജെപിയിലേക്ക് കുടിയേറി. ഫലത്തില്‍ മൂന്ന് സീറ്റുകളാണ് കൊണ്ഗ്രെസ്സിനു ത്രിപുരയില്‍ ഉണ്ടായിരുന്നത്. കഴിവുറ്റ പ്രാദേശിക നേതൃത്വവും പ്രാദേശിക പാര്‍ട്ടികളുമായുള്ള തിരഞ്ഞെടുപ്പ് നീക്കുപോക്കുകളും ശക്തമായിരുന്നെങ്കില്‍ സ്ഥിതി കുറേക്കൂടി മെച്ചമാക്കാമായിരുന്നു എന്ന് തോന്നുന്നു. സ്വാര്‍ത്ഥതാല്‍പര്യക്കാരായ ഒരുകൂട്ടം നേതാക്കള്‍ മാത്രമായിരുന്നു ത്രിപുരയില്‍ കോണ്‍ഗ്രസിനുണ്ടായിരുന്നതെന്ന് തെരഞ്ഞെടുപ്പു ഫലങ്ങള്‍ സൂചിപ്പിക്കുന്നു. പ്രാദേശികമായി ഏതെങ്കിലും ഒരു പ്രത്യേക നേതാവിനെ ആശ്രയിക്കുക എന്നതിലുപരി പാര്‍ട്ടിയുടെ ആദര്‍ശങ്ങള്‍ക്കും പാര്‍ട്ടിയുടെ ദേശീയതാല്‍പര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന നേതാക്കള്‍ക്കായിരിക്കണം കൊണ്ഗ്രെസ്സ്പാര്‍ട്ടി ചുമതലകള്‍ നല്‍കേണ്ടത് എന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായി. 
  
തുടര്‍ച്ചയായി ഇരുപത്തിയഞ്ചുകൊല്ലം ഭരിച്ച സിപിഎം അതിദയനീയമായി ത്രിപുരയില്‍ പരാജയപ്പെട്ടു എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയം.ഇന്ത്യയില്‍ സിപിഎമ്മിന്റെ പ്രസക്തിതന്നെ നഷ്ടപ്പെട്ടുപോയ ഒരു അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
സിപിഎം അവരുടെ ആശയങ്ങളില്‍നിന്നുതന്നെ വ്യതിചലിച്ച് മണിക്ക് സര്‍ക്കാരിന്‍റെ ലളിതജീവിതമാണ് പ്രചാരണമാക്കിയത്. സത്യത്തില്‍ അത് അവര്‍ക്കുതന്നെ വിനയായി എന്നുവേണം കരുതാന്‍. വിദ്യാഭ്യാസമേഖലയിലും തൊഴില്‍ മേഖലയിലും പരാജയപ്പെട്ട, വികസനം മുരടിച്ച ത്രിപുര സര്‍ക്കാരിനെ തുറന്നുകാണിക്കാന്‍ ബിജെപിക്ക് വളരെയെളുപ്പത്തില്‍ സാധിച്ചുവെന്നുവേണം കരുതാന്‍. മുഖ്യമന്ത്രിയെപ്പോലെതന്നെ ദരിദ്രമായ ത്രിപുരയെ മാറ്റിയെടുക്കുവാന്‍ പ്രധാനമന്ത്രി മോദിയുള്‍പ്പടെയുള്ള കേന്ദ്രമന്ത്രിസഭയിലെ ബഹുഭൂരിപക്ഷം മന്ത്രിമാരും പങ്കെടുത്ത തെരഞ്ഞെടുപ്പു ഉത്സവങ്ങളിലെ മോഹനസുന്ദര വാഗ്ദാനപ്പെരുമഴകള്‍ക്ക് കഴിഞ്ഞു എന്ന് തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നു.

എല്ലാറ്റിലുമുപരി സിപിഎമ്മിന്റെ ധാര്‍ഷ്ട്യം, ബിജെപ്പിക്കെതിരെ തങ്ങള്‍ മാത്രമാണ് എതിരാളികള്‍ എന്നുള്ള താന്‍പോരിമ... വര്‍ഗീയശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ കൊണ്ഗ്രെസ്സിനോടുള്ള അയിത്തം... മുപ്പത്തിയഞ്ചു വര്‍ഷം ഭരിച്ചു കുളമാക്കിയ ബംഗാളില്‍നിന്നുള്ള നേര്‍ക്കാഴ്ചകള്‍ ഇവയൊക്കെയാണ് ത്രിപുരയില്‍ സിപിഎമ്മിന്റെ അടിവേരറക്കുന്നതിനു കാരണമായത്‌.
കേവലം കേരളസംസ്ഥാനത്ത് മാത്രമുള്ള പ്രാദേശികപാര്‍ട്ടിയായി സിപിഎം മാറിയിരിക്കുന്നു... അവരുടെ നിലനില്‍പ്പുതന്നെ ചോദ്യംചെയ്യപ്പെടുന്ന പരിതാപകരമായ അവസ്ഥയിലേക്ക് ചെന്നെത്തിയിരിക്കുന്നു. എന്തിനുമേതിനും കൊണ്ഗ്രെസ്സിനെ കുറ്റംപറയുന്ന രീതി അവസാനിപ്പിക്കാനും, വര്‍ഗീയശക്തികല്‍ക്കെതിരായ മുന്നേറ്റത്തിനു കൊണ്ഗ്രെസ്സിനോപ്പം അണിചേരുവാനുള്ള തീരുമാനമെടുക്കാന്‍ സിപിഎം നേതൃത്വം ആര്‍ജ്ജവം കാണിക്കണം.

വിവേചന ബുദ്ധിയില്ലാത്ത അണികളെ വിഡ്ഢികളാക്കാന്‍വേണ്ടി ചൈനയിലേയും, ക്യൂബയിലേയും, ഉത്തരകൊറിയയിലേയും നിറംപിടിപ്പിച്ച കഥകളും, അര്‍ത്ഥമില്ലാത്ത വാഗ്ധോരണികളും പ്രസ്താവനകളും നടത്തി വൃഥാ സമയംകളയാതെ ഇന്ത്യയിലേക്ക്‌ നോക്കാന്‍ സിപിഎം നേതാക്കള്‍ തയാറാവണം.

അപചയം സംഭവിച്ചുവെങ്കിലും ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തുമുള്ള പാര്‍ട്ടി എന്ന നിലയില്‍ ബിജെപിയെ എതിരിടാന്‍ ശേഷിയുള്ളത് കൊണ്ഗ്രെസിനു മാത്രമാണ്. അതുകൊണ്ടുതന്നെ കൊണ്ഗ്രെസ്സ് ദുര്‍ബലമായ ഇടങ്ങളില്‍ കൊണ്ഗ്രെസ്സിനെ പിന്തുണയ്ക്കുക മാത്രമാണ് നിലനില്‍പ്പിനു വേണ്ടിയെങ്കിലും സിപിഎമ്മിനു മുന്നിലുള്ള ഏക പോംവഴി..

Friday, 23 February 2018

ഫ്രോഡുകളുടെ സ്വന്തം നാട് എന്ന് വിളിക്കാന്‍ തോന്നുന്നു...


മനുഷ്യന്‍... മനനം ചെയ്യാന്‍ കഴിയുന്നവന്‍.. വിവേചനബുദ്ധിയോടെ പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നവന്‍.... ഇതൊക്കെയാണ് നമ്മളെ ഇതര ജീവിവര്‍ഗങ്ങളില്‍നിന്നു വ്യത്യസ്ഥനാക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി കേള്‍ക്കുന്ന വാര്‍ത്തകളൊക്കെത്തന്നെയും ഇതിനു കടകവിരുദ്ധമാണുതാനും.

മനുഷ്യനു മനുഷ്യനോടുള്ള ക്രൂരതയ്ക്ക് ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് അട്ടപ്പാടിയിലെ സദാചാരവാദികളുടെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട മധുവെന്ന ആദിവാസിച്ചെറുപ്പക്കാരന്‍.

സമ്പൂര്‍ണ സാക്ഷരരെന്നും സാംസ്കാരിക പ്രബുദ്ധരെന്നും അഭിമാനം കൊള്ളുന്ന കേരളത്തിലാണ് ഇത് സംഭവിച്ചതെന്ന് നാമോര്‍ക്കണം. ഉത്തരേന്ത്യയില്‍ കണ്ടുവരുന്നതരം ആള്‍ക്കൂട്ടക്കൊലപാതകത്തിന്റെ മറ്റൊരുരൂപം.

മര്‍ദ്ദിച്ചവശനാക്കിയശേഷം കൂടെനിന്ന് സെല്ഫിയെടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് അഭിനവ സദാചാരപ്രവര്‍ത്തകരുടെ ക്രൂരമനസ്ഥിതി നമുക്ക് കാട്ടിത്തരുന്നു.

വിശപ്പിന്റെ വിളി അതിന്‍റെ പാരമ്യതയിലെത്തിയപ്പോഴാവാം മാനസികാസ്വാസ്ഥ്യമുള്ള ആ ചെറുപ്പക്കാരന്‍ മോഷണത്തിനൊരുമ്പെട്ടത്. അത് ചോദിക്കാനോ മനസിലാക്കാനൊ ഒരുമ്പെടാതെ ശിക്ഷ നടപ്പാക്കുകയായിരുന്നല്ലോ അഭിനവ സദാചാരക്കോടതി......

മോഷണമുതലുകളായി മധുവിന്‍റെ സഞ്ചിയില്‍നിന്നു കണ്ടെടുത്തതോ അല്പം അരി, മല്ലിപ്പൊടി, മുട്ട തുടങ്ങി പരമാവധി ഇരുന്നൂറു രൂപയില്‍ കവിയാത്ത സാധനങ്ങള്‍....


നികുതിദായകരുടെ കോടികള്‍ മോഷ്ടിച്ചുകൊണ്ട് നാടുവിടുന്നവരെ വീരപുരുഷന്മാരായി ആരാധിക്കുന്നു.... ഒരു നേരത്തെ വിശപ്പടക്കാനുള്ള അന്നം മോഷ്ടിച്ചവനെ തല്ലിക്കൊല്ലുന്നു.... സാംസ്കാരിക പ്രബുദ്ധരെന്നു അഭിമാനിക്കുന്ന ഒരു ജനതയുടെ മാനസികാവസ്ഥയോര്‍ത്ത് ലജ്ജ തോന്നുന്നു.

കൊല്ലപ്പെട്ടവന്‍ ആരോരുമില്ലാത്ത ആദിവാസിയായിപ്പോയി.... അവനുവേണ്ടി സംസാരിക്കാന്‍ സമുദായ പ്രമാണിമാരോ രാഷ്ട്രീയ നേതൃത്വങ്ങളോ സാംസ്കാരിക നായകരോ വരില്ല... അവനുവേണ്ടി ഹര്‍ത്താല്‍ നടത്താന്‍ ആളുണ്ടാവില്ല.... അവനുവേണ്ടി ചെറുവിരലനക്കാന്‍പോലും ഒരാളുമുണ്ടാവില്ല.

കൊല്ലപ്പെട്ടുകഴിഞ്ഞപ്പോള്‍ തല്ലിയവന്റെ രാഷ്ട്രീയമന്വേഷിക്കുന്നു ഒരുകൂട്ടര്‍... അത് മുതലാക്കി ആ രാഷ്ട്രീയപ്രസ്ഥാനതിന്റെമേല്‍ പഴിചാരാനൊരു അവസരം. അത് മാത്രമാണ് പ്രബുദ്ധരെന്നും വിദ്യാസമ്പന്നരെന്നും അഭിമാനംകൊള്ളുന്ന ജനതയുടെ നോട്ടം.

ഇന്റര്‍നെറ്റ് യുഗത്തില്‍ സഹജീവിയോടുള്ള സ്നേഹവും കരുണയും യുവാക്കള്‍ക്ക് നഷ്ടമാകുന്നുവോ??. ചെയ്യുന്നത് ക്രൂരതയാണെന്ന് തിരിച്ചറിയാനുള്ള വിവേചനബുദ്ധി ഇല്ലാതായിരിക്കുന്നുവോ നമ്മുടെ യുവതലമുറക്ക്‌??

ഒരു ഭീകരനെ പിടിച്ചെന്നപോല്‍ മര്‍ദ്ദിച്ചവശനാക്കി അവന്റെ കൂടെനിന്ന് സെല്ഫിയെടുക്കാനും അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുവാനും എന്ത് വീരസ്യമാണ് നിങ്ങള്‍ ചെയ്തത്?? കണ്ണുകള്‍ കുഴിഞ്ഞു വയറൊട്ടി എല്ലുന്തിയ ആ മുഷിഞ്ഞ വേഷധാരി ആരായിരുന്നു നിങ്ങളുടെ കണ്ണില്‍???

ചമ്പല്‍ക്കൊള്ളക്കാരെയും വീരപ്പനെയുമൊക്കെ വീരാരാധനയോടെ നോക്കുന്ന കണ്ണുകള്‍ക്ക് വിശപ്പടക്കാനായി അന്നം മോഷ്ടിച്ച ദുര്‍ബലന്‍ മഹാപാതകി... കൊള്ളക്കാരന്‍... കൊല്ലപ്പെടേണ്ടവന്‍.......

അഭിനവ സദാചാരപാലകരെ ലജ്ജ തോന്നുന്നു നിങ്ങളെയോര്‍ത്തു.... സഹതപിക്കുന്നു നിങ്ങളുടെ ദുഷിച്ച മാനസികാവസ്ഥയോട്...  

Saturday, 22 July 2017

സരസ്വതീദേവിയും, സരസ്വതിയും; പുരോഗമന പ്രസ്ഥാനക്കാരുടെ പുതിയ വാദമുഖങ്ങള്‍...

ഞാനിഷ്ടപ്പെടുന്ന ഒരു എഴുത്തുകാരിയാണ് ശ്രീമതി ദീപനിഷാന്ത്. തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ അധ്യാപികയുമാണ് ദീപടീച്ചര്‍. ഞാനവര്‍ എഴുതിയ പുസ്തകങ്ങളൊന്നും വായിച്ചിട്ടില്ല. പക്ഷെ സമൂഹ മാധ്യമങ്ങളിലും മറ്റു ഓണ്‍ലൈന്‍ മാധ്യമങ്ങളിലുമൊക്കെ അവരുടേതായി കാണുന്ന കഥകളും,ലേഖനങ്ങളുമൊക്കെ വായിക്കാറുണ്ട്. അവരുടെ നിലപാടുകളും,അഭിപ്രായങ്ങളും പലപ്പോഴും ഉള്‍ക്കൊള്ളാറുമുണ്ട്.


പക്ഷേ... കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് കേരളവര്‍മ്മ കോളേജില്‍ SFI സ്ഥാപിച്ച, ശ്രീ.എം.എഫ്.ഹുസൈന്‍ വരച്ച വിവാദമായ “സരസ്വതി” ചിത്രത്തെക്കുറിച്ച് ദീപടീച്ചര്‍ പ്രകടിപ്പിച്ച വിശദീകരണങ്ങള്‍ എന്തുകൊണ്ടോ എനിക്ക് പൂര്‍ണ്ണമായോ അല്ലെങ്കില്‍ ഒട്ടുംതന്നെയോ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതല്ല.

സരസ്വതീദേവിയുടെ; കല്ലിലും, ലോഹത്തിലും മറ്റും തീര്‍ത്ത പ്രതിമകള്‍  ഉദാഹരിച്ചുകൊണ്ട് ദീപടീച്ചര്‍ നല്‍കിയ വിശദീകരണങ്ങള്‍ എന്നെപ്പോലെയുള്ള സാധാരണക്കാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്നതല്ല എന്നാണു മനസ്സിലാകുന്നത്.

കാരണം... ടീച്ചര്‍ ഉദാഹരിച്ച പൂര്‍ണനഗ്നമോ, അര്‍ദ്ധനഗ്നമോ ആയ സ്ത്രീ  പ്രതിമകള്‍ അഥവാ സരസ്വതീദേവിയുടെ പ്രതിമകളോ ചിത്രങ്ങളോ  കണ്ടാല്‍ ആഭാസകരമായി ഒന്നുംതന്നെ കാണാന്‍ കഴിയില്ല. അതു കാണുന്ന  ആര്‍ക്കും പ്രകോപനമുണ്ടാകേണ്ട കാര്യവുമില്ല. ഒരു വിഗ്രഹം അതു ചെയ്തെടുക്കപ്പെട്ട വസ്തുവിന്‍റെ ഭംഗിയില്‍മാത്രം ഒതുങ്ങി നില്‍ക്കുന്നു.

ഇന്നു നാം കാണുന്ന സരസ്വതിദേവീചിത്രങ്ങള്‍ രാജാരവിവര്‍മ്മയുടെ രചനയാണെന്ന് ദീപടീച്ചര്‍ അവരുടെ ലേഖനത്തില്‍ പറയുന്നുണ്ട്. ഇന്ന് പ്രചാരത്തിലിരിക്കുന്ന സരസ്വതീദേവിയുടെതെന്നു പൊതുവേ സ്വീകരിച്ചിരിക്കുന്ന രവിവര്‍മ്മ ചിത്രത്തിലെ രൂപത്തിന് നല്‍കിയിരിക്കുന്ന ആടയാഭരണങ്ങളും, നിറഭംഗിയുള്ള ചുറ്റുപാടുകളും ആ രൂപത്തിന് കൂടുതല്‍ മിഴിവേകുന്നു. കൂടുതല്‍ ഭംഗിയും ആകര്‍ഷണീയതയുമുള്ള രവിവര്‍മ്മയുടെ സരസ്വതിചിത്രം; “സരസ്വതിദേവി”യുടെ ചിത്രമായി വിശ്വാസികള്‍ മനസാ സ്വീകരിച്ചത് സ്വാഭാവികമാണ്. അന്നുമുതല്‍ രവിവര്‍മ്മ ചിത്രത്തിലെ രൂപമാകാം വിശ്വാസികളുടെ മനസ്സില്‍ സരസ്വതീദേവി.

ക്ഷേത്രങ്ങളിലെ മൂലവിഗ്രഹം കല്ലിലോ, ലോഹത്തിലോ നിര്‍മ്മിച്ചിട്ടുള്ളതാണ്. എന്നാല്‍ പൂജാസമയങ്ങളില്‍ നമ്മള്‍ കാണുന്ന വിഗ്രഹം അങ്ങിനെയാണോ?? ആടയാഭരണങ്ങളും വസ്ത്രങ്ങളും നല്‍കി, ചുറ്റുപാടുകള്‍ ഭംഗിയായി അലങ്കരിച്ച് കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. അങ്ങനെയുള്ള ഒരു മനോഹരരൂപമാണ് വിശ്വാസിയുടെ മനസില്‍ സരസ്വതിദേവിയുടെത്.

ശ്രീ.ഹുസൈന്‍ വരച്ച വീണയും, താമരയുമേന്തിയുള്ള വികലമായ സ്ത്രീചിത്രത്തിന് സരസ്വതിഎന്ന പേരുകൂടി നല്‍കിയിട്ടുണ്ട്. സരസ്വതീദേവിയെന്നു ദീപടീച്ചര്‍തന്നെ പറഞ്ഞ ശില്പങ്ങളിലോക്കെയുള്ള അലങ്കാര മുദ്രകളൊക്കെത്തന്നെയും ഹുസൈന്‍ ചിത്രത്തിലുമുണ്ട് എന്നത് ദീപടീച്ചര്‍ മനപൂര്‍വം മറന്നതാകാം. രാജാരവിവര്‍മ്മയുടെ സരസ്വതീചിത്രം മനസ്സില്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന വിശ്വാസിക്ക് ഈര്‍ഷ്യ തോന്നാന്‍ ഇതില്‍ക്കൂടുതലെന്തുവേണം?? പ്രത്യേകിച്ചും സംഘപരിവാര്‍ സംഘടനകള്‍ എന്തിനുമേതിനും മുതലെടുപ്പിനുവേണ്ടി വര്‍ഗീയനിറം നല്‍കാന്‍ ശ്രമിക്കുന്ന വര്‍ത്തമാന കാലഘട്ടത്തില്‍??

ടീച്ചറിന്‍റെ മറ്റൊരു വാദം ശ്രീ.എം.എഫ്.ഹുസൈന്‍ വരച്ചത് “സരസ്വതീ ദേവിയല്ല” വെറും “സരസ്വതി” ആണെന്നാണ്‌. അത് തികച്ചും വിഡ്ഢിത്തമാണെന്നു മാത്രമേ പറയുവാന്‍ സാധിക്കൂ. മേല്‍ക്കൈ നേടാന്‍വേണ്ടി മാത്രം പറയുന്നൊരു മണ്ടന്‍വാദം. കാരണം സരസ്വതി എന്ന പേരുതന്നെ വിദ്യാദേവതയുമായി ബന്ധപ്പെട്ടതാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതിനെത്തുടര്‍ന്നാവും ദൈവീകമായ ആ നാമം വ്യക്തികള്‍ക്കും മറ്റും ഒരു പേരായി വന്നത്.

സരസ്വതി എന്ന നാമം ദൈവീകമല്ലെങ്കില്‍ വിദ്യാലയങ്ങളെ “സരസ്വതീക്ഷേത്രം” എന്ന് പറയുന്നതെന്തുകൊണ്ട്? ഹിന്ദുമതാചാരപ്രകാരം വിദ്യാരംഭസമയത്തും മറ്റും നടത്തുന്ന പൂജയെ “സരസ്വതീപൂജ” എന്ന് പറയുന്നതെന്തുകൊണ്ട്?? വിദ്യാദേവത ആരെന്ന ചോദ്യത്തിന് “സരസ്വതി” എന്നല്ലേ നമ്മള്‍ പറയാറുള്ളൂ.. “സരസ്വതീദേവി” എന്ന് പറയാറില്ലല്ലോ...
പുരോഗമനപ്രസ്ഥാനമെന്നു വിശേഷിപ്പിക്കുന്ന SFI, കാമ്പസില്‍ പ്രശ്നങ്ങളുണ്ടാക്കി അവരുടെ നിലനില്‍പ്പ്‌ ഭദ്രമാക്കാന്‍ വേണ്ടി മനപൂര്‍വം സ്ഥാപിച്ച (അങ്ങിനെയാണ് എനിക്ക് തോന്നുന്നത്) “സരസ്വതി” ചിത്രവും അതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളിലും ദീപടീച്ചര്‍ അബദ്ധത്തില്‍  പെട്ടുപോയി എന്നാണു ഞാന്‍ കരുതുന്നത്.

ഇനി മറ്റൊരുകാര്യം..... ദീപടീച്ചറുടെ ന്യായീകരണങ്ങള്‍ അംഗീകരിക്കാമെന്നുതന്നെ കരുതുക. അതായത് SFI പ്രദര്‍ശിപ്പിച്ച ചിത്രം “സരസ്വതിദേവി” യുടെതല്ല വെറും “സരസ്വതിയുടെ”താണെന്നുതന്നെയിരിക്കട്ടെ: 
സ്ത്രീസംരക്ഷണം മുദ്രാവാക്യമാക്കിയ CPM പോലെയൊരു  പ്രസ്ഥാനത്തിന്‍റെ വിദ്യാര്‍ഥിസംഘടന; ഒരു സ്ത്രീയുടെ വികലമായ നഗ്നരൂപം കാമ്പസില്‍ പ്രദര്‍ശിപ്പിച്ച നെറികേടിനെ “ആവിഷ്കാരസ്വാതന്ത്ര്യം” എന്ന പേരില്‍ ന്യായീകരിക്കാന്‍ ദീപടീച്ചറെപ്പോലെയൊരാള്‍ക്ക് എങ്ങിനെ കഴിഞ്ഞു എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം. അതും ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനത്ത്, ഇടതുപക്ഷ സഹയാത്രികയായ ദീപടീച്ചര്‍ SFIയുടെ ഈ ധാര്‍ഷ്ട്യത്തെ ന്യായീകരിച്ചത് നിരാശയും നല്‍കുന്നു.

ഈ വിവാദത്തില്‍ നേട്ടമുണ്ടാക്കിയത് സംഘപരിവാര്‍ സംഘടനകള്‍ മാത്രമാണ്. വിവാദങ്ങള്‍ കടുത്തു ഭീഷണി വരെയെത്തിനില്‍ക്കുമ്പോള്‍ ഒരു ഭാഗത്ത്‌ ദീപടീച്ചറെയും  മറുഭാഗത്ത്‌ സംഘപരിവാര്‍ അനുകൂല ഹിന്ദു തീവ്രവാദികളെയും മാത്രമേ കാണാനുള്ളൂ. കുളംകലക്കി മീന്‍പിടിക്കാന്‍ ശ്രമിച്ച SFI ആകട്ടെ കാഴ്ചക്കാരായി മാറിനില്‍ക്കുന്നു. അപഹാസ്യയായതും ആയിക്കൊണ്ടിരിക്കുന്നതും ഇതിലെ കുടിലത മനസ്സിലാക്കാതെ ഇടയ്ക്ക് കയറിയ ദീപടീച്ചറും.

സംഘപരിവാര്‍ സംഘടനകളുടെ നയങ്ങളെയും വര്‍ഗീയതയെയും എതിര്‍ക്കാനെന്നപേരില്‍ അവര്‍ക്ക് മുതലെടുപ്പുണ്ടാക്കാനുതകുന്ന കാര്യങ്ങളില്‍നിന്ന് പുരോഗമനചിന്താഗതിക്കാരായ പരിഷ്കൃതസമൂഹം  മാറിനില്‍ക്കുന്നതാണ് അഭികാമ്യമെന്ന് എനിക്ക് തോന്നുന്നു. അത് ഭയം കൊണ്ടല്ല..... മറിച്ച് മനുഷ്യന്റെ മൃദുലവികാരങ്ങളെ മുതലെടുത്തുകൊണ്ടുമാത്രം  രാഷ്ട്രീയം കളിക്കുന്ന സംഘപരിവാര്‍ സംഘടനകള്‍ക്ക് ചുവടുറപ്പിക്കാന്‍ നമ്മളായിട്ടൊരു അവസരം ഉണ്ടാക്കിക്കൊടുക്കാതിരിക്കുന്നതിനുവേണ്ടി മാത്രം.

വിശ്വാസങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍: അത് ഏതു മതത്തിന്‍റെതായാലും വ്യക്തികളോ, പ്രസ്ഥാനങ്ങളോ ഇടപെടുമ്പോള്‍ കൂടുതല്‍ ജാഗരൂഗരാവേണ്ടതുണ്ട്. കാരണം.. ദൈവങ്ങളെയും, ആള്‍ദൈവങ്ങളെയും,പ്രവാചകന്മാരെയും പരാമര്‍ശിച്ചാല്‍ അതില്‍നിന്നും മുതലെടുപ്പ് നടത്തുവാന്‍ മതതീവ്രവാദികള്‍ കണ്ണിലെണ്ണയുമൊഴിച്ചു കാത്തിരിപ്പുണ്ട്‌ എന്നുള്ള കാര്യം നാം വിസ്മരിച്ചുകൂടാ... 

NB: #ഞാനൊരു ഹിന്ദുമതവിശ്വാസിയാണ്.... ഹിന്ദു തീവ്രവാദിയല്ല.  

 #ഹിന്ദു തീവ്രവാദികളുടെ ഭീഷണിക്കെതിരെ ദീപടീച്ചര്‍ക്കൊപ്പം.  
 #ദീപടീച്ചറുടെ രാഷ്ട്രീയത്തിനൊപ്പമില്ല. 

Saturday, 15 July 2017

അധോലോകം അരങ്ങുവാഴുന്ന അഭ്രപാളികള്‍...


നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകനും,സൂപ്പര്‍ താരവുമായ നടനെ പോലിസ് അറസ്റ്റുചെയ്തു. ഏകദേശം നാലര മാസക്കാലത്തോളം കാത്തിരുന്ന് ആവശ്യമായ തെളിവുകള്‍ ശേഖരിച്ചിട്ടാണ് പോലിസ് അറെസ്റ്റ്‌ രേഖപ്പെടുത്തിയതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

ദിലീപ് എന്ന നടന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം. നിയമത്തിന്‍റെ തലനാരിഴകള്‍ കീറിയുള്ള വാദങ്ങള്‍ക്കൊടുവില്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം.

പ്രതിയെന്നു ആരോപിക്കപ്പെട്ട ദിലീപിന്‍റെ സമൂഹത്തിലുള്ള സ്ഥാനവും, സാമൂഹിക രാഷ്ട്രീയ ബന്ധങ്ങളും കേസന്വേഷണത്തെ തടസ്സപ്പെടുത്താം എന്ന് സംശയിച്ച സാഹചര്യത്തില്‍; അതിനെയെല്ലാം മറികടക്കാനും കേസന്വേഷണം ശക്തമായും നിഷ്പക്ഷമായും മുന്നോട്ടു കൊണ്ടുപോകുവാന്‍ സാധിച്ചത് യഥാര്‍ത്ഥ പ്രതികള്‍ പിടിക്കപ്പെടുംവരെ കേസുമായി മുന്നോട്ടു പോകുവാന്‍   ഇരയാക്കപ്പെട്ട നടി കാണിച്ച മനോധൈര്യവും,  ആര്‍ജ്ജവവുമാണ്. സിനിമാ ലോകത്തെ സ്ത്രീകളുടെ കൂട്ടായ്മയുടെ ശക്തമായ നിലപാടും കേസന്വേഷണത്തിന്റെ വേഗം കൂട്ടിയെന്നും പറയാം.

അറെസ്റ്റ്‌ ചെയ്യപ്പെട്ടെങ്കിലും നടന്‍ ദിലീപിനെ ന്യായീകരിക്കുന്നവര്‍ ഒട്ടും കുറവല്ലതന്നെ. പക്ഷേ,അവരൊക്കെ മനസ്സിലാക്കേണ്ടുന്ന മറ്റൊരു തലമുണ്ട്. സിനിമാലോകം അടക്കിവാഴുന്ന ദിലീപ് എന്ന നടന്‍റെ മറ്റൊരു മുഖം. സിനിമാതാരങ്ങളുടെ കൂട്ടയ്മയായ അമ്മ എന്ന സംഘടനയുള്‍പ്പടെ സിനിമാലോകത്തെ ഒട്ടുമിക്ക മേഖലകളും കയ്യടക്കി വച്ചിരിക്കുന്ന ഒരു മുതലാളിയുടെ മുഖം. അന്തരിച്ച അതുല്യനടന്‍ തിലകന്‍റെ വാക്കുകള്‍ കടമെടുത്താല്‍ “സിനിമയിലെ മാഫിയ” അതാണ്‌ ദിലീപ്. സിനിമാ മേഖലയില്‍ ദിലീപിനാല്‍  വഴിയാധാരമാക്കപ്പെട്ടവര്‍, അകറ്റി നിര്‍ത്തപ്പെട്ടവര്‍ ഏറെയാണ്‌... അവരുടെയൊക്കെ വാക്കുകള്‍ തള്ളിക്കളയാനാവില്ലതന്നെ.

പക്ഷേ അതൊന്നുമല്ല പ്രതിപാദ്യ വിഷയം... സെലിബ്രിട്ടിയായ ഒരു യുവനടി നടുറോഡില്‍ അപമാനിക്കപ്പെടുമ്പോള്‍ സാധാരണക്കാരായ സ്ത്രീകളുടെ സുരക്ഷ എവിടെയെന്ന ചോദ്യമുയരുന്നു. ഒരു മെഴുകുതിരി കത്തിച്ചു പ്രതിഷേധം നടത്തിയതൊഴിച്ചാല്‍ സിനിമാതാരങ്ങളുടെ സംഘടനപോലും അവര്‍ക്കുവേണ്ടി സംസാരിക്കാനോ, അവരെ പിന്തുനക്കാനോ തുനിഞ്ഞില്ല എന്നത് ഏറെ ഗൌരവത്തോടെ കാണേണ്ട വിഷയമാണ്. 

പ്രതിയെന്നാരോപിക്കപ്പെടുന്ന നടന്റെ അറെസ്റ്റ്‌ ഉണ്ടാകുന്ന സമയംവരെയും അപമാനിക്കപ്പെട്ട നടിയുടെമേല്‍ സിനിമയിലെ പ്രബല സംഘടന പുലര്‍ത്തിയത്‌ കുറ്റകരമായ മൌനം തന്നെയാണ്.

വെള്ളിത്തിരയില്‍ തെറ്റുകള്‍ക്കും അനീതിക്കുമെതിരെ പടവാളെടുക്കുന്ന അമാനുഷിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സൂപ്പര്‍മെഗാ  താരങ്ങള്‍ ഒരു വാക്കുപോലും ആദ്യഘട്ടങ്ങളില്‍ പറഞ്ഞില്ലായെന്നത് ഏറെ വിഷമകരമായ വസ്തുതയാണ്. തന്റെ സഹപ്രവര്‍ത്തകയ്ക്കു നേരേയുണ്ടായ അതിക്രമത്തെക്കുറിച്ച്; സമൂഹത്തിലെ അപചയങ്ങളെക്കുറിച്ചും മറ്റും ദൈവത്തിനുപോലും ബ്ലോഗിലൂടെ കത്തെഴുതുന്ന സൂപ്പര്‍താരത്തിനും ഒന്നും പറയാനുണ്ടായിരുന്നില്ല....!!!!

സിനിമയിലെ രണ്ടാംനിര നടന്മാരുടെ ശക്തമായ നിലപാടുകളെത്തുടര്‍ന്ന് മാത്രമാണ് സൂപ്പര്‍-മെഗാതാരങ്ങള്‍ അവരുടെയും അവര്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെയും നിലപാട് വ്യക്തമാക്കിയത്. പ്രിഥ്വിരാജ് ഉള്‍പ്പടെയുള്ള രണ്ടാംനിര നടമാരുടെ നിലപാടുകള്‍ സിനിമാവ്യവസായത്തില്‍ അന്യംനിന്നുപോകാത്ത നേരിന്‍റെയും നെറിയുടെയും ഭാഗമായിക്കാണാം.
സിനിമാതാരങ്ങളുടെ സംഘടനയിലുള്ള ജനപ്രതിനിധികളായ നടന്മാര്‍പോലും മാധ്യമങ്ങള്‍ക്ക് നേരെയും ഭീഷണിയും വെല്ലുവിളികളും കലര്‍ന്ന സ്വരത്തിലാണ് സംസാരിച്ചതും. “ആക്രമിക്കപ്പെട്ട നടിയെയും കുറ്റാരോപിതനായ നടനെയും ഒരേപോലെ പിന്തുണയ്ക്കും” എന്നുള്ള പ്രസ്താവനയും അവര്‍ നടത്തി. അതിലെ ലോജിക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.

സമൂഹത്തില്‍ സാമാന്യം നിലയും വിലയുമൊക്കെയുള്ള ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടപ്പോള്‍ അവസ്ഥ ഇതാണെങ്കില്‍ ഒരു സാധാരണക്കാരിയുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ....

ഭരണ-പ്രതിപക്ഷ നേതാക്കളുമായി അടുത്തബന്ധം ബന്ധം പുലര്‍ത്തുന്ന പ്രതിയുടെ അറസ്റ്റ് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകളില്‍നിന്നും മനസ്സിലാകുന്നത്‌. എങ്കിലും കോടതിയാണ് അവസാനവിധി നിര്‍ണയിക്കേണ്ടത്. അതുവരെ പ്രസ്തുത നടന്‍ പ്രതി മാത്രമാണ്.

ഇതിനിടെ രാഷ്ട്രീയവും-പണവും ഉള്‍പ്പടെയുള്ള സ്വാധീനങ്ങളില്‍പ്പെട്ടു കേസ് തേഞ്ഞുമാഞ്ഞു പോകാതെ ശ്രദ്ധിക്കേണ്ടത് പോലീസും നിയമവ്യവസ്ഥയുമാണ്.ഏതു വിധേനയും സത്യം പുറത്തുവരണം എന്നാണ് എല്ലാവരെയുംപോലെ ഞാനും ആഗ്രഹിക്കുന്നത്.

ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം. എങ്കില്‍ മാത്രമേ നീതിന്യായ വ്യവസ്ഥയില്‍ സാധാരണക്കാരന് വിശ്വാസമുണ്ടാകൂ.... ഇനിയും ഇതുപോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കൂ..... 

ഒപ്പംതന്നെ സിനിമാവ്യവസായത്തില്‍ നിലനില്‍ക്കുന്ന മാഫിയ പ്രവര്‍ത്തനങ്ങളും കാലുവാരലുകളും അവസാനിക്കുമെന്നും, സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട്  മുന്‍പുണ്ടായിട്ടുള്ള കൊലപാതകങ്ങള്‍ അടക്കമുള്ള കാര്യങ്ങളില്‍ ഒരു വ്യക്തത വരുമെന്നും പ്രതീക്ഷിക്കാം.