Showing posts with label വിമര്‍ശനം. Show all posts
Showing posts with label വിമര്‍ശനം. Show all posts

Wednesday, 4 December 2013

ഇതും ഭരണമോ????


കുറേനാളായി ഇടതു-വലതു ഐക്യമുന്നണിയാണ് കേരളം ഭരിക്കുന്നത്‌. ഇതൊന്നുമറിയാതെ (അതോ അങ്ങിനെ ഭാവിക്കുകയോ) പൊതു ജനങ്ങളും, മുഖപുസ്തകത്തില്‍ ‘ഗോഗ്വാ’ വിളികള്‍ നടത്തുന്ന യുവസമൂഹവും. പരസ്പരം ന്യായീകരിക്കാന്‍ കാണിക്കുന്ന പെടാപ്പാടുകള്‍ കണ്ടാല്‍ സഹതാപം തോന്നും. ഇവരൊക്കെ എന്നെങ്കിലുമൊരിക്കല്‍ ഭരണ-പ്രതിപക്ഷങ്ങളുടെ പൊള്ളത്തരങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കും എന്നുള്ള പ്രതീക്ഷയും ഇല്ല.
   
കെടുകാര്യസ്ഥതനടമാടുന്ന സര്‍ക്കാര്‍ ആശുപത്രികള്‍, അഴിമതിയും തന്പ്രമാണിത്വവും നിറഞ്ഞ സര്‍ക്കാര്‍ ഓഫീസുകള്‍. മുഖ്യമന്ത്രിയുള്‍ടെയുള്ളവരുടെ ഓഫീസുകള്‍ കേന്ദ്രീകരിച്ചുനടക്കുന്ന അഴിമതികള്‍. പരസ്പരം വിഴുപ്പലക്കുന്ന മന്ത്രിമാര്‍, സമുദായങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന ഘടകകക്ഷിമന്ത്രിമാരും വകുപ്പുകളും, സ്വയം മന്ത്രിമാരെ പ്രഖ്യാപിക്കുന്ന ഘടകക്ഷികള്‍, സമുദായക്കൊടിയുടെ നിറം പെയിന്റുചെയ്യപ്പെടുന്ന സര്‍ക്കാരാഫീസുകള്‍, പെണ്ണുകേസില്‍ അകപ്പെടുന്ന  മന്ത്രിമാര്‍, മന്ത്രിക്കസേരക്ക് പിന്നാലെ പായുന്ന ഭരണപാര്‍ട്ടിയുടെ പ്രസിഡന്റ്‌. തമ്മിലടിക്കുന്ന പോലീസ് സേന. തെരുവുഗുണ്ടയെപ്പോലെ സംസാരിക്കുന്ന ചീഫ് വിപ്പ്. അട്ടിമറിക്കപ്പെടുകയോ, മനപൂര്‍വം വൈകിപ്പിക്കുകയോ ചെയ്യുന്ന കേസന്വേഷണങ്ങള്‍, കൊലപാതകക്കേസുകളിലെ പ്രതികള്‍ക്ക് സര്‍വതന്ത്ര സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കുന്ന ജയിലുകള്‍. ഇതൊക്കെ കാണുമ്പോള്‍ ഒരു ഭരണസംവിധാനം കേരളത്തില്‍ നിലവിലുണ്ടോ എന്നുതന്നെ സംശയം. മുഖ്യമന്ത്രിപോലും ആക്രമിക്കപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്.
                                                          
ഇത്രയും കെടുകാര്യസ്ഥതനിറഞ്ഞ ഒരു ഭരണം കേരളചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടോ എന്നുസംശയം.കൊട്ടിഘോഷിച്ചുനടത്തപ്പെടുന്ന ജനസമ്പര്‍ക്ക പരിപാടി ഉള്ളപ്പോള്‍ മാത്രമാണ് സംസ്ഥാനത്ത് ഒരു മുഖ്യമന്ത്രിയും ഭരണവും ഉണ്ടെന്നു തോന്നുന്നത്. സമ്പര്‍ക്കപരിപാടി വളരെ കേമമാണ്‌ എന്നുള്ള ഒരു ചിന്ത എനിക്കും നേരത്തെ ഉണ്ടായിരുന്നു. അതിനെ അനുകൂലിച്ചു വളരെ സംസാരിച്ചിട്ടുമുണ്ട്. അതിനെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചപ്പോഴാണ് മനസ്സിലായത്‌ കുറച്ചുപേര്‍ക്ക്‌ വ്യക്തിഗത നേട്ടങ്ങള്‍മാത്രം ലഭ്യമാക്കുന്നു എന്നതില്‍ കവിഞ്ഞ് സംസ്ഥാനത്തിന് യാതൊരു ഗുണവുമില്ലാത്ത പരിപാടിയാണെന്ന്. ആനുകൂല്യങ്ങള്‍ കിട്ടുന്നവര്‍ക്കും സര്‍വ്വോപരി മുഖ്യനടത്തിപ്പുകാരന്‍ എന്നനിലയില്‍ ശ്രീ.ഉമ്മന്‍ചാണ്ടിക്കും മാത്രമാണ് അതിന്‍റെ നേട്ടം. മുഖ്യന്‍റെ പാര്‍ട്ടിയായ കൊണ്ഗ്രെസിനു സമ്പര്‍ക്ക മാമാങ്കംകൊണ്ട് യാതൊരു നേട്ടവും ഇല്ല. അശരണരെ സഹായിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ത്തന്നെ നിരവധി ഏജന്‍സികള്‍ നിലവിലിരിക്കെ, അവയുടെയൊക്കെ പോരായ്മയോ, കെടുകാര്യസ്ഥതയോ ആണ് ഇതുപോലൊരു പരിപാടിയില്‍ അപേക്ഷകരുടെ തള്ളിക്കയറ്റം വിളിച്ചോതുന്നത്‌. പ്രവര്‍ത്തനക്ഷമമല്ലാത്ത ഓഫീസുകളേയും, ഉത്തരവാദികളായ ഉദ്യോഗസ്ഥരെയും നിലയ്ക്ക് നിര്‍ത്തേണ്ടതിനു പകരം സാദാ വില്ലേജ് ഓഫീസറുടെ മേലങ്കിയണിഞ്ഞു ജനകീയനാവാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം സംസ്ഥാനത്തിന് ഒട്ടും ഗുണകരമാവില്ല.
കേവലഭൂരിപക്ഷം മാത്രമുള്ള സര്‍ക്കാരിനെ നിലനിര്‍ത്താന്‍ നെറികെട്ട കാര്യങ്ങളാണ് പ്രതിപക്ഷവുമായി ചേര്‍ന്ന് മുഖ്യമന്ത്രിയും കൂട്ടരും ചെയ്യുന്നത്. സ്വന്തം പാര്‍ട്ടിക്കാരെപ്പോലും മറന്നുകൊണ്ടുള്ള അവിശുദ്ധബന്ധമാണ് ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മിലുള്ളത് എന്നതിന്റെ തെളിവുകളാണ് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട ശ്രീ.ചന്ദ്രശേഖരന്‍റെയും, ശ്രീ.ഷുക്കൂറിന്റെയും അട്ടിമറിക്കപ്പെട്ട കേസന്വേഷണം മുതല്‍ എത്രയെത്ര കേസുകള്‍. സി,ബി.ഐക്ക് വിടാതെ വച്ചുകൊണ്ടിരിക്കുന്ന ജയകൃഷ്ണന്‍മാസ്റ്റര്‍ വധക്കേസ്. ലോകായുക്തയും കോടതിയും ഉത്തരവിട്ടിട്ടും റദ്ദ് ചെയ്യുകയോ വീണ്ടും പരീക്ഷ നടത്തുകയോ ചെയ്യാത്ത കേരളാ യൂനിവേര്‍സിറ്റി  അസിസ്റ്റന്റ്‌ നിയമനതട്ടിപ്പ്, മുഖ്യമന്ത്രിയുടെ ഓഫീസിനു നേരിട്ടു ബന്ധമുള്ള സോളാര്‍അഴിമതിയും ഭൂമി തട്ടിപ്പും, അട്ടിമറിക്കപ്പെട്ട ലാവ്ലിന്‍ അഴിമതി, പ്രാഥമികാന്വേഷണംപോലും നടത്താന്‍പോലും തയാറാവാത്ത ശ്രീ.കരീമിന്‍റെ ഖനാനുമതികൈക്കൂലി.


ശ്രീ.ചന്ദ്രശേഖരന്‍ കൊലപാതകപ്രതികള്‍ ജയിലില്‍സുഖവാസജീവിതമാണ് നയിക്കുന്നത് എന്നാണു പുറത്തുവരുന്ന ഏറ്റവും പുതിയറിപ്പോര്‍ട്ടുകള്‍. ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍നെറ്റ്വര്‍ക്കുകളില്‍ സജീവമാണ് പ്രതികള്‍. തുടര്‍ച്ചയായി ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് ജയില്‍വേഷം പോലും ധരിക്കാതെ കൂളിംഗ് ഗ്ലാസ്സും, ബര്‍മുഡയും ധരിച്ചുകൊണ്ടുള്ള നിരവധി ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ അപ്ലോഡ്ചെയ്തിട്ടുണ്ട്. ഈ പ്രതികള്‍ക്ക് ജയിലില്‍ സര്‍വതന്ത്ര സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുന്നു എന്നതിനു ഇതില്‍ കൂടുതല്‍ തെളിവെന്തുവേണം??ഇതൊക്കെ കാണുമ്പോള്‍ ശ്രീ.പിണറായി വിജയനാണോ കേരളത്തിലെ ആഭ്യന്തരമന്ത്രി എന്നുള്ള സംശയം സ്വാഭാവികമായും ഉണ്ടാവാം. കൃത്യമായ ഇന്‍റെലിജെന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടും അഭ്യന്തരവകുപ്പും അതിന്‍റെ മന്ത്രിയും സി.പി.എമ്മു മായിട്ടുള്ള അവിഹിതബന്ധമാണ് ഇത് സൂചിപ്പിക്കുന്നത്. ബോധപൂര്‍വമായ ഒരു ഒത്തുകളിയായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ.

കൊണ്ഗ്രെസ്സ് നയിക്കുന്നു എന്നു പറയുന്ന കേരളസര്‍ക്കാരിലെ കൊണ്ഗ്രെസ്സ് മന്ത്രിമാരെക്കൊണ്ട് പാര്‍ട്ടിക്കോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ യാതൊരു ഗുണവുമില്ല എന്നതുപോലെയാണ് പ്രതിപക്ഷം പ്രവര്‍ത്തകരുടെ കണ്ണില്‍ പൊടിയിടാനുള്ള സമരനാടകങ്ങളും നടത്തുന്നത്. ചൂടും-ചൂരും കുറഞ്ഞുവരുന്ന ഇടതുപക്ഷസമരങ്ങളും സൂചിപ്പിക്കുന്നത് അതുതന്നെയാണ്. പുറമേ ഇരുകൂട്ടരും ‘വാണിയനും-വാണിയിച്ചിയും’ കളി നടത്തുന്നു. രഹസ്യമായി ഒത്തുതീര്‍പ്പ് വ്യവസ്ഥകളും.




വരുന്ന മൂന്നുവര്ഷം കൂടി തനിക്കുശേഷം പ്രളയം എന്നുള്ള ചിന്തയുമായി തട്ടിക്കൂട്ട് ജനസംബര്‍ക്കവുമായി ശ്രീ,ഉമ്മന്‍ചാണ്ടിക്ക് ഭരിക്കണം. അടുത്ത തെരഞ്ഞെടുപ്പില്‍ സ്വാഭാവികമായും സി.പി.എം നേതൃത്വത്തില്‍ സര്‍.പിണറായി വിജയന്‍ മുഖ്യനായി ഇടതുപക്ഷവും ഭരിക്കും. അതുവരെ ഇരുകൂട്ടര്‍ക്കും ജനത്തെ പറ്റിക്കണം. അതുവരെ ഇമ്മാതിരി ചവിട്ടുനാടകങ്ങള്‍ സഹിച്ചേ പറ്റൂ.   



ഫീലിംഗ്സ്: പുച്ഛം

Sunday, 17 November 2013

കസ്തുരിരംഗന്‍ റിപ്പോര്‍ട്ടും ഹര്‍ത്താലും -ചില ചിന്തകള്‍



എന്താണീ കസ്തുരിരംഗന്‍ റിപ്പോര്‍ട്ട്?? ഗോവ,ഗുജറാത്ത്,മഹാരാഷ്ട്ര, കര്‍ണാടക,തമിഴ്നാട്‌,കേരളം എന്നീ ആറു സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ടമേഘലയിലെ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച്, നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് പ്രായോഗികമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച, കസ്തുരിരംഗന്‍ എന്ന ഉദ്യോഗസ്ഥന്‍ തലവനായുള്ള ഉന്നതാധികാരസമിതിയുടെ പഠനറിപ്പോര്‍ട്ട്.അതാണ്‌ ഇപ്പോഴത്തെ കോലാഹലങ്ങളുടെ കാരണമായ റിപ്പോര്‍ട്ട്.


പ്രകൃതിയിലെ ആവാസവ്യവസ്ഥ, തണ്ണീര്‍തടങ്ങള്‍, തനതുജീവിവര്‍ഗങ്ങള്‍, ശുദ്ധജലചതുപ്പുകള്‍, ഇല്ലാതായിക്കൊണ്ടിരിക്കുന്ന നദികള്‍ ഇവയൊക്കെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള നിര്‍ദേശങ്ങളാണ്‌ പ്രസ്തുത റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രധാനമായും അഞ്ച് നിര്‍ദേശങ്ങളാണ്‌ ഉള്ളത്.

1. ഖനനം- പുതിയതായി കരിങ്കല്‍ ക്വാറികള്‍ - മണല്‍വാരല്‍ എന്നിവക്ക് പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ അനുമതി നല്‍കാന്‍ പാടില്ല. നിലവിലുള്ളവ അഞ്ച് വര്‍ഷംകൊണ്ട് ഘട്ടം ഘട്ടമായി നിര്‍ത്തലാക്കണം.
2. താപോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കരുത്.. കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിന് തടസ്സമില്ല.
3. 20,000 ചതുരശ്ര മീറ്ററില് അധികംവിസ്തീര്‍ണ്ണമുള്ള  കെട്ടിടങ്ങള്‍ നിര്‍മ്മിക്കരുത്.
4. 50 ഹെക്ടറില്‍ അധികമുള്ളതോ, 1.5 ലക്ഷം ചതുരശ്ര മീറ്ററിലുള്ളതോ ആയ ടൌണ്‍ഷിപ്പുകള്‍ അഥവാ മേഖലാവികസന പദ്ധതികളോ പാടില്ല.
5. ചുവപ്പ് ഗണത്തില്‍പ്പെട്ട വ്യവസായങ്ങള്‍ അനുവദിക്കാന്‍ പാടില്ല.

മുന്‍പുണ്ടായിരുന്ന മാധവ് ഗാഡ്ഗില്‍ സമിതിയും പറഞ്ഞത് ഇതൊക്കെ തന്നെ. കസ്തുരിരംഗന്‍ സമിതിയില്‍ കൂടുതലായി ഒരു കാര്യം കൂടി പറയുന്നു പരിസ്ഥിതിദുര്‍ബല പ്രദേശങ്ങളായി കണ്ടെത്തിയ സ്ഥലങ്ങളില്‍ സംസ്ഥാനസര്‍ക്കാരോ മറ്റു എജെന്‍സികളോ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് മുന്‍പ് പ്രാദേശികഭരണകേന്ദ്രങ്ങളിലും, ഗ്രാമസഭകളിലും വിഷയം ചര്‍ച്ചചെയ്യപ്പെടണം.

പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ നിലവിലുള്ള കര്‍ഷകരെയോ കുടിയേറ്റക്കാരെയോ ഒഴിവാക്കാനുള്ള യാതൊരു നിര്‍ദേശവും പ്രസ്തുത റിപ്പോര്‍ട്ടുകളില്‍ ഇല്ല എന്നതാണ് വസ്തുത. എന്നാല്‍ പുതിയതായി യാതൊരുവിധ കയ്യേറ്റങ്ങളും അനുവദിക്കാനും പാടില്ല എന്നും നിര്‍ദേശിക്കുന്നു. പ്രകൃതിയോടു ഇണങ്ങുന്ന തരത്തിലുള്ള കൃഷികള്‍ക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം കൊടുക്കണമെന്ന നിര്‍ദേശവും പ്രധാനമാണ്.കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച റിപ്പോര്‍ട്ടില്‍ എന്തെങ്കിലും തരത്തിലുള്ള അപാകതകള്‍ ഉണ്ടെങ്കില്‍ അതിനു വേണ്ടിയുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ശേഖരിച്ച് തിരുത്തലുകള്‍ നടത്തുന്നതിനു നാലുമാസം സമയവും നല്‍കിയിട്ടുണ്ട്.കേരളത്തിലെ കര്‍ഷകരെ ബാധിക്കുന്നതരത്തിലുള്ള യാതൊരു നിര്‍ദേശവും അംഗീകരിക്കില്ലന്നു മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുമുണ്ട്.

ഇത്രയും കാര്യങ്ങള്‍ പകല്‍ പോലെ വ്യക്തമാണെങ്കിലും എന്തിനീ ഹര്‍ത്താല്‍?? കര്‍ഷകരുടെ താല്പര്യങ്ങള്‍ക്കുവേണ്ടി എന്നുപറയുമ്പോള്‍ ഖനനത്തിന്റെ പേരില്‍ പാതാളം വരെ ബോംബ്‌വച്ച് തകര്‍ക്കുന്ന ക്വാറി മുതലാളിമാരും, അനധികൃത മണല്‍വാരലിലൂടെ നദികളെ കൊന്നുകൊണ്ടിരിക്കുന്ന മണല്‍ മാഫിയയുമാണോ കര്‍ഷകര്‍???

സത്യം ജനങ്ങളിലേക്ക് എത്തിക്കാന്‍ ബാധ്യസ്ഥരായ മാധ്യമങ്ങളും, നാടിന്‍റെ പൊതുതാല്പര്യതിനുവേണ്ടി നിലകൊള്ളേണ്ട രാഷ്ട്രീയക്കാരും, സാമൂഹിക പരിവര്‍ത്തനവും ജനനന്മയും ലക്ഷ്യമാക്കേണ്ട മതാധ്യക്ഷന്മാരും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മത്സരിക്കുന്നകാഴ്ചയാണ് ഇന്ന് കേരളത്തിലുള്ളത്.

കഴിഞ്ഞദിവസങ്ങളിലെ സമരംകൊണ്ട് മാത്രം കോടികളുടെ നഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ആഹ്വാനം ചെയ്തവര്‍ ഏതു കൊമ്പന്മാരായാലും അവര്‍ക്കെതിരെ നടപടികള്‍ എടുക്കുകയാണ് ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. നിര്‍ഭാഗ്യവശാല്‍ സമുദായകക്ഷികള്‍ക്ക് സ്വാധീനമേറെയുള്ള സര്‍ക്കാരായതുകൊണ്ട് ഒന്നും സംഭവിച്ചില്ല അല്ലെങ്കില്‍ സംഭവിക്കുകയില്ല എന്നു സാരം.


ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ അണികളെ ഊര്‍ജ്ജസ്വലരാക്കുക എന്നതാണ് ഇടതുപക്ഷത്തിന്‍റെ താല്പര്യം. അതുപോലെതന്നെ വിലപേശല്‍ ശക്തികളാവുക എന്നതാണ് സമുദായ അധ്യക്ഷന്മാരുടെ ലക്ഷ്യവും. ഇടയലേഖനത്തിലൂടെയാണല്ലോ വോട്ടുകള്‍ നിയന്ത്രിക്കുന്നത്‌. അറിവില്ലായ്മയും വിവരദോഷവും ഒരു കുറ്റമല്ല, അത് ഇക്കൂട്ടര്‍ക്കുള്ള ഒരു രോഗമാണ്. ഇവര്‍ക്കൊക്കെ ഈ റിപ്പോര്‍ട്ടുകള്‍ വായിച്ചു മനസ്സിലാക്കാനുള്ള വിവരമില്ലെങ്കില്‍ തങ്ങളുടെ ചെറുമക്കളെക്കൊണ്ടെങ്കിലും വായിപ്പിച്ച് സത്യാവസ്ഥ മനസ്സിലാക്കിയിട്ടുവേണം ഹര്‍ത്താലിനും സമരത്തിനുമൊക്കെ ആഹ്വാനം നല്‍കാന്‍.


ശ്രീ. കെ.എം മാണിയെപ്പോലുള്ളവരുടെ ലക്ഷ്യവും സുവ്യക്തമാണ് തെരഞ്ഞെടുപ്പിന് മുന്‍പ് ആറുമാസമെങ്കില്‍ ആറുമാസം മകനെ കേന്ദ്രത്തിലൊരു മന്ത്രിയാക്കുക. അതിനുവേണ്ടി ടിയാന്‍ ശ്രമം തുടങ്ങിയിട്ട് കാലങ്ങളായി. കിട്ടുന്ന ഒരു അവസരവും പാഴാക്കുകയുമില്ല. ഇത്തവണകൂടി അത് നടന്നില്ലങ്കില്‍ സംസ്ഥാനസര്‍ക്കാരിനെ കാലുവാരി ഇടതുപാളയത്തില്‍പോയി കുറച്ചുകാലത്തെക്കെങ്കിലും മുഖ്യമന്ത്രിയാവുക.

സാക്ഷരതയിലും ഉന്നതവിദ്യാഭ്യാസത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തിലെ ജനങ്ങള്‍ ഈ രാഷ്ട്രീയ എമ്പോക്കിക്കളും, ഊച്ചാളികളായ മതമേലധ്യക്ഷന്മാരും, മാധ്യമ പിമ്പുകളും പറയുന്നത് ‘തൊണ്ടതൊടാതെ വിഴുങ്ങുന്നതുപോലെ’ എന്ന പഴമൊഴിപോലെ കണ്ണുമടച്ച് വിശ്വസിക്കുന്നതാണ് മനസ്സിലാകാത്തത്. ഈ പറഞ്ഞ റിപ്പോര്‍ട്ടുകള്‍ എല്ലാം തന്നെ വിരല്‍തുമ്പില്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. അത് വായിച്ചു മനസ്സിലാക്കാന്‍ ശേഷിയും ശേമുഷിയുമുള്ള യുവജനത അതിനു ശ്രമിക്കുകയും മറ്റുള്ളവര്‍ക്ക് നിജസ്ഥിതി മനസ്സിലാക്കിക്കൊടുക്കാനുമുള്ള ശ്രമങ്ങള്‍ നടത്തുകയും വേണം.


പക്ഷേ അതൊന്നും സാധ്യമാവുന്ന ലക്ഷണം കാണുന്നില്ല. വിദ്യാഭ്യാസം കൂടുംതോറും യുവാക്കളിലെ സാമൂഹികപ്രതിബദ്ധതയും രാഷ്ട്രസ്നേഹവും കുറയുന്നകാഴ്ചയാണ് പൊതുവേ കാണുന്നത്. ഓരോരുത്തരും തങ്ങളിലേക്ക് ചുരുങ്ങുന്നു. സ്ഥാപിതതാല്‍പര്യക്കാരുടെ ചട്ടുകങ്ങളായി വര്‍ത്തിക്കാനാണ് താല്‍പര്യക്കൂടുതല്‍.എന്നും കഴുതകളായും,അടിമകളായും ജീവിക്കാനാഗ്രഹിക്കുന്ന പൊതുജനം എന്ന ലേബലില്‍ കഴിയാനാണ് അവര്‍ക്ക് താല്പര്യം.



ഫീലിംഗ്സ്: നിരാശ



ഹര്‍ത്താലില്‍ രമിച്ചു സുഖിച്ച് ഇരിക്കുമ്പോള്‍ ആഹ്വാനം നടത്തിയ നേതാക്കന്മാരും ഇടയന്മാരും ഒന്ന് വായിച്ചാല്‍ നന്ന്..... പൊതുവായ ജനത്തിനും വായിക്കാം.... ചുമ്മാ ഒരു എന്ജോയ്മെന്‍റ് ആവട്ടെ.... ഇച്ചരെ വെവരോം ഉണ്ടാവും.

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്
http://moef.nic.in/downloads/public-information/wg-23052012.pdf 

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മലയാളം 

കസ്തുരി രംഗന്‍ റിപ്പോര്‍ട്ട്  
http://envfor.nic.in/sites/default/files/HLWG-Report-Part-1_0.pdf

കസ്തുരി രംഗന്‍ റിപ്പോര്‍ട്ടിന്‍റെ സംഗ്രഹം മലയാളം 


http://keralabiodiversity.org/images/news/hlwg.pdf

Sunday, 3 November 2013

ശ്വേതയുടെ അരക്കെട്ടും പീതുവിന്റെ കയ്യും




ഡല്‍ഹി പീഡനത്തിനുശേഷം മാധ്യമങ്ങളില്‍ ഇത്രയേറെ മൈലേജ് കിട്ടിയ ഒരു ‘പീഡനം’ വേറെയുണ്ടായോ എന്നൊരു സംശയം.പീതുവിന്റെ കയ്യും ശ്വേതയുടെ അരക്കെട്ടുമാണ് രണ്ടു ദിവസമായി മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് . കല്ലേറും സോളാറും എങ്ങോപോയി ഇത്രയേറെ കോലാഹലവും ചര്‍ച്ചകളും നടത്താന്‍ എന്താണ് അതിലുള്ളത്?? കേരളത്തിന്‍റെ സാംസ്കാരിക നിലവാരം പാതാളത്തിലേക്ക്‌ ആണ്ടുപോയോ?? കുറെ സദാചാരവാദികള്‍ ഫേസ്ബുക്കില്‍ ആടിതിമിര്‍ക്കുന്നു, മുഖം പുട്ടിയിട്ടു മിനുക്കിയ ചര്‍ച്ചിസ്റ്റുകള്‍ ദൃശ്യമാധ്യമങ്ങളില്‍ വാക്കുകളിട്ടമ്മാനമാടി ചാരിതാര്‍ത്ഥ്യമടയുന്നു. പ്രതി രാഷ്ട്രീയക്കാരനും ഇര സിനിമാക്കാരിയും ആയതുകൊണ്ട് വാര്‍ത്തകള്‍ക്കും വായനക്കും പഞ്ഞവുമില്ല. 

മാളത്തില്‍ കഴിഞ്ഞിരുന്ന പീഡനപ്രതികള്‍ എല്ലാം ഇപ്പോള്‍ അരയും തലയും മുറുക്കി രംഗത്ത്‌ ഇറങ്ങി. പുതിയ പ്രതിയെ കിട്ടിയപ്പോള്‍ അതിന്റെ മറവില്‍ തങ്ങളുടെ മുഖം മിനുക്കാം എന്ന മോഹവുമായി ‘അപലപന’പ്രസ്താവനകള്‍
തുടങ്ങിക്കഴിഞ്ഞു.

‘പീഡനം’ കഴിഞ്ഞ് വളരെ മണിക്കൂറുകള്‍ക്ക് ശേഷം മാത്രം ഒരു പുകമറ സൃഷ്ടിച്ചുകൊണ്ട് പ്രതി ആരെന്നു പറയാതെ ആരോപണം ഉന്നയിച്ചതിലെ സാംഗത്യം എന്താണെന്ന് മനസ്സിലായില്ല. പീഡിപ്പിച്ച ആളുടെ പേര് ഏറെ വൈകിയും പറയാന്‍ പോലും ഇര തയാറാവുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.അങ്ങിനെയൊരു സംഭവം നടന്നു കഴിഞ്ഞാല്‍ അവരെപ്പോലെ ‘ബോള്‍ഡ്‌’ എന്നവകാശപ്പെടുന്ന ഒരു സ്ത്രീ എന്തുകൊണ്ട് അപ്പോള്‍ പ്രതികരിച്ചില്ല?? അതായിരുന്നില്ലേ കൂടുതല്‍ അഭികാമ്യം?? ഇതു കൊമ്പത്തെ ആളായിരുന്നാലും പൊളിച്ചടുക്കണമായിരുന്നു അപ്പോള്‍ തന്നെ. ഞരമ്പുരോഗികള്‍ക്ക് ഒരു പാഠമാകേണ്ടിയിരുന്നു അത്.

സോഷ്യല്‍മീഡിയകളില്‍ ശ്വേതയെ, അവരുടെ തൊഴില്‍ മേഖലയുമായി ബന്ധപ്പെടുത്തി അവഹേളിച്ചുകൊണ്ട് പോസ്റ്റുകളും കമന്‍റുകളും ഇടുന്നവര്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്; സിനിമയും അതിലെ കഥാപാത്രവുമായി ബന്ധപ്പെടുത്തി അവര്‍ക്ക് പലവിധത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കേണ്ടിവന്നിട്ടുണ്ടാവാം, പല തരത്തില്‍ അഭിനയിക്കേണ്ടി വന്നിട്ടുണ്ടാവാം.അതൊക്കെ അവരുടെ തൊഴിലിന്‍റെ ഭാഗമാണ്. എന്ന് കരുതി വഴിയെ പോകുന്ന ഏതൊരുവനും അവരെ ‘തപ്പാം’ എന്നു അത് അര്‍ത്ഥമാക്കുന്നില്ല. നമ്മളെപ്പോലെ തന്നെ വികാരവിചാരങ്ങളും, കുടുംബവും ഒക്കെയുള്ള ഒരു മനുഷ്യജീവി തന്നെയാണ് അവരും.

പീതുവിനെ ന്യായീകരിക്കാനായി അന്ധമായ കൊണ്ഗ്രെസ്സ് അഭിമുഖ്യമുള്ളവരുടെ തത്രപ്പാട് കാണുമ്പോള്‍ സഹതാപം തോന്നുന്നു. ഒരു സ്ത്രീയെ പൊതുസ്ഥലത്തുവച്ച് പരസ്യമായി
തൊട്ടും തലോടിയും നില്‍ക്കുന്നത് ഞരമ്പുരോഗം തന്നെയാണ്. അത് ചെയ്തത് എത്ര ഉന്നതനായാലും ശിക്ഷിക്കപ്പെടണം. അല്ലാതെ അന്ധമായ രാഷ്ട്രീയ വിശ്വാസത്തിന്‍റെ പേരില്‍ അതിനെ വെള്ളപൂശാന്‍ ശ്രമിക്കുകയല്ല വേണ്ടത്. തിരുത്തല്‍ ശക്തിയായി വേണം അണികള്‍ നിലകൊള്ളാന്‍. പക്ഷേ നിഭാഗ്യവശാല്‍ കൊടിയുടെ നിറംനോക്കിയാണ് യുവജനത സാമൂഹിക വിപത്തുക്കള്‍ക്ക്നേരെ പ്രതികരിക്കുന്നത് എന്നുള്ളത് വളരെ ദയനീയമാണ്.സ്വന്തം അമ്മയ്ക്കോ, സഹോദരിക്കോ ഇങ്ങനെയുള്ള അനുഭവം ഉണ്ടാവുംപോഴേ ഇങ്ങനെയുള്ള സദാചാര അണികള്‍ പാഠം പഠിക്കൂ. സമൂഹത്തിനു മാതൃകയാവേണ്ട രാഷ്ട്രീയക്കാര്‍ ഇത്തരത്തില്‍ ചെയ്യുന്നത് നമ്മുടെ സാംസ്കാരിക അധപതനതിലേക്ക് വിരല്‍ ചൂണ്ടുന്നു. പീതുവിനെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുവാന്‍ അയാളുള്‍പ്പെടുന്ന പാര്‍ട്ടിയുടെ നേതാക്കന്മാരാണ് ആര്‍ജ്ജവം കാട്ടേണ്ടത്.

പക്ഷേ, ഇതാണോ കേരളത്തില്‍ ഇന്ന് ചര്‍ച്ചചെയ്യേപ്പെടെണ്ട ഏറ്റവും വലിയ സാമൂഹിക പ്രശ്നം?? കഴിഞ്ഞ ദിവസം ചോറ്റാനിക്കരയില്‍ ഒരു യുവതിയും തന്റെ കാമുകന്മാരും കൂടി ചേര്‍ന്ന് തന്‍റെ പിച്ചുകുഞ്ഞിനെ പീഡിപ്പിച്ചു കൊന്നു കുഴിച്ചുമൂടി. അതിനെക്കുറിച്ച് പ്രതികരിക്കാനോ ചര്‍ച്ചിക്കാനോ ചാനലുകളില്‍  ആരെയും കണ്ടില്ല. കോഴിക്കോട്ട് അദിതി നമ്പൂതിരി, മാതൃസഹോദരിയാല്‍ ദാരുണമായി കൊല്ലപ്പെട്ട രാഹുല്‍, കുരുന്നു ശരീരത്തിലൊതുങ്ങാത്ത വേദന സമ്മാനമായി കിട്ടിയ ഷഫീഖ്, വളര്‍ത്തുനായക്കൊപ്പം ചങ്ങലക്കിടപ്പെട്ട ആരോമല്‍. ഇതാ ഇപ്പോള്‍ അക്സയും. സോഷ്യല്‍ മീഡിയകളില്‍ പോസ്ടിങ്ങുകള്‍ക്കും ചര്‍ച്ചകള്‍ക്കും തള്ളിക്കയറ്റവും കണ്ടില്ല. ഇങ്ങനെയുള്ള സാമൂഹിക അധപതനങ്ങള്‍ക്ക്  നേരെയല്ലേ പ്രതികരണങ്ങള്‍ ഉണ്ടാവേണ്ടത്?? ചര്‍ച്ചകള്‍ക്കും ബോധവല്‍ക്കരണത്തിനും പാത്രമാവേണ്ട വിഷയവും ഇത് തന്നെയെന്ന് എനിക്കു തോന്നുന്നു. പക്ഷേ, ശ്വേതയുടെ തുടുത്ത ശരീരത്തിനുമുന്നില്‍ ഈ കുഞ്ഞുങ്ങളുടെ നിഷ്കളങ്കമുഖങ്ങള്‍ക്ക് എന്ത് പ്രസക്തി.

വാല്‍ക്കഷ്ണം: ഒന്നല്ല രണ്ടുപേരാണ് പീഡിപ്പിച്ചത് എന്ന് പോലീസിനോട്‌
ശ്വേതയുടെ മൊഴി, അതില്‍ പീതുവിന്റെ പേരും പറഞ്ഞു രണ്ടാമന്‍ ആര് എന്നത് അടുത്ത ചര്‍ച്ചക്കുള്ള വിഷയം...... ആഘോഷമാകട്ടെ കാര്യങ്ങള്‍.



ഫീലിംഗ്സ്: സാമൂഹിക കാര്യങ്ങളില്‍ യുവാക്കളുടെ കാഴ്ചപ്പാടിലുള്ള അതൃപ്തിയും, പ്രതിഷേധവും. 



Wednesday, 2 October 2013

ചില നിഷേധ(വോട്ട്) ചിന്തകള്‍





നിഷേധവോട്ടിനെക്കുറിച്ചുള്ള ബഹു.സുപ്രീംകോടതി വിധിക്ക് പറയത്തക്ക മാധ്യമശ്രദ്ധ ലഭിച്ചില്ല എന്നൊരു തോന്നല്‍. പൊടിപ്പും തൊങ്ങലും വച്ചുള്ള വാര്‍ത്തകള്‍കൊടുത്തും അര്‍ത്ഥമില്ലാത്ത ചര്‍ച്ചകള്‍ നടത്തിയും കോടതിയലക്ഷ്യം ആവേണ്ട എന്നു കരുതിയാവും....


എന്താണീ നിഷേധവോട്ട്?? തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബുദ്ധിമാന്മാരായ മാന്യദേഹങ്ങള്‍ ആരുംതന്നെ തങ്ങള്‍ക്ക് സ്വീകാര്യര്‍ അല്ല എന്ന് ബോധിപ്പിക്കാന്‍ കാലങ്ങളായി കഴുതകള്‍ എന്നു വിളിച്ചുപോരുന്ന പൊതുജനത്തിനു കിട്ടിയ അവകാശം..... അതത്രേ ഈ നിഷേധവോട്ട്. ഒന്നും രണ്ടുമല്ല നീണ്ട ഒന്‍പതുവര്‍ഷമെടുത്ത് പൊരുതിനേടിയതാണ്....... 

വോട്ടുചെയ്യുന്നവര്‍ കൂടുതലും നിഷേധികളായാലോ??? നിഷേധവോട്ടും കൂടുതലാവും.... ഫലമോ.... സ്ഥാനാര്‍ഥികള്‍ ആരും വിജയിക്കില്ലതന്നെ. അപ്പോഴെന്തു ചെയ്യും???പ്രദേശത്ത് ജനപ്രതിനിധി ഉണ്ടാവില്ല. നിഷേധ സ്ഥാനാര്‍ഥിയും ഇല്ല....... ഈ അവസ്ഥക്ക് വ്യക്തമായ ഒരു വിശദീകരണം നല്‍കാന്‍ ബഹു. സുപ്രീംകോടതിക്കും കഴിഞ്ഞിട്ടില്ല... “അങ്ങിനെയുള്ള സ്ഥലത്ത് വീണ്ടും തെരഞ്ഞെടുപ്പുനടത്താന്‍ വകുപ്പില്ല”- തെരഞ്ഞെടുപ്പുകമ്മീഷന്‍ നയം വ്യക്തമാക്കി..

രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ജനങ്ങള്‍ക്കും പ്രസ്തുതവിധികൊണ്ട് ധാരാളം ഗുണങ്ങളും ദോഷങ്ങളുമുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നേതാക്കന്മാരുടെ തള്ളിക്കയറ്റം കുറയും....ജനം നിഷേധിച്ചാലോ?.... വെറുതെ ഉള്ളമാനം കളയേണ്ട എന്നൊരു ചിന്ത നേതാക്കള്‍ക്കുണ്ടാവും... പക്ഷെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട് അധികാരസ്ഥാനങ്ങളിലേക്ക് എത്താവുന്നിടത്തേക്ക് തള്ളിക്കയറ്റം കൂടുകയുംചെയ്യും. കൂടാതെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് “ഫിക്സെഡ് ഡെപ്പോസിറ്റ്‌” (പാര്‍ട്ടിയുടെ ചിഹ്നത്തില്‍ ഏതു കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുന്ന പ്രദേശം) ആയ സ്ഥലങ്ങളിലും ഈ തിരക്ക് അനുഭവപ്പെടാം. കൊടിയുടെ നിറവും ചിഹ്നവും കണ്ടാല്‍പ്പിന്നെ വേറൊന്നും ആലോചിക്കാത്ത കുറെ മണ്ടന്മാരായ അണികളുള്ളത് പാര്‍ട്ടിക്കാരുടെ ഭാഗ്യം.

സമുദായസംഘടനകള്‍ നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഈ വിധിയൊന്നും ബാധിക്കില്ല എന്നു തോന്നുന്നു.അവരവരുടെ സമുദായങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലായിരിക്കുമല്ലോ അവര്‍ മത്സരിക്കുക. അക്കാര്യങ്ങളൊക്കെ മതാധ്യക്ഷന്മാരും,മതനേതാക്കളും നോക്കിക്കോളും. കൂട്ടത്തിലുള്ള കുറെ കുലംകുത്തികളെമാത്രം നിലക്ക്നിര്‍ത്തിയാല്‍ മതിയാവും.

പണംവാങ്ങി വോട്ട് വില്‍ക്കുന്ന ആളുകള്‍ക്ക് ഈ വിധികൊണ്ട് നേട്ടമുണ്ടാവും. എങ്ങിനെയും ജയിക്കണം എന്നു കച്ചകെട്ടിയിറങ്ങുന്ന രാഷ്ട്രീയക്കാര്‍ വോട്ടുനേടാന്‍ പണമൊഴുക്കും.അങ്ങനെ ജയിച്ചുവരുന്നവര്‍ക്ക് മുടക്കുമുതല്‍ പലിശസഹിതം തിരിച്ചുപിടിക്കുന്നതിലാവും താല്‍പര്യക്കൂടുതല്‍.........., പാവം പൊതുജനം...

നിഷേധവോട്ടുകളാണ് കൂടുതലെങ്കില്‍ സ്വാഭാവികമായും ആരും തെരഞ്ഞെടുക്കപ്പെടുകയില്ലല്ലോ. സമാജികരില്ലാത്തപ്രദേശത്ത് വികസനപ്രവര്‍ത്തനങ്ങള്‍ വരാനുള്ള സാധ്യതകള്‍ കുറയും. പ്രദേശത്തിന്‍റെ ആവശ്യകതകള്‍ ഉന്നയിക്കാന്‍ ആളുണ്ടാവുകയില്ല. (കൂട്ടത്തില്‍ സ്വന്തംകീശകൂടി വികസിപ്പിക്കാം എന്ന് വിചാരിച്ചെങ്കിലും അല്പസ്വല്പം വികസനങ്ങള്‍ സമാജികരുണ്ടായിരുന്നെങ്കില്‍ എത്തിയേനേ).

ജനപ്രതിനിധികളില്ലെങ്കില്‍ സ്വാഭാവികമായുംഉദ്യോഗസ്ഥമേധാവിത്വവും, അഴിമതിയും കൂടും (ശ്രീ.ഋഷിരാജ് സിംഗിനെ പോലുള്ള സത്യസന്ധരായ ഉദ്യോഗസ്ഥര്‍ ക്ഷമിക്കുക). പ്രാദേശിക ഇടനിലക്കാര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ നിയന്ത്രിക്കുന്ന അവസ്ഥവരാനുള്ള സാധ്യതകള്‍ കൂടും.

നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട് അധികാരസ്ഥാനങ്ങളില്‍ എത്തുന്ന രാഷ്ട്രീയക്കാര്‍ക്ക് ജനങ്ങളോട് യാതൊരുവിധ പ്രതിബദ്ധതയും ഉണ്ടാവുകയില്ല. സ്വജനപക്ഷപാതവും അഴിമതിയും മാത്രമായിരിക്കും
അവിടെയും സംഭവിക്കുക. 

വ്യക്തമായ ധാരണയും കാഴ്ച്ചപ്പാടുമില്ലാതെ ഇതുപോലെയുള്ള തീരുമാനങ്ങളും വിധികളുമുണ്ടായാല്‍ അതിന്റെ അനന്തരഫലം അനുഭവിക്കുന്നത് എന്നും പൊതുജനം തന്നെ.

രണ്ടാംലോകമഹായുദ്ധത്തിനു നേതൃത്വംനല്‍കിയ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ചര്‍ച്ചില്‍ ഭാവി ഇന്ത്യയെക്കുറിച്ച് പറഞ്ഞത് എവിടെയോ വായിച്ചത്; 

“ഭാവി ഇന്ത്യയുടെ ഭരണം തെമ്മാടികളുടേയും, വഞ്ചകരുടേയും, പോക്കിരികളുടേയും, കൊള്ളക്കാരുടെയും കൈകളില്‍ എത്തും.ഇന്ത്യയുടെ നേതാക്കന്മാര്‍ സ്വഭാവഗുണമില്ലാത്ത ചണ്ടി ചവറുകള്‍ മാത്രമായിരിക്കും. അവര്‍ ജനങ്ങളെ മധുരവാക്കുകള്‍ പറഞ്ഞു മയക്കുന്ന മൂഡന്മാരുമായിരിക്കും. പാവപ്പെട്ടവരും വിഡ്ഢികളുമായ പൊതു ജനങ്ങള്‍ക്ക് കള്ളവാഗ്ദാനങ്ങള്‍ നല്‍കുന്നത് അവരുടെ രീതിയായിരിക്കും. ജനങ്ങളുടെ പ്രശ്നം കൈകാര്യം ചെയ്യുമ്പോള്‍ അവര്‍ അവരുടെ രീതികളില്‍ നാണമില്ലാത്തവരും ദേശസ്നേഹം ഇല്ലാത്തവരുമായിരിക്കും. അധികാരത്തിന്റെ അപ്പക്കഷണത്തിനു വേണ്ടി പരിസരം മറന്ന് പരസ്പരം അടികൂടും.ഇന്ത്യ രാഷ്ട്രീയ കലഹത്തില്‍ ഇല്ലാതാകും.നീതി എന്നത് ഒരു തമാശ വസ്തുവായി മാറും.”

ഫീലിംഗ്സ്: ഒരു നിഷേധപാര്‍ട്ടി രൂപീകരിച്ച് മത്സരിച്ചാലോ????















Friday, 13 September 2013

മോഹന്‍ലാലും നിവിന്‍പോളിയും പിന്നെ ഫേസ്ബുക്ക് ഫാന്‍സും......








സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും യുവനടന്‍ നിവിന്‍പോളിയും തമ്മിലുള്ള ഫോണെടുക്കാത്ത ‘വിവാദം’ (എന്തെരോ എന്തോ) മോഹന്‍ലാല്‍ നേരിട്ട് ഇടപെട്ടതോടുകൂടി ശാന്തമായി എന്ന് കേള്‍ക്കുന്നു.... അല്ലെങ്കിലൊരു രായപ്പനോ പണ്ഡിറ്റോകൂടി ഉണ്ടായേനെ.....

ഫീലിംഗ്സ്: ആശ്വാസം 

അങ്ങനെയൊരു വിവാദമുണ്ടായതുകൊണ്ട് ഒരുദിവസം തന്നെ ബെര്‍ളിയുടെ രണ്ടു ബ്ലോഗ്‌പോസ്റ്റുകള്‍ വന്നു....ആരെങ്കിലും വിളിച്ചാല്‍ ഫോണെടുക്കാത്ത(ബെര്‍ളി വിളിച്ചോആവോ??) 
മോഹന്‍ലാലിനെ വിമര്‍ശിച്ചുകൊണ്ടുള്ളതാണ് അതിലൊന്ന്.....
(അതിപ്പോള്‍ കാണാനില്ല)

ഫീലിംഗ്സ്: എന്തെരോ????



മറ്റൊന്ന് നിവിന്‍പോളിക്ക് വിലക്ക് ഏര്‍പ്പെടുത്തണം എന്നുള്ളത്..... രണ്ടും നല്ല തമാശകള്‍ തന്നെ...

ഫീലിംഗ്സ്: lol


വിവാദംകൊണ്ട് ഏറെ ഗുണമുണ്ടായ മറ്റൊരുകൂട്ടര്‍  m3db.com (Malayalam Movie & Music Database) എന്ന സൈറ്റ് ആണ്. അവരുടെ “ഓണം വിത്ത്‌ ഈണം” എന്ന ഏറ്റവും പുതിയ ഓണപ്പാട്ട് സി.ഡി ക്കും ഒരു കാശ് മുടക്കില്ലാതെ വമ്പന്‍ പ്രചാരണവും കിട്ടി...... നിവിന്‍പോളി പ്രസ്തുത സി.ഡി യിലെ പാട്ട് കേട്ടുകൊണ്ടിരുന്നപ്പോഴാണ് മോഹന്‍ലാലിന്റെ വിളി വന്നതത്രെ....!!!! പാട്ടില്‍ ലയിച്ചിരുന്നത് കാരണം ലാലിന്റെ വിളി കേട്ടതുമില്ല..... അങ്ങിനെയാണ് രണ്ടു ദിവസം മുഖപുസ്തകം അടക്കിവാണ വിവാദത്തിന്റെ തിരി തെളിഞ്ഞത്.......

കേള്‍ക്കാവുന്നത്ര തെറിയൊക്കെ പയ്യന്‍സ് ചുരുങ്ങിയ സമയം കൊണ്ട് കേട്ടു... തങ്ങളുടെ പ്രിയതാരത്തെ അപമാനിച്ച നിവിന്പോളിയെ പരസ്യമായി തെറിപറഞ്ഞ് ഫാന്‍സുകാര്‍ തങ്ങളുടെ കൂറ് പ്രകടമാക്കി....

ഒടുവില്‍ ക്ഷമാപണത്തോടൊപ്പം  പയ്യന്‍സ് പറഞ്ഞുവത്രേ... “എന്റെ സാറേ ഓണം വിത്ത്‌ ഈണം” എന്ന സി.ഡിയിലെ പാട്ട് കേട്ടുകൊണ്ടിരുന്നാല്‍ ചുറ്റും നടക്കുന്നതൊന്നും അറിയുകയേയില്ല......” അതുകേട്ട ലാല്‍സാറും വാങ്ങി സി.ഡി. ഒരെണ്ണം....... പ്രശ്നം തീരുകയും ചെയ്തു....


ഫീലിംഗ്സ്: സന്തോഷം....


ഇത്രയും പറഞ്ഞതിനു ഒരു കാരണം ഉണ്ട്... എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനിയാല്‍ ദുരിതമനുഭവിക്കുന്ന കുട്ടികളുടെ ചികിത്സക്കും  പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കുന്നു. അതിന്റെ വാര്‍ത്തയും ചിത്രങ്ങളുമൊക്കെ ഇടയ്ക്കു മുഖപുസ്തകത്തില്‍ കാണാറുണ്ട്‌. പക്ഷെ മേല്‍പ്പറഞ്ഞ വിവാദത്തില്‍ പ്രതികരിച്ചതുപോലെ ആവേശകരമായ പ്രതികരണങ്ങള്‍ ഒന്നും അവിടെ കാണാന്‍ സാധിച്ചില്ല. ശ്രീ.സുരേഷ്ഗോപി ചെയ്യുന്നത് ഒരു മോശം പ്രവര്‍ത്തിയാണോ?? അതോ ഇത്തരം സാമൂഹിക പ്രസക്തിയുള്ള കാര്യങ്ങള്‍ക്കൊന്നും ഫേസ്ബുക്ക് ആക്ടിവിസ്റ്റുകള്‍ക്ക് താല്പ്പര്യമില്ലേ??

ഫീലിംഗ്സ്: സങ്കടം


മമ്മൂട്ടി കൃഷിചെയ്‌താല്‍ അതൊരു വലിയ വാര്‍ത്ത.... മോഹന്‍ലാല്‍ “വൈകിട്ടെന്താ പരിപാടി?” എന്ന് ചോദിച്ചാല്‍ അതിനേക്കാള്‍ വലിയ വാര്‍ത്ത.... 

ഫീലിംഗ്സ്: പുച്ഛം


ഇവരും സാമൂഹികപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്..... കൊട്ടിഘോഷിച്ചു നടത്തുന്നവ. സ്വന്തം വെബ് പെജുകളിലൂടെയും ഫാന്‍സുകാരുടെ പ്രചാരണപിന്തുണയോടും കൂടി നടത്തപ്പെടുന്നവയാണ് അവയൊക്കെ. സാധാരണജനങ്ങളിലേക്ക് അതൊന്നും അപൂര്‍വമായിപ്പോലും എത്തുന്നില്ല എന്നതാണ് സത്യം... നികുതിവെട്ടിപ്പ് നടത്താനുള്ള മാര്‍ഗങ്ങളായി മാത്രമേ അവര്‍ അതിനെ കാണുന്നുള്ളൂ.....ഈ രണ്ടുപേരും ആദായനികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടു കേസുകള്‍ നേരിടുന്നവരുമാണ്....

ശ്രീ. സുരേഷ്ഗോപി ചെയ്യുന്നത്പോലയുള്ള സല്‍പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര പ്രചാരണം നല്‍കുകയാണ് സോഷ്യല്‍മീഡിയകളിലൂടെ ചെയ്യേണ്ടത്. വ്യകതിപൂജകള്‍ അവസാനിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാന്‍ വരുംതലമുറയ്ക്ക് തോന്നല്‍ ഉണ്ടാവട്ടെ എന്ന് പ്രത്യാശിക്കുന്നു...


ഫീലിംഗ്സ്:  ശുഭപ്രതീക്ഷ  

Tuesday, 13 August 2013

ജയിച്ചവരും തോറ്റവരും....













ഏറെ കൊട്ടിഘോഷിച്ചു നടന്ന സമരം അവസാനിപ്പിച്ചു. പ്രഖ്യാപിത ലക്‌ഷ്യം നേടിയോ എന്ന് ചോദിച്ചാല്‍ ഒട്ടുമാലോചിക്കാതെ മറുപടി പറയുവാന്‍ കഴിയും "ഇല്ല"... പൂര്‍ണ പരാജയമായിരുന്നോ എന്ന് ചോദിച്ചാല്‍ അതിനും മറുപടി "ഇല്ല" എന്ന് തന്നെ.....

സമരവിജയമായി പറയുന്ന ജുഡിഷ്യല്‍ അന്വേഷണം ഒരര്‍ത്ഥത്തില്‍ നിയമസഭയില്‍ പ്രഖ്യാപിച്ചത് തന്നെയാണ്. "പോലിസ്‌ അന്വേഷണത്തിന് ശേഷം ജുഡിഷ്യല്‍ അന്വേഷണം" എന്നാതായിരുന്നു പ്രസ്താവന.

ജുഡിഷ്യല്‍ അന്വേഷണം എന്ന പ്രഖ്യാപനത്തില്‍ നിന്ന് മാറി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഇടതുപക്ഷം; പ്രത്യേകിച്ച് സി.പി.എം നടത്തിയ ഈ സമരാഭാസത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം എന്തായിരുന്നു??? ലാവലിന്‍ കേസില്‍ നിന്ന് പിണറായിക്ക് രക്ഷ എന്നുള്ള ഉറപ്പോ?? തുടര്‍ സമരങ്ങളില്‍ ആളെ സംഘടിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ടോ??? ഒരു ദിവസം ആളൊന്നിന് ആയിരം രൂപ എന്നൊക്കെ പറയുന്നത് വരും ദിവസങ്ങളില്‍ കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുണ്ടാവും എന്ന് ആദ്യദിവസം തന്നെ മനസ്സിലായതു കൊണ്ടാണോ??

സമരത്തെ നേരിടും എന്ന് പറഞ്ഞ് പാര്‍ടിയുടെയോ യു,ഡി,എഫ്. സംവിധാനത്തിന്റെയോ കൂടി അനുമതി ഇല്ലാതെ തിടുക്കപ്പെട്ട് കേന്ദ്രസേനയെ വിളിച്ചതും, സമരത്തെ നേരിടാന്‍ ബസ്‌ സര്‍വിസുകള്‍ നിര്‍ത്തലാക്കിയതും,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി കൊടുത്തതും  സമരത്തെ പകുതി വിജയിപ്പിച്ചതുപോലെ ആക്കി. പൂര്‍ണമായി പ്രവര്‍ത്തിപ്പിക്കും എന്ന് പറഞ്ഞ സെക്രട്ടറിയേറ്റിനു രണ്ടു ദിവസത്തെ അവധിയും നല്‍കി. ഇതൊക്കെ സര്‍ക്കാരിന്റെ പരാജയം തന്നെയാണ്..

പത്രവാര്‍ത്തകളില്‍ കണ്ടതുപോലെ മധ്യസ്ഥന്‍മാരുടെ ശ്രമഫലമാണോ സമരം പെട്ടന്ന് അവസാനിപ്പിക്കാന്‍ കാരണം?? എങ്കില്‍ എന്തായിരിക്കും രഹസ്യ ഉടമ്പടി?? ലാവലില്‍ കേസില്‍ നിന്നുള്ള പിണറായിയുടെ രക്ഷ ഒരു പ്രധാന ഉറപ്പാവാന്‍ സാധ്യതകള്‍ ഏറെക്കാണുന്നു. അങ്ങിനെ നോക്കുമ്പോള്‍ സി.പി.എമ്മിന് തന്നെയാണ് ഈ സമരം കൊണ്ട് നേട്ടം തുടര്‍ച്ചയായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന സമരങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി, വിജയന് വേണ്ടിയാണെങ്കില്‍ പോലും  ഒരു ചെറിയ വിജയം; അത് ആശ്വാസകരം തന്നെ.  'ജുഡിഷ്യല്‍ അന്വേഷണം'എന്ന പ്രഖ്യാപനം  മാധ്യമങ്ങളുടെ മുന്നില്‍ സര്‍ക്കാര്‍ നടത്തിയതോടെ അത് ഒരു ബോണസ്‌ നേട്ടവുമായി.

നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ "പോലിസ്‌ അന്വേഷണത്തിന് ശേഷം ജുഡിഷ്യല്‍ അന്വേഷണം" എന്ന പ്രസ്താവന മാധ്യമങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ പ്രഖ്യാപനമായപ്പോള്‍ ' സമരക്കാര്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി മുട്ടുമടക്കി'; പ്രതിപക്ഷം ഹാപ്പി ...... മുന്‍പ് നടത്തിയ പ്രസ്താവന ഒരിക്കല്‍ക്കൂടി നടത്തി എന്നതൊഴിച്ചാല്‍ കാര്യമായ പരിക്കുകള്‍ ഒന്നുമില്ലാതെ 'സമരത്തെ പരാജയപ്പെടുത്തി'; സര്‍ക്കാരും ഹാപ്പി......

ഇരുകൂട്ടര്‍ക്കും സതോഷമായ സ്ഥിതിക്ക് ഒരു ഗ്രൂപ്പ്‌ ഫോട്ടോ കൂടി ആകാമായിരുന്നു....ഉമ്മനും, മാമനും, പിണറായിയും എല്ലാവരുമുള്ള ആ ചിത്രം കണ്ട് ജനത്തിനു സായൂജ്യമടയുകയും ചെയ്യാമായിരുന്നു.

സമരം മൂലം ഏറെ കഷ്ടതകള്‍ അനുഭവിക്കുന്നത് തലസ്ഥാനവാസികള്‍ തന്നെ എന്നതില്‍ സംശയമില്ല. സ്വതവേ മാലിന്യ കൂമ്പാരമായ തിരുവന്തപുരം ഇപ്പോള്‍ മനുഷ്യ വിസര്‍ജ്ജങ്ങളാല്‍ ഏറെ മലിനപ്പെട്ടു കിടക്കുന്നു. സെക്രട്ടറിയേറ്റിനോട് അടുത്തു കിടക്കുന്ന പ്രദേശങ്ങളിലെ സ്ഥിതി ഏറെ പരിതാപകരമാണെന്ന് റിപ്പോര്‍ട്ടുകളില്‍ കാണുന്നു.

തോല്‍വിയും ദുരനുഭവങ്ങളും  എപ്പോഴും സാധാരണ ജനങ്ങള്‍ക്ക്‌ തന്നെ. രാഷ്ട്രീയക്കാരുടെ നെറികെട്ട നാടകങ്ങള്‍ കാണാനും അനുഭവിക്കാനും മാത്രമുള്ളവര്‍......, എത്രയൊക്കെ ആയാലും അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാത്ത കഴുതകള്‍.... .....







Sunday, 11 August 2013

ഉപരോധവും....പ്രതിരോധവും....











ഒരു ജനാധിപത്യ രാജ്യത്ത് സര്‍ക്കാരിനെതിരെ അല്ലെങ്കില്‍ നേതാക്കള്‍ക്കെതിരെ പ്രതികരിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഏതൊരു പൌരനുമുണ്ട്.പക്ഷെ അത് പരിധികള്‍ ലംഘിക്കരുത് എന്നുമാത്രം. അതുപോലെതന്നെ പൊതുജനങ്ങളുടെ അവകാശവും സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുമുണ്ട്. 


പക്ഷെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് പൂര്‍ണമായും ഉപരോധത്തിലൂടെ സ്തംഭിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്‍റെ നീക്കം പ്രതിഷേധാര്‍ഹമാണ്. കാരണം അതിരൂക്ഷമായ കാലവര്‍ഷക്കെടുതികളിലൂടെ കേരളം കടന്നുപോകുമ്പോള്‍ അതിന് പരിഹാരം കാണുക എന്ന ദൌത്യമാണ് കക്ഷിഭേദമന്യേ ഭരണ-പ്രതിപക്ഷങ്ങള്‍ ചെയ്യേണ്ടിയിരുന്നത്.

പ്രതിപക്ഷത്തിന്റെ ഉദ്ദേശ്യം വളരെ വ്യക്തമാണ്, ജനസമ്പര്‍ക്ക പരിപാടിയിലൂടെ സ്വന്തം പ്രതിച്ഛായ ഉയര്‍ത്തിയ മുഖ്യമന്ത്രിയെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ്‌ ഏതു വിധേനയും താഴെയിറക്കുക. അതുകൊണ്ടുതന്നെയാണ് രണ്ടാം ജനസമ്പര്‍ക്ക പരിപാടി തിരുവനന്തപുരത്ത് ആരംഭിക്കുന്ന ആഗസ്റ്റ്‌ പന്ത്രണ്ടിനുതന്നെ സെക്രട്ടറിയേറ്റ് ഉപരോധിക്കല്‍ സമരം തുടങ്ങാനുള്ള കാരണം.

ഓണക്കാലത്ത് ആവശ്യസാധങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനും, പൊതുവിതരണ ശൃംഖലകള്‍ വഴി സാധങ്ങള്‍ എത്തിക്കാനുമുള്ള സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് ഉപരോധത്തിലൂടെ തടയിടുക എന്നുള്ളത് മറ്റൊരു കാരണം. അതുവഴി പൊതുജന വികാരം ആളിക്കത്തിച്ച് മുഖ്യമന്ത്രിയെ, അല്ലെങ്കില്‍ സര്‍ക്കാരിനെ തന്നെ താഴെയിറക്കാം എന്നതാണ് മറ്റൊരു ലക്ഷ്യം.

സോളാര്‍ക്കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനു ധനനഷ്ടം ഉണ്ടായിട്ടില്ലെങ്കിലും മുഖ്യമന്ത്രിയുടെ ആഫീസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുകയും, അദ്ദേഹത്തിന്റെ മകന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക്‌ പ്രസ്തുത ഇടപാടുകളില്‍ പങ്കുണ്ട് എന്നുള്ളതാണ് വസ്തുത. തന്‍റെ മുന്‍ഗാമികളായ ശ്രീ.കരുണാകരനും, ശ്രീ.ആന്റണിയും ചെയ്തതുപോലെ, ധാര്‍മ്മികമായ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കുകയായിരുന്നു ശ്രീ.ഉമ്മന്‍ചാണ്ടിയും ചെയ്യേണ്ടിയിരുന്നത്.

അതിജീവനമാനല്ലോ സര്‍ക്കാരിന്റെയും ലക്ഷ്യം, പ്രത്യേകിച്ച് മുഖ്യമന്ത്രിയുടേത്. എങ്ങിനെയും ഭരണത്തില്‍ തുടര്ന്നല്ലേ പറ്റൂ... അതിനുവേണ്ടി ഏതറ്റം വരെ പോകാനും അദ്ദേഹം തയാറായേക്കും. അതിന്റെ ഭാഗമായാണല്ലോ സോളാര്‍ കേസില്‍ പ്രതിച്ഛായ നഷ്ടപ്പെട്ട സര്‍ക്കാരിന്റെ മുഖം മിനുക്കുന്നതിനുവേണ്ടി ചെന്നിത്തലയെ സര്‍ക്കാരിന്റെ ഭാഗമാക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടത്തിയത്. അതിനുവേണ്ടിയുള്ള പരക്കം പാച്ചിലില്‍ ഘടകകക്ഷികളുടെ പിന്തുണയും മുഖ്യന് നഷ്ടമായി.

സമരം നേരിടാന്‍ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കുക, ബസ്‌ സര്‍വിസ് നിര്‍ത്തലാക്കുക, ഹോട്ടലുകള്‍ അടച്ചിടുക, യാത്ര സൗകര്യങ്ങള്‍ പരിമിതപ്പെടുത്തുക........ ഇതൊക്കെ സര്‍ക്കാരില്‍ നിന്ന് പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന നീക്കങ്ങളാണ്.

സമരം നേരിടാന്‍ കേന്ദ്രസേനയെ വിളിച്ചു യുദ്ധസമാനമായ സ്ഥിതി ഉണ്ടാക്കെണ്ടിയിരുന്നില്ല. മുഖ്യമന്ത്രി, സ്വന്തം പാര്‍ട്ടിയുടെപോലും അഭിപ്രായമാരായാതെ സമരത്തിനു മുന്‍പേ തന്നെ സേനയെ വിളിച്ചതു സമരം പകുതി വിജയിച്ചത് പോലെയാക്കി.

സമരത്തിനു നേതൃത്വം നല്‍കുന്നത്, താന്‍ മന്ത്രിയായിരുന്നപ്പോള്‍ ലാവലിന്‍കേസില്‍ സര്‍ക്കാര്‍ ഖജനാവിന് മുന്നൂറ്റി എഴുപത്തിനാല് കോടി രൂപ നഷ്ടം വരുത്തി എന്ന് സി.ബി.ഐ. കണ്ടെത്തിയ കേസിലെ പ്രതിയാണ് എന്നുള്ളതാണ് ഈ സമരത്തിലെ മറ്റൊരു വിരോധാഭാസം


സമരത്തെ നേരിടാന്‍ കേന്ദ്രസേനയെ ഇറക്കിയ ആര്‍ജ്ജവം അതിര്‍ത്തിയിലെ പാക്‌ ആക്രമണത്തെ നേരിടാന്‍ കാണിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ഇടതുപക്ഷത്തിന്‍റെ രാഷ്ട്രീയപകപോക്കലില്‍ നിന്നും കേരളത്തിലെ പോലീസിനെ രക്ഷിക്കാന്‍ ആണെങ്കില്‍ പോലും ഇത്തരം അനാവശ്യകാര്യങ്ങള്‍ ചെയ്തുകൊണ്ട് ഒരര്‍ത്ഥത്തില്‍ സമരത്തെ വിജയിപ്പിക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നത്..... 

ഇടതുപക്ഷത്തിന്‍റെ അക്രമസമരവും വലതുപക്ഷത്തിന്റെ അടിച്ചമര്‍ത്തല്‍ ഭരണവും, ഉളുപ്പില്ലാത്ത അധികാരമോഹവും ജനം വിലയിരുത്തട്ടെ...