Sunday 3 November 2013

ശ്വേതയുടെ അരക്കെട്ടും പീതുവിന്റെ കയ്യും




ഡല്‍ഹി പീഡനത്തിനുശേഷം മാധ്യമങ്ങളില്‍ ഇത്രയേറെ മൈലേജ് കിട്ടിയ ഒരു ‘പീഡനം’ വേറെയുണ്ടായോ എന്നൊരു സംശയം.പീതുവിന്റെ കയ്യും ശ്വേതയുടെ അരക്കെട്ടുമാണ് രണ്ടു ദിവസമായി മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് . കല്ലേറും സോളാറും എങ്ങോപോയി ഇത്രയേറെ കോലാഹലവും ചര്‍ച്ചകളും നടത്താന്‍ എന്താണ് അതിലുള്ളത്?? കേരളത്തിന്‍റെ സാംസ്കാരിക നിലവാരം പാതാളത്തിലേക്ക്‌ ആണ്ടുപോയോ?? കുറെ സദാചാരവാദികള്‍ ഫേസ്ബുക്കില്‍ ആടിതിമിര്‍ക്കുന്നു, മുഖം പുട്ടിയിട്ടു മിനുക്കിയ ചര്‍ച്ചിസ്റ്റുകള്‍ ദൃശ്യമാധ്യമങ്ങളില്‍ വാക്കുകളിട്ടമ്മാനമാടി ചാരിതാര്‍ത്ഥ്യമടയുന്നു. പ്രതി രാഷ്ട്രീയക്കാരനും ഇര സിനിമാക്കാരിയും ആയതുകൊണ്ട് വാര്‍ത്തകള്‍ക്കും വായനക്കും പഞ്ഞവുമില്ല. 

മാളത്തില്‍ കഴിഞ്ഞിരുന്ന പീഡനപ്രതികള്‍ എല്ലാം ഇപ്പോള്‍ അരയും തലയും മുറുക്കി രംഗത്ത്‌ ഇറങ്ങി. പുതിയ പ്രതിയെ കിട്ടിയപ്പോള്‍ അതിന്റെ മറവില്‍ തങ്ങളുടെ മുഖം മിനുക്കാം എന്ന മോഹവുമായി ‘അപലപന’പ്രസ്താവനകള്‍
തുടങ്ങിക്കഴിഞ്ഞു.

‘പീഡനം’ കഴിഞ്ഞ് വളരെ മണിക്കൂറുകള്‍ക്ക് ശേഷം മാത്രം ഒരു പുകമറ സൃഷ്ടിച്ചുകൊണ്ട് പ്രതി ആരെന്നു പറയാതെ ആരോപണം ഉന്നയിച്ചതിലെ സാംഗത്യം എന്താണെന്ന് മനസ്സിലായില്ല. പീഡിപ്പിച്ച ആളുടെ പേര് ഏറെ വൈകിയും പറയാന്‍ പോലും ഇര തയാറാവുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.അങ്ങിനെയൊരു സംഭവം നടന്നു കഴിഞ്ഞാല്‍ അവരെപ്പോലെ ‘ബോള്‍ഡ്‌’ എന്നവകാശപ്പെടുന്ന ഒരു സ്ത്രീ എന്തുകൊണ്ട് അപ്പോള്‍ പ്രതികരിച്ചില്ല?? അതായിരുന്നില്ലേ കൂടുതല്‍ അഭികാമ്യം?? ഇതു കൊമ്പത്തെ ആളായിരുന്നാലും പൊളിച്ചടുക്കണമായിരുന്നു അപ്പോള്‍ തന്നെ. ഞരമ്പുരോഗികള്‍ക്ക് ഒരു പാഠമാകേണ്ടിയിരുന്നു അത്.

സോഷ്യല്‍മീഡിയകളില്‍ ശ്വേതയെ, അവരുടെ തൊഴില്‍ മേഖലയുമായി ബന്ധപ്പെടുത്തി അവഹേളിച്ചുകൊണ്ട് പോസ്റ്റുകളും കമന്‍റുകളും ഇടുന്നവര്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്; സിനിമയും അതിലെ കഥാപാത്രവുമായി ബന്ധപ്പെടുത്തി അവര്‍ക്ക് പലവിധത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കേണ്ടിവന്നിട്ടുണ്ടാവാം, പല തരത്തില്‍ അഭിനയിക്കേണ്ടി വന്നിട്ടുണ്ടാവാം.അതൊക്കെ അവരുടെ തൊഴിലിന്‍റെ ഭാഗമാണ്. എന്ന് കരുതി വഴിയെ പോകുന്ന ഏതൊരുവനും അവരെ ‘തപ്പാം’ എന്നു അത് അര്‍ത്ഥമാക്കുന്നില്ല. നമ്മളെപ്പോലെ തന്നെ വികാരവിചാരങ്ങളും, കുടുംബവും ഒക്കെയുള്ള ഒരു മനുഷ്യജീവി തന്നെയാണ് അവരും.

പീതുവിനെ ന്യായീകരിക്കാനായി അന്ധമായ കൊണ്ഗ്രെസ്സ് അഭിമുഖ്യമുള്ളവരുടെ തത്രപ്പാട് കാണുമ്പോള്‍ സഹതാപം തോന്നുന്നു. ഒരു സ്ത്രീയെ പൊതുസ്ഥലത്തുവച്ച് പരസ്യമായി
തൊട്ടും തലോടിയും നില്‍ക്കുന്നത് ഞരമ്പുരോഗം തന്നെയാണ്. അത് ചെയ്തത് എത്ര ഉന്നതനായാലും ശിക്ഷിക്കപ്പെടണം. അല്ലാതെ അന്ധമായ രാഷ്ട്രീയ വിശ്വാസത്തിന്‍റെ പേരില്‍ അതിനെ വെള്ളപൂശാന്‍ ശ്രമിക്കുകയല്ല വേണ്ടത്. തിരുത്തല്‍ ശക്തിയായി വേണം അണികള്‍ നിലകൊള്ളാന്‍. പക്ഷേ നിഭാഗ്യവശാല്‍ കൊടിയുടെ നിറംനോക്കിയാണ് യുവജനത സാമൂഹിക വിപത്തുക്കള്‍ക്ക്നേരെ പ്രതികരിക്കുന്നത് എന്നുള്ളത് വളരെ ദയനീയമാണ്.സ്വന്തം അമ്മയ്ക്കോ, സഹോദരിക്കോ ഇങ്ങനെയുള്ള അനുഭവം ഉണ്ടാവുംപോഴേ ഇങ്ങനെയുള്ള സദാചാര അണികള്‍ പാഠം പഠിക്കൂ. സമൂഹത്തിനു മാതൃകയാവേണ്ട രാഷ്ട്രീയക്കാര്‍ ഇത്തരത്തില്‍ ചെയ്യുന്നത് നമ്മുടെ സാംസ്കാരിക അധപതനതിലേക്ക് വിരല്‍ ചൂണ്ടുന്നു. പീതുവിനെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുവാന്‍ അയാളുള്‍പ്പെടുന്ന പാര്‍ട്ടിയുടെ നേതാക്കന്മാരാണ് ആര്‍ജ്ജവം കാട്ടേണ്ടത്.

പക്ഷേ, ഇതാണോ കേരളത്തില്‍ ഇന്ന് ചര്‍ച്ചചെയ്യേപ്പെടെണ്ട ഏറ്റവും വലിയ സാമൂഹിക പ്രശ്നം?? കഴിഞ്ഞ ദിവസം ചോറ്റാനിക്കരയില്‍ ഒരു യുവതിയും തന്റെ കാമുകന്മാരും കൂടി ചേര്‍ന്ന് തന്‍റെ പിച്ചുകുഞ്ഞിനെ പീഡിപ്പിച്ചു കൊന്നു കുഴിച്ചുമൂടി. അതിനെക്കുറിച്ച് പ്രതികരിക്കാനോ ചര്‍ച്ചിക്കാനോ ചാനലുകളില്‍  ആരെയും കണ്ടില്ല. കോഴിക്കോട്ട് അദിതി നമ്പൂതിരി, മാതൃസഹോദരിയാല്‍ ദാരുണമായി കൊല്ലപ്പെട്ട രാഹുല്‍, കുരുന്നു ശരീരത്തിലൊതുങ്ങാത്ത വേദന സമ്മാനമായി കിട്ടിയ ഷഫീഖ്, വളര്‍ത്തുനായക്കൊപ്പം ചങ്ങലക്കിടപ്പെട്ട ആരോമല്‍. ഇതാ ഇപ്പോള്‍ അക്സയും. സോഷ്യല്‍ മീഡിയകളില്‍ പോസ്ടിങ്ങുകള്‍ക്കും ചര്‍ച്ചകള്‍ക്കും തള്ളിക്കയറ്റവും കണ്ടില്ല. ഇങ്ങനെയുള്ള സാമൂഹിക അധപതനങ്ങള്‍ക്ക്  നേരെയല്ലേ പ്രതികരണങ്ങള്‍ ഉണ്ടാവേണ്ടത്?? ചര്‍ച്ചകള്‍ക്കും ബോധവല്‍ക്കരണത്തിനും പാത്രമാവേണ്ട വിഷയവും ഇത് തന്നെയെന്ന് എനിക്കു തോന്നുന്നു. പക്ഷേ, ശ്വേതയുടെ തുടുത്ത ശരീരത്തിനുമുന്നില്‍ ഈ കുഞ്ഞുങ്ങളുടെ നിഷ്കളങ്കമുഖങ്ങള്‍ക്ക് എന്ത് പ്രസക്തി.

വാല്‍ക്കഷ്ണം: ഒന്നല്ല രണ്ടുപേരാണ് പീഡിപ്പിച്ചത് എന്ന് പോലീസിനോട്‌
ശ്വേതയുടെ മൊഴി, അതില്‍ പീതുവിന്റെ പേരും പറഞ്ഞു രണ്ടാമന്‍ ആര് എന്നത് അടുത്ത ചര്‍ച്ചക്കുള്ള വിഷയം...... ആഘോഷമാകട്ടെ കാര്യങ്ങള്‍.



ഫീലിംഗ്സ്: സാമൂഹിക കാര്യങ്ങളില്‍ യുവാക്കളുടെ കാഴ്ചപ്പാടിലുള്ള അതൃപ്തിയും, പ്രതിഷേധവും. 



No comments: