ആവിഷ്കാരസ്വാതന്ത്ര്യത്തെപ്പറ്റി പലരുമിവിടെ കൊട്ടിഘോഷിക്കുന്നതായിക്കാണുന്നു. എന്താണ് ഈ ആവിഷ്കാരസ്വാതന്ത്ര്യം?എന്തു തെമ്മാടിത്തരവും പറയാൻ മാത്രമായി സൗകര്യപൂർവം ഉപയോഗിക്കുന്ന ഒന്നാണോ ഈ വാക്ക് ??
അവഹേളനപരമായി എന്തു തെമ്മാടിത്തരവും വിളിച്ചുകൂവുന്നതല്ല ആവിഷ്കാരസ്വാതന്ത്ര്യം... കലാകാരൻ കണ്ടറഞ്ഞിതും, കൊണ്ടറിഞ്ഞതും, കേട്ടറിഞ്ഞതുമായ കാര്യങ്ങള്‍ തന്റെ ഭാവനയ്ക്കൊത്ത് സഭ്യമായി വരച്ചുകാണിക്കുന്നതാണ് ആവിഷ്കാരസ്വാതന്ത്ര്യം. അതിൽ പുരോഗമനപരമായ ഒരു സന്ദേശമുണ്ടാവണം... രചനയിൽ കഴമ്പുണ്ടാവണം.. സാമൂഹികപരിഷ്കരണത്തിനുതകുന്ന ഒരു ത്രെഡ്ഡുണ്ടാവണം..
കലാസൃഷ്ടികൾ കാലാനുസൃതമായിരിക്കണം. സ്ഥാപിതതാൽപര്യക്കാർക്ക് സൗകര്യപൂർവം ഉപയോഗിക്കാനുള്ള ഉൽപ്പന്നമായി രചനകൾ മാറാതിരിക്കാൻ കലാകാരൻ ശ്രദ്ധിക്കണം. ഇതൊന്നുമില്ലാതെ ഹിന്ദുമതവിശ്വാസപ്രകാരം ക്ഷേത്രദർശനത്തിനുപോകുന്ന സ്ത്രീകളെ അപ്പാടെ അധിക്ഷേപിക്കുന്ന പരാമർശം ഹരീഷീന്റെ നോവലായി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്നത് നിർഭാഗ്യകരം തന്നെയാണ്. തിരുത്തപ്പെടേണ്ട തെറ്റുതന്നെയാണതെന്നതിൽ തർക്കമില്ല.
ന്യായീകരണത്തിനായി എംടിയുടെ നിർമ്മാല്യവും, ബഷീറിന്റെ പുസ്തകവും ഉദാഹരണങ്ങളായി ചുണ്ടിക്കാണിക്കുന്നവരോട് ചോദിക്കാനുള്ളത്; നിങ്ങൾ ഉദാഹരിക്കുന്ന പുസ്തകവും, സിനിമയും, മീശയിലെ കഥാപാത്രത്തിന്റെ സംഭാഷണശകലങ്ങളും തമ്മില്‍ എങ്ങനെ പൊരുത്തപ്പെടും??

ഇനി ബഷീറിന്റെ ഭഗവത്ഗീതയും കുറെ മുലകളും എന്ന പുസ്തകത്തിലേക്ക് വരാം... എഴുത്തുകാരൻ ജീവിച്ചിരുന്ന കാലഘട്ടത്തിൽ അതായത് സ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കാർ അനുവാദമില്ലാതിരുന്ന ആ കാലഘട്ടത്തിൽ അനുഭവവേദ്യമായ കാഴ്ചകൾ അദ്ദേഹത്തിന്റെ രചനയിൽ പ്രതിപാദിച്ചതിൽക്കവിഞ്ഞ് എന്താണുള്ളത്?? ഹരീഷിന്റെ വിവാദ നോവൽ മീശയിലുമുണ്ടല്ലോ അതുപോലെയുള്ള കാര്യങ്ങള്‍?? അത് പക്ഷേ കഥാകാരന്റെ ഭാവനയാണന്ന് മാത്രം. അതിലൊന്നും ആരും എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ലല്ലോ...
എംടിയുടേയും ബഷീറിന്റെയും സമകാലീനനല്ലാത്ത ഹരീഷിന്റെ സ്വന്തം ജീവിതാനുഭവങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞ ചിന്തകളാവാം അദ്ദേഹം തന്റെ കഥാപാത്രത്തെക്കൊണ്ട് പറയിച്ചത്.


തങ്ങൾക്ക് പ്രയോജനമെന്നുതോന്നുന്ന കാര്യങ്ങളിൽ മാത്രം 'അവസരത്തിനൊത്തുയർന്ന്' രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന മുഖ്യമന്ത്രിയും, പ്രതിപക്ഷനേതാവുമുൾപ്പടെയുള്ള രാഷ്ട്രീയഭിക്ഷാംദേഹികളോടും പറയാനുള്ളത് ഒന്നുമാത്രം; ഹിന്ദുത്വവാദികളെ എതിർക്കാനെന്ന ഭാവത്തിൽ ഹിന്ദുമതത്തേയും ആചാരങ്ങളേയും അധിക്ഷേപം ചൊരിയുന്നവരെ സംരക്ഷിക്കുന്നതു പോരാതെ വിശ്വാസികളായ സ്ത്രീസമൂഹത്തെ മുഴുവന്‍ അഭിസാരികകളായി ചിത്രീകരിക്കുന്നതിനേക്കൂടി പ്രോൽസാഹിപ്പിക്കുന്നതുവഴി വലിയ തെറ്റുകളാണ് നിങ്ങൾ ചെയ്യുന്നത്. തീവ്രഹിന്ദുത്വവാദികളുടെ വളർച്ചക്ക് ആക്കം കൂട്ടുന്നതാണ് നിങ്ങളുടെ വികലമായ നിലപാടുകള്‍. ഹിന്ദുസമൂഹമെന്നാൽ 'ഹിന്ദുത്വവാദികൾ' ആണെന്നുള്ള നിങ്ങളുടെ അബദ്ധനിലപാടുകള്‍ തിരുത്തപ്പെടണം... അറിഞ്ഞോ അറിയാതെയോ നിങ്ങളുടെ പൂർവകാല നിലപാടുകളിൽ ചിലതെങ്കിലും തീവ്രഹിന്ദുത്വവാദികളോട് സമരസപ്പെട്ടതിനാൽ ചാർത്തപ്പെട്ട 'കളസം' തൂത്തെറിയാനുള്ള ഒരു മാർഗമായി മാത്രം ഹിന്ദുസമൂഹത്തിന്റെ വിശ്വാസങ്ങളേയും, ആചാരങ്ങളേയും തരാതരംപോലെ ഉപയോഗിക്കരുത് എന്നൊരു അപേക്ഷയുണ്ട്.
വിവാദമുണ്ടാക്കി പെട്ടന്നുള്ള ഒരു പ്രശസ്തിയും, അതിൽക്കൂടിയുള്ള സർക്കുലേഷൻ വർദ്ധനവുമാവാം കഥാകാരനും ഇടതു സഹയാത്രികനായ വീരേന്ദ്രകുമാറിന്റെ ഉടമസ്ഥതയിലുള്ള മാതൃഭൂമി വാരികയും പ്രതീക്ഷിച്ചത്. ഏതായാലും ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുമ്പോൾ കഥാകാരനും, പ്രസിദ്ധീകരണങ്ങളും ഏറെ ശ്രദ്ധ പുലർത്തണം.
ഹരീഷ് തന്റെ നോവൽ 'മീശ' പിൻവലിക്കണമെന്നോ, എഴുത്ത് നിർത്തണമെന്നോ, മാതൃഭൂമി അത് പ്രസിദ്ധീകരിക്കരുതെന്നോ എനിക്കഭിപ്രായമില്ല.... എന്നാൽ ഹിന്ദുസമൂഹത്തിലെ വിശ്വാസികളായ സ്ത്രീകളെ അപ്പാടെ അധിക്ഷേപിക്കുന്ന സംഭാഷണശകലങ്ങൾ പിൻവലിക്കുകതന്നെവേണം.
ആചാരങ്ങളേയും, വിശ്വാസങ്ങളേയും വിമർശിക്കാം ... പരിഹസിക്കാം .. പക്ഷേ പരിധിവിട്ടാകരുത് എന്നുമാത്രം.
കുറിപ്പ്: ഞാനൊരു വിശ്വാസിയായ ഹിന്ദുവാണ്; എന്നാൽ സംഘിയല്ല. ഇത്രയും പറഞ്ഞതിന്റെപേരിൽ വർഗീയവാദിയാക്കാനും സംഘിക്കളസം ഇടീക്കാനും വരുന്നവർക്ക് പൂഞ്ഞാറ്റിലെ ജോർജിന്റെ ഭാഷയിലാവും മറുപടി.
No comments:
Post a Comment