Monday, 16 September 2013

ഓര്‍മയിലെ ഓണം..







ഇപ്പോഴത്തെ തട്ടിക്കൂട്ട് ഓണാഘോഷങ്ങള്‍ കാണുമ്പോള്‍ ചെറുപ്പകാലത്തെ ഓണാഘോഷങ്ങളെക്കുറിച്ചോര്‍മ്മ വരുന്നു. മനസ്സിന് സന്തോഷം പകരുന്ന, ഇപ്പോഴും ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന ഓണ ഓര്‍മ്മകള്‍ എന്‍റെ അമ്മയുടെ വീട്ടില്‍ വച്ചുള്ളതാണ്. ആകെയൊരു ഉത്സവപ്രതീതിയായിരുന്നു ആ ഓണങ്ങള്‍ക്ക്.

അവിട്ടം നാളിലായിരുന്നു എന്‍റെ പ്രധാന ഓണാഘോഷങ്ങളൊക്കെ. കാരണം അന്നാണ് അമ്മവീട്ടില്‍ എല്ലാരും ഉണ്ടാവുക.തിരുവോണദിവസം വൈകുമ്പോഴെക്കേം എല്ലാവരും അമ്മവീട്ടില്‍ എത്തിച്ചേരും... ഞാനും,അമ്മയും സഹോദരിയും, അമ്മയുടെ സഹോദരിമാരും അവരുടെ മക്കളും എല്ലാവരും. എല്ലാവരും എത്തിക്കഴിഞ്ഞാല്‍ എന്ത് സന്തോഷമാണെന്നോ?

കുട്ടിസൈന്യം എല്ലാം കൂടിയാല്‍പിന്നെ ആദ്യം അന്വേഷിക്കുന്നത് പടക്കം എവിടെകിട്ടും എന്നുള്ളതാണ്. ഓണത്തിന് അഞ്ചും പത്തുമായി കിട്ടുന്ന ഓണസമ്മാനം പടക്കം വാങ്ങാന്‍ ചെലവഴിക്കും. പൂത്തിരി, കമ്പിത്തിരി, അട്ട തുടങ്ങിയ ശബ്ദമില്ലാ സാധനങ്ങള്‍ കുറെയൊക്കെ അപ്പൂപ്പന്‍ വാങ്ങിത്തരും. ശബ്ദമുള്ള പടക്കങ്ങള്‍ വാങ്ങാന്‍ അനുവാദം ഇല്ലെങ്കിലും ഒളിച്ചും പാത്തുമൊക്കെ വാങ്ങാറുണ്ട്.അത് വാങ്ങിയതിനുള്ള വഴക്ക് എനിക്കുള്ളതാണ്. കാരണം കൂട്ടത്തില്‍ മൂത്തവന്‍ ഞാനാണ്. അനിയന്മാര്‍ക്ക് പടക്കം വാങ്ങാന്‍ ഉത്സാഹമാണെങ്കിലും, അത് പൊട്ടിക്കാന്‍ അത്ര ഉത്സാഹം പോര.... പേടിതന്നെ കാരണം...

ഓണക്കളികളില്‍ ഊഞ്ഞാലാട്ടമാണ് പ്രധാനം. ഏറ്റവും ഉയരത്തില്‍ ആരുപോകും എന്ന വാശിയാണ്.അത്തം പിറക്കുമ്പോള്‍ത്തന്നെ ഊഞ്ഞാല്‍ ഇടുമായിരുന്നു. അപ്പൂപ്പനായിരുന്നു അതിന്റെ നേതൃത്വം. മുറ്റത്തെ പ്ലാവിലും,വലിയ കണിക്കൊന്നയിലും കൂടിയായിരുന്നു ഊഞ്ഞാല്‍ കെട്ടിയിരുന്നത്. ഊഞ്ഞാലാട്ടവും കളികളും കഴിയുമ്പോഴേക്കും നേരം ഇരുട്ടും.പിന്നീട് കുളിയും നാമജപവും കഴിഞ്ഞാണ് പടക്കം പൊട്ടിക്കുന്നത്.

ഊണ്കഴിഞ്ഞ് ഉറങ്ങാന്‍ പോകുമ്പോഴാണ് അതിലേറെ രസം. ഞങ്ങള്‍ കുട്ടികളും, അമ്മമാരും, അമ്മൂമ്മയും എല്ലാം തറയില്‍ തഴപ്പായ വിരിച്ച് ഉറങ്ങാന്‍ കിടക്കും.കഥപറച്ചിലും,തമാശകളും ഒക്കെക്കഴിഞ്ഞ് ഉറങ്ങുമ്പോള്‍ നേരം പാതിരാ കഴിഞ്ഞിരിക്കും. 

പിറ്റേന്ന് രാവിലെതന്നെ പൂക്കള്‍ പറിക്കാന്‍ പോവുകയായി. ഇളയ കുഞ്ഞമ്മയുടെ നേതൃത്വത്തില്‍ പൂക്കളമൊക്കെ ഇടും. അതിനു ശേഷം എണ്ണതേച്ചുള്ള കുളിയും,പ്രാതലും കഴിഞ്ഞ് ഓണക്കോടിയും ധരിച്ചു എല്ലാവരും വീണ്ടും ഊഞ്ഞാലാടാനും, കളിക്കാനുമായി ഇറങ്ങും. അപ്പോഴേക്കും ഒരു മുന്നറിയിപ്പ് കിട്ടും :”ഉടുപ്പും നിക്കറും ചീത്തയാക്കരുത്”... പക്ഷെ ഉച്ചയാവുമ്പോഴേക്കും  ഓട്ടവും ചാട്ടവുമൊക്കെയായി അതൊരു പരുവമാകും.

സദ്യ വിളമ്പാന്‍ വാഴയില വേണമല്ലോ.... അത് ഞങ്ങളുടെ പറമ്പില്‍ നിന്നുതന്നെയാണ് മുറിക്കുക. അച്ചാച്ചന്‍ (അപ്പൂപ്പനെ ഞാന്‍ അങ്ങിനെയായിരുന്നു വിളിക്കുക) എന്നെയും കൂട്ടി പറമ്പിലേക്കിറങ്ങും. മുറിച്ചു തരുന്ന തൂശനിലകള്‍ ഭദ്രമായി പിടിക്കുക എന്നുള്ളതാണ് എന്‍റെ ജോലി. ഞാനത് ഭംഗിയായി ചെയ്യുകയും ചെയ്തിരുന്നു. 

ഓണസദ്യക്ക് കുട്ടികളെയെല്ലാവരെയും ആദ്യം ഇരുത്തും. ഊണിനുശേഷം വീണ്ടും കളികള്‍ തന്നെ. വൈകുന്നേരമാവുമ്പോള്‍ അമ്മമാര്‍ വിളി തുടങ്ങും. കാരണം ചിലര്‍ക്കൊക്കെ അന്നുതന്നെ തിരികെ അവരവരുടെ വീടുകളിലേക്ക് തിരികെ പോകേണ്ടതുണ്ട്. അപ്പോഴത്തെ ഒരു സങ്കടവും പറഞ്ഞറിയിക്കാന്‍ വിഷമമാണ്.

ഓണവുമായി ബന്ധപ്പെടുത്തിയും അല്ലാതെയും ഒരുപാടുകാര്യങ്ങളുണ്ട്.... ചെറിയ കാര്യങ്ങള്‍ ആണെങ്കിലും മനസില്‍ എന്നും തങ്ങി നില്‍ക്കുന്നവ. അച്ചാച്ചന്‍റെ മരണശേഷം അത്തരം അനുഭവങ്ങളൊക്കെ എനിക്ക് നഷ്ടപ്പെട്ടു. അതിനുശേഷം ഹൃദ്യമായ അനുഭവങ്ങള്‍ ഉള്ള ഒരു ഓണം ഇല്ലതന്നെ.കാരണം അതുപോലെയുള്ള കൂടിച്ചേരലുകളും പങ്കുവയ്ക്കലുകളും ഇല്ലതന്നെ....

ഫീലിംഗ്സ്: സാട്..


ഓണവുമായി ബന്ധപ്പെട്ട് തീരെ ചെറിയ പ്രായത്തിലുള്ള മറ്റൊരോര്‍മ്മ തിരുവാതിരക്കളിയാണ്. എന്‍റെ വീടിനടുത്ത് ശ്രീനാരായണഗുരുവിന്‍റെ സമാധി ആചരണം നടത്തുന്നതിനുള്ള ഒരു സമിതി ഉണ്ട്. അവരുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രദേശവാസികളായ സ്ത്രീകളും പുരുഷന്മാരും ഓണക്കാലത്ത് വീട്ടുജോലികളെല്ലാം കഴിഞ്ഞ് ഒത്തുകൂടുന്നു. പിന്നീട് രാത്രി ഏറെ വൈകുംവരെ തിരുവാതിരക്കളിയും ഓണപ്പാട്ടുകളും മറ്റുമുണ്ടായിരുന്നു. അതിനെക്കുറിച്ച് വളരെ ചെറിയ ഓര്‍മ്മ മാത്രമേ ഉള്ളൂ. അവിടെയും വലിയ വടം ഉപയോഗിച്ചുള്ള ഒരു ഊഞ്ഞാല്‍ ഇടുമായിരുന്നു.

ഓണക്കാലത്ത് പുലികളി,കരടികളി, മഹാബലിയെ എതിരേല്‍ക്കല്‍ എന്നീ വിനോദങ്ങളില്‍ എത്ര സന്തോഷത്തോടെയാണ് പങ്കെടുത്തിട്ടുള്ളത്.എത്ര സന്തോഷകരമായിരുന്നു അന്നൊക്കെ ഓണം...ഇന്ന് അതൊക്കെ നിറമുള്ള വെറും ഓര്‍മ്മകള്‍ മാത്രം.

പൂക്കളമൊരുക്കാന്‍ തുമ്പപ്പൂവും, മുക്കൂറ്റിയും ധാരാളമായുണ്ടായിരുന്നു. ഇന്ന് ഒരു തുമ്പച്ചെടിയോ, മുക്കൂറ്റിയോ, കോളാമ്പിച്ചെടിയോ കാണാനില്ല.

മനോഹരമായ ഓണക്കാലത്തിന്റെ ഓര്‍മ്മകളെങ്കിലും എന്നെപ്പോലുള്ളവര്‍ക്ക് ഉണ്ടാവാം.ഇതൊന്നുമില്ലാതെ, മലയാളംപോലുമറിയാതെ ഓണം ആഘോഷിക്കുന്ന, ഓണത്തെക്കുറിച്ച് വാചാലമായി സംസാരിക്കുന്ന പുതുതലമുറ...... അവര്‍ക്ക് മനസ്സിലാവുമോ ഓണം വെറുമൊരു ആഘോഷമല്ല ഓരോ മലയാളിയുടെയും വിലപ്പെട്ട അനുഭവമാണെന്ന്???

ഫീലിംഗ്സ്: നോസ്ടാല്‍ജിയ




16 സെപ്റ്റംബര്‍ 2013 ..... തിരുവോണം

തുടരുന്ന പ്രവാസജീവിതത്തില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളും പേറി, കുറച്ചു വിഭവങ്ങളുമായി ഓണസദ്യയൊരുക്കി സുഹൃത്തുക്കളോടൊപ്പം ഞാനും ആഘോഷിച്ചു തിരുവോണം.........






No comments: