Tuesday 13 August 2013

ജയിച്ചവരും തോറ്റവരും....













ഏറെ കൊട്ടിഘോഷിച്ചു നടന്ന സമരം അവസാനിപ്പിച്ചു. പ്രഖ്യാപിത ലക്‌ഷ്യം നേടിയോ എന്ന് ചോദിച്ചാല്‍ ഒട്ടുമാലോചിക്കാതെ മറുപടി പറയുവാന്‍ കഴിയും "ഇല്ല"... പൂര്‍ണ പരാജയമായിരുന്നോ എന്ന് ചോദിച്ചാല്‍ അതിനും മറുപടി "ഇല്ല" എന്ന് തന്നെ.....

സമരവിജയമായി പറയുന്ന ജുഡിഷ്യല്‍ അന്വേഷണം ഒരര്‍ത്ഥത്തില്‍ നിയമസഭയില്‍ പ്രഖ്യാപിച്ചത് തന്നെയാണ്. "പോലിസ്‌ അന്വേഷണത്തിന് ശേഷം ജുഡിഷ്യല്‍ അന്വേഷണം" എന്നാതായിരുന്നു പ്രസ്താവന.

ജുഡിഷ്യല്‍ അന്വേഷണം എന്ന പ്രഖ്യാപനത്തില്‍ നിന്ന് മാറി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഇടതുപക്ഷം; പ്രത്യേകിച്ച് സി.പി.എം നടത്തിയ ഈ സമരാഭാസത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം എന്തായിരുന്നു??? ലാവലിന്‍ കേസില്‍ നിന്ന് പിണറായിക്ക് രക്ഷ എന്നുള്ള ഉറപ്പോ?? തുടര്‍ സമരങ്ങളില്‍ ആളെ സംഘടിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ടോ??? ഒരു ദിവസം ആളൊന്നിന് ആയിരം രൂപ എന്നൊക്കെ പറയുന്നത് വരും ദിവസങ്ങളില്‍ കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുണ്ടാവും എന്ന് ആദ്യദിവസം തന്നെ മനസ്സിലായതു കൊണ്ടാണോ??

സമരത്തെ നേരിടും എന്ന് പറഞ്ഞ് പാര്‍ടിയുടെയോ യു,ഡി,എഫ്. സംവിധാനത്തിന്റെയോ കൂടി അനുമതി ഇല്ലാതെ തിടുക്കപ്പെട്ട് കേന്ദ്രസേനയെ വിളിച്ചതും, സമരത്തെ നേരിടാന്‍ ബസ്‌ സര്‍വിസുകള്‍ നിര്‍ത്തലാക്കിയതും,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി കൊടുത്തതും  സമരത്തെ പകുതി വിജയിപ്പിച്ചതുപോലെ ആക്കി. പൂര്‍ണമായി പ്രവര്‍ത്തിപ്പിക്കും എന്ന് പറഞ്ഞ സെക്രട്ടറിയേറ്റിനു രണ്ടു ദിവസത്തെ അവധിയും നല്‍കി. ഇതൊക്കെ സര്‍ക്കാരിന്റെ പരാജയം തന്നെയാണ്..

പത്രവാര്‍ത്തകളില്‍ കണ്ടതുപോലെ മധ്യസ്ഥന്‍മാരുടെ ശ്രമഫലമാണോ സമരം പെട്ടന്ന് അവസാനിപ്പിക്കാന്‍ കാരണം?? എങ്കില്‍ എന്തായിരിക്കും രഹസ്യ ഉടമ്പടി?? ലാവലില്‍ കേസില്‍ നിന്നുള്ള പിണറായിയുടെ രക്ഷ ഒരു പ്രധാന ഉറപ്പാവാന്‍ സാധ്യതകള്‍ ഏറെക്കാണുന്നു. അങ്ങിനെ നോക്കുമ്പോള്‍ സി.പി.എമ്മിന് തന്നെയാണ് ഈ സമരം കൊണ്ട് നേട്ടം തുടര്‍ച്ചയായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന സമരങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി, വിജയന് വേണ്ടിയാണെങ്കില്‍ പോലും  ഒരു ചെറിയ വിജയം; അത് ആശ്വാസകരം തന്നെ.  'ജുഡിഷ്യല്‍ അന്വേഷണം'എന്ന പ്രഖ്യാപനം  മാധ്യമങ്ങളുടെ മുന്നില്‍ സര്‍ക്കാര്‍ നടത്തിയതോടെ അത് ഒരു ബോണസ്‌ നേട്ടവുമായി.

നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ "പോലിസ്‌ അന്വേഷണത്തിന് ശേഷം ജുഡിഷ്യല്‍ അന്വേഷണം" എന്ന പ്രസ്താവന മാധ്യമങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ പ്രഖ്യാപനമായപ്പോള്‍ ' സമരക്കാര്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി മുട്ടുമടക്കി'; പ്രതിപക്ഷം ഹാപ്പി ...... മുന്‍പ് നടത്തിയ പ്രസ്താവന ഒരിക്കല്‍ക്കൂടി നടത്തി എന്നതൊഴിച്ചാല്‍ കാര്യമായ പരിക്കുകള്‍ ഒന്നുമില്ലാതെ 'സമരത്തെ പരാജയപ്പെടുത്തി'; സര്‍ക്കാരും ഹാപ്പി......

ഇരുകൂട്ടര്‍ക്കും സതോഷമായ സ്ഥിതിക്ക് ഒരു ഗ്രൂപ്പ്‌ ഫോട്ടോ കൂടി ആകാമായിരുന്നു....ഉമ്മനും, മാമനും, പിണറായിയും എല്ലാവരുമുള്ള ആ ചിത്രം കണ്ട് ജനത്തിനു സായൂജ്യമടയുകയും ചെയ്യാമായിരുന്നു.

സമരം മൂലം ഏറെ കഷ്ടതകള്‍ അനുഭവിക്കുന്നത് തലസ്ഥാനവാസികള്‍ തന്നെ എന്നതില്‍ സംശയമില്ല. സ്വതവേ മാലിന്യ കൂമ്പാരമായ തിരുവന്തപുരം ഇപ്പോള്‍ മനുഷ്യ വിസര്‍ജ്ജങ്ങളാല്‍ ഏറെ മലിനപ്പെട്ടു കിടക്കുന്നു. സെക്രട്ടറിയേറ്റിനോട് അടുത്തു കിടക്കുന്ന പ്രദേശങ്ങളിലെ സ്ഥിതി ഏറെ പരിതാപകരമാണെന്ന് റിപ്പോര്‍ട്ടുകളില്‍ കാണുന്നു.

തോല്‍വിയും ദുരനുഭവങ്ങളും  എപ്പോഴും സാധാരണ ജനങ്ങള്‍ക്ക്‌ തന്നെ. രാഷ്ട്രീയക്കാരുടെ നെറികെട്ട നാടകങ്ങള്‍ കാണാനും അനുഭവിക്കാനും മാത്രമുള്ളവര്‍......, എത്രയൊക്കെ ആയാലും അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാത്ത കഴുതകള്‍.... .....







1 comment:

ഷാജു അത്താണിക്കല്‍ said...

സമരമേ ജീവിതമേ

ഇപ്പൊ രണ്ടും ഇല്ലാ