Wednesday 2 October 2013

ചില നിഷേധ(വോട്ട്) ചിന്തകള്‍





നിഷേധവോട്ടിനെക്കുറിച്ചുള്ള ബഹു.സുപ്രീംകോടതി വിധിക്ക് പറയത്തക്ക മാധ്യമശ്രദ്ധ ലഭിച്ചില്ല എന്നൊരു തോന്നല്‍. പൊടിപ്പും തൊങ്ങലും വച്ചുള്ള വാര്‍ത്തകള്‍കൊടുത്തും അര്‍ത്ഥമില്ലാത്ത ചര്‍ച്ചകള്‍ നടത്തിയും കോടതിയലക്ഷ്യം ആവേണ്ട എന്നു കരുതിയാവും....


എന്താണീ നിഷേധവോട്ട്?? തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബുദ്ധിമാന്മാരായ മാന്യദേഹങ്ങള്‍ ആരുംതന്നെ തങ്ങള്‍ക്ക് സ്വീകാര്യര്‍ അല്ല എന്ന് ബോധിപ്പിക്കാന്‍ കാലങ്ങളായി കഴുതകള്‍ എന്നു വിളിച്ചുപോരുന്ന പൊതുജനത്തിനു കിട്ടിയ അവകാശം..... അതത്രേ ഈ നിഷേധവോട്ട്. ഒന്നും രണ്ടുമല്ല നീണ്ട ഒന്‍പതുവര്‍ഷമെടുത്ത് പൊരുതിനേടിയതാണ്....... 

വോട്ടുചെയ്യുന്നവര്‍ കൂടുതലും നിഷേധികളായാലോ??? നിഷേധവോട്ടും കൂടുതലാവും.... ഫലമോ.... സ്ഥാനാര്‍ഥികള്‍ ആരും വിജയിക്കില്ലതന്നെ. അപ്പോഴെന്തു ചെയ്യും???പ്രദേശത്ത് ജനപ്രതിനിധി ഉണ്ടാവില്ല. നിഷേധ സ്ഥാനാര്‍ഥിയും ഇല്ല....... ഈ അവസ്ഥക്ക് വ്യക്തമായ ഒരു വിശദീകരണം നല്‍കാന്‍ ബഹു. സുപ്രീംകോടതിക്കും കഴിഞ്ഞിട്ടില്ല... “അങ്ങിനെയുള്ള സ്ഥലത്ത് വീണ്ടും തെരഞ്ഞെടുപ്പുനടത്താന്‍ വകുപ്പില്ല”- തെരഞ്ഞെടുപ്പുകമ്മീഷന്‍ നയം വ്യക്തമാക്കി..

രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ജനങ്ങള്‍ക്കും പ്രസ്തുതവിധികൊണ്ട് ധാരാളം ഗുണങ്ങളും ദോഷങ്ങളുമുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നേതാക്കന്മാരുടെ തള്ളിക്കയറ്റം കുറയും....ജനം നിഷേധിച്ചാലോ?.... വെറുതെ ഉള്ളമാനം കളയേണ്ട എന്നൊരു ചിന്ത നേതാക്കള്‍ക്കുണ്ടാവും... പക്ഷെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട് അധികാരസ്ഥാനങ്ങളിലേക്ക് എത്താവുന്നിടത്തേക്ക് തള്ളിക്കയറ്റം കൂടുകയുംചെയ്യും. കൂടാതെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് “ഫിക്സെഡ് ഡെപ്പോസിറ്റ്‌” (പാര്‍ട്ടിയുടെ ചിഹ്നത്തില്‍ ഏതു കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുന്ന പ്രദേശം) ആയ സ്ഥലങ്ങളിലും ഈ തിരക്ക് അനുഭവപ്പെടാം. കൊടിയുടെ നിറവും ചിഹ്നവും കണ്ടാല്‍പ്പിന്നെ വേറൊന്നും ആലോചിക്കാത്ത കുറെ മണ്ടന്മാരായ അണികളുള്ളത് പാര്‍ട്ടിക്കാരുടെ ഭാഗ്യം.

സമുദായസംഘടനകള്‍ നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഈ വിധിയൊന്നും ബാധിക്കില്ല എന്നു തോന്നുന്നു.അവരവരുടെ സമുദായങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലായിരിക്കുമല്ലോ അവര്‍ മത്സരിക്കുക. അക്കാര്യങ്ങളൊക്കെ മതാധ്യക്ഷന്മാരും,മതനേതാക്കളും നോക്കിക്കോളും. കൂട്ടത്തിലുള്ള കുറെ കുലംകുത്തികളെമാത്രം നിലക്ക്നിര്‍ത്തിയാല്‍ മതിയാവും.

പണംവാങ്ങി വോട്ട് വില്‍ക്കുന്ന ആളുകള്‍ക്ക് ഈ വിധികൊണ്ട് നേട്ടമുണ്ടാവും. എങ്ങിനെയും ജയിക്കണം എന്നു കച്ചകെട്ടിയിറങ്ങുന്ന രാഷ്ട്രീയക്കാര്‍ വോട്ടുനേടാന്‍ പണമൊഴുക്കും.അങ്ങനെ ജയിച്ചുവരുന്നവര്‍ക്ക് മുടക്കുമുതല്‍ പലിശസഹിതം തിരിച്ചുപിടിക്കുന്നതിലാവും താല്‍പര്യക്കൂടുതല്‍.........., പാവം പൊതുജനം...

നിഷേധവോട്ടുകളാണ് കൂടുതലെങ്കില്‍ സ്വാഭാവികമായും ആരും തെരഞ്ഞെടുക്കപ്പെടുകയില്ലല്ലോ. സമാജികരില്ലാത്തപ്രദേശത്ത് വികസനപ്രവര്‍ത്തനങ്ങള്‍ വരാനുള്ള സാധ്യതകള്‍ കുറയും. പ്രദേശത്തിന്‍റെ ആവശ്യകതകള്‍ ഉന്നയിക്കാന്‍ ആളുണ്ടാവുകയില്ല. (കൂട്ടത്തില്‍ സ്വന്തംകീശകൂടി വികസിപ്പിക്കാം എന്ന് വിചാരിച്ചെങ്കിലും അല്പസ്വല്പം വികസനങ്ങള്‍ സമാജികരുണ്ടായിരുന്നെങ്കില്‍ എത്തിയേനേ).

ജനപ്രതിനിധികളില്ലെങ്കില്‍ സ്വാഭാവികമായുംഉദ്യോഗസ്ഥമേധാവിത്വവും, അഴിമതിയും കൂടും (ശ്രീ.ഋഷിരാജ് സിംഗിനെ പോലുള്ള സത്യസന്ധരായ ഉദ്യോഗസ്ഥര്‍ ക്ഷമിക്കുക). പ്രാദേശിക ഇടനിലക്കാര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ നിയന്ത്രിക്കുന്ന അവസ്ഥവരാനുള്ള സാധ്യതകള്‍ കൂടും.

നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട് അധികാരസ്ഥാനങ്ങളില്‍ എത്തുന്ന രാഷ്ട്രീയക്കാര്‍ക്ക് ജനങ്ങളോട് യാതൊരുവിധ പ്രതിബദ്ധതയും ഉണ്ടാവുകയില്ല. സ്വജനപക്ഷപാതവും അഴിമതിയും മാത്രമായിരിക്കും
അവിടെയും സംഭവിക്കുക. 

വ്യക്തമായ ധാരണയും കാഴ്ച്ചപ്പാടുമില്ലാതെ ഇതുപോലെയുള്ള തീരുമാനങ്ങളും വിധികളുമുണ്ടായാല്‍ അതിന്റെ അനന്തരഫലം അനുഭവിക്കുന്നത് എന്നും പൊതുജനം തന്നെ.

രണ്ടാംലോകമഹായുദ്ധത്തിനു നേതൃത്വംനല്‍കിയ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ചര്‍ച്ചില്‍ ഭാവി ഇന്ത്യയെക്കുറിച്ച് പറഞ്ഞത് എവിടെയോ വായിച്ചത്; 

“ഭാവി ഇന്ത്യയുടെ ഭരണം തെമ്മാടികളുടേയും, വഞ്ചകരുടേയും, പോക്കിരികളുടേയും, കൊള്ളക്കാരുടെയും കൈകളില്‍ എത്തും.ഇന്ത്യയുടെ നേതാക്കന്മാര്‍ സ്വഭാവഗുണമില്ലാത്ത ചണ്ടി ചവറുകള്‍ മാത്രമായിരിക്കും. അവര്‍ ജനങ്ങളെ മധുരവാക്കുകള്‍ പറഞ്ഞു മയക്കുന്ന മൂഡന്മാരുമായിരിക്കും. പാവപ്പെട്ടവരും വിഡ്ഢികളുമായ പൊതു ജനങ്ങള്‍ക്ക് കള്ളവാഗ്ദാനങ്ങള്‍ നല്‍കുന്നത് അവരുടെ രീതിയായിരിക്കും. ജനങ്ങളുടെ പ്രശ്നം കൈകാര്യം ചെയ്യുമ്പോള്‍ അവര്‍ അവരുടെ രീതികളില്‍ നാണമില്ലാത്തവരും ദേശസ്നേഹം ഇല്ലാത്തവരുമായിരിക്കും. അധികാരത്തിന്റെ അപ്പക്കഷണത്തിനു വേണ്ടി പരിസരം മറന്ന് പരസ്പരം അടികൂടും.ഇന്ത്യ രാഷ്ട്രീയ കലഹത്തില്‍ ഇല്ലാതാകും.നീതി എന്നത് ഒരു തമാശ വസ്തുവായി മാറും.”

ഫീലിംഗ്സ്: ഒരു നിഷേധപാര്‍ട്ടി രൂപീകരിച്ച് മത്സരിച്ചാലോ????















No comments: