Monday 22 October 2012

മലാല......നിനക്കുവേണ്ടി...


 മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും , വിദ്യാഭ്യാസ അവകാശത്തിനും മേലെ മതത്തിന്റെ പേരിലുള്ള കടന്നുകയറ്റം; അതാണല്ലോ മലാല യൂസഫ്‌സായി എന്ന പാകിസ്ഥാനി പെണ്‍കുട്ടിയെ അതിഗുരുതരാവസ്ഥയില്‍ ആശുപത്രി കിടക്കയില്‍ എത്തിച്ചത്.

 മത വിരുദ്ധയോ താലിബാന്‍ വിരുദ്ധയോ അല്ലന്നിരിക്കെ കേവല വിദ്യാഭ്യാസം ആഗ്രഹിച്ച കൌമാരക്കാരിയെ വധിക്കാന്‍ ശ്രമിച്ചതിലൂടെ, മതാന്ധത ബാധിച്ച ഭീരുക്കളുടെ കൂട്ടമാണ്‌ തങ്ങള്‍ എന്ന് താലിബാന്‍ തെളിയിച്ചിരിക്കുന്നു.

 നിറമുള്ള വസ്ത്രങ്ങള്‍ അണിയാന്‍ ഇഷ്ടപ്പെട്ട മലാല, വിദ്യാഭ്യാസം നേടി ഡോക്ടര്‍ ആവാനാണ് ആഗ്രഹിച്ചത്‌. സ്ത്രീകള്‍ വിദ്യാഭ്യാസം ചെയ്യുന്നത് സ്വാത്ത് താഴ്വരയിലെ ഭീകരര്‍ക്ക്‌ സഹിച്ചില്ല. 

 വിദ്യാഭ്യാസം വിലക്കിയതിനെതിരെ ചെറുപ്രായത്തില്‍ തന്നെ മലാല പ്രതികരിച്ചു. അറിവ് നേടണം എന്ന കൊച്ച് മലാലയുടെ ആഗ്രഹം അവളെ  ഭീകരരുടെ കണ്ണിലെ കരടാക്കി.ഫലമോ സഹപാഠികളുടെ കണ്മുന്നില്‍ വച്ചു മലാലയുടെ തലയ്ക്കു നേരെ ഭീകരര്‍ നിറയൊഴിച്ചു.

അറിവിന്റെ വെളിച്ചം ആര്‍ജ്ജിക്കാനുള്ള  ശ്രമവും മലാലയുടെ ഉദ്ദേശലക്ഷ്യവും പ്രവര്‍ത്തിയും കളങ്കമറ്റതായതുകൊണ്ടാവാം ഈശ്വരന്‍ അവളെ മരണത്തിനു വിട്ടുകൊടുത്തില്ല. മരണത്തെ മുഖാമുഖം കണ്ട മലാല ജീവിതത്തിലേക്ക് പതിയെ തിരിച്ചു വരുന്നു.

സ്ത്രീകള്‍ വിദ്യാഭ്യാസം നേടിയാല്‍ തന്‍റെ കുട്ടികളെ നിയന്ത്രണത്തോടെ വളര്‍ത്താനും, നല്ല ചിന്തകള്‍ അവര്‍ക്ക് നല്‍കാനുമാവും. നല്ല ശീലങ്ങളോടെ കുട്ടികള്‍ വളര്‍ന്നാല്‍ മതഭീകരതക്ക് ആളുകുറയും. മതപാശാലകളിലെ വിദ്യാഭ്യാസം മതി എന്ന് ശഠിക്കുന്ന താലിബാനെ പോലുള്ള സംഘടനകള്‍ക്ക് നിലനില്‍പ്പ്‌ ഇല്ലാതെയും വരും. അറിവു നേടിയാല്‍ എന്തിന്‍റെ പേരിലായാലും ആയുധമെടുക്കുന്നതിനുമുന്പു സാമാന്യമനുഷ്യന്‍ രണ്ടുവട്ടം ചിന്തിക്കും. 

   സ്വാത്ത് താഴ്വരയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന പ്രശ്നമല്ല ഇത്.... വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിശിഷ്യാ ജാതി-മത-ജന്മി  സ്വാധീനം  ഭരണത്തെ അതിശക്തമായ രീതിയില്‍ സ്വാധീനിക്കുന്ന സംസ്ഥാനങ്ങളില്‍ അടിസ്ഥാനവിദ്യാഭ്യാസം പോലും ലഭ്യമല്ലാത്ത എത്രയോ ഗ്രാമങ്ങള്‍.............. അവിടുത്തെ കുട്ടികളുടെ അവസ്ഥയും ഇതിനു സമാനം തന്നെ.

  സമുദായപിന്തുണ ഒന്നുകൊണ്ടു മാത്രം തെരഞ്ഞെടുപ്പില്‍ വിജയം കാണുന്ന , വിദ്യാഭ്യാസക്കച്ചവടം നടത്തുന്ന സമുദായ രാഷ്ട്രീയക്കാര്‍ക്ക് രാജ്യത്തെ ജനങ്ങളോട് എന്ത് കടപ്പാടും ആത്മാര്‍ഥതയും???

  സോഷ്യല്‍ നെറ്റുവര്‍ക്ക് സൈറ്റുകളില്‍ എന്തിനും ഏതിനും പോസ്റ്റിങ്ങുകളും  കമന്റുകളും നടത്തുന്ന അധികം പേരും മലാലയുടെ വാര്‍ത്തയില്‍ അത്ര താല്പര്യം കാണിച്ചുകണ്ടില്ല!!!!!

 മതാതിധിഷ്ടിത പോസ്റ്റിങ്ങുകള്‍  മാത്രം നടത്തുന്ന ചില സുഹൃത്തുക്കളുണ്ട്; അവരുടെ കാഴ്ചപാടും താലിബാനു സമമെന്നു  ധരിക്കേണ്ടിയിരിക്കുന്നു. 


   മലാല... നിന്‍റെ കണ്ണുകളില്‍ നിന്നും ഉയരുന്ന നിശ്ചയദാര്‍ഢ്യത്തിന്റെ കിരണങ്ങള്‍, നിന്‍റെ മുഖകാന്തിയില്‍ നിന്നുയരുന്ന ദിവ്യപ്രകാശം ... അറിവുനേടാനുള്ള അടങ്ങാത്ത ആഗ്രഹം...... ഇതൊക്കെ ലോകത്തിനു മാതൃകയാവട്ടെ... വിശിഷ്യാ മതത്തിന്‍റെ പേരില്‍ ഊറ്റം കൊള്ളുന്ന, മതം ഭ്രാന്തായി കൊണ്ടുനടക്കുന്നവരുടെ മനസ്സിലേക്ക് കൂടി എത്തട്ടെ എന്നാഗ്രഹിക്കുന്നു.

   മലാല.... “വിഷാദം നിറഞ്ഞവള്‍” എന്നര്‍ത്ഥം വരുന്ന നാമം.... കുറച്ചു ദിവസത്തേക്കെങ്കിലും ലോകജനതക്കു നീ ദുഃഖം സമ്മാനിച്ചു.... നിന്‍റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പൂര്‍ണ ആരോഗ്യവതിയായി നീ തിരിച്ചു വരണം എന്ന പ്രാര്‍ഥനയോടെ ലോകജനതക്കൊപ്പം ഞാനും.

2 comments:

swantham said...

മലാലയുടെ തിരിച്ചുവരവിനായ് നമുക്ക് പ്രാര്‍ത്ഥിക്കാം.... ഹണി ഭാസ്കരന്‍ എഴുതിയ ഒരു കവിത ഞാന്‍ ഇവിടെ ഉള്‍പ്പെടുത്തുന്നു ....

മതമില്ലാ പ്രാര്‍ത്ഥനകള്‍
________________________________
നദികള്‍ കടലായി
പരിണമിക്കുന്നിടത്തുവെച്ചാണ്
യുദ്ധമുണ്ടായത് എന്ന്
നിങ്ങള്‍ പറയുന്നു

വന്‍കരകളില്‍ ഒറ്റപ്പെട്ടു പോയ
ദ്വീപുകളില്‍
കുരങ്ങുകളുടെ വാലുകളില്‍ തൂങ്ങി നടന്നു
പരിണാമം സംഭവിച്ച
ഇരുകാലികളാണിത്‌ തുടങ്ങി വെച്ചതെന്ന്
ഞാനും

പാപികളുടെ ഈ സ്വര്‍ഗത്തില്‍
വര്‍ഗ്ഗബോധം അഴിഞ്ഞാടുമ്പോള്‍
നിറയൊഴിച്ച തോക്കു
ഇത്തവണയും
ഒരു ഗോഡ്സെയുടേത് തന്നെ

ഒരു വെടിയുണ്ട
തലയോട്ടി പിളര്‍ത്തവേ
നിന്‍ നിലവിളിയിലൊരു
പേനമുന തറയ്ക്കുന്നതും
രക്തപ്പൂക്കള്‍ അക്ഷരങ്ങളില്‍
പടരുന്നതും എന്റെ
കാഴ്ച്ച നോവ്‌

അബോധത്തിന്റെ സൂക്ഷ്മാണുവിലൂടെ
വിദ്യാലയമുറ്റത്തേക്ക് തിരിച്ചു നടക്കൂ എന്ന്
പാദങ്ങളോട് നീ
പിറുപിറുക്കുന്നുവോ കുഞ്ഞേ?
ഉണ്ടാവണം

ഭീകരതയുടെ ഭൂകമ്പ മാപിനികളില്‍
എഞ്ചിന്‍ തകരുന്നത്
ഇത് ആദ്യമായല്ല
എങ്കിലും,
സ്വാത് താഴ്വരകളുടെ കളിചിരികളില്‍
ചോര തെറിപ്പിച്ച
നിന്റെ വിരലുകള്‍,
മിനായിലെ മലയടിവാരത്ത്
എറിയപ്പെടും ഓരോ കല്ലും
നിന്നെപ്പോലുള്ള
പൈശാചികര്‍ക്ക് നേരെയാണ്

പീഡനങ്ങള്‍
ചരിത്രങ്ങളാവുന്നതു
മരണത്തിനു ശേഷമെന്നതെന്നെ
ഭയപ്പെടുത്തുന്നു

ബലികഴിക്കപ്പെടാന്‍ കുരുതിപ്പലകയില്‍
മാലാഖച്ചിറക് വേണമെന്ന് നിശ്ചയിച്ച
കാഫിര്‍
നിനക്ക് കനലാഴി കൂട്ടി
നരകം ഉണ്ടാക്കാന്‍
ഒരു ദൈവപുത്രന്‍ വരുമെന്ന്
എന്റെ പേക്കിനാവ്

മതഗ്രന്ഥങ്ങളില്‍ കാലം വരഞ്ഞിട്ട
യുദ്ധ പ്രമാണങ്ങള്‍
ഇത് തന്നെയോ?
ദൈവമൊരു കൂട്ടിക്കൊടുപ്പുകാരനെ പോലെ
പുകയും വലിച്ചു
മതങ്ങളുടെ അതിര്‍ത്തികള്‍ നോക്കി പായുന്നുന്ടെന്നു
സാത്താന്റെ സന്തതീ
ആരാണ് നിന്നെ പഠിപ്പിച്ചത് ?

മനുഷ്യാനായ് ജീവിക്കുന്നവന്റെ
മതമില്ലാ പ്രാര്‍ത്ഥനകളിലൂടെ
മലാലാ...
കുഞ്ഞേ, നീ വേണ്ടെടുക്കപ്പെടട്ടെ ....

മൌനം said...

നല്ല ശ്രമം ചാന്നാരെ.. എല്ലാരിലും ഇതെത്തട്ടെ... മലാലയുടെ തിരിച്ച് വരവിനായി കാത്തിരിക്കാം.. ആശംസകൾ