Sunday 11 August 2013

ഉപരോധവും....പ്രതിരോധവും....











ഒരു ജനാധിപത്യ രാജ്യത്ത് സര്‍ക്കാരിനെതിരെ അല്ലെങ്കില്‍ നേതാക്കള്‍ക്കെതിരെ പ്രതികരിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഏതൊരു പൌരനുമുണ്ട്.പക്ഷെ അത് പരിധികള്‍ ലംഘിക്കരുത് എന്നുമാത്രം. അതുപോലെതന്നെ പൊതുജനങ്ങളുടെ അവകാശവും സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുമുണ്ട്. 


പക്ഷെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് പൂര്‍ണമായും ഉപരോധത്തിലൂടെ സ്തംഭിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്‍റെ നീക്കം പ്രതിഷേധാര്‍ഹമാണ്. കാരണം അതിരൂക്ഷമായ കാലവര്‍ഷക്കെടുതികളിലൂടെ കേരളം കടന്നുപോകുമ്പോള്‍ അതിന് പരിഹാരം കാണുക എന്ന ദൌത്യമാണ് കക്ഷിഭേദമന്യേ ഭരണ-പ്രതിപക്ഷങ്ങള്‍ ചെയ്യേണ്ടിയിരുന്നത്.

പ്രതിപക്ഷത്തിന്റെ ഉദ്ദേശ്യം വളരെ വ്യക്തമാണ്, ജനസമ്പര്‍ക്ക പരിപാടിയിലൂടെ സ്വന്തം പ്രതിച്ഛായ ഉയര്‍ത്തിയ മുഖ്യമന്ത്രിയെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ്‌ ഏതു വിധേനയും താഴെയിറക്കുക. അതുകൊണ്ടുതന്നെയാണ് രണ്ടാം ജനസമ്പര്‍ക്ക പരിപാടി തിരുവനന്തപുരത്ത് ആരംഭിക്കുന്ന ആഗസ്റ്റ്‌ പന്ത്രണ്ടിനുതന്നെ സെക്രട്ടറിയേറ്റ് ഉപരോധിക്കല്‍ സമരം തുടങ്ങാനുള്ള കാരണം.

ഓണക്കാലത്ത് ആവശ്യസാധങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനും, പൊതുവിതരണ ശൃംഖലകള്‍ വഴി സാധങ്ങള്‍ എത്തിക്കാനുമുള്ള സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് ഉപരോധത്തിലൂടെ തടയിടുക എന്നുള്ളത് മറ്റൊരു കാരണം. അതുവഴി പൊതുജന വികാരം ആളിക്കത്തിച്ച് മുഖ്യമന്ത്രിയെ, അല്ലെങ്കില്‍ സര്‍ക്കാരിനെ തന്നെ താഴെയിറക്കാം എന്നതാണ് മറ്റൊരു ലക്ഷ്യം.

സോളാര്‍ക്കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനു ധനനഷ്ടം ഉണ്ടായിട്ടില്ലെങ്കിലും മുഖ്യമന്ത്രിയുടെ ആഫീസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുകയും, അദ്ദേഹത്തിന്റെ മകന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക്‌ പ്രസ്തുത ഇടപാടുകളില്‍ പങ്കുണ്ട് എന്നുള്ളതാണ് വസ്തുത. തന്‍റെ മുന്‍ഗാമികളായ ശ്രീ.കരുണാകരനും, ശ്രീ.ആന്റണിയും ചെയ്തതുപോലെ, ധാര്‍മ്മികമായ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കുകയായിരുന്നു ശ്രീ.ഉമ്മന്‍ചാണ്ടിയും ചെയ്യേണ്ടിയിരുന്നത്.

അതിജീവനമാനല്ലോ സര്‍ക്കാരിന്റെയും ലക്ഷ്യം, പ്രത്യേകിച്ച് മുഖ്യമന്ത്രിയുടേത്. എങ്ങിനെയും ഭരണത്തില്‍ തുടര്ന്നല്ലേ പറ്റൂ... അതിനുവേണ്ടി ഏതറ്റം വരെ പോകാനും അദ്ദേഹം തയാറായേക്കും. അതിന്റെ ഭാഗമായാണല്ലോ സോളാര്‍ കേസില്‍ പ്രതിച്ഛായ നഷ്ടപ്പെട്ട സര്‍ക്കാരിന്റെ മുഖം മിനുക്കുന്നതിനുവേണ്ടി ചെന്നിത്തലയെ സര്‍ക്കാരിന്റെ ഭാഗമാക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടത്തിയത്. അതിനുവേണ്ടിയുള്ള പരക്കം പാച്ചിലില്‍ ഘടകകക്ഷികളുടെ പിന്തുണയും മുഖ്യന് നഷ്ടമായി.

സമരം നേരിടാന്‍ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കുക, ബസ്‌ സര്‍വിസ് നിര്‍ത്തലാക്കുക, ഹോട്ടലുകള്‍ അടച്ചിടുക, യാത്ര സൗകര്യങ്ങള്‍ പരിമിതപ്പെടുത്തുക........ ഇതൊക്കെ സര്‍ക്കാരില്‍ നിന്ന് പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന നീക്കങ്ങളാണ്.

സമരം നേരിടാന്‍ കേന്ദ്രസേനയെ വിളിച്ചു യുദ്ധസമാനമായ സ്ഥിതി ഉണ്ടാക്കെണ്ടിയിരുന്നില്ല. മുഖ്യമന്ത്രി, സ്വന്തം പാര്‍ട്ടിയുടെപോലും അഭിപ്രായമാരായാതെ സമരത്തിനു മുന്‍പേ തന്നെ സേനയെ വിളിച്ചതു സമരം പകുതി വിജയിച്ചത് പോലെയാക്കി.

സമരത്തിനു നേതൃത്വം നല്‍കുന്നത്, താന്‍ മന്ത്രിയായിരുന്നപ്പോള്‍ ലാവലിന്‍കേസില്‍ സര്‍ക്കാര്‍ ഖജനാവിന് മുന്നൂറ്റി എഴുപത്തിനാല് കോടി രൂപ നഷ്ടം വരുത്തി എന്ന് സി.ബി.ഐ. കണ്ടെത്തിയ കേസിലെ പ്രതിയാണ് എന്നുള്ളതാണ് ഈ സമരത്തിലെ മറ്റൊരു വിരോധാഭാസം


സമരത്തെ നേരിടാന്‍ കേന്ദ്രസേനയെ ഇറക്കിയ ആര്‍ജ്ജവം അതിര്‍ത്തിയിലെ പാക്‌ ആക്രമണത്തെ നേരിടാന്‍ കാണിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ഇടതുപക്ഷത്തിന്‍റെ രാഷ്ട്രീയപകപോക്കലില്‍ നിന്നും കേരളത്തിലെ പോലീസിനെ രക്ഷിക്കാന്‍ ആണെങ്കില്‍ പോലും ഇത്തരം അനാവശ്യകാര്യങ്ങള്‍ ചെയ്തുകൊണ്ട് ഒരര്‍ത്ഥത്തില്‍ സമരത്തെ വിജയിപ്പിക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നത്..... 

ഇടതുപക്ഷത്തിന്‍റെ അക്രമസമരവും വലതുപക്ഷത്തിന്റെ അടിച്ചമര്‍ത്തല്‍ ഭരണവും, ഉളുപ്പില്ലാത്ത അധികാരമോഹവും ജനം വിലയിരുത്തട്ടെ...

2 comments:

ഷാജു അത്താണിക്കല്‍ said...

ആദ്യം ചരിത്ര സമരങ്ങൾ ഓർക്കട്ടേ

ലംബൻ said...

പുലി പോലെ വന്ന സമരം എലി പോലും ആകാതെ പോയല്ലോ. കഷ്ടം.