Wednesday 30 October 2013

ഒരു കല്ലും കുറെ കാര്യങ്ങളും



തന്‍റെ ഓഫീസ്‌ അഴിമതി ആരോപണത്തില്‍ മുങ്ങി നില്‍ക്കുമ്പോഴും ജനസമ്പര്‍ക്കപരിപാടിയിലൂടെ പ്രതിച്ഛായ കാത്തുസൂക്ഷിക്കുന്ന മുഖ്യന്‍റെ മുഖത്തു പതിച്ച കല്ലാണല്ലോ ഇപ്പോള്‍ പ്രധാന താരം.കല്ലിന്‍റെ കഥകളും ഉപകഥകളും കൊണ്ട് പത്ര-ദൃശ്യ മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും നിറയുകയാണ്.

കല്ലുവീണ അവസരം പരമാവധി മുതലെടുക്കാന്‍ മുഖ്യന്‍റെ കൂടെയുണ്ടായിരുന്ന അമാത്യപ്രധാനിയും,  ഞാമ്പറയാം ഞാമ്പറയാംവിദൂഷകനും സംഭവത്തെക്കുറിച്ച് ക്വാണ്ടം തിയറിയെപ്പോലും അതിശയിപ്പിക്കുന്ന തരത്തില്‍ കുറച്ചു പൊലിമചേര്‍ത്തത് ജനം വിശ്വസിച്ചിട്ടില്ല എന്നതൊഴിച്ചാല്‍ സംഭവത്തിന്‍റെ യഥാര്‍ത്ഥവശം സാമാന്യവിവരമുള്ള ഏവര്‍ക്കും ബോധ്യപ്പെട്ടിട്ടുമുണ്ട്.

ആശയം തോല്‍ക്കുമ്പോള്‍ ആയുധമെടുക്കുക എന്നത് തികച്ചും ‘സമാധാനകാംക്ഷി’കളായ മാര്‍ക്സിസ്ടുകളുടെ സഹനസമരമാര്‍ഗമാണ് എന്ന് ഏവര്‍ക്കും അറിവുള്ളതാണ്. അതുകൊണ്ട് മുഖ്യന്‍റെ മുഖത്തുപതിച്ച കല്ലിന്‍റെ ഉറവിടത്തെക്കുറിച്ച് പൊതുജനത്തിന് യാതൊരു സംശയവുമില്ല. പ്രത്യേകിച്ചും പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഒരു കൂത്തുപറമ്പ്കൂടി ആവര്‍ത്തിക്കണം എന്ന് നിര്‍ബന്ധം ഉള്ളതുപോലെയായിരുന്നു നേതാക്കന്മാരുടെ നീക്കങ്ങള്‍ സൂചിപ്പിച്ചിരുന്നത്

എറിഞ്ഞത് ചാലക്കുടിയിലെ കൊട്ടേഷന്‍ സംഘാംഗമാണെന്ന് നേതാവിന്റെ പ്രസ്താവന. പുള്ളി പഴയ പലകാര്യങ്ങള്‍ക്കും അതിയാന്റെ സേവനം പ്രയോജനപ്പെടുത്തിയ പരിചയംവച്ച് പെട്ടന്ന് പറഞ്ഞു പോയതാവാം. പക്ഷേ അന്വേഷിച്ചു ചെന്നപ്പോള്‍ അതിയാന്‍ വടിയായിട്ട് വര്ഷം പലതുകഴിഞ്ഞു.

എറിഞ്ഞത് ഞങ്ങളല്ല എന്ന് നേതാക്കന്മാര്‍ ആണയിടുമ്പോഴും സോഷ്യല്‍മീഡിയകളിലൂടെ അണികള്‍ അത് ആഘോഷിക്കുന്നു. ഇനിയുമെറിയും എന്ന് വീമ്പിളക്കുന്നു. അത് ചോദ്യം ചെയ്യുന്നവരെയും കൊണ്ഗ്രെസ്സ് നേതാക്കളെയും ആകെമാനം തെറിവിളിച്ച് ആക്ഷേപിക്കുന്നു. സോഷ്യല്‍മീഡിയകളിലൂടെ മാത്രം പരിചയമുള്ളവര്‍ ഇങ്ങനെ ഗോഗ്വാ വിളികള്‍ നടത്തുമ്പോള്‍ തകരുന്നത് അവര്‍ക്കിടയിലുള്ള സൗഹൃദമാണ്‌. മാന്യമായ രാഷ്ട്രീയനിരീക്ഷണങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഉപരിയായി അപ്പനും അമ്മയ്ക്കും വരെ വിളിച്ചുകൊണ്ടുള്ള രാഷ്ട്രീയചര്‍ച്ചകള്‍ തങ്ങള്‍ക്കു ഭൂഷണമോ എന്ന് അഭ്യസ്തവിദ്യരായ ചെറുപ്പക്കാരാണ് തീരുമാനിക്കേണ്ടത്.

കൊണ്ഗ്രെസ്സ് നേതൃത്വത്തിന്റെയും, യു.ഡി.എഫിന്റെയും കടുത്ത സമ്മര്‍ദ്ദം ഉണ്ടായിട്ടും പ്രതിഷേധാര്‍ഹമായി ഹര്‍ത്താല്‍ നടത്താന്‍ മുഖ്യന്‍ സമ്മതംനല്‍കിയില്ല എന്നതാണ് ശ്രദ്ധിക്കപ്പെടേണ്ട പ്രധാനകാര്യം. അങ്ങിനെയൊരു ഹര്‍ത്താല്‍ ഉണ്ടായാല്‍ വ്യാപകമായ അക്രമങ്ങള്‍ നടന്നേക്കാം എന്നദ്ദേഹത്തിനു നന്നായി അറിയാം. അങ്ങിനെയുണ്ടായേക്കാവുന്ന കഷ്ടനഷ്ടങ്ങളില്‍ നിന്ന് പൊതുജനത്തെ രക്ഷപ്പെടുത്തിയത് പ്രശംസാര്‍ഹമായ കാര്യമാണ്. കൌശലക്കാരനായ രാഷ്ട്രീയക്കാരന്‍റെ പക്വമായ തീരുമാനം. ജനങ്ങള്‍ക്കിടയിലുള്ള അദ്ദേഹത്തിന്‍റെ മതിപ്പ് ഒന്നുകൂടി ഉയര്‍ന്നു എന്നും മനസ്സിലാക്കാം.

ഇതുപോലെ വിപ്ലവപാര്‍ട്ടിയുടെ കണ്ണൂര്‍ നേതാവിന്‍റെ കാറിനുമേല്‍ കല്ലെറിഞ്ഞ ഷുക്കൂര്‍ എന്ന ചെറുപ്പക്കാരന്റെയും, ആശയസമരത്തിന്‍റെ പേരില്‍ പാര്‍ട്ടിവിട്ട ചന്ദ്രശേഖരന്റെയും ഗതി എന്തായി എന്ന് കേരളജനതക്ക് അറിവുള്ളതാണ്. ഇരുപാര്‍ട്ടികളും അവയുടെ നേതാക്കന്മാരെയും താരതമ്യം ചെയ്യാനുള്ള
ഒരു അവസമാണ്ഇപ്പോള്‍ ജനങ്ങളുടെ മുന്നിലുള്ളത്.

തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കെതിരെ ജനാധിപത്യപരമായ രീതിയില്‍ സമരം ചെയ്യാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും അവകാശമുണ്ട്. എന്നാല്‍ അതിനൊക്കെ ഒരു സാമാന്യമര്യാദയും പരിധിയും ഒക്കെയുണ്ട്. മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടുള്ള സമരമുറകള്‍ വേണമോ എന്ന് തീരുമാനിക്കേണ്ടത് രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കന്മാരും അവരുടെ ഔചിത്യബോധവുമാണ്. ജനങ്ങള്‍ക്ക് വേണ്ടിയാവണം രാഷ്ട്രീയക്കാര്‍ ഭരണവും സമരവുംനടത്തേണ്ടത്. ജനത്തെ മറന്നുകൊണ്ട് വ്യക്തികള്‍ക്കായുള്ള ഭരണവും സമരവും ജനങ്ങളാല്‍ തിരസ്കരിക്കപ്പെടും  എന്നുള്ള കാര്യം എല്ലാ രാഷ്ട്രീയകക്ഷികളും ഓര്‍ക്കുന്നത് നന്ന്.



 ഫീലിംഗ്സ്: രാഷ്ട്രീയത്തിലെ മൂല്യച്യുതിയിലുള്ള അമര്‍ഷം 

No comments: