Sunday 9 July 2017

മലയാളിയുടെ വൈകൃതങ്ങള്‍...

ഫേസ്ബുക്ക്, വാട്ട്സാപ് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ക്കൂടി മറ്റുള്ളവരെ കളിയാക്കുന്നതും  ആക്ഷേപിക്കുന്നതുമായ വ്യാജവാര്‍ത്തകളും ചിത്രങ്ങളും മറ്റും ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും  ചെയ്യുന്ന പ്രവണതകള്‍ കൂടിക്കൂടി വരികയാണ്.

നൂറു ശതമാനം സാക്ഷരത നേടിയെന്ന് അവകാശപ്പെടുന്ന, വിദ്യാസമ്പന്നരെന്നു ഊറ്റംകൊള്ളുന്ന മലയാളയുവത്വങ്ങളാണ് ഇങ്ങനെയുള്ള ചെയ്തികള്‍  കൂടുതലായി കാണിക്കുന്നത് എന്നുള്ളത് ഏറെ ലജ്ജാകരം.

ഇതൊരു മാനസിക വൈകൃതമാണ്... ഒരുതരം മനോരോഗം...  മറ്റുള്ളവരെ കളിയാക്കുന്നതില്‍നിന്നും ആക്ഷേപിക്കുന്നതില്‍നിന്നും ആനന്ദം കണ്ടെത്തുന്ന ഗുരുതരമായ മാനസിക രോഗം.....

ഏതോ ഒരു ബ്രാന്‍ഡട് ഷര്‍ട്ടിന്റെ പരസ്യമോഡലുമായി താരതമ്യം ചെയ്തുകൊണ്ട് നാട്ടുമ്പുറത്തുകാരനായ ഒരു വ്യക്തിയെ ആക്ഷേപിച്ചതായാലും, യാത്രാക്ലേശംമൂലം ഉറങ്ങിപ്പോയ മൂകനും ബധിരനുമായ ഒരു വ്യക്തിയെ മദ്യപാനിയായി ചിത്രീകരിച്ച് “കൊച്ചിന്‍ മെട്രോയിലെ ആദ്യ പാമ്പ്‌” എന്ന രീതിയില്‍ പ്രചരിപ്പിച്ച ചിത്രം.




ഇങ്ങനെയൊക്കെ ചെയ്യുന്നതിന് മുന്‍പ് നാമൊക്കെ പൂര്‍ണ്ണരാണോ... എല്ലാം തികഞ്ഞവരാണോയെന്നു ഒരു നിമിഷം ആലോചിക്കുക... നാളെ ഒരുപക്ഷെ നമുക്ക് നേരെയാണ് ഇത്തരം ട്രോളുകള്‍ വരുന്നതെങ്കില്‍ എന്തായിരിക്കും നമ്മുടെ മാനസിക അവസ്ഥയെന്നുകൂടി ചിന്തിക്കുക...
.
അതുപോലെതന്നെയുള്ള മറ്റു വ്യാജവാര്‍ത്തകളായിരുന്നു ചലച്ചിത്ര താരങ്ങളായ വിജയരാഘവന്റെയും, സാജന്‍ പള്ളുരുത്തിയുടേയും, സനൂഷയുടെയും  “മരണ” വാര്‍ത്തകള്‍.



ഇത്തരം  വാര്‍ത്തകള്‍ പ്രചരിപ്പിക്കുമ്പോള്‍  അതിനാല്‍ ബാധിക്കപ്പെടുന്നവര്‍ക്ക്  എത്രത്തോളം മാനസിക ബുദ്ധിമുട്ട് ഉണ്ടാകുന്നു എന്ന് ഇതിന്‍റെയൊക്കെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ചിന്തിക്കണം.

ഏതെങ്കിലുമൊരു മനോരോഗി, തന്റെ മാനസിക വൈകൃതം പ്രകടിപ്പിക്കുവാന്‍ വേണ്ടി പടച്ചുണ്ടാക്കുന്ന വ്യാജവാര്‍ത്തകളും, ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലെ കേവലം ലൈക്കിനും മറ്റും വേണ്ടി ഷെയര്‍ ചെയ്യുന്നവരുടെയും മാനസിക അവസ്ഥയും  വൈകൃതമുള്ളതുതന്നെയാണ്. 

എന്റെ അഭിപ്രായത്തില്‍ ഇത്തരം വാര്‍ത്തകളും ചിത്രങ്ങളും മുന്‍പിന്‍ നോക്കാതെ  ഷെയര്‍ ചെയ്യുന്നവരാണ് കൂടുതല്‍ കുഴപ്പക്കാര്‍.ഷെയര്‍ ചെയ്യുന്നതിന് മുന്‍പ് അതിന്റെ സത്യാവസ്ഥ അന്വേഷിക്കാന്‍ ആരും മിനക്കെടാറില്ല...  ഏതെങ്കിലുമൊരു പ്രധാന ഓണ്‍ലൈന്‍  പത്രമോ പോര്‍ട്ടലുകളോ പോലും നോക്കി വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍ ആരും മെനക്കെടാറില്ല എന്നതാണ് വാസ്തവം. ഒരുനിമിഷം വൈകിപ്പോയാല്‍ അത്രയും ലൈക്ക് കുറഞ്ഞാലോയെന്ന ആശങ്ക...!!!

അടുത്ത ദിവസങ്ങളിലായി  ബംഗാളില്‍നിന്ന് വരുന്ന വാര്‍ത്തകള്‍ വായിച്ചാല്‍ മനസിലാകും ഇതുപോലെയുള്ള വൈകൃതങ്ങളുടെ പ്രത്യാഘാതം എത്രയോ ഗുരുതരമാണെന്ന്... ഏതോ ഒരു മനോരോഗിയായ വര്‍ഗീയഭ്രാന്തന്റെ ചെയ്തിയുടെ ഫലമാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബംഗാളില്‍ നടന്നുവരുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍. 

ആത്മരതിക്കുവേണ്ടി (അതോ മനപ്പൂര്‍വമോ) ചെയ്തുവച്ച ഒരു തെമ്മാടിത്തരം പൊതുസമൂഹത്തെയും രാജ്യത്തിന്‍റെ മതേതര സ്വഭാവത്തേയും എത്രകണ്ട് ബാധിച്ചുവെന്ന് ഈയടുത്ത ദിവസങ്ങളിലെ പത്രവാര്‍ത്തകള്‍ നമുക്ക് കാണിച്ചു തരുന്നു.

ഇങ്ങനെയുള്ള വാര്‍ത്തകള്‍ പടച്ചുണ്ടാക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നതിനുമുന്‍പ് ഒരുനിമിഷം ചിന്തിക്കുക...  ഇത് ശെരിയാണോ??  എന്ത് ഗുണമാണ് നമുക്ക് ഇതില്‍നിന്നും കിട്ടുക...?? നമ്മുടെ ഒരു നിമിഷത്തെ തെറ്റായ പ്രവര്‍ത്തിയാല്‍ ബാധിക്കപ്പെടുന്നവരുടെ മാനസികാവസ്ഥ എന്തായിരിക്കും..??


ഇത്തരം വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കുകയും, പ്രചരിപ്പിക്കുന്നവരെയും കണ്ടെത്തി തക്കതായ ശിക്ഷ ഉറപ്പാക്കുവാന്‍ ഭരണസംവിധാനങ്ങളും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

 സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള നിയമങ്ങള്‍ കര്‍ക്കശമായി നടപ്പിലാക്കേണ്ടത് അനിവാര്യമായിരിക്കുന്നു. നാടിനും വ്യക്തികള്‍ക്കും ദോഷമുണ്ടാക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങളെ ചെറുതും വലുതുമായി തരംതിരിച്ചു കാണാതെ നിയമം കര്‍ശമായി നടപ്പിലാക്കി കുറ്റക്കാര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുത്തെങ്കില്‍ മാത്രമേ ഇത്തരം പ്രവണതകള്‍ ഒരുപരിധിവരെയെങ്കിലും നിയന്ത്രിക്കാന്‍ സാധിക്കൂ..   

No comments: