Tuesday, 23 July 2013

തച്ചുടയ്ക്കപ്പെടുന്ന ബാല്യം.....

കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന തുടര്‍ച്ചയായ പീഡനങ്ങള്‍ കാണുമ്പോള്‍, ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ഉള്ളത്പോലെ കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ഒരു നിയമം ഇന്ത്യയിലും അനിവാര്യമായ ഒന്നാണെന്ന് തോന്നിപ്പോകുന്നു.

കുമളിയില്‍ ഷെഫീക്ക് എന്ന ബാലന് നേര്‍ക്കുണ്ടായ പീഡനം എത്ര പൈശാചികമാണ്. സ്വന്തം പിതാവ് തന്നെയാണ് അതു ചെയ്തത് എന്നുള്ളതാണ് ഏറ്റവും വലിയ ക്രൂരത.

കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമോ എന്നതല്ല ഇപ്പോള്‍ ചിന്തിക്കേണ്ടത് എന്നെനിക്ക് തോക്കുന്നു. അതി കഠിനമായ ശിക്ഷ തന്നെ നല്‍കണം എന്നതില്‍ രണ്ടു പക്ഷമില്ല.......; നൊന്തുപെറ്റ മകനെ ഉപേക്ഷിച്ചു സ്വന്തം സുഖം തേടി കടന്നുകളഞ്ഞ സ്ത്രീയും തുല്യരീതിയില്‍ ശിക്ഷിക്കപ്പെടണം....; പക്ഷെ... മേലില്‍ ഇത്തരം സംഭവങ്ങള്‍ ഒരിടത്തും ഉണ്ടാവാന്‍ പാടില്ല, അതിനുള്ള നടപടികള്‍ ആണ് യഥാര്‍ത്ഥത്തില്‍ വേണ്ടത്.  

ബോധവല്‍ക്കരണം നടത്തിയതുകൊണ്ട് മാത്രം ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുമെന്നു തോന്നുന്നില്ല... അല്ലെങ്കില്‍തന്നെ അഭ്യസ്തവിദ്യരായ ജനതയെ കൂടുതലായി എന്ത് ബോധവല്‍ക്കരിക്കാന്‍??

എന്തിനും ഏതിനും മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്ന മലയാളിക്ക് എന്തുകൊണ്ട് ഇതുപോലുള്ള കാര്യങ്ങളില്‍ ശക്തമായി പ്രതികരിച്ചുകൂടാ?? സംഭവം നടന്നു കഴിഞ്ഞ് പ്രതികളെ ഓടിച്ചിട്ട്‌ തല്ലിയിട്ട് കാര്യമുണ്ടോ? അതിനെക്കുറിച്ച് എന്തെങ്കിലും സൂചന കിട്ടിയാലുടന്‍തന്നെ പ്രതികരിക്കണം, അരുതാത്തതൊന്നും സംഭവിക്കാതെ നോക്കണം, എത്രയും പെട്ടന്ന് അധികൃതരെ അറിയിക്കണം.. അതൊക്കെയാണ് വേണ്ടത്...

അച്ഛനമ്മമാരുടെ പീഡനത്താല്‍ കോഴിക്കോട്ട് കൊല്ലപ്പെട്ട അദിതി... അവസാനത്തെ പീഡനമരണം ആയിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു...

സമൂഹത്തിലുണ്ടാകുന്ന ഇത്തരം തിന്മകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതിനുവേണ്ടി യുവാക്കള്‍ക്ക് അവബോധം ഉണ്ടാക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത്‌. അവര്‍ക്ക് ആവശ്യമുള്ള സഹായങ്ങള്‍ നല്‍കാന്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കണം.


നാടിനു ശാപമാകുന്ന കലികാല കംസന്മാരെയും, ദുശാസനന്മാരെയും ഇല്ലായ്മ ചെയ്യാന്‍ യുവതലമുറ കൃഷ്ണാവതാരം എടുത്തേ മതിയാവൂ...

No comments: