Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

Monday, 30 November 2020

ആവിഷ്കാരസ്വാതന്ത്ര്യം CPM സൈബർ പോരാളികളുടെ നോട്ടത്തിൽ

മമ്മൂട്ടിക്കും,ഇന്നസെന്റിനും,KPAC ലളിതക്കും, മുകേഷിനും, സോളാർ നായികയുടെ ഭർത്താവിന്റെ ഇടി വാങ്ങിക്കൂട്ടിയ ഗണേശകുമാരനും എന്തിനേറെ മയക്കുമരുന്നുകേസിൽ ജയിലിൽ കിടക്കുന്ന ബിനീഷ് കൊടിയേരിക്കും രാഷ്ട്രീയം പറയാം.. അത് ഇടതു രാഷ്ട്രീയമായതുകൊണ്ട് കുഴപ്പമില്ല... കയ്യടിക്കാം... സിന്ദാബാദ് വിളിക്കാം...

പക്ഷേ ധർമ്മജൻ ബോൾഗാട്ടിയും സലീം കുമാറും കോൺഗ്രസാവാൻ പാടില്ല .... കോൺഗ്രസ് രാഷ്ട്രീയം പറയാൻ പാടില്ല... പറഞ്ഞാൽ ഞങ്ങൾ തെറി പറയും... മീൻ കച്ചവടക്കാരാ എന്നു വിളിക്കും... വീട്ടിലിരിക്കുന്നവരെയുൾപ്പടെ തന്തക്കു പറയും... അത് ഞങ്ങൾ CPM സൈബർ വെട്ടുക്കിളികളുടെ സ്വാതന്ത്ര്യം..

ഹേ CPM സൈബർ വെട്ടുക്കിളികളേ...
ഇടതുരാഷ്ട്രീയം പറയുന്ന കലാകാരൻമാർക്ക് എന്താണ് പ്രിവിലേജ്?? ഇൻഡ്യൻ ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യവും പ്രവർത്തന സ്വാതന്ത്ര്യവും ഇടതുപക്ഷത്തിനായി സംസാരിക്കുന്നവരേപ്പോലെതന്നെ ധർമ്മജനും സലീംകുമാറിനുമുണ്ട്..

ഏതു രാഷ്ട്രീയത്തിൽ വിശ്വസിക്കണം എന്നുള്ളത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണ്. കലാകാരനായതുകൊണ്ട് ഇടതുരാഷ്ട്രീയം മാത്രമേ പറയാൻ പാടുള്ളൂ എന്നു തിട്ടൂരമിറക്കി ഫാസിസം നടപ്പിലാക്കാൻ ഇത് കിം ജോങ്ങ് ഉന്നിന്റെ ഉത്തര കൊറിയയല്ല...
ഇത് ഇൻഡ്യയാണ്... കേരളമാണ് ...

Friday, 13 September 2019

മരടിലെ ഫ്ലാറ്റുകളും സുപ്രീംകോടതി വിധിയും

പത്തു വർഷങ്ങളായി താമസിച്ചുകൊണ്ടിരിക്കുന്ന സ്ഥലം... അത്രയും കാലംകൊണ്ടുതന്നെ നികുതിയും കൊടുത്തുകൊണ്ടിരിക്കുന്നു.. വൈദ്യുതി, വെള്ളം തുടങ്ങിയ ചാർജുകളും സർക്കാരിലേക്ക് കൊടുത്തുകൊണ്ടിരിക്കുന്നു...
ഇപ്പോള്‍ 'പരിസ്ഥിതിലോലപ്രദേശ'മെന്ന കാരണത്താൽ മരടിലെ പാർപ്പിട സമുച്ചയങ്ങൾ പൊളിക്കണമത്രേ??

എന്റെ ചോദ്യമിതാണ്... ഇത്രകാലം എവിടെയായിരുന്നു ഇപ്പോള്‍ 'ഫ്ലാറ്റുകൾ പൊളിക്കണമെന്ന്' വിധി പ്രഖ്യാപിച്ച നിയമവ്യവസ്ഥ??

പരിസ്ഥിതിലോല പ്രദേശത്ത് കെട്ടിടങ്ങൾ നിർമ്മിക്കാൻ അനുവാദം കൊടുത്ത സർക്കാർ സംവിധാനങ്ങളും, നിർമ്മാണം നടത്തിയവരുമല്ലേ ഇന്നത്തെ അവസ്ഥയ്ക്ക് ഉത്തരവാദികൾ?? യഥാര്‍ഥത്തിൽ ശിക്ഷിക്കപ്പെടേണ്ടത് അവരല്ലേ?? വൈദ്യുതി കണക്ഷനും, വാട്ടർ കണക്ഷനും നൽകിയവരും ഉത്തരവാദികളല്ലേ??

ടി പാർപ്പിട സമുച്ചയങ്ങളിലെ  താമസക്കാരിൽനിന്നും ഇക്കണ്ടകാലമത്രയും സർക്കാരിലേക്ക് നികുതിയും പിരിച്ചിട്ടുണ്ടല്ലോ?? അതൊക്കെ തിരിച്ചുനൽകാൻ സർക്കാർ സംവിധാനങ്ങളും നിയമവ്യവസ്ഥയും തയാറാകുമോ??

സർക്കാർ സംവിധാനങ്ങൾക്കെതിരേയും ടി സ്ഥലത്ത് കെട്ടിടങ്ങൾ നിർമ്മിക്കാൻ അനുവാദം കൊടുത്തവർക്കും, നിർമ്മാണം നടത്തിയവർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചാൽ കിടപ്പാടം നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരമോ പകരം താമസസൗകര്യങ്ങളോ  ലഭിക്കുമെന്നുണ്ടങ്കിൽ ആ വഴിക്കു നീങ്ങാനും ബാധിക്കപ്പെട്ടവർ ശ്രമിക്കണം.

സകല സമ്പാദ്യങ്ങളും മുടക്കി സ്വന്തമാക്കിയ കിടപ്പാടം നഷ്ടപ്പെടുവാൻ പോകുന്ന ഒരുകൂട്ടം മനുഷ്യരുടെ വേദന മനസിലാക്കാൻ വൈകിയവേളയിലെങ്കിലും നീതിന്യായ വ്യവസ്ഥയ്ക്ക് കഴിയട്ടെ എന്നു പ്രത്യാശിക്കുന്നു...

#ഉദ്യോഗസ്ഥ_അനാസ്ഥമൂലം_മരടിൽ_സകല_സമ്പാദ്യങ്ങളും_നഷ്ടപ്പെടുവാൻ_പോകുന്ന_ഒരുകൂട്ടം_മനുഷ്യർക്കൊപ്പം.

Thursday, 26 July 2018

“ആവിഷ്കാരസ്വാതന്ത്ര്യം” വ്യഭിചരിക്കപ്പെടുമ്പോള്‍

ആവിഷ്കാരസ്വാതന്ത്ര്യത്തെപ്പറ്റി പലരുമിവിടെ കൊട്ടിഘോഷിക്കുന്നതായിക്കാണുന്നു. എന്താണ് ഈ ആവിഷ്കാരസ്വാതന്ത്ര്യം?എന്തു തെമ്മാടിത്തരവും പറയാൻ മാത്രമായി സൗകര്യപൂർവം ഉപയോഗിക്കുന്ന ഒന്നാണോ ഈ വാക്ക് ??

അവഹേളനപരമായി എന്തു തെമ്മാടിത്തരവും വിളിച്ചുകൂവുന്നതല്ല ആവിഷ്കാരസ്വാതന്ത്ര്യം... കലാകാരൻ കണ്ടറഞ്ഞിതും, കൊണ്ടറിഞ്ഞതും, കേട്ടറിഞ്ഞതുമായ കാര്യങ്ങള്‍ തന്റെ ഭാവനയ്ക്കൊത്ത് സഭ്യമായി വരച്ചുകാണിക്കുന്നതാണ് ആവിഷ്കാരസ്വാതന്ത്ര്യം. അതിൽ പുരോഗമനപരമായ ഒരു സന്ദേശമുണ്ടാവണം... രചനയിൽ കഴമ്പുണ്ടാവണം.. സാമൂഹികപരിഷ്കരണത്തിനുതകുന്ന ഒരു ത്രെഡ്ഡുണ്ടാവണം..


കലാസൃഷ്ടികൾ കാലാനുസൃതമായിരിക്കണം. സ്ഥാപിതതാൽപര്യക്കാർക്ക് സൗകര്യപൂർവം ഉപയോഗിക്കാനുള്ള ഉൽപ്പന്നമായി രചനകൾ മാറാതിരിക്കാൻ കലാകാരൻ ശ്രദ്ധിക്കണം. ഇതൊന്നുമില്ലാതെ ഹിന്ദുമതവിശ്വാസപ്രകാരം ക്ഷേത്രദർശനത്തിനുപോകുന്ന സ്ത്രീകളെ അപ്പാടെ അധിക്ഷേപിക്കുന്ന പരാമർശം ഹരീഷീന്റെ നോവലായി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്നത് നിർഭാഗ്യകരം തന്നെയാണ്. തിരുത്തപ്പെടേണ്ട തെറ്റുതന്നെയാണതെന്നതിൽ തർക്കമില്ല.

ന്യായീകരണത്തിനായി എംടിയുടെ നിർമ്മാല്യവും, ബഷീറിന്റെ പുസ്തകവും ഉദാഹരണങ്ങളായി ചുണ്ടിക്കാണിക്കുന്നവരോട് ചോദിക്കാനുള്ളത്; നിങ്ങൾ ഉദാഹരിക്കുന്ന പുസ്തകവും, സിനിമയും, മീശയിലെ കഥാപാത്രത്തിന്റെ സംഭാഷണശകലങ്ങളും തമ്മില്‍ എങ്ങനെ പൊരുത്തപ്പെടും??

അന്ധവിശ്വാസം കൊണ്ട് ജീവിക്കുകയും, അന്ധവിശ്വാസം പ്രചരിപ്പിക്കുകയും ചെയ്ത വെളിച്ചപ്പാട്, തനിക്കു ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന നെഞ്ചുപിളർക്കുന്ന അനുഭവങ്ങളാൽ നിരാശനും,ദുഖിതനും,രോഷാകുലനുമായി ഉറഞ്ഞു തുള്ളി തലയിൽ വെട്ടി, ഒഴുകി വന്ന ചോരയും തുപ്പലും കൂട്ടിചേർത്ത് തന്റെ ഉപാസനാമൂർത്തിയായ ഭഗവതിയുടെ മുഖത്തേയ്ക്ക് കാർക്കിച്ചു തുപ്പുകയും, വാളുകൊണ്ട് വിഗ്രഹത്തിൽ ആഞ്ഞു വെട്ടുകയും ചെയ്യുന്നു... ഇതിലൂടെ നാട്ടില്‍ മനപൂർവമായോ അല്ലാതെയോ പ്രചരിച്ചിരുന്ന അന്ധവിശ്വാസങ്ങളെ തച്ചുടക്കാൻ വെളിച്ചപ്പാടിനെത്തന്നെ കലാകാരൻ ഉപകരണമാക്കുന്നു. അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന കപടസന്യാസികൾക്കെതിരെ ഈ കാലഘട്ടത്തിലും ഇത്തരം പ്രതികരണങ്ങൾ നടക്കുന്നില്ലേ??

ഇനി ബഷീറിന്റെ ഭഗവത്ഗീതയും കുറെ മുലകളും എന്ന പുസ്തകത്തിലേക്ക് വരാം... എഴുത്തുകാരൻ ജീവിച്ചിരുന്ന കാലഘട്ടത്തിൽ അതായത് സ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കാർ അനുവാദമില്ലാതിരുന്ന ആ കാലഘട്ടത്തിൽ അനുഭവവേദ്യമായ കാഴ്ചകൾ അദ്ദേഹത്തിന്റെ രചനയിൽ പ്രതിപാദിച്ചതിൽക്കവിഞ്ഞ് എന്താണുള്ളത്?? ഹരീഷിന്റെ വിവാദ നോവൽ മീശയിലുമുണ്ടല്ലോ അതുപോലെയുള്ള കാര്യങ്ങള്‍?? അത് പക്ഷേ കഥാകാരന്റെ ഭാവനയാണന്ന് മാത്രം. അതിലൊന്നും ആരും എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ലല്ലോ...

എംടിയുടേയും ബഷീറിന്റെയും സമകാലീനനല്ലാത്ത ഹരീഷിന്റെ സ്വന്തം ജീവിതാനുഭവങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞ ചിന്തകളാവാം അദ്ദേഹം തന്റെ കഥാപാത്രത്തെക്കൊണ്ട് പറയിച്ചത്.


ആവിഷ്കാരസ്വാതന്ത്ര്യത്തെപ്പറ്റി വാതോരാതെ കുരയ്ക്കുന്ന അഭിനവ സാംസ്കാരിക'നായ'കരോടും, സ്വത്വം അടിയറവുവച്ച് കുഴലൂത്തു നടത്തുന്ന എഴുത്തുകാരോടും ചോദിക്കാനുള്ളത്; പവിത്രൻ തീക്കുനിയുടെ കവിത 'പർദ്ദ' എതിർപ്പിനെത്തുടർന്ന് പിൻവലിച്ചപ്പോഴും(പർദ്ദ പ്രസിദ്ധീകരിക്കുന്നതിനു ആഴ്ചകൾക്കു മുൻപ് രാമായണത്തിലെ രാമനെ പരിഹസിക്കുന്ന തരത്തിൽ 'സീത' എന്നൊരു കവിതയും പവിത്രൻ തീക്കുനി പ്രസിദ്ധീകരിച്ചിരുന്നു. പക്ഷേ അപ്പോള്‍ ഇന്ന് ഹരീഷ് നേരിടുന്നതരം ഭീഷണികളൊന്നും പവിത്രനുനേരെ ഉണ്ടായിരുന്നില്ല എന്നത് മറ്റൊരു സത്യം) ,

ലിയാനർഡോ ഡാവിഞ്ചിയുടെ 'അന്ത്യ അത്താഴം' എന്ന ചിത്രത്തെ ആസ്പദമാക്കി മലയാള മനോരമയുടെ ഉടമസ്ഥതയിലുള്ള ഭാഷാപോഷിണി മാസികയിൽ ചിത്രം വരച്ച ടോം വട്ടക്കുഴിക്കെതിരെ മെത്രാൻമാരുടെ കൈകൾ ഉയർന്നപ്പോഴും നിങ്ങളിൽ ഒരാളെപ്പോലും പ്രതികരിക്കാൻ കണ്ടില്ലല്ലോ?? നിങ്ങൾ പ്രതികരിക്കില്ല.... പ്രതികരിക്കാനായി നിങ്ങൾ ചിന്തിക്കുമ്പോൾത്തന്നെ ഒരു ദുസ്വപ്നംപോലെ ജോസഫ് മാഷിന്റെ മുഖവും കൈകളുമാവും നിങ്ങളുടെ മനസിലേക്കോടിയെത്തുന്നത്... സ്വന്തം തടി സംരക്ഷിക്കാൻവേണ്ടിമാത്രം അവസരോചിതമായ നിലപാടുകളെടുത്ത് ആവിഷ്കാരസ്വാതന്ത്ര്യമെന്ന വാക്കിനെ വ്യഭിചരിക്കരുത്.

തങ്ങൾക്ക് പ്രയോജനമെന്നുതോന്നുന്ന കാര്യങ്ങളിൽ മാത്രം 'അവസരത്തിനൊത്തുയർന്ന്' രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന മുഖ്യമന്ത്രിയും, പ്രതിപക്ഷനേതാവുമുൾപ്പടെയുള്ള രാഷ്ട്രീയഭിക്ഷാംദേഹികളോടും പറയാനുള്ളത് ഒന്നുമാത്രം; ഹിന്ദുത്വവാദികളെ എതിർക്കാനെന്ന ഭാവത്തിൽ ഹിന്ദുമതത്തേയും ആചാരങ്ങളേയും അധിക്ഷേപം ചൊരിയുന്നവരെ സംരക്ഷിക്കുന്നതു പോരാതെ വിശ്വാസികളായ സ്ത്രീസമൂഹത്തെ മുഴുവന്‍ അഭിസാരികകളായി ചിത്രീകരിക്കുന്നതിനേക്കൂടി പ്രോൽസാഹിപ്പിക്കുന്നതുവഴി വലിയ തെറ്റുകളാണ് നിങ്ങൾ ചെയ്യുന്നത്. തീവ്രഹിന്ദുത്വവാദികളുടെ വളർച്ചക്ക് ആക്കം കൂട്ടുന്നതാണ് നിങ്ങളുടെ വികലമായ നിലപാടുകള്‍. ഹിന്ദുസമൂഹമെന്നാൽ 'ഹിന്ദുത്വവാദികൾ' ആണെന്നുള്ള നിങ്ങളുടെ അബദ്ധനിലപാടുകള്‍ തിരുത്തപ്പെടണം... അറിഞ്ഞോ അറിയാതെയോ നിങ്ങളുടെ പൂർവകാല നിലപാടുകളിൽ ചിലതെങ്കിലും തീവ്രഹിന്ദുത്വവാദികളോട് സമരസപ്പെട്ടതിനാൽ ചാർത്തപ്പെട്ട 'കളസം' തൂത്തെറിയാനുള്ള ഒരു മാർഗമായി മാത്രം ഹിന്ദുസമൂഹത്തിന്റെ വിശ്വാസങ്ങളേയും, ആചാരങ്ങളേയും തരാതരംപോലെ ഉപയോഗിക്കരുത് എന്നൊരു അപേക്ഷയുണ്ട്.

വിവാദമുണ്ടാക്കി പെട്ടന്നുള്ള ഒരു പ്രശസ്തിയും, അതിൽക്കൂടിയുള്ള സർക്കുലേഷൻ വർദ്ധനവുമാവാം കഥാകാരനും ഇടതു സഹയാത്രികനായ വീരേന്ദ്രകുമാറിന്റെ ഉടമസ്ഥതയിലുള്ള മാതൃഭൂമി വാരികയും പ്രതീക്ഷിച്ചത്. ഏതായാലും ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുമ്പോൾ കഥാകാരനും, പ്രസിദ്ധീകരണങ്ങളും ഏറെ ശ്രദ്ധ പുലർത്തണം.

ഹരീഷ് തന്റെ നോവൽ 'മീശ' പിൻവലിക്കണമെന്നോ, എഴുത്ത് നിർത്തണമെന്നോ, മാതൃഭൂമി അത് പ്രസിദ്ധീകരിക്കരുതെന്നോ എനിക്കഭിപ്രായമില്ല.... എന്നാൽ ഹിന്ദുസമൂഹത്തിലെ വിശ്വാസികളായ സ്ത്രീകളെ അപ്പാടെ അധിക്ഷേപിക്കുന്ന സംഭാഷണശകലങ്ങൾ പിൻവലിക്കുകതന്നെവേണം.

ആചാരങ്ങളേയും, വിശ്വാസങ്ങളേയും വിമർശിക്കാം ... പരിഹസിക്കാം .. പക്ഷേ പരിധിവിട്ടാകരുത് എന്നുമാത്രം.




കുറിപ്പ്: ഞാനൊരു വിശ്വാസിയായ ഹിന്ദുവാണ്; എന്നാൽ സംഘിയല്ല. ഇത്രയും പറഞ്ഞതിന്റെപേരിൽ വർഗീയവാദിയാക്കാനും സംഘിക്കളസം ഇടീക്കാനും വരുന്നവർക്ക് പൂഞ്ഞാറ്റിലെ ജോർജിന്റെ ഭാഷയിലാവും മറുപടി.

Friday, 23 February 2018

ഫ്രോഡുകളുടെ സ്വന്തം നാട് എന്ന് വിളിക്കാന്‍ തോന്നുന്നു...


മനുഷ്യന്‍... മനനം ചെയ്യാന്‍ കഴിയുന്നവന്‍.. വിവേചനബുദ്ധിയോടെ പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നവന്‍.... ഇതൊക്കെയാണ് നമ്മളെ ഇതര ജീവിവര്‍ഗങ്ങളില്‍നിന്നു വ്യത്യസ്ഥനാക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി കേള്‍ക്കുന്ന വാര്‍ത്തകളൊക്കെത്തന്നെയും ഇതിനു കടകവിരുദ്ധമാണുതാനും.

മനുഷ്യനു മനുഷ്യനോടുള്ള ക്രൂരതയ്ക്ക് ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് അട്ടപ്പാടിയിലെ സദാചാരവാദികളുടെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട മധുവെന്ന ആദിവാസിച്ചെറുപ്പക്കാരന്‍.

സമ്പൂര്‍ണ സാക്ഷരരെന്നും സാംസ്കാരിക പ്രബുദ്ധരെന്നും അഭിമാനം കൊള്ളുന്ന കേരളത്തിലാണ് ഇത് സംഭവിച്ചതെന്ന് നാമോര്‍ക്കണം. ഉത്തരേന്ത്യയില്‍ കണ്ടുവരുന്നതരം ആള്‍ക്കൂട്ടക്കൊലപാതകത്തിന്റെ മറ്റൊരുരൂപം.

മര്‍ദ്ദിച്ചവശനാക്കിയശേഷം കൂടെനിന്ന് സെല്ഫിയെടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് അഭിനവ സദാചാരപ്രവര്‍ത്തകരുടെ ക്രൂരമനസ്ഥിതി നമുക്ക് കാട്ടിത്തരുന്നു.

വിശപ്പിന്റെ വിളി അതിന്‍റെ പാരമ്യതയിലെത്തിയപ്പോഴാവാം മാനസികാസ്വാസ്ഥ്യമുള്ള ആ ചെറുപ്പക്കാരന്‍ മോഷണത്തിനൊരുമ്പെട്ടത്. അത് ചോദിക്കാനോ മനസിലാക്കാനൊ ഒരുമ്പെടാതെ ശിക്ഷ നടപ്പാക്കുകയായിരുന്നല്ലോ അഭിനവ സദാചാരക്കോടതി......

മോഷണമുതലുകളായി മധുവിന്‍റെ സഞ്ചിയില്‍നിന്നു കണ്ടെടുത്തതോ അല്പം അരി, മല്ലിപ്പൊടി, മുട്ട തുടങ്ങി പരമാവധി ഇരുന്നൂറു രൂപയില്‍ കവിയാത്ത സാധനങ്ങള്‍....


നികുതിദായകരുടെ കോടികള്‍ മോഷ്ടിച്ചുകൊണ്ട് നാടുവിടുന്നവരെ വീരപുരുഷന്മാരായി ആരാധിക്കുന്നു.... ഒരു നേരത്തെ വിശപ്പടക്കാനുള്ള അന്നം മോഷ്ടിച്ചവനെ തല്ലിക്കൊല്ലുന്നു.... സാംസ്കാരിക പ്രബുദ്ധരെന്നു അഭിമാനിക്കുന്ന ഒരു ജനതയുടെ മാനസികാവസ്ഥയോര്‍ത്ത് ലജ്ജ തോന്നുന്നു.

കൊല്ലപ്പെട്ടവന്‍ ആരോരുമില്ലാത്ത ആദിവാസിയായിപ്പോയി.... അവനുവേണ്ടി സംസാരിക്കാന്‍ സമുദായ പ്രമാണിമാരോ രാഷ്ട്രീയ നേതൃത്വങ്ങളോ സാംസ്കാരിക നായകരോ വരില്ല... അവനുവേണ്ടി ഹര്‍ത്താല്‍ നടത്താന്‍ ആളുണ്ടാവില്ല.... അവനുവേണ്ടി ചെറുവിരലനക്കാന്‍പോലും ഒരാളുമുണ്ടാവില്ല.

കൊല്ലപ്പെട്ടുകഴിഞ്ഞപ്പോള്‍ തല്ലിയവന്റെ രാഷ്ട്രീയമന്വേഷിക്കുന്നു ഒരുകൂട്ടര്‍... അത് മുതലാക്കി ആ രാഷ്ട്രീയപ്രസ്ഥാനതിന്റെമേല്‍ പഴിചാരാനൊരു അവസരം. അത് മാത്രമാണ് പ്രബുദ്ധരെന്നും വിദ്യാസമ്പന്നരെന്നും അഭിമാനംകൊള്ളുന്ന ജനതയുടെ നോട്ടം.

ഇന്റര്‍നെറ്റ് യുഗത്തില്‍ സഹജീവിയോടുള്ള സ്നേഹവും കരുണയും യുവാക്കള്‍ക്ക് നഷ്ടമാകുന്നുവോ??. ചെയ്യുന്നത് ക്രൂരതയാണെന്ന് തിരിച്ചറിയാനുള്ള വിവേചനബുദ്ധി ഇല്ലാതായിരിക്കുന്നുവോ നമ്മുടെ യുവതലമുറക്ക്‌??

ഒരു ഭീകരനെ പിടിച്ചെന്നപോല്‍ മര്‍ദ്ദിച്ചവശനാക്കി അവന്റെ കൂടെനിന്ന് സെല്ഫിയെടുക്കാനും അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുവാനും എന്ത് വീരസ്യമാണ് നിങ്ങള്‍ ചെയ്തത്?? കണ്ണുകള്‍ കുഴിഞ്ഞു വയറൊട്ടി എല്ലുന്തിയ ആ മുഷിഞ്ഞ വേഷധാരി ആരായിരുന്നു നിങ്ങളുടെ കണ്ണില്‍???

ചമ്പല്‍ക്കൊള്ളക്കാരെയും വീരപ്പനെയുമൊക്കെ വീരാരാധനയോടെ നോക്കുന്ന കണ്ണുകള്‍ക്ക് വിശപ്പടക്കാനായി അന്നം മോഷ്ടിച്ച ദുര്‍ബലന്‍ മഹാപാതകി... കൊള്ളക്കാരന്‍... കൊല്ലപ്പെടേണ്ടവന്‍.......

അഭിനവ സദാചാരപാലകരെ ലജ്ജ തോന്നുന്നു നിങ്ങളെയോര്‍ത്തു.... സഹതപിക്കുന്നു നിങ്ങളുടെ ദുഷിച്ച മാനസികാവസ്ഥയോട്...  

Saturday, 22 July 2017

സരസ്വതീദേവിയും, സരസ്വതിയും; പുരോഗമന പ്രസ്ഥാനക്കാരുടെ പുതിയ വാദമുഖങ്ങള്‍...

ഞാനിഷ്ടപ്പെടുന്ന ഒരു എഴുത്തുകാരിയാണ് ശ്രീമതി ദീപനിഷാന്ത്. തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ അധ്യാപികയുമാണ് ദീപടീച്ചര്‍. ഞാനവര്‍ എഴുതിയ പുസ്തകങ്ങളൊന്നും വായിച്ചിട്ടില്ല. പക്ഷെ സമൂഹ മാധ്യമങ്ങളിലും മറ്റു ഓണ്‍ലൈന്‍ മാധ്യമങ്ങളിലുമൊക്കെ അവരുടേതായി കാണുന്ന കഥകളും,ലേഖനങ്ങളുമൊക്കെ വായിക്കാറുണ്ട്. അവരുടെ നിലപാടുകളും,അഭിപ്രായങ്ങളും പലപ്പോഴും ഉള്‍ക്കൊള്ളാറുമുണ്ട്.


പക്ഷേ... കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് കേരളവര്‍മ്മ കോളേജില്‍ SFI സ്ഥാപിച്ച, ശ്രീ.എം.എഫ്.ഹുസൈന്‍ വരച്ച വിവാദമായ “സരസ്വതി” ചിത്രത്തെക്കുറിച്ച് ദീപടീച്ചര്‍ പ്രകടിപ്പിച്ച വിശദീകരണങ്ങള്‍ എന്തുകൊണ്ടോ എനിക്ക് പൂര്‍ണ്ണമായോ അല്ലെങ്കില്‍ ഒട്ടുംതന്നെയോ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതല്ല.

സരസ്വതീദേവിയുടെ; കല്ലിലും, ലോഹത്തിലും മറ്റും തീര്‍ത്ത പ്രതിമകള്‍  ഉദാഹരിച്ചുകൊണ്ട് ദീപടീച്ചര്‍ നല്‍കിയ വിശദീകരണങ്ങള്‍ എന്നെപ്പോലെയുള്ള സാധാരണക്കാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്നതല്ല എന്നാണു മനസ്സിലാകുന്നത്.

കാരണം... ടീച്ചര്‍ ഉദാഹരിച്ച പൂര്‍ണനഗ്നമോ, അര്‍ദ്ധനഗ്നമോ ആയ സ്ത്രീ  പ്രതിമകള്‍ അഥവാ സരസ്വതീദേവിയുടെ പ്രതിമകളോ ചിത്രങ്ങളോ  കണ്ടാല്‍ ആഭാസകരമായി ഒന്നുംതന്നെ കാണാന്‍ കഴിയില്ല. അതു കാണുന്ന  ആര്‍ക്കും പ്രകോപനമുണ്ടാകേണ്ട കാര്യവുമില്ല. ഒരു വിഗ്രഹം അതു ചെയ്തെടുക്കപ്പെട്ട വസ്തുവിന്‍റെ ഭംഗിയില്‍മാത്രം ഒതുങ്ങി നില്‍ക്കുന്നു.

ഇന്നു നാം കാണുന്ന സരസ്വതിദേവീചിത്രങ്ങള്‍ രാജാരവിവര്‍മ്മയുടെ രചനയാണെന്ന് ദീപടീച്ചര്‍ അവരുടെ ലേഖനത്തില്‍ പറയുന്നുണ്ട്. ഇന്ന് പ്രചാരത്തിലിരിക്കുന്ന സരസ്വതീദേവിയുടെതെന്നു പൊതുവേ സ്വീകരിച്ചിരിക്കുന്ന രവിവര്‍മ്മ ചിത്രത്തിലെ രൂപത്തിന് നല്‍കിയിരിക്കുന്ന ആടയാഭരണങ്ങളും, നിറഭംഗിയുള്ള ചുറ്റുപാടുകളും ആ രൂപത്തിന് കൂടുതല്‍ മിഴിവേകുന്നു. കൂടുതല്‍ ഭംഗിയും ആകര്‍ഷണീയതയുമുള്ള രവിവര്‍മ്മയുടെ സരസ്വതിചിത്രം; “സരസ്വതിദേവി”യുടെ ചിത്രമായി വിശ്വാസികള്‍ മനസാ സ്വീകരിച്ചത് സ്വാഭാവികമാണ്. അന്നുമുതല്‍ രവിവര്‍മ്മ ചിത്രത്തിലെ രൂപമാകാം വിശ്വാസികളുടെ മനസ്സില്‍ സരസ്വതീദേവി.

ക്ഷേത്രങ്ങളിലെ മൂലവിഗ്രഹം കല്ലിലോ, ലോഹത്തിലോ നിര്‍മ്മിച്ചിട്ടുള്ളതാണ്. എന്നാല്‍ പൂജാസമയങ്ങളില്‍ നമ്മള്‍ കാണുന്ന വിഗ്രഹം അങ്ങിനെയാണോ?? ആടയാഭരണങ്ങളും വസ്ത്രങ്ങളും നല്‍കി, ചുറ്റുപാടുകള്‍ ഭംഗിയായി അലങ്കരിച്ച് കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. അങ്ങനെയുള്ള ഒരു മനോഹരരൂപമാണ് വിശ്വാസിയുടെ മനസില്‍ സരസ്വതിദേവിയുടെത്.

ശ്രീ.ഹുസൈന്‍ വരച്ച വീണയും, താമരയുമേന്തിയുള്ള വികലമായ സ്ത്രീചിത്രത്തിന് “സരസ്വതി” എന്ന പേരുകൂടി നല്‍കിയിട്ടുണ്ട്. സരസ്വതീദേവിയെന്നു ദീപടീച്ചര്‍തന്നെ പറഞ്ഞ ശില്പങ്ങളിലോക്കെയുള്ള അലങ്കാര മുദ്രകളൊക്കെത്തന്നെയും ഹുസൈന്‍ ചിത്രത്തിലുമുണ്ട് എന്നത് ദീപടീച്ചര്‍ മനപൂര്‍വം മറന്നതാകാം. രാജാരവിവര്‍മ്മയുടെ സരസ്വതീചിത്രം മനസ്സില്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന വിശ്വാസിക്ക് ഈര്‍ഷ്യ തോന്നാന്‍ ഇതില്‍ക്കൂടുതലെന്തുവേണം?? പ്രത്യേകിച്ചും സംഘപരിവാര്‍ സംഘടനകള്‍ എന്തിനുമേതിനും മുതലെടുപ്പിനുവേണ്ടി വര്‍ഗീയനിറം നല്‍കാന്‍ ശ്രമിക്കുന്ന വര്‍ത്തമാന കാലഘട്ടത്തില്‍??

ടീച്ചറിന്‍റെ മറ്റൊരു വാദം ശ്രീ.എം.എഫ്.ഹുസൈന്‍ വരച്ചത് “സരസ്വതീ ദേവിയല്ല” വെറും “സരസ്വതി” ആണെന്നാണ്‌. അത് തികച്ചും വിഡ്ഢിത്തമാണെന്നു മാത്രമേ പറയുവാന്‍ സാധിക്കൂ. മേല്‍ക്കൈ നേടാന്‍വേണ്ടി മാത്രം പറയുന്നൊരു മണ്ടന്‍വാദം. കാരണം സരസ്വതി എന്ന പേരുതന്നെ വിദ്യാദേവതയുമായി ബന്ധപ്പെട്ടതാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതിനെത്തുടര്‍ന്നാവും ദൈവീകമായ ആ നാമം വ്യക്തികള്‍ക്കും മറ്റും ഒരു പേരായി വന്നത്.

സരസ്വതി എന്ന നാമം ദൈവീകമല്ലെങ്കില്‍ വിദ്യാലയങ്ങളെ “സരസ്വതീക്ഷേത്രം” എന്ന് പറയുന്നതെന്തുകൊണ്ട്? ഹിന്ദുമതാചാരപ്രകാരം വിദ്യാരംഭസമയത്തും മറ്റും നടത്തുന്ന പൂജയെ “സരസ്വതീപൂജ” എന്ന് പറയുന്നതെന്തുകൊണ്ട്?? വിദ്യാദേവത ആരെന്ന ചോദ്യത്തിന് “സരസ്വതി” എന്നല്ലേ നമ്മള്‍ പറയാറുള്ളൂ.. “സരസ്വതീദേവി” എന്ന് പറയാറില്ലല്ലോ...
പുരോഗമനപ്രസ്ഥാനമെന്നു വിശേഷിപ്പിക്കുന്ന SFI, കാമ്പസില്‍ പ്രശ്നങ്ങളുണ്ടാക്കി അവരുടെ നിലനില്‍പ്പ്‌ ഭദ്രമാക്കാന്‍ വേണ്ടി മനപൂര്‍വം സ്ഥാപിച്ച (അങ്ങിനെയാണ് എനിക്ക് തോന്നുന്നത്) “സരസ്വതി” ചിത്രവും അതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളിലും ദീപടീച്ചര്‍ അബദ്ധത്തില്‍  പെട്ടുപോയി എന്നാണു ഞാന്‍ കരുതുന്നത്.

ഇനി മറ്റൊരുകാര്യം..... ദീപടീച്ചറുടെ ന്യായീകരണങ്ങള്‍ അംഗീകരിക്കാമെന്നുതന്നെ കരുതുക. അതായത് SFI പ്രദര്‍ശിപ്പിച്ച ചിത്രം “സരസ്വതിദേവി” യുടെതല്ല വെറും “സരസ്വതിയുടെ”താണെന്നുതന്നെയിരിക്കട്ടെ: 
സ്ത്രീസംരക്ഷണം മുദ്രാവാക്യമാക്കിയ CPM പോലെയൊരു  പ്രസ്ഥാനത്തിന്‍റെ വിദ്യാര്‍ഥിസംഘടന; ഒരു സ്ത്രീയുടെ വികലമായ നഗ്നരൂപം കാമ്പസില്‍ പ്രദര്‍ശിപ്പിച്ച നെറികേടിനെ “ആവിഷ്കാരസ്വാതന്ത്ര്യം” എന്ന പേരില്‍ ന്യായീകരിക്കാന്‍ ദീപടീച്ചറെപ്പോലെയൊരാള്‍ക്ക് എങ്ങിനെ കഴിഞ്ഞു എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം. അതും ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനത്ത്, ഇടതുപക്ഷ സഹയാത്രികയായ ദീപടീച്ചര്‍ SFIയുടെ ഈ ധാര്‍ഷ്ട്യത്തെ ന്യായീകരിച്ചത് നിരാശയും നല്‍കുന്നു.

ഈ വിവാദത്തില്‍ നേട്ടമുണ്ടാക്കിയത് സംഘപരിവാര്‍ സംഘടനകള്‍ മാത്രമാണ്. വിവാദങ്ങള്‍ കടുത്തു ഭീഷണി വരെയെത്തിനില്‍ക്കുമ്പോള്‍ ഒരു ഭാഗത്ത്‌ ദീപടീച്ചറെയും  മറുഭാഗത്ത്‌ സംഘപരിവാര്‍ അനുകൂല ഹിന്ദു തീവ്രവാദികളെയും മാത്രമേ കാണാനുള്ളൂ. കുളംകലക്കി മീന്‍പിടിക്കാന്‍ ശ്രമിച്ച SFI ആകട്ടെ കാഴ്ചക്കാരായി മാറിനില്‍ക്കുന്നു. അപഹാസ്യയായതും ആയിക്കൊണ്ടിരിക്കുന്നതും ഇതിലെ കുടിലത മനസ്സിലാക്കാതെ ഇടയ്ക്ക് കയറിയ ദീപടീച്ചറും.

സംഘപരിവാര്‍ സംഘടനകളുടെ നയങ്ങളെയും വര്‍ഗീയതയെയും എതിര്‍ക്കാനെന്നപേരില്‍ അവര്‍ക്ക് മുതലെടുപ്പുണ്ടാക്കാനുതകുന്ന കാര്യങ്ങളില്‍നിന്ന് പുരോഗമനചിന്താഗതിക്കാരായ പരിഷ്കൃതസമൂഹം  മാറിനില്‍ക്കുന്നതാണ് അഭികാമ്യമെന്ന് എനിക്ക് തോന്നുന്നു. അത് ഭയം കൊണ്ടല്ല..... മറിച്ച് മനുഷ്യന്റെ മൃദുലവികാരങ്ങളെ മുതലെടുത്തുകൊണ്ടുമാത്രം  രാഷ്ട്രീയം കളിക്കുന്ന സംഘപരിവാര്‍ സംഘടനകള്‍ക്ക് ചുവടുറപ്പിക്കാന്‍ നമ്മളായിട്ടൊരു അവസരം ഉണ്ടാക്കിക്കൊടുക്കാതിരിക്കുന്നതിനുവേണ്ടി മാത്രം.

വിശ്വാസങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍: അത് ഏതു മതത്തിന്‍റെതായാലും വ്യക്തികളോ, പ്രസ്ഥാനങ്ങളോ ഇടപെടുമ്പോള്‍ കൂടുതല്‍ ജാഗരൂഗരാവേണ്ടതുണ്ട്. കാരണം.. ദൈവങ്ങളെയും, ആള്‍ദൈവങ്ങളെയും,പ്രവാചകന്മാരെയും പരാമര്‍ശിച്ചാല്‍ അതില്‍നിന്നും മുതലെടുപ്പ് നടത്തുവാന്‍ മതതീവ്രവാദികള്‍ കണ്ണിലെണ്ണയുമൊഴിച്ചു കാത്തിരിപ്പുണ്ട്‌ എന്നുള്ള കാര്യം നാം വിസ്മരിച്ചുകൂടാ... 

NB: #ഞാനൊരു ഹിന്ദുമതവിശ്വാസിയാണ്.... ഹിന്ദു തീവ്രവാദിയല്ല.  

 #ഹിന്ദു തീവ്രവാദികളുടെ ഭീഷണിക്കെതിരെ ദീപടീച്ചര്‍ക്കൊപ്പം.  
 #ദീപടീച്ചറുടെ രാഷ്ട്രീയത്തിനൊപ്പമില്ല. 

Thursday, 20 February 2014

ആത്മീയതയുടെ മറവില്‍...



അമൃതാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ നേഴ്സുമാരുടെ നേര്‍ക്കുള്ള ക്രൂര മര്‍ദ്ദനങ്ങളും, ബീഹാറുകാരന്‍ സത്നാംസിംഗ് എന്ന ചെറുപ്പക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതും ആത്മീയതയുടെ മറവില്‍ അമൃതാമഠം അധികൃതര്‍ നടത്തുന്ന മനുഷ്യത്വരഹിത പ്രവര്‍ത്തനങ്ങളില്‍ലേക്ക് വിരല്‍ചൂണ്ടുന്ന സംഭവങ്ങള്‍ ആയിരുന്നു. ഒടുവില്‍ ആശ്രമ അന്തേവാസിയായിരുന്ന വിദേശവനിതയുടെ വെളിപ്പെടുത്തലുകള്‍ കൂടി വന്നുകഴിഞ്ഞപ്പോള്‍ അനാശാസ്യകാര്യങ്ങളാണ് അവിടെ നടക്കുന്നതെന്ന് വിശ്വസിക്കാതെ തരമില്ല.

ഇരുപത്തിരണ്ടു വര്‍ഷത്തോളം മാതായുടെ പേഴ്സണല്‍ അസിസ്റ്റന്‍റ്
ആയി ഉണ്ടായിരുന്ന ആസ്ത്രേലിയന്‍ സ്വദേശി ഗായത്രി എന്ന ഗെയ്ല്‍ ട്രെഡ്വെല്‍ ആണ് വിവാദകരമായ വെളിപ്പെടുത്തലുകളാണ് തന്റെ “ഹോളി ഹെല്‍” എന്ന പുസ്തകത്തിലൂടെ നടത്തിയിരിക്കുന്നത്. ആശ്രമത്തിനും, മാതായ്ക്കും, കേരളീയസമൂഹത്തിനും സുപരിചിതയാണ് ഗായത്രി എന്നതുകൊണ്ടുതന്നെ വെളിപ്പെടുത്തലുകള്‍ തെറ്റാവാന്‍ വഴിയില്ല.

മാതായുടെ അറിവോടെ, അവരോട് ഏറ്റവും അടുപ്പമുള്ള സന്യാസി തന്നെ ആശ്രമത്തില്‍വച്ച് പലതവണ ലൈംഗീകചൂഷണത്തിന് വിധേയമാക്കി എന്നും, സാമൂഹിക സേവനങ്ങള്‍ക്കും മറ്റുമായി ആശ്രമത്തിലേക്ക് സംഭാവനയായി വരുന്ന തുകയില്‍ സിംഹഭാഗവും മാതായുടെ കുടുംബാംഗങ്ങളുടെ പക്കലേക്കാണ് എത്തുന്നതെന്നും വെളിപ്പെടുത്തുന്നു.

മതായുടെ സഹോദരിയും അവരുടെ രണ്ടു ആണ്‍മക്കളും അടങ്ങുന്ന ഒന്‍പതംഗകുടുംബമാണ് പണമിടപാടുകള്‍ നടത്തുന്നത് എന്നാണു കേള്‍വി.

ഇതെക്കുറിച്ച് മുഖ്യധാരാ അച്ചടിമാധ്യമങ്ങളും, തൊട്ടതിനും പിടിച്ചതിനുമൊക്കെ ബ്രേക്കിംഗ് ന്യൂസും തല്‍സമയ ചര്‍ച്ചകള്‍ നടത്തുന്ന ദൃശ്യമാധ്യമങ്ങളോ അറിഞ്ഞഭാവം നടിക്കുന്നില്ല.



വ്യവസായികളുടെയും എതിര്‍കക്ഷിനേതാക്കന്മാരുടെയും സ്വിസ്സ്ബാങ്ക് അക്കൌണ്ടുകള്‍ തേടിപ്പോകുന്ന രാഷ്ട്രീയക്കാരുടെ കണ്ണില്‍ മാതായുടെ 700 കോടി സ്വിസ്ബാങ്ക് പണം കാണാന്‍ കിട്ടിയില്ല.

ഒന്നിനെയും പേടിയില്ല എന്നു പറയുന്ന ജയരാജസഖാവ് മാത്രം പേരിനല്പം തന്‍റെടം കാട്ടി.... തന്‍റെ ഫേസ്ബുക്ക് പേജില്‍ മാതയ്ക്ക് എതിരായി പോസ്ടിട്ടു...അത് വിവാദമായപ്പോള്‍ മാറ്റുകയും ചെയ്തു.

ഇതിലെ സാംസ്കാരിക അധപതനവും,ആത്മീയഭീകരതയും, ലൈംഗീക ചൂഷണവും സംസ്കാരികതയുടെ വക്താക്കള്‍ക്ക് വിഷയവുമല്ല. അതോ പതിനാറിലെ നിക്കാഹും, ലവ്ജിഹാദും മാത്രമേ സാംസ്കാരിക ചര്‍ച്ചക്ക് വിഷയീഭവിക്കുകയുള്ലോ?

ആകെക്കൂടി കണ്ടത് സോഷ്യല്‍നെറ്റ്വര്‍ക്കുകളില്‍ മാതാഭക്തരും, മാതാവിരോധികളും തമ്മിലുള്ള  ഗോഗ്വാവിളികളും തെറിയഭിഷേകവും മാത്രം.

പതിനാറിലെ നിക്കാഹും, ലവ്ജിഹാദും സാംസ്കാരികഅപചയത്തിനു കാരണമാകുന്നുവെങ്കില്‍ ... ആത്മീയതയുടെ മറവില്‍ കാട്ടിക്കൂട്ടുന്ന ഇതുപോലയുള്ള ഹീനമായ കാര്യങ്ങള്‍ സാംസ്കാരികതയുടെയും ആത്മീയതയുടെയും അധപതനതിനു ഹേതുവാകുന്നു എന്നതില്‍ തര്‍ക്കമില്ല.

പ്രസ്തുത പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ ആധാരമായി കരുതാന്‍
കഴിയില്ല എങ്കിലും, അതിനെക്കുറിച്ച് സമഗ്രമായ ഒരു അന്വേഷണം ആവശ്യമാണെന്ന് തോന്നുന്നു. മഠത്തിനും, മാതായ്ക്കും പൊതുസമൂഹത്തിനു തന്നെ പരിചിതയുമാണ് എഴുത്തുകാരി എന്നതുതന്നെ കാരണം. ആത്മീയതയുടെ മറവിലുള്ള തട്ടിപ്പുകള്‍ അനുവദിക്കാന്‍ പാടുള്ളതല്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിച്ചേ മതിയാവൂ, അത് ഏതു ആള്‍ദൈവമാണെങ്കിലും. തങ്കു ബ്രദറിനെയും, സന്തോഷ്‌മാധവനെയും,  തോക്ക് സ്വാമിയെയും അറസ്റ്റ് ചെയ്യാന്‍ കാണിച്ച ആര്‍ജ്ജവം, തമിഴ്നാട്ടില്‍ കാഞ്ചി മഠാധിപതിയെ അറസ്റ്റ് ചെയ്യാന്‍ കാണിച്ച ആര്‍ജ്ജവം ഇതിലും ഉണ്ടാവണം.

https://docs.google.com/file/d/0B7W-5UC6oICWT2pSR0toZ3R4VjQ/preview?pli=1

Thursday, 7 July 2011

ശരിയല്ല ഈ നടപടി

ഏതു സമിതി ശുപാര്‍ശ ചെയ്തിട്ടാണെങ്കിലും അധികാരത്തിലിരുന്നുകൊണ്ട് അഴിമതി കാണിച്ചതിന്സസ്പെന്‍റ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു രണ്ടു മാസം തികയും മുന്‍പ് തിരികെയെടുത്തത് നല്ലതല്ല.

സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞു എന്ന് സാങ്കേതികമായി പറയാമെങ്കിലും, ഇത്രയും മോശമായ ഒരു ഓഫീസറെ അന്വേഷണം തീരുന്നതുവരെ മാറ്റി നിര്‍ത്താമായിരുന്നു.സുതാര്യ ഭരണം വാഗ്ദാനം ചെയ്തിട്ട് ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടി കല്ലുകടി ഒഴിവാക്കാമായിരുന്നു.

അനുമതിയില്ലാതെ വിദേശത്ത് പോയി ഭീകരവാദികളെ സഹായിക്കാനുള്ള ഒത്താശ ചെയ്തു കൊടുത്തയാളാണ് എന്ന് ഓര്‍ക്കണം. അധികാരം ദുര്‍വിനിയോഗം ചെയ്തു കള്ളക്കടത്ത് നടത്തി ബിസിനസ് ഉണ്ടാക്കി. വിദേശത്ത് നിന്ന് നിയമ വിരുദ്ധമായി സാധനങ്ങള്‍ ഇറക്കുമതി ചെയ്തു കോടിക്കണക്കിനു രൂപ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടാക്കി.

അനധികൃത സ്വത്തു സമ്പാദനത്തിനും മറ്റും കേസുണ്ട് എന്നാണറിവ്.
അതുപോലെ തന്നെ ഭരിക്കുന്ന മുന്നണിയുടെ എം എല്‍ എ എന്നതിലുപരി , മുന്നണിയിലെ വലിയ പാര്‍ടിയുടെ സംസ്ഥാന പ്രസിഡണ്ട്‌ ആണ് ശ്രീ രമേശ്‌ ചെന്നിത്തല. തച്ചങ്കരിയുടെ തിരിചെടുക്കലിനെക്കുറിച്ചു
അദ്ദേഹം അഭിപ്രായം പറയേണ്ട ആവശ്യമില്ലായിരുന്നു എന്നാണ് എന്റെ അഭിപ്രായം. കാരണം അതൊരു ന്യായീകരിക്കലായിവ്യാഖ്യാനിക്കപ്പെടാം
ഉത്തരവാദിത്തപ്പെട്ട മന്ത്രിയും വകുപ്പുമുണ്ട് അവര്‍ പറയട്ടെ.


ഏതെങ്കിലും സാമുദായിക സംഘടനയുടെ സമ്മര്‍ദ്ദം മൂലമാണ് ഇതെന്ന് ആരോപണം ഉന്നയിച്ചാലും എതിര്‍ക്കാന്‍ പറ്റുമോ?

ഏതായാലും അന്വേഷണം നടക്കട്ടെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം.
പക്ഷെ രാജ്യദ്രോഹികളെ അറിഞ്ഞോ അറിയാതെയോ സഹായിക്കാന്‍ പാടില്ല, അതാരായാലും.

ജയ് ഹിന്ദ്‌