Saturday 5 October 2013

പട്ടിസ്നേഹം









ഈയിടെ ശ്രീമതി മേനകാഗാന്ധിയുടെ ഒരുലേഖനം മാതൃഭൂമിയില്‍ വന്നത് വായിച്ചു.നായ്ക്കളെ ശൂന്യാകാശത്തേക്കയച്ചു പരീക്ഷണങ്ങള്‍ നടത്തിയതിനെക്കുറിച്ചുള്ളതായിരുന്നു അത്. അതില്‍ നായ്ക്കള്‍ അനുഭവിച്ച കഷ്ടതകളെക്കുറിച്ച് വളരെവിഷമത്തോടെയൊക്കെ എഴുതിയിട്ടുണ്ട്. ബഹിരാകാശപരീക്ഷണങ്ങള്‍ക്കുപയോഗിച്ച ഒരു നായയുടെ പിന്‍ഗാമികള്‍ അമേരിക്കന്‍ മുന്‍പ്രസിഡന്‍റ് ജോണ്‍കെന്നഡിയുടെ കുടുംബത്തില്‍ ഇപ്പോഴുമുള്ളതായി പ്രസ്തുത ലേഖനത്തില്‍ പറയുന്നുമുണ്ട്. അതില്‍ അല്പം സന്തോഷം കാണുന്നില്ലേ എന്നൊരു സംശയവും ഇല്ലാതില്ല.

ലേഖനത്തിന്‍റെ ലിങ്ക്; http://www.mathrubhumi.com/english/story.php?id=139923

മൃഗസംരക്ഷണത്തിനും മറ്റുംവേണ്ടി അവര്‍ ഒരുപാട് നല്ല കാര്യങ്ങളൊക്കെ ചെയ്യുന്നുമുണ്ട്. നല്ല കാര്യം. പക്ഷെ ‘തെരുവുനായ്ക്കളെ കൊല്ലരുത്-അവയെ സംരക്ഷിക്കണം’ എന്നുള്ളതും,അലഞ്ഞു തിരിയുന്ന നായ്ക്കളെ കൊന്നാല്‍ അവര്‍ക്കെതിരെ കേസ്‌ എടുക്കാനുള്ള നിയമങ്ങള്‍ പൊതുജനത്തിന്നു എത്രമാത്രം ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട് എന്നറിയാന്‍ പത്രവാര്‍ത്തകള്‍ മാത്രം നോക്കിയാല്‍ മതി. കുട്ടികളെയും,മുതിന്നര്‍വരെയും, കന്നുകാലികളെയുമുള്‍പ്പടെ തെരുവുനായ്ക്കള്‍ കടിച്ചുകീറിയ എത്രയോ വാര്‍ത്തകള്‍. പേപ്പട്ടിയുടെ കടിയേറ്റു മരണപ്പെട്ടവരും, ചികില്‍സതേടിയവരും അനവധി. തെരുവുനായ്ക്കളില്‍നിന്ന് പൊതുജനത്തിന് ലഭിക്കേണ്ട സംരക്ഷണത്തെപ്പറ്റി ആക്ടിവിസ്റ്റുകള്‍ ആരും ഒന്നും പറയുന്നുമില്ല!!! മാത്രമല്ല നായ്ക്കള്‍ക്ക് നേരെ ലോകമെമ്പാടും നടക്കുന്ന ക്രൂരതകളൊന്നും ഇവരൊന്നും കാണുന്നുമില്ല.തെരുവുനായ്ക്കളെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ മൃഗസംരക്ഷണവകുപ്പ് സ്വീകരിച്ചതായി അറിയുന്നുമില്ല.

പ്രസ്തുതലേഖനം സോഷ്യല്‍മീഡിയകളില്‍ ഷെയര്‍ ചെയ്തുകൊണ്ട് ചില സുഹൃത്തുക്കള്‍ നല്‍കിയ കമന്‍റുകള്‍ അല്‍പം “കടുത്തുപോയില്ലേ” എന്നൊരു സംശയം. അതിലൊന്ന് താഴെ കൊടുക്കുന്നു.


പ്രസ്തുത ലേഖനം വായിച്ച് ശാസ്ത്രത്തോട് പുച്ഛം തോന്നിയത്രേ...????!!!!!! ശാസ്ത്രത്തെ പുച്ഛത്തോടെ കാണാന്‍ എന്താണ് അതിലുള്ളത്?? ശാസ്ത്രത്തെ അപ്പാടെ പുച്ഛിച്ചുതള്ളാന്‍ വലിയൊരു ശാസ്ത്രീയനേട്ടത്തെത്തന്നെ മാധ്യമം ആക്കിയത്തില്‍ അല്‍പം അത്ഭുതവും തോന്നി.

നായ്ക്കളെ ഉപയോഗിച്ച് പരീക്ഷണം നടത്തിയതിന്റെ നല്ലവശം ഞാന്‍ കാണുന്നു. മനുഷ്യനോട് ഏറ്റവും ഇണങ്ങുന്ന ഒരു മൃഗമെന്ന നിലയിലാവും അതിനെ തിരഞ്ഞെടുത്തത്. ഒരുപക്ഷെ ബുദ്ധിപരമായി മനുഷ്യനോട് ഏറെ സാമ്യവും നായ്ക്കള്‍ക്ക് ഉണ്ടാവാം.നായ്ക്കള്‍ക്ക് ശാസ്ത്രരംഗത്തും  സുപ്രധാനസ്ഥാനവും പരിഗണയും നല്‍കുന്നു എന്നല്ലേ കരുതേണ്ടത്??

ഇന്ന് നായ്ക്കളോട് കാട്ടുന്ന ക്രൂരത എത്ര കഠിനമാണ്??? എറണാകുളത്തും,കോട്ടയത്തുമുള്ള തട്ടുകടകളില്‍ കിട്ടുന്ന ഇറച്ചിയും മറ്റും പട്ടിയുടെതാണെന്നു പറയപ്പെടുന്നു. അലഞ്ഞുതിരിയുന്ന നായ്ക്കളെ വാള്‍പോലെയുള്ള ആയുധംകൊണ്ട് മാരകമായിവെട്ടി പരിക്കേല്‍പ്പിക്കുന്നു എന്നുള്ള വാര്‍ത്തകളും കാണുന്നു. അതിനെക്കുറിച്ച് അന്വേഷിക്കാനോ പ്രതികരിക്കാനോ ആക്ടിവിസ്ടുകളെ ഒന്നും കാണുന്നുമില്ല.

ചൈന,കൊറിയ,തായ്‌ലന്‍ഡ്,വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ പട്ടിയിറച്ചി ധാരാളമായി കഴിക്കുന്നു. വിയറ്റ്‌നാമില്‍ വിശേഷപ്പെട്ടതും,ഏറ്റവും ചെലവേറിയതുമായ ഒരു ആഹാരമാണ് പട്ടിയിറച്ചി. ലക്ഷക്കണക്കിന് നായ്ക്കളെയാണ് ഓരോവര്‍ഷവും തായ്ലാന്‍ഡില്‍ നിന്നും മറ്റും വിയറ്റ്നാമിലേക്ക് നേരിട്ടും അല്ലാതെയും കടത്തുന്നത്. തയ്ലാണ്ടില്‍നിന്നും ഏറ്റവുംകൂടുതല്‍ കള്ളക്കടത്ത് നടത്തപ്പെടുന്ന ഒരു സാധനം(ജീവി)ആണ് നായ്ക്കള്‍...; ലൈംഗീക ഉത്തേജനത്തിന് ഏറെനല്ലതാണ് പട്ടിയിറച്ചി എന്ന് പറയപ്പെടുന്നു. ഒരുപക്ഷെ അതാവും പട്ടിയിറച്ചി പ്രിയങ്കരമാവാന്‍ കാരണം. വളരെ ക്രൂരമായിട്ടാണ് നായ്ക്കളെ മാംസത്തിനുവേണ്ടി കൊല്ലുന്നതും മറ്റും.

ഒരു ലിങ്ക്: http://www.youtube.com/watch?feature=player_detailpage&v=HTASbOIMQos

നായ്ക്കളെ അത്രസ്നേഹത്തോടെയും,സഹജീവിയുമായി ആണോ മനുഷ്യര്‍ പരിഗണിക്കുന്നത്?? അങ്ങിനെ എങ്കില്‍ “പട്ടീ,നായിന്‍റെമോനെ, പുഴുത്തപട്ടിയെപ്പോലെ, പട്ടിയെതല്ലുന്നതുപോലെ, sun/daughter of a bitch”  എന്നീ പ്രയോഗങ്ങള്‍ തെറിക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്നു??അങ്ങിനെയെങ്കില്‍
അതൊരലങ്കാരമായി ഉപയോഗിച്ചുകൂടെ?

മനുഷ്യനെക്കാള്‍കൂടുതല്‍ വിശ്വസ്തനായി വീട്ടുകാവലിനും, സംരക്ഷണത്തിനുമായി നായ്ക്കളെ ഉപയോഗിക്കാം. മറ്റുജീവികളില്‍നിന്ന് വ്യത്യസ്തമായി മനുഷ്യനുമായി വളരെവേഗം ഇണങ്ങുന്നതുകൊണ്ട് വളരെമാന്യമായ സ്ഥാനം മനുഷ്യരുടെ ഇടയില്‍ നായ്ക്കള്‍ക്കുണ്ട്. നായ്ക്കളുടെ വിശേഷബുദ്ധി മനുഷ്യര്‍ യുക്തിപൂര്‍വ്വം വിനിയോഗിക്കുന്നു എന്നതിലുപരിയായി അമിതപ്രാധാന്യം ഈവിഷയത്തില്‍ ഉള്ളതായി തോന്നുന്നില്ല.

നായ്ക്കളോട് മാത്രമല്ല എല്ലാജീവികളോടും കാണിക്കുന്ന ക്രൂരതയ്ക്കെതിരെയും,അവയെ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍ മൃഗസംരക്ഷണവകുപ്പുകള്‍ പോലെയുള്ള സര്‍ക്കാര്‍ എജെന്‍സികള്‍വഴി നടപ്പിലാക്കാനുള്ള ശ്രമമാണ് ശ്രീമതി.മേനകാഗാന്ധിയെപ്പോലുള്ളവര്‍ ചെയ്യേണ്ടത്.അല്ലാതെനിയമങ്ങള്‍ ഉണ്ടാക്കിയതുകൊണ്ടോ,പ്രസംഗങ്ങള്‍ നടത്തിയതുകൊണ്ടുമാത്രമോ യാതൊരുമാറ്റവും ഉണ്ടാവാന്‍ പോകുന്നില്ല.

ഫീലിംഗ്സ്; ചെറിയൊരു പേടി ...... ഇതുവായിച്ച് മൃഗസ്നേഹികള്‍ കേസുകൊടുക്കുമോ എന്തോ?? അല്ലെങ്കില്‍ ഒരുപക്ഷേ തെരുവുനായ്ക്കളെ ഇളക്കിവിട്ട് കടിപ്പിച്ചാലോ??


   



No comments: