Sunday 15 December 2013

അന്യസംസ്ഥാന തൊഴിലാളികളും സുരക്ഷയും



കഴിഞ്ഞദിവസം ബഹുമാന്യ സുഹൃത്ത് ശ്രീ.ജയചന്ദ്രന്‍ മൊകേരിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ്‌ കണ്ടു. വളരെ അടിയന്തിരമായി വളരെ കരുതലോട്കൂടി ചിന്തിക്കേണ്ട വിഷയമാണ് എന്നു തോന്നുകയും ചെയ്തു. മാലിദ്വീപില്‍ ജോലിക്കായ് എത്തുന്ന ബംഗ്ലാദേശികള്‍ സംഘം ചേര്‍ന്ന് സ്വദേശികളെ ആക്രമിക്കുന്ന സംഭവം ആണ് അദ്ദേഹം പോസ്റ്റ്‌ ചെയ്തത്. സമീപഭാവിയില്‍ ഇത് കേരളത്തില്‍ സംഭവിച്ചേക്കാം എന്നും അദ്ദേഹം ആശങ്കപ്പെടുന്നു.



വളരെ ശെരിയാണ്, അന്യസംസ്ഥാനതൊഴിലാളികള്‍ ധാരാളമായി കേരളത്തില്‍ ജോലിക്കായെത്തുന്നുണ്ട്. കേരളത്തിലെ ആകര്‍ഷകമായ കൂലിയും മേലങ്ങാനുള്ള മലയാളിയുടെ മടിയും ആണ് ഇതിനു കാരണം. അന്യ സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം ബംഗ്ലാദേശ്, മ്യാന്‍മാര്‍, നേപ്പാള്‍ തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ നിന്നുള്ളവരും കേരളത്തില്‍ ജോലിക്കായെത്തുന്നു. മതിയായ രേഖകള്‍ പോലുമില്ലാതെ അതിര്‍ത്തികടന്നെത്തുന്ന ആളുകള്‍ രാജ്യത്ത് വന്‍സുരക്ഷാഭീഷണി സൃഷ്ടിച്ചേക്കാം.

അന്യസംസ്ഥാനതൊഴിലാളികളില്‍ ഭൂരിഭാഗവും മതിയായ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാതെയാണ് കേരളത്തില്‍ താമസിക്കുന്നത്. കുറഞ്ഞകൂലി കൊടുത്താല്‍ മതിയെന്ന നേട്ടം മാത്രമാണ് തൊഴില്‍ദാതാക്കളുടെ ലക്ഷ്യം. അന്യസംസ്ഥാനതൊഴിലാളികള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങളും ദിനംപ്രതി കൂടിവരുന്നു. കുറച്ചുദിവസങ്ങള്‍ക്കു മുന്‍പാണ് പൂവാറിലെ ഒരു ഹോട്ടെലില്‍ ബാംഗ്ലൂര്‍ സ്വദേശിയായ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്.അതെ ഹോട്ടലിലെ ജീവനക്കാരായ ആസാം സ്വദേശികളായിരുന്നു പ്രതികള്‍. വളരെ ആസൂത്രിതമായിട്ടാണ് പ്രതികള്‍ കുറ്റകൃത്യത്തിനു ശ്രമിച്ചത്.പകല്‍സമയത്ത് മുറിയില്‍ ആളില്ലാതിരുന്നപ്പോള്‍ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് വാതില്‍തുറന്ന് പിന്‍വാതിലിന്‍റെ സ്ക്രൂകള്‍ ഇളക്കിവച്ചിട്ട്‌  രാത്രിയില്‍ അതുവഴി അകത്തുകടക്കുകയാണ് ചെയ്തത്.മുന്‍പൊരിക്കല്‍ തിരുവല്ലയില്‍ ഒറ്റക്കുതാമസിച്ചിരുന്ന ഒരു സ്ത്രീയെ കൊലപ്പെടുത്തിയ വാര്‍ത്തയും ഓര്‍മ്മവരുന്നു. മോഷണമായിരുന്നു അവിടെ ലക്ഷ്യം.

ബംഗാളില്‍നിന്നെത്തുന്ന തൊഴിലാളികള്‍ക്കൊപ്പം ധാരാളം ബംഗ്ലാദേശികളും കേരളത്തില്‍ തൊഴില്‍ തേടിയെത്തുന്നു. വ്യാജരേഖകള്‍ ചമച്ചാണ് അവര്‍ ഇന്ത്യയില്‍ എത്തുന്നത്.കൂട്ടത്തില്‍ പാകിസ്താനില്‍നിന്നും മറ്റുമുള്ള ഭീകരര്‍ എത്തുകയില്ല എന്നതിനു എന്താണുറപ്പ്??. മാത്രമല്ല ഇവരില്‍ക്കൂടി സാംക്രമികരോഗങ്ങളും പകരാനുള്ള സാധ്യത വളരെക്കൂടുതലാണ്.
  
കഴിഞ്ഞ രണ്ടാഴ്ചകള്‍ക്കുള്ളില്‍ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുപതിലധികം ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്യുകയുണ്ടായി. മതിയായ രേഖകള്‍ ഇല്ലാതെയും, വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടാക്കിയുമാണ്‌ അവര്‍ ഇവിടെ കഴിഞ്ഞിരുന്നത്. വ്യാജരേഖകള്‍ ചമയ്ക്കാന്‍ ഇവിടെനിന്നുള്ള സഹായമില്ലെങ്കില്‍ സാധ്യവുമല്ല. ഇത്തരത്തില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയിട്ടുള്ളവര്‍ കുറ്റം ചെയ്തതിനുശേഷം രക്ഷപ്പെട്ടാല്‍ അവരെ കണ്ടുപിടിക്കുക എന്നത് അസാധ്യമാണ്.

വളരെ അപകടകരമായ ഒരു സ്ഥിതിവിശേഷമാണ് സംജാതമായിക്കൊണ്ടിരിക്കുന്നത്. കേരളത്തിന്‍റെ വടക്കന്‍ ജില്ലകളില്‍ മാവോവാദികളുടെ സാന്നിധ്യമുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ വനങ്ങള്‍ കേന്ദ്രീകരിച്ച് ഭീകരര്‍ക്ക്‌ പരിശീലനം നല്‍കപ്പെടുന്നു എന്നുള്ള വാര്‍ത്തകളും ഏറെ ആശങ്കാജനകമാണ്.

കഴിഞ്ഞവര്‍ഷം അസ്സമിലും, മ്യാന്‍മാര്‍ അതിര്‍ത്തിയിലുമൊക്കെ പ്രദേശവാസികളും, കുടിയേറ്റക്കാരായ ബംഗ്ലാദേശികളും തമ്മിലുള്ള പ്രശ്നങ്ങള്‍ കലാപമായി മാറുകയും പിന്നീടത്‌ മദീനത് ഉലമ എന്ന മുസ്ലിം സംഘടനയുടെ നേതൃത്വത്തില്‍ മുംബൈയില്‍ വന്‍ അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്തു. ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന ആദ്യ സമരത്തിന്‍റെ സ്മാരകമായ അമര്‍ജവാന്‍ ജ്യോതിപോലും അടിച്ചുതകര്‍ത്ത വാര്‍ത്തകള്‍ നമ്മള്‍ കണ്ടതാണ്.അതുപോലെയുള്ള കലാപങ്ങള്‍ കേരളത്തിലും ആവര്‍ത്തിക്കാനുള്ള  സാധ്യതകള്‍ ഏറെയാണ്‌.

കേരളത്തിലെത്തുന്ന അന്യസംസ്ഥാനതൊഴിലാളികളെ വഴിവിട്ടു സഹായിക്കുന്നതില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വലിയ പങ്കുണ്ട്. സ്ഥാപിതതാല്‍പര്യക്കാരായ രാഷ്ട്രീയനേതാക്കന്മാരാണ് ഇതിനുവേണ്ടി മുന്‍കൈയെടുക്കുന്നത്. അന്യസംസ്ഥാനതൊഴിലാളികള്‍ക്കു വേണ്ടി സംഘടനകള്‍ വരെ ഉണ്ടാക്കിയിരിക്കുന്നു എന്നാണു മനസ്സിലാക്കുന്നത്.ചില സമുദായനേതാക്കന്മാരും അനധികൃതതാമസക്കാരെ വഴിവിട്ടു സഹായിക്കുന്നതായി റിപ്പോര്‍ട്ടുകളില്‍ കാണുന്നു.

ബംഗ്ലാദേശില്‍നിന്നുളള കടന്നുകയറ്റം അധികമായി എന്നുള്ള തോന്നല്‍ ഉണ്ടായതുകൊണ്ടാവാം ഇരു രാജ്യങ്ങളുടെയും അതിര്‍ത്തി സംസ്ഥാനങ്ങളില്‍ താമസിക്കുന്നവര്‍ക്കായി ഇന്ത്യ നല്‍കിപ്പോരുന്ന “ഇരട്ട പാസ്പോര്‍ട്ട്” സംവിധാനം നിര്‍ത്തലാക്കിയത്. പുതിയപാസ്പോര്‍ട്ടുകള്‍ ഒന്നുംതന്നെ ഇനി നല്‍കുകയില്ല എന്നു മാത്രമല്ല ഇതുവരെ നല്‍കിയിട്ടുള്ളവയുടെ കാലാവധി അഞ്ചുവര്‍ഷങ്ങള്‍കൊണ്ട് തീരുകയും ചെയ്യും.

മതിയായ രേഖകള്‍ ഇല്ലാതെ കേരളത്തില്‍ വരുന്ന അന്യസംസ്ഥാനതൊഴിലാളികളെ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതിനുവേണ്ടിയുള്ള നടപടികള്‍ സര്‍ക്കാരും പോലീസും ശക്തമാക്കിയെങ്കില്‍ മാത്രമേ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുകയുള്ളൂ. സര്‍ക്കാരിനും പോലീസിനും മാത്രമല്ല ഇതില്‍ ഉത്തരവാദിത്തം ഉള്ളത്. ഓരോ പൌരനും അവനവന്റെ സുരക്ഷയില്‍ ശ്രദ്ധ ചെലുത്തിയെങ്കില്‍ മാത്രമേ സ്ഥിതിഗതികള്‍ വേഗത്തില്‍ നിയന്ത്രിക്കാന്‍ കഴിയുകയുള്ളൂ. അന്യസംസ്ഥാനതൊഴിലാളികള്‍ക്ക് വാടകക്കും മറ്റും വീടുകള്‍ നല്‍കുന്നത് വളരെ കരുതലോടെയായിരിക്കണം. മതിയായ രേഖകള്‍ ഇല്ലാതെ താമസിക്കുന്നവരെ സഹായിക്കുന്നവര്‍ക്കെതിരെയും മുഖംനോക്കാതെ നടപടികള്‍ കൈക്കൊണ്ടെങ്കില്‍മാത്രമേ കാര്യങ്ങള്‍ നിയന്ത്രണാധീനമാവൂ.  


No comments: