Friday 13 September 2019

ശ്രീനാരായണീയ ദർശനം

ഇന്ന് ചിങ്ങമാസത്തിലെ ചതയം..
മാനവരാശിയുടെ നൻമയ്ക്കായി മഹത്തായ കാഴ്ചപ്പാടുകൾ നൽകിയ മഹാനുഭാവൻ ശ്രീനാരായണഗുരുവിന്റെ ജൻമദിനം...

പണ്ടുകാലത്ത് കേരളത്തിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥയ്ക്കും, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ അനാചാരങ്ങൾക്കുമെതിരെ സഹിഷ്ണുതയോടെ പ്രവർത്തിച്ചിരുന്ന സാമൂഹികപരിഷ്കർത്താക്കളിൽ ശ്രേഷ്ഠനായിരുന്നു ശ്രീനാരയണഗുരു.

മനുഷ്യരാശിക്കുവേണ്ടി ഏറ്റവും മഹത്തായ ആദർശവും കാഴ്ചപ്പാടും മുന്നോട്ടുവയ്ക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത മഹാത്മാവായിരുന്നു ശ്രീനാരായണഗുരു.
''ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ''ഇതായിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും. ''മതമേതായാലും മനുഷ്യൻ നന്നായാൽ മതി.'' എന്നതായിരുന്നു അദ്ദേഹത്തിന്റെ ആപ്തവാക്യം.

സാമൂഹികതിന്മകൾക്കെതിരെയും, അനാചാരങ്ങൾക്കെതിരെയും വിദ്യനേടി പ്രബുദ്ധരാകുവാനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്.

പക്ഷേ വർത്തമാനകാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ദർശനങ്ങൾക്കും കാഴ്ചപ്പാടുകൾക്കും മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്നു. തന്റെ കാഴ്ചപ്പാടുകളും ആശയങ്ങളും പ്രചരിപ്പിക്കാനായി ശ്രീനാരായണഗുരു രൂപീകരിച്ച സംഘടനപോലുമിന്ന് അർഹമായ കരങ്ങളിലല്ല എത്തിപ്പെട്ടത് എന്നുള്ളത് വളരെ ദുഃഖകരമാണ്‌. വിഗ്രഹാരാധന പാടില്ല, കണ്ണാടി നോക്കി പ്രാർഥിക്കണം എന്നുദ്ഘോഷിച്ച ശ്രീനാരായണഗുരുവിനെപ്പോലും ചില്ലുകൂട്ടിലടച്ച് ദൈവമായി ആരാധിക്കുന്ന കാഴ്ച പരമദയനീയമാണ്.

ആഘോഷങ്ങളും, മനുഷ്യബന്ധങ്ങൾപോലും ജാതി-മതചിന്തകളുടെ അടിസ്ഥാനത്തിൽ നിർവചിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ ശ്രീനാരായണീയ ദർശനങ്ങളും, ആശയങ്ങളും വളരെ പ്രസക്തമാകുന്നു.

പുതിയ തലമുറയെ ശ്രീനാരായണദർശനങ്ങൾ ആഴത്തിൽത്തന്നെ പഠിപ്പിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. സർക്കാരുകളും ശ്രീനാരായണീയ ദർശനങ്ങൾ പിന്തുടരുന്നവരുമാണ് അതിനു മുൻകൈ എടുക്കേണ്ടത് എന്നു തോന്നുന്നു.

ജാതിമതചിന്തകൾ രാഷ്ട്രീയവും സാമൂഹികബന്ധങ്ങളും നിർണ്ണയിക്കുന്ന വർത്തമാനകാലഘട്ടത്തിൽ ശ്രീനാരായണീയ ദർശനങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുക എന്നത് മാത്രമാണ് സമൂഹനൻമയ്ക്ക് കരണീയമായിട്ടുള്ളത്.

No comments: