Saturday, 14 September 2013

ആരോഗ്യരംഗവും ഭക്ഷ്യസുരക്ഷയും വെന്റിലേറ്ററില്‍



കേരളത്തിലെ ആരോഗ്യരംഗം തികച്ചും താറുമാറായിരിക്കുന്നതിന്റെ പ്രതിഫലനങ്ങളാണ് കുറച്ചു ദിവസങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്. ജീവന്‍രക്ഷാ മരുന്നുകള്‍ കുറഞ്ഞവിലയ്ക്ക് ജനങ്ങളിലേക്കെത്തിക്കാന്‍ ശെരിയായ കാഴ്ച്ചപ്പാടില്ലാതെ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ പാളിയതിനു പിന്നാലെയാണ് മാരകവിഷം കലര്‍ന്നതും, മാസങ്ങളോളം പഴക്കമുള്ളതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ ഹോട്ടലുകളിലും മറ്റും കച്ചവടം ചെയ്യുന്ന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് യാതൊരു ചിന്തയുമില്ലാതെയാണ് ഹോട്ടല്‍ നടത്തിപ്പുകാരും,വ്യാപാരികളും മാസങ്ങള്‍ തന്നെ പഴക്കമുള്ള ഇറച്ചിയും  മറ്റുമാണ് കൊള്ളലാഭമെടുത്ത് കച്ചവടം ചെയ്യുന്നത്. മനുഷ്യശരീരത്തിന് ദോഷം ചെയ്യുന്ന മാരകവിഷപദാര്‍ഥങ്ങള്‍ കലര്‍ന്ന മാംസാഹാരങ്ങളാണ് ദിനംപ്രതി ഹോട്ടലുകളില്‍ വില്‍ക്കപ്പെടുന്നത്.സ്വന്തം ആരോഗ്യത്തെക്കുറിച്ച് വീണ്ടുവിചാരമില്ലാത്ത മലയാളി അതെല്ലാം ദിനേന ഫാസ്റ്റ്ഫുഡ് രൂപത്തില്‍ അകത്താക്കുകയും ചെയ്യുന്നു.

അമോണിയം കലര്‍ന്ന മാസം ഏറണാകുളത്ത് പിടിച്ചെടുത്തത്തിനു തൊട്ടുപിന്നാലെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കാന്റീനില്‍ ഗ്രീന്‍പീസ് കറിയില്‍ അണലിക്കുഞ്ഞിനെ കണ്ടത്.കാണുന്നതിനു മുന്‍പ്തന്നെ എത്രയോപേര്‍ ആ കറി കഴിച്ചിരിക്കും? ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവാന്‍ അതുപോരെ?


ഭരണസിരാകേന്ദ്രത്തിനടുത്തുള്ള മെഡിക്കല്‍കോളേജ് കാന്റീനില്‍ ആണ് ഈ സംഭവം ഉണ്ടായത് എന്നുള്ളത് ഇതിന്‍റെ ഗൌരവം വര്‍ധിപ്പിക്കുന്നു. മെഡിക്കല്‍കോളേജ് പോലെയുള്ള സ്ഥലങ്ങളിലെ അവസ്ഥ ഇതാണെങ്കില്‍ മറ്റു സ്ഥലങ്ങളില്‍ ഇതിനേക്കാള്‍ പരിതാപകരമായിരിക്കില്ലേ കാര്യങ്ങള്‍? തികച്ചും വൃത്തിഹീനമായ പാചകവും, ചുറ്റുപാടുകളും, അലംഭാവവും മാത്രമാണ് ഈ ദുസ്ഥിതിക്ക് കാരണം.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ക്യാന്റീന്‍ നടത്തിപ്പുകാര്‍. അതായത് ജനങ്ങളുടെ ആരോഗ്യത്തിനു സംരക്ഷണം നല്‍കേണ്ടവര്‍തന്നെ മറ്റൊരു വഴിയിലൂടെ അത് നശിപ്പിക്കാന്‍ ശ്രമിക്കുന്നു. പ്രസ്തുത കാന്‍റീന്‍ മാസങ്ങള്‍ക്കുമുന്‍പ്, വൃത്തിയില്ലായ്മയുടെ പേരില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പൂട്ടിച്ചതാണ്. ഉദ്യോഗസ്ഥ-ഭരണ സ്വാധീനത്തിന് വഴങ്ങി വീണ്ടും തുറന്ന്പ്രവര്‍ത്തിക്കുവാന്‍ അനുമതി കൊടുത്തത് കേവലം രണ്ടു മാസങ്ങള്‍ക്ക്മുന്‍പു മാത്രമാണ്.

ആരോഗ്യവകുപ്പിന്‍റെയും, ഭക്ഷ്യസുരക്ഷാവിഭാഗത്തിന്‍റെയും പിടിപ്പുകേട് ഒന്നുകൊണ്ടു മാത്രമാണ് പ്രസ്തുത സംഘടനക്കു കാന്‍റീന്‍ നടത്തിപ്പിനുള്ള അനുമതി വീണ്ടും കിട്ടിയത്. ഇവര്‍ ജനങ്ങളുടെ ജീവനു യാതൊരു വിലയും കല്‍പ്പിക്കുന്നില്ല എന്നല്ലേ ഇത് അര്‍ത്ഥമാക്കുന്നത്?

ഉദ്യോഗസ്ഥ-ഭരണ സ്വാധീനങ്ങള്‍ക്ക് വഴങ്ങി ഇതുപോലെയുള്ള സംഘടനകള്‍ക്കും,വ്യക്തികള്‍ക്കും ഹോട്ടലുകളും കാന്റീനുകളും നടത്താന്‍ അനുമതി നല്‍കുന്നത് കുറ്റകരമായ അനാസ്ഥയാണ്. ഞങ്ങളുടെ ആരോഗ്യസംരക്ഷണത്തിനു ബാധ്യതപ്പെട്ടവര്‍ സ്വാധീനങ്ങള്‍ക്കുവഴങ്ങി അഴിമതിക്ക് കൂട്ടുനില്‍ക്കുന്നത് പരിതാപകരമാണ്.

പൊതുജനാരോഗ്യവും, സംരക്ഷണവും മുന്‍നിര്‍ത്തി ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരും, ഭരണനേതൃത്വവും ജനക്ഷേമതല്പരരായിപ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതോടൊപ്പം തന്നെ വിഷലിപ്തമായതും പഴകിയതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ ഒഴിവാക്കാന്‍ ജനങ്ങളുംശ്രദ്ധിക്കണം. ഹോട്ടല്‍ ഭക്ഷണം കഴിക്കുന്നത്‌ ശീലമാക്കിയവര്‍ അത് ഗുണനിലവാരമുള്ളതും,വൃത്തിയുള്ള ചുറ്റുപാടില്‍ പാചകം
ചെയ്തതാണെന്ന് ഉറപ്പുവരുത്താനും ശ്രദ്ധിക്കണം..


ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാവൂ.... നാടിന്‍റെ പുരോഗതിക്കുവേണ്ടി ആരോഗ്യമുള്ള ശരീരവും, ആരോഗ്യമുള്ള മനസ്സുമുള്ള ജനങ്ങള്‍ അനിവാര്യമാണെന്ന് ഓരോ പൌരനും ചിന്തിക്കയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും വേണം. എങ്കില്‍ മാത്രമേ ഇത്തരം ചൂഷണങ്ങളില്‍ നിന്ന് മുക്തി നേടാന്‍ സാധിക്കൂ...


ഫീലിംഗ്സ്: Annoyed


No comments: