Friday, 27 September 2013

രഞ്ജിത്തിന്റെ പോസ്റ്റിങ്ങുകളും ഫേസ്ബുക്കിലെ മതതീവ്രവാദികളും





ലോകാരാധ്യനായ ശ്രീനാരായണ ഗുരുവിന്റെ മഹാസമാധിദിനത്തില്‍ അദ്ദേഹത്തെ അവഹേളിക്കുന്ന തരത്തില്‍ രഞ്ജിത്ത് എന്ന ചെറുപ്പക്കാരന്‍ മുഖപുസ്തകത്തില്‍ഇട്ട ഗുരുനിന്ദപോസ്റ്റും, അതില്‍ മാപ്പ് പറഞ്ഞുള്ള പോസ്ടിങ്ങും അതിലെ ചര്‍ച്ചകളും അതിന്റെ എല്ലാ സീമകളും ലംഘിച്ചുകൊണ്ട് തുടരുന്നു.

അയാളുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ഒന്ന് കണ്ണോടിച്ചാല്‍ മനസിലാകുന്നത് ഗുരുവിനെ അപമാനിച്ചത് മാത്രമല്ല അയാള്‍ ചെയ്തിട്ടുള്ള കുറ്റം.സമൂഹത്തോട് അല്ലെങ്കില്‍ വ്യവസ്ഥിതിയോടുള്ള ദേഷ്യം,കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതില്‍ ഒരുതരം ആനന്ദംകണ്ടെത്തുന്ന മാനസികാവസ്ഥ എന്നിവ അതില്‍ കാണാന്‍ കഴിയുന്നു. ഉന്നതവിദ്യാഭ്യാസം നേടിയവനാനെന്നു മനസ്സിലാക്കാനും സാധിക്കും. പക്ഷെ വിദ്യാഭ്യാസം ഒരുവനെ വിവേകിയാക്കണം എന്നില്ലാലോ?

കാര്യങ്ങള്‍ താന്‍ കരുതിയതിനേക്കാള്‍ മോശമായിപോകുന്നു എന്ന് മനസ്സിലാക്കിയ രഞ്ജിത് ഗുരുനിന്ദ പോസ്റ്റിങ്ങ്‌ റിമൂവ് ചെയ്യുകയും മാപ്പ് പറഞ്ഞുകൊണ്ടുള്ള ഒരു പുതിയ ഒരു പോസ്റ്റ്‌ ഇടുകയും ചെയ്തു. ഗുരുവിനെ പുകഴ്ത്തിക്കൊണ്ടും ശ്രീനാരായണീയരെ പരോക്ഷമായെങ്കിലും കളിയാക്കിക്കൊണ്ടുള്ള പോസ്റ്റിലെ കമന്‍റുകള്‍ കണ്ടാല്‍ കൂടുതല്‍ മോശം അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് തോന്നുന്നു.

മാപ്പ് പറയുന്ന പോസ്ടിങ്ങില്‍ രഞ്ജിത്ത് പറയുന്ന പല കാര്യങ്ങളും ദഹിക്കാന്‍ പ്രയാസമുള്ളതാണ്. ‘മഹാസമാധിദിനമാണ് എന്നറിയാതെ ബാറില്‍ ചെന്നപ്പോള്‍ മദ്യം കിട്ടാത്തതിലുള്ള വിഷമമാണ്’ പോലും അങ്ങനെ ഒരു പോസ്ടിടാന്‍ പ്രേരിപ്പിച്ചത്. മദ്യത്തിനുവേണ്ടി എന്തും ചെയ്യും എന്ന അപകടകരമായ മാനസികാവസ്ഥയാണ് അത് സൂചിപ്പിക്കുന്നത്. (ഇക്കഴിഞ്ഞ തിരുവോണദിവസം മദ്യംകഴിക്കാന്‍ പണം കൊടുക്കാതിരുന്നതിനു ഒരു മകന്‍ അമ്മയെ തല്ലിക്കൊന്നു എന്ന പത്രവാര്‍ത്ത ഇത്തരുണത്തില്‍ ഓര്‍ത്തുപോകുന്നു.) 

അയാളുടെ ഗുരുനിന്ദ പോസ്ടിന്റെ സ്ക്രീന്‍ഷോട്ടുകള്‍ ഫേസ്ബുക്കിലെ  വിവിധ ഗ്രൂപ്പുകളില്‍ റീപോസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ഫേസ്ബുക്കിലെ മതവിപ്ലവകാരികള്‍ക്ക് വീണുകിട്ടിയ തുറുപ്പ്ചീട്ടായി. ശ്രീനാരായണീയരുടെ പേരില്‍ അവരത് വളരെനന്നായി ഉപയോഗിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അവിടെയൊക്കെ നടക്കുന്ന ചര്‍ച്ചകലും ‘ഗോഗ്വാ’ വിളികളും  ഗുരുവിനെ വീണ്ടുംവീണ്ടും അപഹസിക്കുന്ന തരത്തിലുള്ളതാണ്. “ലോക്കല്‍ ദൈവം” എന്നുള്ള  പരാമര്‍ശങ്ങള്‍വരെ ഉണ്ടായിരിക്കുന്നു.

ഗുരുവിനെയും, സ്വജാതീയെയും വൈകാരികമായി കാണുന്നവര്‍,അവര്‍ ദൈവമായിക്കരുതി ആരാധിക്കുന്ന ഗുരുവിന്റെ നേര്‍ക്കുള്ള പരാമര്‍ശങ്ങളില്‍ പൊട്ടിത്തെറിക്കുന്നതു സ്വാഭാവികം. രഞ്ജിത്തിനെയും അയാളുടെ വീട്ടുകാരെയും ജാതിപറഞ്ഞ് ആക്ഷേപിക്കുകയും വളരെമോശമായ രീതിയില്‍ പരസ്യമായി തെറിവിളിക്കുകയും ചെയ്തു. പോരാഞ്ഞതിനു കേസും കൊടുത്തു. “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന് ഉദ്ഘോഷിച്ച മഹാനുഭാവന്റെ അനുയായികളായ ശ്രീനാരയണീയര്‍ക്കു ഇതൊക്കെ ആശാസ്യമാണോ? മാപ്പുപറഞ്ഞ സ്ഥിതിക്ക് അയാളെ അനാവശ്യമായി പീഡിപ്പിക്കാതെ ഈ ചര്‍ച്ചകള്‍ ഇവിടെ മതിയാക്കുന്നതല്ലേ നല്ലത്? കേസ് നിലനില്‍ക്കുന്നതാണെങ്കില്‍ നിയമം അതിന്‍റെ വഴിക്കുപോകട്ടെ.

ഗുരുനിന്ദയുടെ പേരിലുള്ള ചര്‍ച്ചകള്‍ തുടര്‍ന്നുപോവുകയും, ജാതിമതവികാരം ആളിക്കത്തുയും ചെയ്‌താല്‍ മതതീവ്രവാദികള്‍ക്ക് അതൊരു മുതലെടുപ്പാവും. അരുതാത്തതെന്തെങ്കിലും സംഭവിച്ചാല്‍ അത് ഗുരുവിനും ശ്രീനാരായണീയസമൂഹത്തിനും തീരാകളങ്കമായി അവശേഷിക്കുകയും ചെയ്യും.

ഇങ്ങനെയൊരു പോസ്റ്റിംഗിന്റെ പേരില്‍ അനാവശ്യവിവാദം സൃഷ്‌ടിച്ച, ശ്രീനാരയണീയര്‍ എന്നവകാശപ്പെടുന്നവര്‍ ഗുരുവിന്റെ ഉദ്ബോധനങ്ങള്‍ പിന്തുടരുന്നുണ്ടോ?

കള്ളുകച്ചവടക്കാരും,കൊള്ളപ്പലിശക്കാരുമാണ് ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ തലപ്പത്ത്. കള്ളുകച്ചവടക്കാര്‍ ഒരു ഗ്ലാസ്‌ മദ്യമൊഴിച്ച് ഗുരുവിന്‍റെ ചിത്രത്തിനു മുന്നില്‍ വച്ചിട്ടാണ് കച്ചവടം തുടങ്ങുന്നത് തന്നെ. ഇതില്പരം ഒരു അപമാനം ഉണ്ടോ?? വിഗ്രഹാരാധന പാടില്ല എന്നുപറഞ്ഞ ഗുരുവിനെത്തന്നെ പ്രതിമയാക്കി ചില്ലുകൂട്ടില്‍ അടച്ചു..!!!! ഇതിനൊക്കെ മേലെയാണോ രഞ്ജിത്തിന്റെ തെറ്റ്‌ എന്ന് ആലോചിക്കുക. പ്രബലമായ ഒരു സമുദായത്തിന്‍റെ ആചാര്യന്റെ പേരില്‍ എത്ര സംഘടനകള്‍?? ഫേസ്ബുക്കില്‍ തന്നെ എത്ര ഗ്രൂപ്പുകള്‍.... സ്വന്തം സമുദായസംഘടനയുടെ പേരില്‍പോലും ഒന്നിച്ചുനില്‍ക്കാന്‍ കഴിയാത്ത ഒരു ജനത....

ഗുരുനിന്ദ പാപമാണ്...അക്ഷന്തവ്യമായ തെറ്റുമാണ്.കൂടുതല്‍പേര്‍ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇന്ത്യന്‍നിയമം അനുശാസിക്കുന്ന രീതിയില്‍ ശക്തമായ ഒരു താക്കീതോ അല്ലെങ്കില്‍ ഒരു ചെറു ശിക്ഷയോ തന്നെ ആവശ്യമാണ്‌. രഞ്ജിത്ത് അത് അര്‍ഹിക്കുകയും ചെയ്യുന്നു. കാരണം, നാടിന്റെ അഖണ്ഡതക്ക് തുരങ്കംവയ്ക്കുന്ന ഭീകരവാദികള്‍ക്ക് പിന്തുണയേകുന്നതും, ദേശീയപതാക കത്തിക്കുന്നതുമായ ഫേസ്ബുക്ക് പോസ്ടിങ്ങുകള്‍ക്ക് പിന്തുണ നല്‍കിയതും അത് ഷെയര്‍ ചെയ്തതും ഗുരുതരമായ രാജ്യദ്രോഹമാണ്. ഗുരുനിന്ദയുടെ പേരില്‍ വാളെടുക്കുന്ന ഫേസ്ബുക്ക് വിപ്ലവകാരികള്‍ അതൊന്നും കാണാതെപോയതെന്തേ? അതിനൊക്കെ ഇത്രയും പ്രചാരണം കിട്ടില്ലാന്ന് കരുതീട്ടാവും....



അങ്ങനെയൊരു പോസ്ടിങ്ങിന്റെ പേരില്‍ ഗോഗ്വാവിളികളും, ഇകഴ്ത്തലും പുകഴ്ത്തലും പഴിചാരലുമൊക്കെയായി ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ നിറഞ്ഞു നില്‍ക്കുന്നവരും, രഞ്ജിത്തിനെപ്പോലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാരും ഗുരുവിന്‍റെ ആത്മോപദേശശതകം ഒരുതവണയെങ്കിലും മനസ്സിരുത്തി വായിക്കുന്നത് നന്ന്....


അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-
ലവനിയിലാദിമമായൊരാത്മരൂപം
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.

ഒരുവനു നല്ലതുമന്യനല്ലലും ചേര്‍-
‍പ്പൊരുതൊഴിലാത്മവിരോധിയോര്‍ത്തിടേണം.
പരനു പരം പരിതാപമേകിടുന്നോ-
രെരിനരകാബ്ധിയില്‍ വീണെരിഞ്ഞിടുന്നു.


ഫീലിംഗ്സ്: നാടിന്‍റെ വാഗ്ദാനങ്ങളാവേണ്ട, രഞ്ജിത്തിനെപ്പോലെയുള്ള ചെറുപ്പക്കാര്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് അവരുടെ ബുദ്ധിയും ചിന്തയും സാമൂഹിക വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിലുള്ള ആശങ്കയും വിഷമവും.


https://www.facebook.com/photo.php?fbid=560597183988983&set=a.436064116442291.109299.100001161202338&type=1&relevant_count=1


No comments: