Wednesday 4 December 2013

ഇതും ഭരണമോ????


കുറേനാളായി ഇടതു-വലതു ഐക്യമുന്നണിയാണ് കേരളം ഭരിക്കുന്നത്‌. ഇതൊന്നുമറിയാതെ (അതോ അങ്ങിനെ ഭാവിക്കുകയോ) പൊതു ജനങ്ങളും, മുഖപുസ്തകത്തില്‍ ‘ഗോഗ്വാ’ വിളികള്‍ നടത്തുന്ന യുവസമൂഹവും. പരസ്പരം ന്യായീകരിക്കാന്‍ കാണിക്കുന്ന പെടാപ്പാടുകള്‍ കണ്ടാല്‍ സഹതാപം തോന്നും. ഇവരൊക്കെ എന്നെങ്കിലുമൊരിക്കല്‍ ഭരണ-പ്രതിപക്ഷങ്ങളുടെ പൊള്ളത്തരങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കും എന്നുള്ള പ്രതീക്ഷയും ഇല്ല.
   
കെടുകാര്യസ്ഥതനടമാടുന്ന സര്‍ക്കാര്‍ ആശുപത്രികള്‍, അഴിമതിയും തന്പ്രമാണിത്വവും നിറഞ്ഞ സര്‍ക്കാര്‍ ഓഫീസുകള്‍. മുഖ്യമന്ത്രിയുള്‍ടെയുള്ളവരുടെ ഓഫീസുകള്‍ കേന്ദ്രീകരിച്ചുനടക്കുന്ന അഴിമതികള്‍. പരസ്പരം വിഴുപ്പലക്കുന്ന മന്ത്രിമാര്‍, സമുദായങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന ഘടകകക്ഷിമന്ത്രിമാരും വകുപ്പുകളും, സ്വയം മന്ത്രിമാരെ പ്രഖ്യാപിക്കുന്ന ഘടകക്ഷികള്‍, സമുദായക്കൊടിയുടെ നിറം പെയിന്റുചെയ്യപ്പെടുന്ന സര്‍ക്കാരാഫീസുകള്‍, പെണ്ണുകേസില്‍ അകപ്പെടുന്ന  മന്ത്രിമാര്‍, മന്ത്രിക്കസേരക്ക് പിന്നാലെ പായുന്ന ഭരണപാര്‍ട്ടിയുടെ പ്രസിഡന്റ്‌. തമ്മിലടിക്കുന്ന പോലീസ് സേന. തെരുവുഗുണ്ടയെപ്പോലെ സംസാരിക്കുന്ന ചീഫ് വിപ്പ്. അട്ടിമറിക്കപ്പെടുകയോ, മനപൂര്‍വം വൈകിപ്പിക്കുകയോ ചെയ്യുന്ന കേസന്വേഷണങ്ങള്‍, കൊലപാതകക്കേസുകളിലെ പ്രതികള്‍ക്ക് സര്‍വതന്ത്ര സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കുന്ന ജയിലുകള്‍. ഇതൊക്കെ കാണുമ്പോള്‍ ഒരു ഭരണസംവിധാനം കേരളത്തില്‍ നിലവിലുണ്ടോ എന്നുതന്നെ സംശയം. മുഖ്യമന്ത്രിപോലും ആക്രമിക്കപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്.
                                                          
ഇത്രയും കെടുകാര്യസ്ഥതനിറഞ്ഞ ഒരു ഭരണം കേരളചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടോ എന്നുസംശയം.കൊട്ടിഘോഷിച്ചുനടത്തപ്പെടുന്ന ജനസമ്പര്‍ക്ക പരിപാടി ഉള്ളപ്പോള്‍ മാത്രമാണ് സംസ്ഥാനത്ത് ഒരു മുഖ്യമന്ത്രിയും ഭരണവും ഉണ്ടെന്നു തോന്നുന്നത്. സമ്പര്‍ക്കപരിപാടി വളരെ കേമമാണ്‌ എന്നുള്ള ഒരു ചിന്ത എനിക്കും നേരത്തെ ഉണ്ടായിരുന്നു. അതിനെ അനുകൂലിച്ചു വളരെ സംസാരിച്ചിട്ടുമുണ്ട്. അതിനെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചപ്പോഴാണ് മനസ്സിലായത്‌ കുറച്ചുപേര്‍ക്ക്‌ വ്യക്തിഗത നേട്ടങ്ങള്‍മാത്രം ലഭ്യമാക്കുന്നു എന്നതില്‍ കവിഞ്ഞ് സംസ്ഥാനത്തിന് യാതൊരു ഗുണവുമില്ലാത്ത പരിപാടിയാണെന്ന്. ആനുകൂല്യങ്ങള്‍ കിട്ടുന്നവര്‍ക്കും സര്‍വ്വോപരി മുഖ്യനടത്തിപ്പുകാരന്‍ എന്നനിലയില്‍ ശ്രീ.ഉമ്മന്‍ചാണ്ടിക്കും മാത്രമാണ് അതിന്‍റെ നേട്ടം. മുഖ്യന്‍റെ പാര്‍ട്ടിയായ കൊണ്ഗ്രെസിനു സമ്പര്‍ക്ക മാമാങ്കംകൊണ്ട് യാതൊരു നേട്ടവും ഇല്ല. അശരണരെ സഹായിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ത്തന്നെ നിരവധി ഏജന്‍സികള്‍ നിലവിലിരിക്കെ, അവയുടെയൊക്കെ പോരായ്മയോ, കെടുകാര്യസ്ഥതയോ ആണ് ഇതുപോലൊരു പരിപാടിയില്‍ അപേക്ഷകരുടെ തള്ളിക്കയറ്റം വിളിച്ചോതുന്നത്‌. പ്രവര്‍ത്തനക്ഷമമല്ലാത്ത ഓഫീസുകളേയും, ഉത്തരവാദികളായ ഉദ്യോഗസ്ഥരെയും നിലയ്ക്ക് നിര്‍ത്തേണ്ടതിനു പകരം സാദാ വില്ലേജ് ഓഫീസറുടെ മേലങ്കിയണിഞ്ഞു ജനകീയനാവാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം സംസ്ഥാനത്തിന് ഒട്ടും ഗുണകരമാവില്ല.
കേവലഭൂരിപക്ഷം മാത്രമുള്ള സര്‍ക്കാരിനെ നിലനിര്‍ത്താന്‍ നെറികെട്ട കാര്യങ്ങളാണ് പ്രതിപക്ഷവുമായി ചേര്‍ന്ന് മുഖ്യമന്ത്രിയും കൂട്ടരും ചെയ്യുന്നത്. സ്വന്തം പാര്‍ട്ടിക്കാരെപ്പോലും മറന്നുകൊണ്ടുള്ള അവിശുദ്ധബന്ധമാണ് ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മിലുള്ളത് എന്നതിന്റെ തെളിവുകളാണ് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട ശ്രീ.ചന്ദ്രശേഖരന്‍റെയും, ശ്രീ.ഷുക്കൂറിന്റെയും അട്ടിമറിക്കപ്പെട്ട കേസന്വേഷണം മുതല്‍ എത്രയെത്ര കേസുകള്‍. സി,ബി.ഐക്ക് വിടാതെ വച്ചുകൊണ്ടിരിക്കുന്ന ജയകൃഷ്ണന്‍മാസ്റ്റര്‍ വധക്കേസ്. ലോകായുക്തയും കോടതിയും ഉത്തരവിട്ടിട്ടും റദ്ദ് ചെയ്യുകയോ വീണ്ടും പരീക്ഷ നടത്തുകയോ ചെയ്യാത്ത കേരളാ യൂനിവേര്‍സിറ്റി  അസിസ്റ്റന്റ്‌ നിയമനതട്ടിപ്പ്, മുഖ്യമന്ത്രിയുടെ ഓഫീസിനു നേരിട്ടു ബന്ധമുള്ള സോളാര്‍അഴിമതിയും ഭൂമി തട്ടിപ്പും, അട്ടിമറിക്കപ്പെട്ട ലാവ്ലിന്‍ അഴിമതി, പ്രാഥമികാന്വേഷണംപോലും നടത്താന്‍പോലും തയാറാവാത്ത ശ്രീ.കരീമിന്‍റെ ഖനാനുമതികൈക്കൂലി.


ശ്രീ.ചന്ദ്രശേഖരന്‍ കൊലപാതകപ്രതികള്‍ ജയിലില്‍സുഖവാസജീവിതമാണ് നയിക്കുന്നത് എന്നാണു പുറത്തുവരുന്ന ഏറ്റവും പുതിയറിപ്പോര്‍ട്ടുകള്‍. ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍നെറ്റ്വര്‍ക്കുകളില്‍ സജീവമാണ് പ്രതികള്‍. തുടര്‍ച്ചയായി ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് ജയില്‍വേഷം പോലും ധരിക്കാതെ കൂളിംഗ് ഗ്ലാസ്സും, ബര്‍മുഡയും ധരിച്ചുകൊണ്ടുള്ള നിരവധി ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ അപ്ലോഡ്ചെയ്തിട്ടുണ്ട്. ഈ പ്രതികള്‍ക്ക് ജയിലില്‍ സര്‍വതന്ത്ര സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുന്നു എന്നതിനു ഇതില്‍ കൂടുതല്‍ തെളിവെന്തുവേണം??ഇതൊക്കെ കാണുമ്പോള്‍ ശ്രീ.പിണറായി വിജയനാണോ കേരളത്തിലെ ആഭ്യന്തരമന്ത്രി എന്നുള്ള സംശയം സ്വാഭാവികമായും ഉണ്ടാവാം. കൃത്യമായ ഇന്‍റെലിജെന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടും അഭ്യന്തരവകുപ്പും അതിന്‍റെ മന്ത്രിയും സി.പി.എമ്മു മായിട്ടുള്ള അവിഹിതബന്ധമാണ് ഇത് സൂചിപ്പിക്കുന്നത്. ബോധപൂര്‍വമായ ഒരു ഒത്തുകളിയായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ.

കൊണ്ഗ്രെസ്സ് നയിക്കുന്നു എന്നു പറയുന്ന കേരളസര്‍ക്കാരിലെ കൊണ്ഗ്രെസ്സ് മന്ത്രിമാരെക്കൊണ്ട് പാര്‍ട്ടിക്കോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ യാതൊരു ഗുണവുമില്ല എന്നതുപോലെയാണ് പ്രതിപക്ഷം പ്രവര്‍ത്തകരുടെ കണ്ണില്‍ പൊടിയിടാനുള്ള സമരനാടകങ്ങളും നടത്തുന്നത്. ചൂടും-ചൂരും കുറഞ്ഞുവരുന്ന ഇടതുപക്ഷസമരങ്ങളും സൂചിപ്പിക്കുന്നത് അതുതന്നെയാണ്. പുറമേ ഇരുകൂട്ടരും ‘വാണിയനും-വാണിയിച്ചിയും’ കളി നടത്തുന്നു. രഹസ്യമായി ഒത്തുതീര്‍പ്പ് വ്യവസ്ഥകളും.




വരുന്ന മൂന്നുവര്ഷം കൂടി തനിക്കുശേഷം പ്രളയം എന്നുള്ള ചിന്തയുമായി തട്ടിക്കൂട്ട് ജനസംബര്‍ക്കവുമായി ശ്രീ,ഉമ്മന്‍ചാണ്ടിക്ക് ഭരിക്കണം. അടുത്ത തെരഞ്ഞെടുപ്പില്‍ സ്വാഭാവികമായും സി.പി.എം നേതൃത്വത്തില്‍ സര്‍.പിണറായി വിജയന്‍ മുഖ്യനായി ഇടതുപക്ഷവും ഭരിക്കും. അതുവരെ ഇരുകൂട്ടര്‍ക്കും ജനത്തെ പറ്റിക്കണം. അതുവരെ ഇമ്മാതിരി ചവിട്ടുനാടകങ്ങള്‍ സഹിച്ചേ പറ്റൂ.   



ഫീലിംഗ്സ്: പുച്ഛം

No comments: