Monday 3 February 2014

ഇന്നും തുടരുന്ന ദളിത്‌ പീഡനങ്ങള്‍...



കുറെ ദിവസങ്ങളായി പത്രങ്ങളില്‍ കാണുന്നത് ഇന്ത്യയിലെ ദളിത്‌ വിഭാഗങ്ങള്‍ക്കെതിരായ ക്രൂരപീഡനങ്ങളുടെ വാര്‍ത്തകളാണ്‌. അധികവും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുമാണ്. ദളിത്‌സംരക്ഷണം പ്രചാരണായുധമാക്കിയ ജനതാദള്‍ രാഷ്ട്രീയപാര്‍ട്ടികള്‍പോലും അധികാരത്തില്‍വന്നതിനുശേഷം ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുകയാണ് ചെയ്യുന്നത്.

പശ്ചിമബംഗാളില്‍ ദളിതര്‍ക്കെതിരായി നടക്കുന്ന പീഡനങ്ങള്‍ എത്രത്തോളം ഭീതിതമാണന്ന് അവിടെനിന്നും വരുന്ന വാര്‍ത്തകള്‍ വായിച്ചാല്‍ മനസ്സിലാവും.ചില വാര്‍ത്തകള്‍ വായിക്കുമ്പോള്‍ അവിടെ നിയമവാഴ്ചയോ, ഭരണമോ ഉണ്ടോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. സമാന്തരസര്‍ക്കാരിനെപ്പോലെ പെരുമാറുന്ന നാട്ടുക്കൂട്ടങ്ങള്‍. ഉയര്‍ന്നജാതിയിലുള്ള ഒരുവനെ സ്നേഹിച്ചു എന്നകുറ്റം ചുമത്തി ദളിത്‌യുവതിയെ ഗ്രാമമുഖ്യന്‍റെ നേതൃത്വത്തില്‍ കൂട്ടബലാത്സംഗം ചെയ്ത് ശിക്ഷ നടപ്പാക്കി.... എത്ര ഭീകരമായ അവസ്ഥയാണിത്?? പ്രസ്തുത സംഭവത്തില്‍ കേസെടുക്കുന്നതിനുപോലും കോടതിയുടെ നിര്‍ദേശംപോലും വേണ്ടിവന്നു...

ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. കാലാകാലങ്ങളായി നടന്നുവരുന്ന ദളിത്‌ ചൂഷണങ്ങളുടെ മറ്റൊരു മുഖം മാത്രമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദളിതര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഭൂവുടമ-സര്‍ക്കാര്‍-പോലിസ്‌-ജുഡിഷ്യറി ഇവയുടെ അവിശുദ്ധ കൂട്ടുകെട്ടുകള്‍ കാണാന്‍ കഴിയും.

എഴുപതുകളുടെ അവസാനത്തോടെ വര്‍ദ്ധിച്ചുവന്ന ദളിത്‌ മുന്നേറ്റങ്ങളില്‍ അസ്വസ്ഥരായ സവര്‍ണ ഭൂവുടമകളുടെ അസഹിഷ്ണുത ചെന്നെത്തിയത് അവരുടെ സ്വകാര്യ-ഗുണ്ടാസേനയുടെ രൂപീകരണത്തിലായിരുന്നു. ബ്രാഹ്മിണ-ഭൂമിഹാര്‍ ഭൂവുടമകള്‍ മാത്രമായിരുന്നില്ല ദളിത്‌മുന്നേറ്റങ്ങള്‍ക്ക് തടയിടുന്നതിനായി പ്രവര്‍ത്തിച്ചിരുന്നത്.പിന്നോക്ക സമുദായ ഉന്നമനത്തിലൂടെ ശക്തിപ്രാപിച്ച യാദവരും, കുര്‍മികളും അവരവരുടെ സ്വകാര്യ ഗുണ്ടാസേനകള്‍ രൂപീകരിച്ച് ദളിതര്‍ക്കെതിരായ പ്രവര്‍ത്തനങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ബ്രാഹ്മണരുടെ രണ്‍വീര്‍സേന, ഭൂമിഹാര്‍പ്രഭുക്കളുടെ ബ്രഹ്മര്‍ഷിസേന, രജപുത്രരുടെ കന്‍വര്‍സേന,കുര്‍മികളുടെ  ഭൂമിസേന, യാദവരുടെ ലോരിക് സേന, എന്നീ ഫ്യൂഡല്‍ ഗുണ്ടാസംഘങ്ങളുടെ രൂപീകരണം;  ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്ന സാമൂഹിക അസുന്തലിതാവസ്ഥക്കെതിരായി ഉയര്‍ന്നുവന്ന ദളിത്‌മുന്നേറ്റങ്ങളെ അടിച്ചമര്‍ത്തുന്നതിനു വേണ്ടിയായിരുന്നു.

ചെയ്യുന്നജോലിക്ക് കൃത്യമായ കൂലി, വോട്ടവകാശം, വിദ്യാഭ്യാസം, മാന്യമായ ജീവിതം ഇവയ്ക്കുവേണ്ടി പോരാടുന്ന ദളിതരെ നിഷ്ഠൂരമായി കൊലചെയ്യുക എന്ന സമീപനമാണ് ഭൂവുടമകള്‍ സ്വീകരിച്ചുവരുന്നത്. ഭരണകൂടവും നീതിപീഠങ്ങളും വെറും കാഴ്ചക്കാര്‍ മാത്രമാകുന്നു. സമീപകാലത്ത് ഇന്ത്യയില്‍ നടന്ന അതിനിഷ്ഠൂരമായ ജാതീയ അടിച്ചമര്‍ത്തല്‍ ആയിരുന്നു 1997ല്‍ ബീഹാറില്‍ നടന്നത്. ഗര്‍ഭിണികളായ സ്ത്രീകളും കുട്ടികളും അടക്കം അറുപതോളം ദളിതരെയാണ് രണ്‍വീര്‍സേന കൂട്ടക്കൊല ചെയ്തത്. എന്നാല്‍ ഈ കേസിലെ ഒരു പ്രതിപോലും ശിക്ഷിക്കപ്പെട്ടില്ല എന്നതാണ് സത്യം. കൃത്യമായ തെളിവുകളും സാക്ഷികളും ഇല്ല എന്നപേരില്‍ മുഴുവന്‍ പ്രതികളെയും വെറുതെവിടുകയായിരുന്നു.

എന്നാല്‍ കേരളത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. സവര്‍ണവിഭാഗക്കാര്‍ പ്രത്യക്ഷമായി ദളിതര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നില്ല എങ്കിലും മാനസികമായ ഒരു അകല്‍ച്ച എല്ലായിടവും ദൃശ്യമാണ്. അസംഘടിതരായ ആദിവാസികളെയും മറ്റും പ്രലോഭനങ്ങളില്‍ മയക്കി ലൈംഗീകമായും, തോഴില്‍പരമായും മറ്റും ചൂഷണം ചെയ്യുന്ന വാര്‍ത്തകള്‍ ഇടയ്ക്കിടെ കേള്‍ക്കാറുണ്ട്താനും.പക്ഷെ ഇതൊക്കെയാണെങ്കിലും സമൂഹത്തില്‍ അര്‍ഹമായസ്ഥാനം ദളിതര്‍ക്ക് നല്‍കുന്നതില്‍ കേരളം ഏറെ മുന്നിലാണ്. ഇന്ത്യയുടെ രാഷ്ട്രീയ-ഭരണരംഗങ്ങളില്‍ ഉന്നതസ്ഥാനീയരായ ഭൂരിഭാഗം ദളിതരൊക്കെത്തന്നെയും കേരളത്തില്‍നിന്നുള്ളവരാണ് എന്നുള്ള കാര്യം ശ്രെദ്ധിക്കേണ്ടതാണ്. ദളിതര്‍ക്ക് വിദ്യാഭ്യാസവും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും നല്‍കുന്നതില്‍ സര്‍ക്കാരുകള്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നതു കൊണ്ടുതന്നെയാണ് കേരളത്തില്‍ ദളിതരുടെ ഉയര്‍ച്ച സാധ്യമാകുന്നത്. കേരളത്തിലെ ദളിതരുടെ ഉന്നമനത്തിനായി എസ്.എന്‍.ഡി.പി. പോലുള്ള സാമൂഹിക സംഘടനകളുടെ നിലപാടുകളും മുന്‍കാലങ്ങളില്‍ ഏറെ സഹായകമായിട്ടുണ്ട്.


മഹാത്മജി ‘ഹരിജന്‍’ എന്നു വിളിച്ച പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തെ, സമൂഹത്തിന്‍റെ മുഖ്യധാരയിലെക്കെത്തിക്കാന്‍ പുരോഗമന ചിന്താഗതിയുള്ള സാമൂഹിക സംഘടനകളും സംഘടനകളും, രാഷ്ട്രീയകക്ഷികളും,സര്‍ക്കാരുകളും പ്രതിജ്ഞാബദ്ധമായെങ്കിലെ സാധ്യമാവൂ.  

No comments: