Monday 20 January 2014

ആം ആദ്മി രക്ഷപ്പെടുമോ??






അഴിമതിക്കെതിരെ ശ്രീ.അണ്ണാഹസാരെ തുടങ്ങിവച്ച ലോക്പാല്‍സമരത്തിന്‍റെ മുഖ്യപ്രചാരകനായി രംഗത്തുവന്ന ശ്രീ.അരവിന്ദ് കേജ്രിവാള്‍ ഹസാരെയുമായി പിരിഞ്ഞ് സാധാരണ ജനങ്ങള്‍ എന്നര്‍ഥം വരുന്ന ആം ആദ്മി പാര്‍ട്ടി (AAP) രൂപീകരിക്കുകയും, രൂപമെടുത്ത് ഒരുവര്‍ഷമാകുമ്പോഴേക്കും ഡല്‍ഹിപോലൊരു സംസ്ഥാനത്തിന്‍റെ ഭരണം കയ്യേല്‍ക്കാനും സാധിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക മാറ്റമായി നിരീക്ഷകര്‍ അതിനെ വിലയിരുത്തുന്നു. അഴിമതിക്കെതിരെയുള്ള AAPയുടെ  നിലപാടുകളില്‍ മാത്രമല്ല ജനങ്ങളെ അതിലേക്കു ആകര്‍ഷിച്ചത്.  മുഖ്യധാരാ രാഷ്ട്രീയകഷികളുടെ ജനവിരുദ്ധനയങ്ങള്‍ തന്നെയാണ് അതിനു പ്രധാനകാരണം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതില്‍ നിലവിലുള്ള സര്‍ക്കാരുകളുടെ പരാജയം, ഡല്‍ഹി കൂട്ടബലാത്സംഗം എന്നിവ യുവജനങ്ങളെ AAPയിലേക്ക് ആകര്‍ഷിച്ചു. ശ്രീ.അണ്ണാ ഹസാരെയുടെ ജനപിന്തുണയും വ്യക്തിപ്രഭാവവും ചൂഷണം ചെയ്ത് ശ്രീ.കേജ്രിവാള്‍ ഈയവസരം രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുകയും ചെയ്തു.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു മാറ്റം ആഗ്രഹിച്ച ജനങ്ങള്‍ ഒന്നാകെ ഡല്‍ഹിയില്‍ AAPക്ക് പിന്നില്‍ അണിനിരന്നു എന്നുവേണം മനസ്സിലാക്കാന്‍. മറ്റു രാഷ്ട്രീയകക്ഷികളെ അപേക്ഷിച്ച്, AAPയുടെ കുറച്ചുകൂടി സുവ്യക്തമായ ധരിക്കപ്പെടുന്ന നിലപാടുകളില്‍ ആകൃഷ്ടരായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ജനങ്ങള്‍ AAPയിലേക്ക് ചേരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഡല്‍ഹിയില്‍ ഭരണത്തിലേറാനായത് അതിന്‍റെ ആക്കം കൂട്ടുകയും ചെയ്യുന്നു. ജനോപകാരനടപടികള്‍ എത്രത്തോളം നടപ്പിലാക്കാന്‍ സാധിക്കും എന്നുള്ളത് കാത്തിരുന്നു കാണണം. ബാലാരിഷ്ടതകള്‍ മാറാത്ത പാര്‍ട്ടിയും, രാഷ്ട്രീയ-ഭരണകാര്യങ്ങളില്‍ തുടക്കക്കാരായ നേതാക്കളുടെ പ്രവര്‍ത്തിയും നയങ്ങളും എത്രകണ്ട് ജനപ്രിയമാകുമെന്നത് അവരുടെ നിലപാടുകളെ ആശ്രയിച്ചിരിക്കും.

ഭരണത്തിലേറി കുറച്ചുദിവസങ്ങള്‍ കൊണ്ടുതന്നെ തെരഞ്ഞെടുപ്പില്‍ നല്‍കപ്പെട്ട വാഗ്ദാനങ്ങളില്‍ ചിലതൊക്കെ ഭാഗികമായെങ്കിലും നിറവേറ്റാന്‍ സാധിച്ചത് വലിയകാര്യം തന്നെയാണ്. AAP മന്ത്രിമാരുടെ താമസ സ്ഥലത്തെയും, വാഹനങ്ങളെയും, സുരക്ഷയെയും സംബന്ധിച്ചു പുറത്തുവരുന്ന പ്രസ്താവനകള്‍ ബാലിശം എന്നെ പറയാനൊക്കൂ. മന്ത്രിമാരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും കുറച്ചു വലിയ വീടും,മെച്ചപ്പെട്ട യാത്രാ സൌകര്യങ്ങളുമൊക്കെ അനിവാര്യമായ ഒന്നാണ്. ഡല്‍ഹി പോലൊരു സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ അതിപ്രധാനമായ കാര്യമാണ്. ഇതൊക്കെ വേണ്ടായെന്നു തെരഞ്ഞെടുപ്പിന് മുന്‍പ്‌ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അജ്ഞതകൊണ്ടോ അല്ലെങ്കില്‍ സാധാരണജനങ്ങളുടെ വോട്ടു നേടാനോവേണ്ടിയുള്ള തന്ത്രം മാത്രം ആയിരുന്നിരിക്കും.

വ്യക്തമായ ഒരു രാഷ്ട്രീയ-ഭരണ-വികസന-സാമ്പത്തികനയമോ കാഴ്ചപ്പാടോ ഇല്ല എന്നതാണ് AAPയുടെ പ്രധാന ന്യൂനത. നയവൈകല്യം ഉയര്‍ത്തുന്ന ഭീഷണി തെല്ലൊന്നുമല്ല AAPയെ വലയ്ക്കുന്നത്. തീരുമാനങ്ങള്‍ എടുക്കുക എന്നത് പ്രധാനമായും ശ്രീ.കേജ്രിവാളിലും വിരലില്‍ എണ്ണാവുന്ന ചുരുക്കം ആള്‍ക്കാരിലുമായി ഒതുങ്ങിയിരിക്കുന്നു. ഏതാനും ചിലരാല്‍ നയിക്കപ്പെടുന്ന ആള്‍ക്കൂട്ടമാണ് AAP എന്ന് പറയാം.
കേവലം അഴിമതിവിരുദ്ധ മുദ്രാവാക്യംകൊണ്ട് മാത്രം ഭരണം നടത്താനാവില്ല എന്ന് ശ്രീ.കേജ്രിവാളിനു ഇതിനകം ബോധ്യമായിട്ടുണ്ടാവണം. പരാജയപ്പെട്ട ജനതാദര്‍ബാര്‍ അതിനു പ്രത്യക്ഷ ഉദാഹരണമാണ്. വര്‍ദ്ധിച്ചുവരുന്ന പീഡനങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതില്‍ തുടരെയുള്ള വീഴ്ചകള്‍ AAP സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന്  ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതുപോലെതന്നെ വിദേശനിക്ഷേപത്തെ എതിര്‍ക്കുകവഴി തൊഴിലില്ലായ്മക്ക്നേരെ കണ്ണടക്കുകയാണ് ചെയ്യുന്നത്. പാളയത്തില്‍ പടയാണ് AAP നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. വിടുവായിത്തം പറയുന്ന നേതാക്കള്‍ തന്നെ AAPയുടെ ശവപ്പെട്ടി ഒരുക്കുന്ന കാഴ്ചയും വിദൂരമല്ല.ഡല്‍ഹിയിലെ ജനങ്ങളുടെ സുരക്ഷ മുഖ്യമന്ത്രിതന്നെ ദൈവത്തെ ഏല്‍പ്പിച്ചു കഴിഞ്ഞു. നേതാവ് തന്നെ ഇങ്ങനെ പറയുമ്പോള്‍ അണികള്‍ അതില്‍ കൂടുതല്‍ പറഞ്ഞില്ലങ്കിലെ അത്ഭുതമുള്ളൂ.

700 ലിറ്റര്‍വരെ സൌജന്യമായി നല്‍കുമെന്നു പ്രഖ്യാപിച്ച കുടിവെള്ളവിതരണത്തിലും പ്രഖ്യാപിത നിലപാടുകളില്‍ നിന്ന് പിന്നോട്ട്പോയിരിക്കുന്നു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ചെപ്പടിവിട്യകള്‍ കൊണ്ടൊന്നും രാജ്യത്തെയോ സ്റ്റേറ്റിനെയോ നയിക്കുക അസാധ്യമാണ്.


ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലത്തിലും ശ്രീ.കേജ്രിവാളിന്‍റെ വ്യക്തിപ്രഭാവത്തിലും ആകൃഷ്ടരായി AAP യില്‍ അംഗത്വമെടുക്കാന്‍ വന്‍തിരക്കാണ് ഉള്ളത്. സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ളവര്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. പക്ഷേ ഇങ്ങനെയുള്ളവരില്‍ പ്രധാനമായും  ഉയര്‍ത്തിക്കാട്ടപ്പെടുന്നത് സാധാരണക്കാരെയല്ല മറിച്ച് കോര്‍പറേറ്റ് മേധാവികളെയും, കാപ്പിറ്റലിസ്റ്റുകളേയുമാണ്. ഇവരൊക്കെ ചേര്‍ന്ന് അധികാരത്തില്‍ വന്നാല്‍ സാധാരണക്കാരന്‍റെ താല്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കപ്പെടുമോ എന്നുള്ളത് കാത്തിരുന്നു കാണണം. 

No comments: