Tuesday 11 September 2012

സമര മുഖങ്ങള്‍ ...


എന്തിനാണിപ്പോള്‍ കൂടംകുളം ആണവനിലയത്തിനെതിരായി ഇത്രകണ്ട് പ്രക്ഷോഭം?? ഭാവിയിലുണ്ടാകാവുന്ന ആണവദുരന്തത്തെ ഭയന്നിട്ടോ??? അതോ രാജ്യത്തിന്റെ അതിദ്രുത വളര്‍ച്ചയില്‍ അസഹിഷ്ണുരായ അയല്‍രാജ്യങ്ങളുടെ നിഴല്‍യുദ്ധമോ??

രാജ്യത്തിന്റെ വികസനത്തിന് അടിസ്ഥാന ആവശ്യമായ വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് ജലവൈദ്യുത പദ്ധതികളെ മാത്രം ആശ്രയിച്ചാല്‍ വികസനം സാധ്യമാവുമെന്ന് തോന്നുന്നില്ല. ജലവൈദ്യുത പദ്ധതികള്‍ ഉയര്‍ത്തുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍, പുനരധിവാസ പ്രശ്നങ്ങള്‍, മഴയ്ക്ക് വേണ്ടിയുള്ള കാത്തിരുപ്പ്....... സര്‍വോപരി ‘പരിസ്ഥിതി പ്രവര്‍ത്തകരുടെയും, സാംസ്കാരിക പ്രവര്‍ത്തകരുടെയും’ എതിര്‍പ്പ്..  മുല്ലപ്പെരിയാര്‍ പോലുള്ള ഡാമുകള്‍ സുരക്ഷ ഭീഷണി ഉയര്‍ത്തി നിലനില്‍ക്കുമ്പോള്‍ വന്‍കിട ജലവൈദ്യുത പദ്ധതികള്‍ നമ്മുടെ നാട്ടില്‍ പ്രായോഗികമല്ല.

ഡീസല്‍ നിലയങ്ങള്‍ സ്ഥാപിക്കാമെന്ന് വച്ചാല്‍ പെട്രോളിയം ഉപഭോഗ രാജ്യമായ ഇന്ത്യയില്‍ അത് എത്രത്തോളം മുന്നോട്ടു പോകുമെന്ന് കണ്ടറിയണം. ബ്രഹ്മപുരം ഡീസല്‍ നിലയത്തിന്റെ അവസ്ഥ തന്നെ പരിതാപകരം. അതുയര്‍ത്തുന്ന മലിനീകരണ പ്രശ്നങ്ങള്‍ വേറെയും.

കായംകുളം താപനിലയം പോലെ നാഫ്ത ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്ന കേന്ദ്രങ്ങലളിലാകട്ടെ ഭീമമായ ഉല്പാദന ചെലവും. അതിന്റെ ഭാരവും ജനങ്ങള്‍ തന്നെ വഹിക്കണം.

ഭാവി ഊര്‍ജ്ജ സ്രോതസ്സ് എന്ന നിലയില്‍ ആണവനിലയങ്ങള്‍ തന്നെയാണ് ഏറ്റവും അഭികാമ്യം. ചെര്‍ണോബില്‍ ദുരന്തം പോലെ ഉണ്ടാകുമെന്ന ഭായമാണെങ്കില്‍, അത് സംഭവിച്ചിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞ അവസ്ഥയില്‍ ശാസ്ത്രം അത്തരം അപകടങ്ങളെ പ്രതിരോധിക്കുവാന്‍ ഏറെ സജ്ജമായിട്ടുണ്ടാകും എന്നാണു ഞാന്‍ കരുതുന്നത്.

നൂറു കണക്കിന് സാധാരണക്കാരായ ആളുകള്‍ യാതൊരു പണിയും ചെയ്യാതെ ദിവസങ്ങളോളം  സമരവുമായി മുന്നോട്ടു പോവുക?? അവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ജീവിക്കാനുള്ള പണം എവിടെനിന്ന് കിട്ടുന്നു??? സമരത്തിനു പിന്നിലുള്ള സാമ്പത്തിക പിന്തുണ എവിടെ നിന്ന്??? ഇന്ത്യയുടെ അതിദ്രുത വികസനത്തെ ഭയപ്പെടുന്ന വിദേശ ശക്തികളുടെ പിന്തുണകൂടി ഈ സമരത്തിന്‌ പിന്നില്‍ ഉണ്ടെന്നു സംശയിക്കെണ്ടിയിരിക്കുന്നു.

ഇന്ത്യന്‍ ശാസ്ത്ര സാങ്കേതിക വിദ്യയുടെ നെടുംതൂണായ ശ്രീ. അബ്ദുല്‍ കലാം നേരിട്ട് പരിശോധിച്ച് ഉറപ്പു വരുത്തിയ പദ്ധതിയാണ് എന്നും ഓര്‍ക്കുക. അദ്ദേഹത്തിന്റെ വാക്കുകള്‍ക്കു കൂടി ശ്രദ്ധ കൊടുക്കാതെ സമരവുമായി മുന്നോട്ടു പോകുന്നതില്‍ യാതൊരു ന്യായീകരണവുമില്ല.  

സര്‍വോപരി ഗാന്ധിയന്‍ രീതിയെന്ന് പറഞ്ഞ സമരം അക്രമാസക്തമാവുകയും, പോലീസ്‌ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും വരെ ചെയ്ത അവസ്ഥയില്‍ എത്തിനില്‍ക്കുന്നു.

ഇതേപോലുള്ള മറ്റൊരു സമരമാണ് മധ്യപ്രദേശില്‍ കുറച്ചു ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. നര്‍മ്മദ നദിയില്‍ നിര്‍മ്മിച്ച ഓംകാരെശ്വര്‍ ഡാമിലെ ജലനിരപ്പ്‌ കുറയ്ക്കണമെന്ന ആവശ്യവുമായി ‘നര്‍മ്മദ ബചാവോ ആന്ദോളന്‍’ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബാധിക്കപ്പെട്ട ഗ്രാമത്തിലെ ജനങ്ങള്‍ നടത്തുന്ന  സമരം. അവരുടെ ആവശ്യം ന്യായമായിരുന്നു. ഒരു ഗ്രാമത്തിലെ പകുതിയോളം പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെടുകയും, പതിനായിരങ്ങള്‍ക്കു തൊഴില്‍ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥ.

ഗ്രാമവാസികള്‍ ഗാന്ധിയന്‍ സമരമാര്‍ഗം സ്വീകരിച്ചു. ദിവസങ്ങളോളം പ്രായ-ലിംഗ ഭേദമന്യേ കഴുത്തൊപ്പം വെള്ളത്തില്‍ നിന്നുകൊണ്ട് നടത്തിയ “ജലസത്യാഗ്രഹത്തിന്” മുന്‍പില്‍ സര്‍ക്കാരിനു മുട്ട് മടക്കേണ്ടി വന്നു. പ്രസ്തുത  അണക്കെട്ടിലെ ജലനിരപ്പ്‌ കുറയ്ക്കാമെന്നും ബാധിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാമെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കി. ന്യായമായ സമരങ്ങള്‍ക്ക് മുന്‍പില്‍ ഏതു സര്‍ക്കാരും മുട്ട് മടക്കുമെന്നു പാഠം.

കൂടംകുളത്താകട്ടെ ആണവനിലയത്തിന്റെ സുരക്ഷ ആവര്‍ത്തിച്ച്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍  ഉറപ്പാക്കിയിട്ടും, അത് കോടതിക്ക് ബോധ്യപ്പെട്ടു അതിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ അനുമതിയും നല്‍കുകയും ചെയ്തിട്ടും  അതിനെതിരെ സമരവുമായി മുന്നോട്ടു പോകുന്നതിന്റെ ആവശ്യകത എന്താണ്??
നിലയം സ്ഥിതി ചെയ്യുന്ന തമിഴ്നാട് തന്നെയാണ് അതിലെ വൈദ്യുതി സിംഹഭാഗവും ഉപയോഗിക്കുക. തമിഴ്നാട്ടിലെ ഇപ്പോഴത്തെ അവസ്ഥ കൂടുതല്‍ പ്രദേശങ്ങളിലും ദിവസം പത്ത് മണിക്കൂറിലേറെ ലോഡ്‌ഷെഡിംഗ്..... 

എടുത്തുപറയത്തക്ക സാംസ്കാരിക പ്രവര്‍ത്തകരോ, പരിസ്ഥിതി പ്രവര്‍ത്തകരോ, രാഷ്ട്രീയക്കാരോ നേത്രുത്വം കൊടുക്കാനില്ലാത്ത  ഈ സമരത്തിലേക്ക് സാധാരണജനങ്ങളെ വലിചിഴക്കുന്നവര്‍ക്കെതിരെയാണ് നടപടി വേണ്ടത്.

കൂടംകുളം സമരത്തിന്‌ നേതൃത്വം കൊടുക്കുന്ന ഉദയകുമാറിനെപ്പോലുള്ളവരെയാണ് രാജ്യദ്രോഹം ചുമത്തി ജയിലില്‍ അടക്കേണ്ടത് അല്ലാതെ അഴിമതിക്കെതിരെ ശബ്ദം ഉയര്‍ത്തുന്നവരെയല്ല.

കഴിഞ്ഞ ദിവസം ശിവസേന നേതാവ്‌ ശ്രീ.ബാല്‍ താക്കറെ നടത്തിയ ഒരു പ്രസ്താവന ഓര്‍മ്മ വരുന്നു. “ഇന്ത്യയുടെ ഭരണം സേനയെ ഏല്‍പ്പിക്കണം” ശെരിയാണ് സൈന്യം ഇന്ത്യയില്‍ ഭരിച്ചാല്‍  മാത്രമേ രാജ്യം വികസിക്കുകയുള്ളൂ...... വിധ്വംസക പ്രവര്‍ത്തകരെ പൂര്‍ണമായും അടിച്ചമര്‍ത്താന്‍ സാധിക്കൂ...അഴിമതി തുടച്ചു നീക്കാന്‍ സാധിക്കൂ... ജനങ്ങളും കുറച്ചൊക്കെ രാജ്യത്തിന്റെ വളര്‍ച്ചക്ക് വേണ്ടി സഹിക്കാനും തയാറാകണം....

വാല്‍ക്കഷ്ണം: ഞാന്‍ ശിവസേനക്കാരനോ ശ്രീ. ബാല്‍ താക്കറെയുടെ ആരാധകനോ അല്ല.

1 comment:

മൌനം said...

നൂറു കണക്കിന് സാധാരണക്കാരായ ആളുകള്‍ യാതൊരു പണിയും ചെയ്യാതെ ദിവസങ്ങളോളം സമരവുമായി മുന്നോട്ടു പോവുക?? അവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ജീവിക്കാനുള്ള പണം എവിടെനിന്ന് കിട്ടുന്നു??? സമരത്തിനു പിന്നിലുള്ള സാമ്പത്തിക പിന്തുണ എവിടെ നിന്ന്???.............................. ചിന്തനീയം തന്നെ ചാന്നാർ.. ന്യായമായ സമരങ്ങള്‍ക്ക് മുന്‍പില്‍ ഏതു സര്‍ക്കാരും മുട്ട് മടക്കുമെന്നു പാഠം... ഇതും സത്യം...