ടിപ്പുവിനെ ഭയന്നു സ്വത്തൊളിപ്പിച്ചതും ക്ഷേത്രത്തില്‍
******************************
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍നിന്നു കണ്ടെടുത്ത നിധിശേഖരം തിരുവിതാംകൂര്‍ രാജവംശത്തിന്റെ സ്വത്തെന്നു രേഖകള്‍. മാര്‍ത്താണ്ഡവര്‍മ മുതല്‍ സ്വാതിതിരുനാള്‍വരെയുള്ള മഹാരാജാക്കന്‍മാരുടെ കാലഘട്ടത്തിലെ ശേഖരമാണിതെന്നാണു സൂചന. രാജാക്കന്‍മാര്‍ ശ്രീപത്മനാഭനു സമര്‍പ്പിച്ചവ മുതല്‍ കുറ്റകൃത്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പിഴ വരെ ഈ ശേഖരത്തിലുണ്ടെന്നാണു രേഖകള്‍.
സ്വാതിതിരുനാളിന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ സ്വര്‍ണവും രത്നങ്ങളും ശ്രീപത്മനാഭനു വലിയകാണിക്കയായി സമര്‍പ്പിച്ചത്. എന്നാല്‍ പിന്‍ഗാമികളായ പല രാജാക്കന്‍മാര്‍ക്കും ഇത്ര ഭീമമായ സ്വത്ത് ക്ഷേത്രത്തിലുള്ളതായി അറിവില്ലായിരുന്നത്രേ. ടിപ്പുവിന്റെ ആക്രമണകാലത്ത് ബ്രിട്ടീഷുകാരെ സഹായിക്കാനായി തിരുവിതാംകൂര്‍ സൈന്യം പോയപ്പോള്‍ നാടിന്റെ സ്വത്തു മുഴുവന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലാണു സൂക്ഷിച്ചത്. ടിപ്പു തിരുവിതാംകൂറിനെ ആക്രമിച്ചാല്‍പ്പോലും നാടിന്റെ സ്വത്ത് സംരക്ഷിക്കുകയെന്നതായിരുന്നു ലക്ഷ്യം.
15 -ആം നൂറ്റാണ്ടിലെ നവീകരണത്തിനുശേഷം തിരുവിതാംകൂര്‍ സ്രഷ്‌ടാവായ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ കാലത്താണു ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഇന്നു കാണുന്ന രീതിയില്‍ കല്ലുകള്‍ ഉപയോഗിച്ചു പുതുക്കിപ്പണിതത്. കൊല്ലവര്‍ഷം 343-ല്‍ (ക്രിസ്‌തുവര്‍ഷം 1168) നാടുവാണ വേണാട്ടിലെ വീരആദിത്യവര്‍മ മുതലുള്ളവര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണനാണയങ്ങളും മറ്റും സമര്‍പ്പിച്ചതായി ചരിത്രരേഖകള്‍ വ്യക്‌തമാക്കുന്നു.
1344-ല്‍ വീരകേരളവര്‍മയില്‍നിന്നു ബ്രാഹ്‌മണഹത്യയ്‌ക്ക് ഈടാക്കിയ 30,000 പൊന്‍പണം പിഴയും ഇതില്‍പ്പെടുന്നു. കണ്ടെടുത്ത വെള്ളിക്കുടങ്ങളില്‍ നാലെണ്ണം 1382-ല്‍ സര്‍വാംഗനാഥന്‍ ആദിത്യവര്‍മ നാട്ടുകാരെ കൊലപ്പെടുത്തിയതിനു പ്രായശ്‌ചിതമായി നടയ്‌ക്കുവച്ചതാണ്.
മാര്‍ത്താണ്ഡവര്‍മ 18 -ആം നൂറ്റാണ്ടില്‍ അധികാരമേറ്റശേഷം നടത്തിയ തൃപ്പടിദാനത്തോടെയാണു ശ്രീപത്മനാഭസ്വാമി ക്ഷേത്രം സമ്പദ്‌സമൃദ്ധമായത്. അതിനു മുമ്പും വേണാടിന്റെ ഭരണസിരാകേന്ദ്രം പത്മനാഭസ്വാമി ക്ഷേത്രമായിരുന്നു.
തൃപ്പടിദാന(രാജ്യം ശ്രീപത്മനാഭന് അടിയറ വയ്‌ക്കുക)ത്തിനുശേഷം ഭഗവാന്റെ പ്രതിനിധിയായാണു രാജാക്കന്‍മാര്‍ നാടു ഭരിച്ചത്. ഈസമയം കായംകുളം തുടങ്ങി സമീപനാട്ടുരാജ്യങ്ങള്‍ കീഴടക്കി മാര്‍ത്താണ്ഡവര്‍മ വേണാടിനെ വിപുലമാക്കി. തിരുവിതാംകൂര്‍ എന്നു നാമകരണവും ചെയ്‌തു. നാട്ടുരാജ്യങ്ങള്‍ കീഴടക്കി നേടിയ സമ്പത്താകെ ശ്രീപത്മനാഭനു സമര്‍പ്പിച്ചു. ക്ഷേത്രത്തിനു സമര്‍പ്പിച്ച ഭൂമിയെല്ലാം പിന്നീട് അന്യാധീനപ്പെട്ടു.
എന്നാല്‍, നാടിന്റെ ക്ഷാമകാലത്ത് ഉപയോഗിക്കാനായി സൂക്ഷിച്ചിരുന്ന സ്വര്‍ണവും മറ്റും ക്ഷേത്രനിലവറകളില്‍ സുരക്ഷിതമായിരുന്നു. മുത്തുകളും രത്നങ്ങളും ഡച്ചുകാരില്‍നിന്നും പോര്‍ച്ചുഗീസുകാരില്‍നിന്നും കിട്ടിയതാണെന്നു കരുതുന്നു.
കുളച്ചല്‍ യുദ്ധത്തില്‍ പരാജയപ്പെട്ട ഡച്ചുകാരുടെ സ്വത്തുക്കള്‍ ഇതില്‍പ്പെടും. ശ്രീലങ്ക തുടങ്ങി മറ്റു രാജ്യങ്ങളുമായുള്ള തിരുവിതാംകൂറിന്റെ വാണിജ്യബന്ധത്തിനു തെളിവുകൂടിയാണ് ഈ നിധി.
ഹിരണ്യഗര്‍ഭദാനം, തുലാപുരുഷദാനം എന്നിവയ്‌ക്കുള്ള സ്വര്‍ണവും ഇതിലുണ്ട്. ഹിരണ്യഗര്‍ഭദാനത്തില്‍ സ്വര്‍ണംകൊണ്ടു പശുവിനെയോ പാത്രമോ നിര്‍മിച്ചു രാജാവിനെ അതിലിരുത്തി മന്ത്രോച്ചാരണത്തോടെ രാജാവിന്റെ തൂക്കത്തിനു തുല്യമായ സ്വര്‍ണം വൈദികര്‍ക്കു ദാനംചെയ്യും.
തുലാപുരുഷദാനത്തില്‍ സ്വര്‍ണനെല്‍മണികള്‍ ശ്രീപത്മനാഭനു സമര്‍പ്പിക്കുകയാണു പതിവ്. സ്വര്‍ണനാണയങ്ങള്‍ അടിച്ചിറക്കാന്‍ തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ തീരുമാനിച്ചശേഷം അതിനുള്ള സ്വര്‍ണം ഇവിടെ സൂക്ഷിക്കുകയായിരുന്നെന്നും പറയപ്പെടുന്നു.
കടപ്പാട്: കൈലാസ് ജി നാഥ്
No comments:
Post a Comment