Sunday 17 November 2013

കസ്തുരിരംഗന്‍ റിപ്പോര്‍ട്ടും ഹര്‍ത്താലും -ചില ചിന്തകള്‍



എന്താണീ കസ്തുരിരംഗന്‍ റിപ്പോര്‍ട്ട്?? ഗോവ,ഗുജറാത്ത്,മഹാരാഷ്ട്ര, കര്‍ണാടക,തമിഴ്നാട്‌,കേരളം എന്നീ ആറു സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ടമേഘലയിലെ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച്, നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് പ്രായോഗികമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച, കസ്തുരിരംഗന്‍ എന്ന ഉദ്യോഗസ്ഥന്‍ തലവനായുള്ള ഉന്നതാധികാരസമിതിയുടെ പഠനറിപ്പോര്‍ട്ട്.അതാണ്‌ ഇപ്പോഴത്തെ കോലാഹലങ്ങളുടെ കാരണമായ റിപ്പോര്‍ട്ട്.


പ്രകൃതിയിലെ ആവാസവ്യവസ്ഥ, തണ്ണീര്‍തടങ്ങള്‍, തനതുജീവിവര്‍ഗങ്ങള്‍, ശുദ്ധജലചതുപ്പുകള്‍, ഇല്ലാതായിക്കൊണ്ടിരിക്കുന്ന നദികള്‍ ഇവയൊക്കെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള നിര്‍ദേശങ്ങളാണ്‌ പ്രസ്തുത റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രധാനമായും അഞ്ച് നിര്‍ദേശങ്ങളാണ്‌ ഉള്ളത്.

1. ഖനനം- പുതിയതായി കരിങ്കല്‍ ക്വാറികള്‍ - മണല്‍വാരല്‍ എന്നിവക്ക് പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ അനുമതി നല്‍കാന്‍ പാടില്ല. നിലവിലുള്ളവ അഞ്ച് വര്‍ഷംകൊണ്ട് ഘട്ടം ഘട്ടമായി നിര്‍ത്തലാക്കണം.
2. താപോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കരുത്.. കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിന് തടസ്സമില്ല.
3. 20,000 ചതുരശ്ര മീറ്ററില് അധികംവിസ്തീര്‍ണ്ണമുള്ള  കെട്ടിടങ്ങള്‍ നിര്‍മ്മിക്കരുത്.
4. 50 ഹെക്ടറില്‍ അധികമുള്ളതോ, 1.5 ലക്ഷം ചതുരശ്ര മീറ്ററിലുള്ളതോ ആയ ടൌണ്‍ഷിപ്പുകള്‍ അഥവാ മേഖലാവികസന പദ്ധതികളോ പാടില്ല.
5. ചുവപ്പ് ഗണത്തില്‍പ്പെട്ട വ്യവസായങ്ങള്‍ അനുവദിക്കാന്‍ പാടില്ല.

മുന്‍പുണ്ടായിരുന്ന മാധവ് ഗാഡ്ഗില്‍ സമിതിയും പറഞ്ഞത് ഇതൊക്കെ തന്നെ. കസ്തുരിരംഗന്‍ സമിതിയില്‍ കൂടുതലായി ഒരു കാര്യം കൂടി പറയുന്നു പരിസ്ഥിതിദുര്‍ബല പ്രദേശങ്ങളായി കണ്ടെത്തിയ സ്ഥലങ്ങളില്‍ സംസ്ഥാനസര്‍ക്കാരോ മറ്റു എജെന്‍സികളോ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് മുന്‍പ് പ്രാദേശികഭരണകേന്ദ്രങ്ങളിലും, ഗ്രാമസഭകളിലും വിഷയം ചര്‍ച്ചചെയ്യപ്പെടണം.

പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ നിലവിലുള്ള കര്‍ഷകരെയോ കുടിയേറ്റക്കാരെയോ ഒഴിവാക്കാനുള്ള യാതൊരു നിര്‍ദേശവും പ്രസ്തുത റിപ്പോര്‍ട്ടുകളില്‍ ഇല്ല എന്നതാണ് വസ്തുത. എന്നാല്‍ പുതിയതായി യാതൊരുവിധ കയ്യേറ്റങ്ങളും അനുവദിക്കാനും പാടില്ല എന്നും നിര്‍ദേശിക്കുന്നു. പ്രകൃതിയോടു ഇണങ്ങുന്ന തരത്തിലുള്ള കൃഷികള്‍ക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം കൊടുക്കണമെന്ന നിര്‍ദേശവും പ്രധാനമാണ്.കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച റിപ്പോര്‍ട്ടില്‍ എന്തെങ്കിലും തരത്തിലുള്ള അപാകതകള്‍ ഉണ്ടെങ്കില്‍ അതിനു വേണ്ടിയുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ശേഖരിച്ച് തിരുത്തലുകള്‍ നടത്തുന്നതിനു നാലുമാസം സമയവും നല്‍കിയിട്ടുണ്ട്.കേരളത്തിലെ കര്‍ഷകരെ ബാധിക്കുന്നതരത്തിലുള്ള യാതൊരു നിര്‍ദേശവും അംഗീകരിക്കില്ലന്നു മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുമുണ്ട്.

ഇത്രയും കാര്യങ്ങള്‍ പകല്‍ പോലെ വ്യക്തമാണെങ്കിലും എന്തിനീ ഹര്‍ത്താല്‍?? കര്‍ഷകരുടെ താല്പര്യങ്ങള്‍ക്കുവേണ്ടി എന്നുപറയുമ്പോള്‍ ഖനനത്തിന്റെ പേരില്‍ പാതാളം വരെ ബോംബ്‌വച്ച് തകര്‍ക്കുന്ന ക്വാറി മുതലാളിമാരും, അനധികൃത മണല്‍വാരലിലൂടെ നദികളെ കൊന്നുകൊണ്ടിരിക്കുന്ന മണല്‍ മാഫിയയുമാണോ കര്‍ഷകര്‍???

സത്യം ജനങ്ങളിലേക്ക് എത്തിക്കാന്‍ ബാധ്യസ്ഥരായ മാധ്യമങ്ങളും, നാടിന്‍റെ പൊതുതാല്പര്യതിനുവേണ്ടി നിലകൊള്ളേണ്ട രാഷ്ട്രീയക്കാരും, സാമൂഹിക പരിവര്‍ത്തനവും ജനനന്മയും ലക്ഷ്യമാക്കേണ്ട മതാധ്യക്ഷന്മാരും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മത്സരിക്കുന്നകാഴ്ചയാണ് ഇന്ന് കേരളത്തിലുള്ളത്.

കഴിഞ്ഞദിവസങ്ങളിലെ സമരംകൊണ്ട് മാത്രം കോടികളുടെ നഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ആഹ്വാനം ചെയ്തവര്‍ ഏതു കൊമ്പന്മാരായാലും അവര്‍ക്കെതിരെ നടപടികള്‍ എടുക്കുകയാണ് ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. നിര്‍ഭാഗ്യവശാല്‍ സമുദായകക്ഷികള്‍ക്ക് സ്വാധീനമേറെയുള്ള സര്‍ക്കാരായതുകൊണ്ട് ഒന്നും സംഭവിച്ചില്ല അല്ലെങ്കില്‍ സംഭവിക്കുകയില്ല എന്നു സാരം.


ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ അണികളെ ഊര്‍ജ്ജസ്വലരാക്കുക എന്നതാണ് ഇടതുപക്ഷത്തിന്‍റെ താല്പര്യം. അതുപോലെതന്നെ വിലപേശല്‍ ശക്തികളാവുക എന്നതാണ് സമുദായ അധ്യക്ഷന്മാരുടെ ലക്ഷ്യവും. ഇടയലേഖനത്തിലൂടെയാണല്ലോ വോട്ടുകള്‍ നിയന്ത്രിക്കുന്നത്‌. അറിവില്ലായ്മയും വിവരദോഷവും ഒരു കുറ്റമല്ല, അത് ഇക്കൂട്ടര്‍ക്കുള്ള ഒരു രോഗമാണ്. ഇവര്‍ക്കൊക്കെ ഈ റിപ്പോര്‍ട്ടുകള്‍ വായിച്ചു മനസ്സിലാക്കാനുള്ള വിവരമില്ലെങ്കില്‍ തങ്ങളുടെ ചെറുമക്കളെക്കൊണ്ടെങ്കിലും വായിപ്പിച്ച് സത്യാവസ്ഥ മനസ്സിലാക്കിയിട്ടുവേണം ഹര്‍ത്താലിനും സമരത്തിനുമൊക്കെ ആഹ്വാനം നല്‍കാന്‍.


ശ്രീ. കെ.എം മാണിയെപ്പോലുള്ളവരുടെ ലക്ഷ്യവും സുവ്യക്തമാണ് തെരഞ്ഞെടുപ്പിന് മുന്‍പ് ആറുമാസമെങ്കില്‍ ആറുമാസം മകനെ കേന്ദ്രത്തിലൊരു മന്ത്രിയാക്കുക. അതിനുവേണ്ടി ടിയാന്‍ ശ്രമം തുടങ്ങിയിട്ട് കാലങ്ങളായി. കിട്ടുന്ന ഒരു അവസരവും പാഴാക്കുകയുമില്ല. ഇത്തവണകൂടി അത് നടന്നില്ലങ്കില്‍ സംസ്ഥാനസര്‍ക്കാരിനെ കാലുവാരി ഇടതുപാളയത്തില്‍പോയി കുറച്ചുകാലത്തെക്കെങ്കിലും മുഖ്യമന്ത്രിയാവുക.

സാക്ഷരതയിലും ഉന്നതവിദ്യാഭ്യാസത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തിലെ ജനങ്ങള്‍ ഈ രാഷ്ട്രീയ എമ്പോക്കിക്കളും, ഊച്ചാളികളായ മതമേലധ്യക്ഷന്മാരും, മാധ്യമ പിമ്പുകളും പറയുന്നത് ‘തൊണ്ടതൊടാതെ വിഴുങ്ങുന്നതുപോലെ’ എന്ന പഴമൊഴിപോലെ കണ്ണുമടച്ച് വിശ്വസിക്കുന്നതാണ് മനസ്സിലാകാത്തത്. ഈ പറഞ്ഞ റിപ്പോര്‍ട്ടുകള്‍ എല്ലാം തന്നെ വിരല്‍തുമ്പില്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. അത് വായിച്ചു മനസ്സിലാക്കാന്‍ ശേഷിയും ശേമുഷിയുമുള്ള യുവജനത അതിനു ശ്രമിക്കുകയും മറ്റുള്ളവര്‍ക്ക് നിജസ്ഥിതി മനസ്സിലാക്കിക്കൊടുക്കാനുമുള്ള ശ്രമങ്ങള്‍ നടത്തുകയും വേണം.


പക്ഷേ അതൊന്നും സാധ്യമാവുന്ന ലക്ഷണം കാണുന്നില്ല. വിദ്യാഭ്യാസം കൂടുംതോറും യുവാക്കളിലെ സാമൂഹികപ്രതിബദ്ധതയും രാഷ്ട്രസ്നേഹവും കുറയുന്നകാഴ്ചയാണ് പൊതുവേ കാണുന്നത്. ഓരോരുത്തരും തങ്ങളിലേക്ക് ചുരുങ്ങുന്നു. സ്ഥാപിതതാല്‍പര്യക്കാരുടെ ചട്ടുകങ്ങളായി വര്‍ത്തിക്കാനാണ് താല്‍പര്യക്കൂടുതല്‍.എന്നും കഴുതകളായും,അടിമകളായും ജീവിക്കാനാഗ്രഹിക്കുന്ന പൊതുജനം എന്ന ലേബലില്‍ കഴിയാനാണ് അവര്‍ക്ക് താല്പര്യം.



ഫീലിംഗ്സ്: നിരാശ



ഹര്‍ത്താലില്‍ രമിച്ചു സുഖിച്ച് ഇരിക്കുമ്പോള്‍ ആഹ്വാനം നടത്തിയ നേതാക്കന്മാരും ഇടയന്മാരും ഒന്ന് വായിച്ചാല്‍ നന്ന്..... പൊതുവായ ജനത്തിനും വായിക്കാം.... ചുമ്മാ ഒരു എന്ജോയ്മെന്‍റ് ആവട്ടെ.... ഇച്ചരെ വെവരോം ഉണ്ടാവും.

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്
http://moef.nic.in/downloads/public-information/wg-23052012.pdf 

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മലയാളം 

കസ്തുരി രംഗന്‍ റിപ്പോര്‍ട്ട്  
http://envfor.nic.in/sites/default/files/HLWG-Report-Part-1_0.pdf

കസ്തുരി രംഗന്‍ റിപ്പോര്‍ട്ടിന്‍റെ സംഗ്രഹം മലയാളം 


http://keralabiodiversity.org/images/news/hlwg.pdf

No comments: