Thursday, 25 September 2014

സൈക്കിള്‍ ചവിട്ടി ചൊവ്വയിലേക്ക്...

മംഗള്‍യാന്‍ അതിന്റെ പ്രവര്‍ത്തിമണ്ഡലത്തില്‍ എത്തിയതിനുശേഷമുള്ള ഈയവസരത്തില്‍ ചില മേനിപറച്ചിലുകള്‍ കേള്‍ക്കുമ്പോള്‍ കുറച്ചുകാര്യങ്ങള്‍ സൂചിപ്പിക്കാതെ തരമില്ല.

സ്വാന്ത്ര്യാനന്തര ഭാരത്തില്‍ ശാസ്ത്രസാങ്കേതിക വികസനരംഗങ്ങളില്‍ കുതിപ്പിന് ആവശ്യമായ നയപിന്തുണ നല്‍കിയത് കൊണ്ഗ്രെസ്സ് നേതൃത്വത്തിലുള്ള  കേന്ദ്രസര്‍ക്കാരുകളാണ് എന്നതില്‍ രണ്ടുപക്ഷമില്ല. കൊണ്ഗ്രെസ്സ് പ്രധാനമന്ത്രിമാരുടെ കലവറയില്ലാത്ത പിന്തുണയും, ബഹുമാന്യരായ ശ്രീ. വിക്രം സാരാഭായി
, ക്യാപ്റ്റന്‍ സതീഷ്‌ ധവാന്‍, മുന്‍ പ്രസിഡന്‍റ് ശ്രീ. എ.പി.ജെ അബ്ദുല്‍കലാം തുടങ്ങിയ പ്രഗല്ഭരുടെ അക്ഷീണപ്രയത്മാവുമാണ് ഇന്നത്തെ അവസ്ഥയിലേക്ക് ISRO-യെ എത്തിച്ചത്.

1969-ല്‍ ബാംഗ്ലൂരില്‍ ISRO രൂപീകൃതമായപ്പോഴുള്ള ദയനീയ ചുറ്റുപാടില്‍നിന്നും ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നത് ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ ആത്മസമര്‍പ്പണം ഒന്നുകൊണ്ടുമാത്രമാണ്. റോക്കറ്റിന്റെ ഭാഗങ്ങള്‍ സൈക്കിളില്‍ വച്ചുകെട്ടി വിക്ഷേപണസ്ഥലത്തേക്ക് കൊണ്ടുപോയിരുന്ന  അവസ്ഥയില്‍നിന്ന് ഏറെ മെച്ചപ്പെട്ട ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചെരാനായത്  സങ്കുചിത രാഷ്ട്രീയതാല്പര്യങ്ങളില്ലാത്ത  ശക്തമായ നിലപാടുകളുള്ള ഭരണപിന്തുണ ഒന്നുകൊണ്ടു മാത്രമായിരുന്നു. തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരുന്ന വിക്ഷേപണപരാജയങ്ങളില്‍ ശാസ്ത്രജ്ഞരെ കുറ്റപ്പെടുത്തുകയല്ല കേന്ദ്രസര്‍ക്കാര്‍ ചെയ്തിരുന്നത്. കൂടുതല്‍ വ്യക്തതയുള്ള പരീക്ഷണങ്ങള്‍ക്കുള്ള വര്‍ധിച്ച പിന്തുണയാണ് നല്‍കിയത്. ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള ശക്തമായ നിലപാടുകള്‍ ശാസ്ത്രജ്ഞര്‍ക്ക് കൂടുതല്‍ കരുത്തേകി. 1975-ല്‍ തദ്ദേശീയമായി നിര്‍മ്മിച്ച ഉപഗ്രഹം റഷ്യന്‍ സഹായത്തോടെ വിക്ഷേപിക്കാന്‍ കഴിഞ്ഞത് ഒരു വഴിത്തിരിവായിരുന്നു. 1980-ല്‍ തദ്ദേശീയമായി നിര്‍മ്മിച്ച റോക്കറ്റിലൂടെ നാമത് സാധിച്ചു.
യശശരീരനായ മുന്‍പ്രധാനമന്ത്രി ആദരണീയനായ രാജീവ്ജിയുടെ വികസനക്കാഴ്ച്ചപ്പാട് ISRO-യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകി. ശാസ്ത്രസാങ്കേതിക രംഗങ്ങളിലെക്കുള്ള കുതിച്ചുചാട്ടത്തിന് അദ്ദേഹത്തിന്‍റെ
നയങ്ങള്‍ കൂടുതല്‍ ഉണര്‍വ്വേകി.
 
അവിടുന്നിങ്ങോട്ടുള്ള പ്രയാണം 2008-ലെ പരിപൂര്‍ണ വിജയമായ ചന്ദ്രയാന്‍ ദൌത്യവും കഴിഞ്ഞ്. ഇന്ന് ചൊവ്വ ദൌത്യം വരെ എത്തിനില്‍ക്കുന്നു. അതും ഏറ്റവുംകുറഞ്ഞ ചിലവില്‍ ആദ്യ സംരഭത്തില്‍ തന്നെ വിജയിച്ച ഏകരാജ്യം, ഏഷ്യയിലെ ഒരേയൊരു രാജ്യവും. ഏതൊരു ഭാരതീയനും ആത്മാഭിമാനത്തിന് വകനല്‍കുന്നൊരു കാര്യമാണിത്.

ബഹിരാകാശരംഗത്ത്‌ ഇന്ത്യ അതിവേഗം വളരുന്നതില്‍ വിളറിപിടിച്ച അമേരിക്ക ഇന്ത്യന്‍ ബഹിരാകാശഗവേഷണത്തെ തുരങ്കംവയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ കുല്‍സിതശ്രമങ്ങള്‍മൂലമുണ്ടായ ചാരക്കേസ് ISRO യുടെ പ്രവര്‍ത്തനങ്ങളെ കുറച്ചു പിന്നോട്ടടിച്ചു എന്നത് നേരുതന്നെ. സങ്കുചിത രാഷ്ട്രീയതാല്പര്യങ്ങളുള്ള ചില ദേശദ്രോഹികളുടെ പിന്തുണയും അവര്‍ക്കുണ്ടായി എന്നത് പരസ്യമായ രഹസ്യമാണ്. ഇന്ത്യന്‍ ബഹിരാകാശരംഗത്തെ അഭിമാനനേട്ടമായ ക്രയോജനിക്‌ കണ്ടുപിടിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ശ്രീ.നമ്പിനാരായണനെ പോലെയുള്ള ശാസ്ത്രജ്ഞര്‍ അതില്‍ കൊടിയ പീഡനങ്ങള്‍ അനുഭവിക്കുകയും ചെയ്തു.

അതിനെയെല്ലാം മറികടന്ന്‌ ചരിത്രം തിരുത്തിയ “ചൊവ്വാദൌത്യം” വരെയെത്തിയത് കേവലം രാഷ്ട്രീയ നേട്ടങ്ങള്‍ക്കതീതമായി കൊണ്ഗ്രെസ്സ് സര്‍ക്കാരുകള്‍ സ്വീകരിച്ച ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളുടെയും, ശക്തമായ നിലപാടുകളുടെയും വിജയമാണെന്ന് പറയാതെ വയ്യ.

മംഗള്‍യാന്‍ പദ്ധതി ആരംഭിക്കാന്‍ അനുവാദം നല്‍കിയതും, ഒന്നരവര്‍ഷതിനകം പദ്ധതി പൂര്‍ത്തീകരിക്കുവാന്‍ ISRO ചെയര്‍മാന്‍ ശ്രീ.രാധാകൃഷ്ണനും അദ്ദേഹത്തിന്റെ ടീമിനും കഴിഞ്ഞത് മുന്‍പ്രധാനമന്ത്രി ശ്രീ.മന്മോഹന്‍ സിംഗിന്‍റെ ശക്തമായ നിലപാടുകളും, പിന്തുണയും മൂലമാണെന്നതില്‍ തര്‍ക്കമില്ല.

ISRO മുന്‍ ചെയര്‍മാന്‍ ശ്രീ.മാധവന്‍ നായരേപ്പോലെയുള്ളവര്‍ മംഗള്‍യാന്‍  പദ്ധതിയെ പെരുന്തച്ചന്‍ മനോഭാവത്തോടെ കണ്ടതും ദൌത്യം വിജയമാക്കുന്നതില്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ കരുത്തേകി എന്നുവേണം അനുമാനിക്കാന്‍.
മംഗള്‍യാന്‍ പദ്ധതി വിജയമാക്കിയവക്ക് ആശംസയര്‍പ്പിച്ചുസംസാരിച്ചപ്പോള്‍, ദൌത്യത്തിനു കാരണഭൂതനായ തന്‍റെ മുന്‍ഗാമിയെപ്പറ്റി ഒരു വാക്കു ഉച്ചരിക്കാനുള്ള സാമാന്യമര്യാദപോലും പ്രധാനമന്ത്രി ശ്രീ.മോഡി കാണിച്ചില്ല എന്നതുമാത്രം മതി അദ്ദേഹത്തിന്‍റെ വികസനകാഴ്ച്ചപ്പാട്‌ മനസ്സിലാക്കാന്‍.    
 
മംഗള്‍യാന്‍ പദ്ധതിയെ അതിരൂക്ഷമായി വിമര്‍ശിച്ചവര്‍ തന്നെ, പ്രസ്തുത അതിന്‍റെ വിജയത്തില്‍ ആഘോഷിക്കുകയും, പിതൃത്വം സ്വയം ഏറ്റെടുക്കുകയും ചെയ്തതാണ് അവരുടെ സങ്കുചിത കാഴ്ച്ചപ്പാടുകള്‍ക്കുള്ള  മറുപടി.

ഇന്ത്യയുടെ യശസ്സ് വാനോളമുയര്‍ത്തി ചൊവ്വാപര്യവേക്ഷണ ഉപഗ്രഹം
മംഗള്‍യാന്‍  ചൊവ്വയുടെ പ്രവര്‍ത്തനമണ്ഡലത്തില്‍ എത്തിപ്പെട്ടിരിക്കുന്നു. ഈയൊരു ദൌത്യതിനുവേണ്ടി അഹോരാത്രം പ്രയത്നിച്ച ISROയിലെ  ശാസ്‌ത്രജ്ഞന്‍മാര്‍ക്കും, എന്‍ജിനിയര്‍മാര്‍ക്കും അകമഴിഞ്ഞ  അഭിനന്ദനങ്ങള്‍... അഭിവാദ്യങ്ങള്‍....
ജയ്‌ഹിന്ദ്‌..

Post a Comment