Sunday 10 November 2013

ഇന്ത്യക്കുമേല്‍ നടക്കുന്ന നിശബ്ദയുദ്ധം




ഒരു അപ്രഖ്യാപിത-നിശബ്ദ യുദ്ധത്തിലൂടെ ഇന്ത്യ കടന്നുപോവുകയാണോ എന്ന് സംശയിക്കെണ്ടിയിരിക്കുന്നു. നമ്മുടെ പ്രതിരോധരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന പല പ്രമുഖ ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരും സംശയാസ്പദമായ സാഹചര്യങ്ങളില്‍ കാണാതാവുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു.

ഈ മരണങ്ങളൊക്കെ അസ്വാഭാവിക മരണങ്ങളായോ, ആത്മഹത്യയായോ ആണ് പോലീസ്‌ അന്വേഷണങ്ങളില്‍ കാണുന്നത്. 2010 ഫെബ്രുവരിയില്‍ മുംബെയിലെ തന്റെ ഫ്ലാറ്റില്‍ മരിച്ചതായി കാണപ്പെട്ട എം.അയ്യര്‍ എന്ന BARC എഞ്ചിനീയറുടെ മരണം ആത്മഹത്യയാണെന്നുള്ള ആദ്യനിഗമനം തെറ്റാണെന്നാണ് തുടര്‍ അന്വേഷണങ്ങള്‍ കാണിക്കുന്നത്.ഡ്യൂപ്ളിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് ഫ്ലാറ്റിന്‍റെ അകത്തുകയറിയ കൊലപാതകി, ഉറക്കത്തില്‍ത്തന്നെ അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു. ഇതുപോലെയുള്ള നിരവധി സംഭവങ്ങള്‍ രാജ്യത്ത് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്നു.

മിസൈല്‍ ഗവേഷണവും, ആണവ ഗവേഷണവുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞരും, എന്‍ജിനീയര്‍മാരുമാണ് ഇരകളാവുന്നത്. ഏറ്റവും ഒടുവിലായി ഇക്കഴിഞ്ഞ ഒക്ടോബറില്‍ കെ.കെ.ജോഷ്‌,അഭിലാഷ്‌ ശിവം എന്നീ രണ്ടു എന്‍ജിനീയര്‍മാരുടെ ജീവനറ്റ ശരീരങ്ങള്‍ വിശാഖപട്ടണത്തിനടുത്തുള്ള ഒരു റെയിവേ ട്രാക്കില്‍നിന്നും കണ്ടെടുക്കുകയുണ്ടായി. യഥാര്‍ത്ഥത്തില്‍ മരണകാരണം വിഷം ഉള്ളില്‍ ചെന്നതായിരുന്നു. ആത്മഹത്യ എന്ന് വരുത്തിതീര്‍ക്കാന്‍ വേണ്ടി റെയില്‍വേ ട്രാക്കില്‍ കൊണ്ട്ചെന്നിട്ടതാവാം. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആണവോര്‍ജ്ജ അന്തര്‍വാഹിനിയായ ഐ.എന്‍.എസ്. അരിഹന്തിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ എന്‍ജിനീയര്‍മാരായിരുന്നു ഇരുവരും.


മുന്‍പ് ഇറാനില്‍ സംഭവിച്ചതുപോലെയുള്ള കാര്യങ്ങളാണ് ഇപ്പോള്‍ ഇന്ത്യയിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആണവോര്‍ജപരീക്ഷണങ്ങളില്‍ വന്‍ശക്തികളുടെ വിലക്കുകള്‍ കാര്യമാക്കാതെ ഇറാന്‍ മുന്നേറിയപ്പോള്‍ അതിനെ പ്രതിരോധിക്കുന്നതിനായി അമേരിക്കയുടെ ചാരസംഘടനയായ C.I.A പ്രൊഫഷണല്‍ കൊലയാളികളെ ഉപയോഗിച്ച് ഇറാന്‍റെ ആണവോര്‍ജ്ജമേഘലയില്‍ പ്രവര്‍ത്തിക്കുന്ന  എന്‍ജിനീയര്‍മാരെയും, ശാസ്ത്രജ്ഞരെയും കൊലപ്പെടുത്തുക എന്ന നീചതന്ത്രമായിരുന്നു നടപ്പില്‍ വരുത്തിയത്. ഇത് ഇറാന്‍ മനസ്സിലാക്കുകയും ഗവേഷണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. ഇതേ രീതി തന്നെയാവണം ഇന്ത്യക്കുമേലും നടന്നുകൊണ്ടിരിക്കുന്നത് എന്ന് ന്യായമായും സംശയിക്കാം.

1994-ല്‍ നടന്ന ISRO ചാരക്കേസ് ഇതിന്‍റെ ഒരു ഭാഗം മാത്രമായിരുന്നു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിനും, മിസൈല്‍ സാങ്കേതിക വിദ്യയുടെയും അടിസ്ഥാനമായ ക്രയോജനിക് സാങ്കേതിക വിദ്യയില്‍ ഇന്ത്യ വന്‍നേട്ടം കൈവരിക്കും എന്നു മനസ്സിലാക്കിയ അമേരിക്കന്‍ ചാരഏജന്‍സി അതിനു തടയിടുന്നതിനുവേണ്ടി ഉണ്ടാക്കിയ പദ്ധതിയായിരുന്നു ചാരക്കേസ്. പദ്ധതിയുടെ പ്രോജെക്റ്റ്‌ ഡയരക്ടര്‍ ആയിരുന്ന ശ്രി.നമ്പിനാരായണന്‍ ഉള്‍പ്പടെ ആറുപേര്‍ക്ക് എതിരെയായിരുന്നു കേസ്. ഇന്ത്യന്‍ ശാസ്ത്രജ്ഞരേയും, എന്‍ജിനീയര്‍മാരെയും മാനസികമായി തളര്‍ത്തി രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് അവരെ അകറ്റിനിര്‍ത്തുക എന്നതായിരുന്നു അമേരിക്കയുടെ ലക്ഷ്യം. പദ്ധതി വലിയൊരളവുവരെ ലക്ഷ്യം കാണുകയും ചെയ്തു. CIA എന്ന ചാരസംഘടനയുടെ വാക്ക്മാത്രം മുഖവിലക്കെടുത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും, അന്വേഷണ എജെന്‍സികളും ചേര്‍ന്നു വീണ്ടുവിചാരമില്ലാതെ നടത്തിയ പ്രവര്‍ത്തികള്‍ രാജ്യത്തിനുവേണ്ടി വിശ്രമമില്ലാതെ പണിയെടുക്കുന്ന ആയിരക്കണക്കിന് ശാസ്ത്രജ്ഞന്മാരുടെ ആത്മവീര്യമാണ് കെടുത്തിയത്. സ്വാര്‍ത്ഥതാല്‍പര്യക്കാരായ രാഷ്ട്രീയക്കാരുടെ ഇടപെടല്‍ കൂടിയായപ്പോള്‍ രാജ്യതാല്പര്യം കപ്പലുകയറി. 
  

ഇന്ത്യയുടെ വളര്‍ച്ചയില്‍ താല്പര്യമില്ലാത്ത, ഇന്ത്യയെ ഒരു ‘മാര്‍ക്കെറ്റ്’ ആയി മാത്രം കാണുന്ന അമേരിക്ക പോലുള്ള വന്‍ശക്തികളുടെ കറുത്ത കൈകള്‍ തന്നെയാവും ഇതിനു പിന്നില്‍.ഒരുവേള ചൈന തന്നെയുമാവാനും സാധ്യത കാണുന്നു.

അയല്‍രാജ്യമായ പാകിസ്ഥാന്‍ നിരന്തരം അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതും,അരുണാചല്‍പ്രദേശ് പോലെയുള്ള അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ചൈന സ്ഥിരമായി കടന്നു കയറുന്നതും ഒക്കെ കൂട്ടിവായിക്കുമ്പോള്‍, ഇവരെല്ലാം കൂടി ചേര്‍ന്ന് ഇന്ത്യക്കെതിരെ “വാണിയനും-വാണിയിച്ചിയും” കളി നടത്തുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയുടെ ശ്രദ്ധ അതിര്‍ത്തി സംരക്ഷിക്കുന്നതിലേക്ക് തിരിച്ചുവിട്ടുകൊണ്ട് ഇന്ത്യന്‍ ശാസ്ത്ര-സാങ്കേതിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ ഇല്ലായ്മ ചെയ്യുക എന്നതാവാം പുതിയ തന്ത്രം.

കഴിഞ്ഞ മൂന്നോ-നാലോ വര്‍ഷങ്ങള്‍ക്കിടയില്‍ ഒന്‍പതോളം അസ്വാഭാവിക മരണങ്ങളാണ് BARC യിലും, മറ്റ് ന്യൂക്ലിയര്‍ ഗവേഷണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരിലും, എന്‍ജിനീയര്‍മാരിലും ഉണ്ടായിട്ടുള്ളത്. പരമമപ്രധാന ഗവേഷണരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മതിയായ സുരക്ഷ നല്‍കുന്നതില്‍ നമ്മുടെ സര്‍ക്കാരുകള്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ല എന്നുവേണം ഇതില്‍നിന്നും അനുമാനിക്കാന്‍.

രാഷ്ട്രനിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്ന ഉദ്യോഗസ്ഥരുടെ സംരക്ഷണം കേന്ദ്ര-സര്‍ക്കാരുകള്‍ ഒരു ബാധ്യതയായിത്തന്നെ ഏറ്റെടുക്കേണ്ടതാണ്. ശരീരവും, മനസ്സും, ബുദ്ധിയും രാജ്യത്തിനുവേണ്ടി സമര്‍പ്പിക്കുന്ന അവരാണ് യഥാര്‍ത്ഥ രാഷ്ട്രശില്‍പികള്‍. അവരുടെ പ്രയത്മാണ് രാജ്യപുരോഗതിയുടെ അടിസ്ഥാനം.


അമേരിക്ക പോലുള്ള രാജ്യങ്ങളുടെ കുതന്ത്രങ്ങള്‍ തിരിച്ചറിഞ്ഞ് ലക്ഷ്യബോധത്തോടെ ഇന്ത്യ പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഏറെ വൈകിയാല്‍ ഒരുപക്ഷേ വന്‍ ദുരന്തങ്ങളാവും നമ്മെ കാത്തിരിക്കുന്നത്. 

No comments: