കാർഷിക ഉൽപ്പന്ന വ്യാപാര വാണിജ്യനിയമം 2020
ഉൽപ്പാദകരായ കർഷകരെ വിളകകളുടെ വിലനിർണയാവകാശത്തിൽനിന്നും പൂർണ്ണമായി ഒഴിവാക്കുകയും ഇടനിലക്കാർക്കും അദാനി,അംബാനി തുടങ്ങിയ കോർപ്പറേറ്റുകൾക്കും കൊള്ളലാഭമുണ്ടാക്കുവാൻ വേണ്ടിമാത്രം മോദിസർക്കാർ ഉണ്ടാക്കിയ കരിനിയമം.
ഈ നിയമമനുസരിച്ച് ഒരോ വിളയ്ക്കും താങ്ങുവില (Minimum Supportive Price) നിർണ്ണയിക്കാനുള്ള അവകാശം അദാനിയേപ്പോലെയുള്ള കോർപ്പറേറ്റ് കുത്തകകൾക്കാവും. കർഷകന് ഉൽപാദനച്ചിലവുപോലും കിട്ടാതെയാവുന്ന അവസ്ഥ സംജാതമാകുന്നുവെന്നർഥം. നാടിന്റെ നട്ടെല്ലായ കർഷകരുടെ നടുവൊടിക്കുന്ന ഈ കരിനിയമത്തിനെതിരെയാണ് ഇപ്പോള്‍ നടക്കുന്ന കർഷക സമരം.
കർഷകന് തന്റെ വിളകൾക്ക് താങ്ങുവിലപോലും ലഭിക്കില്ല എന്നുമാത്രമല്ല ഈ നിയമമനുസരിച്ച് കർഷകരുടെ പരാതികൾ പരിഗണിക്കുന്നത് സബ്കളക്ടർ പദവിയിലുള്ള ഒരു ഉദ്യോഗസ്ഥനോ, കോർപ്പറേറ്റ് മുതലാളിമാരുടെ പ്രതിനിധികൾ ഉൾപ്പെട്ട അപ്ലറ്റ് സമിതിയോ ആവും... അപ്പോഴും അവസാന തീരുമാനം മുതലാളിയുടേത് തന്നെ.
നീതിതേടി കർഷകന് കോടതിയിൽ പോകാനും തരമില്ല. കാരണം ജുഡീഷ്യറിക്ക് പുറത്താണ് ഈ നിയമം. അപ്ലറ്റ് സമിതിയുടെ തീരുമാനങ്ങൾ സിവിൽ കോടതികളിൽ ചോദ്യംചെയ്യാനാവില്ല. ഭരണഘടന അനുശാസിക്കുന്ന നിയമപരമായ അവകാശംപോലും കർഷകന് നിഷേധിക്കപ്പെടുന്നു.
വിളകൾക്ക് വിലനിർണയിക്കാനുള്ള അവകാശം കർഷകനിൽത്തന്നെ നിക്ഷിപ്തമാകണം. കർഷകന് അഭിപ്രായങ്ങൾക്കും അവകാശങ്ങൾക്കും കൂച്ചുവിലങ്ങിടുന്ന കരിനിയമം പിൻവലിക്കുന്നതുവരെ കർഷകസമരത്തിന് പിന്തുണയുമായി.. അന്നമൂട്ടുന്നവർക്ക് കൈത്താങ്ങായി നാമോരോരുത്തരും ഉണ്ടാവണം.
രാഷ്ട്രീയനേതൃത്വം ഇല്ലാത്ത കർഷകസമരം.
വിവാദനിയമങ്ങൾക്കെതിരെ സമരം തുടങ്ങിയത് കോൺഗ്രസിന്റെ നേതൃത്വത്തിൽ രാഹുൽഗാന്ധിയും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗുമായിരുന്നു.
എന്നാൽ സമരം കൊടുമ്പിരി കൊണ്ടപ്പോൾ രാഷ്ട്രീയനേതൃത്വം സമരത്തിന്റെ മുന്നണിയിൽനിന്ന് പിന്നോക്കം മാറിയത് വ്യക്തമായ ലക്ഷ്യങ്ങളോട് കൂടിയാണ്.
കർഷകസമരം പൂർണ്ണമായും കർഷകരുടെത് തന്നെയാവണം... രാജ്യത്തെ നൂറിൽപ്പരം കർഷകസംഘടനകളും ഒന്നിച്ച് ഒരേ ശബ്ദത്തിൽ അവരുടെ ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ അതിൽ രാഷ്ട്രീയം കലർത്തിയാൽ അതിൽ കല്ലുകടികൾ ഉണ്ടാകുമെന്നതിൽ തർക്കമില്ല.
രാഹുല്‍ഗാന്ധിയെപ്പോലെയൊരാൾ കർഷകസമരത്തിന്റെ നേതൃത്വം ഏറ്റെടുത്താൽ ദേശീയതും, പാകിസ്ഥാനും, രാജ്യദ്രോഹവും, വ്യക്തി അധിക്ഷേപവുമൊക്കെച്ചേർത്ത് സംഘപരിവാറിന്റെ നേതൃത്വത്തിൽ കുപ്രചരണങ്ങൾ നടത്തി സമരത്തിന്റെ ലക്ഷ്യത്തെത്തന്നെ മാറ്റിക്കളയും. CAA NRC പോലെയുള്ള വിഷയങ്ങളിൽ അതു നാം അനുഭവിച്ചറിഞ്ഞതുമാണ്.
സമരഭടൻമാർക്ക് വേണ്ടുന്ന സഹായങ്ങൾ നൽകിയും, പ്രശ്നപരിഹാരത്തിനായി രാഷ്ട്രപതിയെ കാണുന്നതടക്കമുള്ള കാര്യങ്ങളിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ മറ്റു പ്രതിപക്ഷ കക്ഷികളെല്ലാവരുംതന്നെ സജീവമായിത്തന്നെ സമരത്തോടൊപ്പം നിൽക്കുന്ന കാഴ്ചയാണ് ഡൽഹിയിൽ.
കർഷകസമരത്തിന്റെ ശ്രദ്ധ ഏതെങ്കിലും ഒരു നേതാവിലേക്കുമാത്രം കൊണ്ടുവന്ന് അയാളെ തേജോവധം ചെയ്ത് സമരത്തിന്റെ ഗതി മാറ്റിവിടുന്ന സംഘപരിവാർ കുരുട്ടുബുദ്ധി മനസിലാക്കാനുള്ള വിവേകം കേരളത്തിലെ സിപിഎമ്മിനൊഴികെ സമരത്തിന് പിന്തുണ നൽകുന്ന എല്ലാ രാഷ്ട്രീയകക്ഷികൾക്കുമുണ്ട്.
പഴയ ചിത്രങ്ങൾ ഫോട്ടോഷോപ്പ് ചെയ്തും സമരത്തിനൊപ്പം നിൽക്കുന്ന ഏതാനും കേരള നേതാക്കളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചും സ്ഥിരമായി സമൂഹമാധ്യമങ്ങളിൽ ലൈവ് സ്ട്രീമിംഗ് നടത്തിയും കർഷകസമരത്തെ ഹൈജാക്ക് ചെയ്യാൻ കേരളത്തിലെ സിപിഎം വൃഥാ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
സമരത്തിന്റെ വസ്തുതകൾ പ്രചരിപ്പിക്കുകയല്ല അവരുടെ ലക്ഷ്യം... കോൺഗ്രസിനേയും കോൺഗ്രസ് നേതാക്കളേയും അധിക്ഷേപിക്കാനായാണ് ഈ ചരിത്രസമരത്തെ കേരള സിപിഎം ഉപയോഗിക്കുന്നത്.
കേരളത്തിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഏതുവിധേനയും നാല് വോട്ടുകൾ കൂടുതല്‍ നേടിയെടുക്കാനുള്ള ഒരു ഉപാധി മാത്രമാണവർക്ക് കർഷകസമരം.
നൂറിൽപ്പരം കർഷകസംഘടനകൾ ഒന്നുചേർന്ന് ചെയ്യുന്ന മഹത്തായ സമരത്തെ പൊളിക്കാനായി കേന്ദ്രസർക്കാരും സംഘപരിവാറും സകല കുതന്ത്രങ്ങളും പയറ്റിക്കൊണ്ടിരിക്കുന്നു. അണ്ണാ ഹസാരെയും, കെജരിവാളിനേയും പോലെയുള്ള തുരപ്പൻമാർ മുഖംമൂടിയണിഞ്ഞ് ഇറങ്ങിയിട്ടുണ്ട്.
ഇതൊക്കെ മനസിലാക്കിക്കൊണ്ട് കർഷകസമരത്തിൽ സങ്കുചിത രാഷ്ട്രീയം കളിച്ച് സംഘപരിവാറിന്റെ ചട്ടുകമാകാതെ പ്രവർത്തിക്കാനുള്ള സാമാന്യബോധം കേരളത്തിലെ സിപിഎം കാണിക്കണം.
രാജ്യത്തിന്റെ ജീവനാഡികളായ കർഷകൾ ഉന്നയിക്കുന്ന ; കരിനിയമം റദ്ദാക്കുന്നതുൾപ്പടെയുള്ള ന്യായമായ ആവശ്യങ്ങളെല്ലാംതന്നെ മോദിസർക്കാർ അംഗീകരിക്കുംവരെ സമരം തുടരുകതന്നെ ചെയ്യുമെന്നാണ് വിശ്വസിക്കുന്നത്.
അന്നം തരുന്നവരുടെ ആവശ്യങ്ങൾക്കൊപ്പം എന്നും....
അഭിവാദ്യങ്ങള്‍...
Showing posts with label രാഷ്ട്രീയം. Show all posts
Showing posts with label രാഷ്ട്രീയം. Show all posts
Saturday, 12 December 2020
കർഷക സമരത്തിലെ രാഷ്ട്രീയം
Sunday, 4 March 2018
ത്രിപുരയുടെ പാഠം
ത്രിപുര, മേഘാലയ, നാഗാലാന്‍റ് തുടങ്ങിയ വടക്കുകിഴക്കന്‍
സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്ഫലം പുറത്തുവന്നു. അധികാരത്തിന്‍റെ പിന്‍ബലത്തിലും, ഇതര
പാര്‍ട്ടികളിലെ നേതാക്കളെ വിലക്കെടുത്തും ബിജെപി
അവിടെ വിജയം കൈവരിച്ചുഎന്നുവേണം പറയാന്‍.
തികച്ചും ജനാധിപത്യപരമായ ഒരു വിജയമാണതെന്ന്
ഒരിക്കലും ബിജെപിക്ക് അവകാശപ്പെടുവാന്‍ കഴിയില്ല.. കാരണം കൊണ്ഗ്രെസ്സ്/തൃണമൂല്‍
കൊണ്ഗ്രെസ്സ് തുടങ്ങിയ പാര്‍ട്ടികളില്‍നിന്നും അധികാരമോഹികളായവരെ പ്രലോഭനങ്ങള്‍
നല്‍കി ചാക്കിട്ടുപിടിച്ചും,
വിഘടനവാദികളുമായി സഖ്യത്തിലേര്‍പ്പെട്ടുമാണ് ഇത്ര വലിയ വിജയം അവര്‍ മേല്‍പ്പറഞ്ഞ
സംസ്ഥാനങ്ങളില്‍ സ്വന്തമാക്കിയത്. മേഘാലയയിലെ കുതിരക്കച്ചവടം ഇനി കാണാന്‍
പോകുന്നു... അറുപതു നിയമസഭാ സീറ്റുകളില്‍ ഇരുപത്തിഒന്ന് സീറ്റുകള്‍ നേടി ഏറ്റവും
വലിയ ഒറ്റക്കക്ഷിയായ കൊണ്ഗ്രെസ്സിനെ നോക്കുകുത്തിയാക്കിക്കൊണ്ട് കേവലം രണ്ടെണ്ണം
മാത്രമുള്ള ബിജെപി അവിടെ പ്രാദേശിക കക്ഷികളുമായിചേര്‍ന്ന് സര്‍ക്കാര്‍
രൂപീകരിക്കാനുള്ള തീവ്രശ്രമത്തിലാണ്. കേന്ദ്രഭരണത്തിന്‍റെ പിന്‍ബലവും അഴിമതിയിലൂടെ
സ്വരൂപിച്ച ധനവുമൊക്കെ ബിജെപി പരമാവധി ഉപയോഗിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. ഗോവയും മണിപ്പൂരുമൊക്കെ
ഉദാഹരണങ്ങള്‍.
ത്രിപുരയിലും നാഗാലാന്റിലും കൊണ്ഗ്രെസ്സിന്റെ സ്ഥിതി അതി ദയനീയമായി
മാറി. യഥാക്രമം പത്തും എട്ടും സീറ്റുകളുണ്ടായിരുന്ന കൊണ്ഗ്രെസ്സിനു ഇക്കുറി ഒരൊറ്റ
സീറ്റുപോലും നേടാന്‍ കഴിഞ്ഞിട്ടില്ല എന്നത് ദയനീയമാണ്. പക്ഷെ
സാങ്കെതികമായിപ്പറഞ്ഞു ആശ്വാസം കണ്ടെത്താം. ത്രിപുരയില്‍ പത്ത് എംഎല്‍എ മാര്‍ ഉണ്ടായിരുന്നതില്‍
ഏഴുപേര്‍ തിരഞ്ഞെടുപ്പിന് വളരെമുന്നെതന്നെ തൃണമൂല്‍ വഴി ബിജെപിയിലേക്ക് കുടിയേറി.
ഫലത്തില്‍ മൂന്ന് സീറ്റുകളാണ് കൊണ്ഗ്രെസ്സിനു ത്രിപുരയില്‍ ഉണ്ടായിരുന്നത്. കഴിവുറ്റ
പ്രാദേശിക നേതൃത്വവും പ്രാദേശിക പാര്‍ട്ടികളുമായുള്ള തിരഞ്ഞെടുപ്പ്
നീക്കുപോക്കുകളും ശക്തമായിരുന്നെങ്കില്‍ സ്ഥിതി കുറേക്കൂടി മെച്ചമാക്കാമായിരുന്നു
എന്ന് തോന്നുന്നു. സ്വാര്‍ത്ഥതാല്‍പര്യക്കാരായ ഒരുകൂട്ടം നേതാക്കള്‍
മാത്രമായിരുന്നു ത്രിപുരയില്‍ കോണ്‍ഗ്രസിനുണ്ടായിരുന്നതെന്ന് തെരഞ്ഞെടുപ്പു
ഫലങ്ങള്‍ സൂചിപ്പിക്കുന്നു. പ്രാദേശികമായി ഏതെങ്കിലും ഒരു പ്രത്യേക നേതാവിനെ
ആശ്രയിക്കുക എന്നതിലുപരി പാര്‍ട്ടിയുടെ ആദര്‍ശങ്ങള്‍ക്കും പാര്‍ട്ടിയുടെ ദേശീയതാല്‍പര്യങ്ങള്‍ക്കും
മുന്‍ഗണന നല്‍കുന്ന നേതാക്കള്‍ക്കായിരിക്കണം കൊണ്ഗ്രെസ്സ്പാര്‍ട്ടി ചുമതലകള്‍ നല്‍കേണ്ടത്
എന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായി.
തുടര്‍ച്ചയായി ഇരുപത്തിയഞ്ചുകൊല്ലം ഭരിച്ച സിപിഎം അതിദയനീയമായി
ത്രിപുരയില്‍ പരാജയപ്പെട്ടു എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയം.ഇന്ത്യയില്‍ സിപിഎമ്മിന്റെ
പ്രസക്തിതന്നെ നഷ്ടപ്പെട്ടുപോയ ഒരു അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
സിപിഎം അവരുടെ ആശയങ്ങളില്‍നിന്നുതന്നെ വ്യതിചലിച്ച് മണിക്ക് സര്‍ക്കാരിന്‍റെ
ലളിതജീവിതമാണ് പ്രചാരണമാക്കിയത്. സത്യത്തില്‍ അത് അവര്‍ക്കുതന്നെ വിനയായി
എന്നുവേണം കരുതാന്‍. വിദ്യാഭ്യാസമേഖലയിലും തൊഴില്‍ മേഖലയിലും പരാജയപ്പെട്ട,
വികസനം മുരടിച്ച ത്രിപുര സര്‍ക്കാരിനെ തുറന്നുകാണിക്കാന്‍ ബിജെപിക്ക്
വളരെയെളുപ്പത്തില്‍ സാധിച്ചുവെന്നുവേണം കരുതാന്‍. മുഖ്യമന്ത്രിയെപ്പോലെതന്നെ
ദരിദ്രമായ ത്രിപുരയെ മാറ്റിയെടുക്കുവാന്‍ പ്രധാനമന്ത്രി മോദിയുള്‍പ്പടെയുള്ള
കേന്ദ്രമന്ത്രിസഭയിലെ ബഹുഭൂരിപക്ഷം മന്ത്രിമാരും പങ്കെടുത്ത തെരഞ്ഞെടുപ്പു
ഉത്സവങ്ങളിലെ മോഹനസുന്ദര വാഗ്ദാനപ്പെരുമഴകള്‍ക്ക് കഴിഞ്ഞു എന്ന് തെരഞ്ഞെടുപ്പുഫലം
വ്യക്തമാക്കുന്നു.
എല്ലാറ്റിലുമുപരി സിപിഎമ്മിന്റെ ധാര്‍ഷ്ട്യം, ബിജെപ്പിക്കെതിരെ
തങ്ങള്‍ മാത്രമാണ് എതിരാളികള്‍ എന്നുള്ള താന്‍പോരിമ... വര്‍ഗീയശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍
കൊണ്ഗ്രെസ്സിനോടുള്ള അയിത്തം... മുപ്പത്തിയഞ്ചു വര്‍ഷം ഭരിച്ചു കുളമാക്കിയ ബംഗാളില്‍നിന്നുള്ള
നേര്‍ക്കാഴ്ചകള്‍ ഇവയൊക്കെയാണ് ത്രിപുരയില്‍ സിപിഎമ്മിന്റെ അടിവേരറക്കുന്നതിനു കാരണമായത്.
കേവലം കേരളസംസ്ഥാനത്ത് മാത്രമുള്ള പ്രാദേശികപാര്‍ട്ടിയായി സിപിഎം
മാറിയിരിക്കുന്നു... അവരുടെ നിലനില്‍പ്പുതന്നെ ചോദ്യംചെയ്യപ്പെടുന്ന പരിതാപകരമായ
അവസ്ഥയിലേക്ക് ചെന്നെത്തിയിരിക്കുന്നു. എന്തിനുമേതിനും കൊണ്ഗ്രെസ്സിനെ കുറ്റംപറയുന്ന
രീതി അവസാനിപ്പിക്കാനും, വര്‍ഗീയശക്തികല്‍ക്കെതിരായ മുന്നേറ്റത്തിനു
കൊണ്ഗ്രെസ്സിനോപ്പം അണിചേരുവാനുള്ള തീരുമാനമെടുക്കാന്‍ സിപിഎം നേതൃത്വം ആര്‍ജ്ജവം
കാണിക്കണം.
വിവേചന ബുദ്ധിയില്ലാത്ത അണികളെ വിഡ്ഢികളാക്കാന്‍വേണ്ടി ചൈനയിലേയും, ക്യൂബയിലേയും, ഉത്തരകൊറിയയിലേയും
നിറംപിടിപ്പിച്ച കഥകളും, അര്‍ത്ഥമില്ലാത്ത വാഗ്ധോരണികളും പ്രസ്താവനകളും നടത്തി വൃഥാ സമയംകളയാതെ ഇന്ത്യയിലേക്ക് നോക്കാന്‍ സിപിഎം നേതാക്കള്‍ തയാറാവണം.
അപചയം സംഭവിച്ചുവെങ്കിലും ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തുമുള്ള പാര്‍ട്ടി
എന്ന നിലയില്‍ ബിജെപിയെ എതിരിടാന്‍ ശേഷിയുള്ളത് കൊണ്ഗ്രെസിനു മാത്രമാണ്. അതുകൊണ്ടുതന്നെ കൊണ്ഗ്രെസ്സ്
ദുര്‍ബലമായ ഇടങ്ങളില്‍ കൊണ്ഗ്രെസ്സിനെ പിന്തുണയ്ക്കുക മാത്രമാണ് നിലനില്‍പ്പിനു
വേണ്ടിയെങ്കിലും സിപിഎമ്മിനു മുന്നിലുള്ള ഏക പോംവഴി..
Saturday, 15 February 2014
രണ്ടു വെടക്ക് യാത്രകള്‍
രണ്ടു യാത്രകളാണല്ലോ ഇപ്പോള്‍ കേരളത്തില്‍
നടക്കുന്നത്. വ്യത്യസ്ത ഉദ്ദേശലക്ഷ്യങ്ങളടുകൂടി എതിര്‍ദിശകളിലേക്കു
നടക്കുന്ന യാത്രതീരുമ്പോള്‍ കേരളത്തില്‍ പ്രത്യേകിച്ച് ഒന്നും സംഭവിക്കാനും
പോകുന്നില്ല എന്നായിരുന്നു ചിന്ത.... പക്ഷേ ഇപ്പോള്‍ അങ്ങിനിയല്ല സ്ഥിതി.
യാത്രകളുമായി ബന്ധപ്പെട്ട് ചിലതൊക്കെ നടക്കുന്നുണ്ടല്ലോ....
ചീറ്റിപ്പോയ സമരങ്ങളില്‍ നിന്നൊക്കെ
രക്ഷപെടാനും, നേരിടുന്ന കേസുകള്‍മൂലം നഷ്ടപ്പെട്ട പൊതുജനപിന്തുണ നേടിയെടുക്കാനുംവേണ്ടി
സ.പിണറായി നടത്തുന്ന ‘കേരള രക്ഷായാത്ര’ (ലാവ്‌ലിന്‍, ടി.പി. വധം എന്നിവയില്‍
നിന്ന് സ്വയംരക്ഷക്കും, കൊടിസുനി-കിര്‍മാണിമാരുടെ രക്ഷക്കുംവേണ്ടിയാണെന്ന് ജനസംസാരം...... എന്തെരോ
എന്തോ??) ആലപ്പുഴയില്‍ നിന്ന് തുടങ്ങി തിരോന്തോരം വഴി കൊയിക്കൊട്ടെക്ക്.... അതവിടെ
ചെല്ലുമ്പോള്‍ കൂട്ടത്തിലെ ഒരു യാത്രക്കാരന്‍ പ്രസംഗിച്ചത്പോലെ കേരളം കത്താനൊരു
ചാന്‍സുണ്ടോ?? ഉണ്ടാവും ... ഏതോ ഒരു ശുംഭന്‍ ലാവലിന്‍കേസില്‍ വാദം കേള്‍ക്കാനായി
ഒരുംബെട്ടുത്രേ......!!! കൊടുവാളിനെയും, ബംഗാള്‍മോഡല്‍ ഉപ്പുചാക്കിനെയും പേടിച്ചു
മണ്ടിയ ശുംഭന്മാര്‍ ചമ്മിപ്പോയി..... ഹല്ലപിന്നെ...
‘സ്വയ’രക്ഷായാത്ര ഉല്‍ഘാടിക്കാനെത്തിയ
അച്ചുമാനെ അരമണിക്കൂര്‍ പൊരിവെയിലത്ത് ഒറ്റക്കിരുത്തിപോലും...!!!..... അതില്‍
കെറുവ് മൂത്ത അച്ചുമാന്‍ കത്തയച്ച് പണികൊടുത്തു.... ആ പണി മറുപണിയായി യാത്ര
തീരുമ്പോഴേക്കും അച്ചുമാന് തിരിച്ചുകിട്ടും എന്നുറപ്പ്... ഇതുവരെ ‘ശവംതീനി’ പട്ടം
വരെ എത്തീട്ടുണ്ട്... യാത്രയങ്ങ് തൃശ്ശിവപേരൂര്‍ എത്തിയപ്പോള്‍ അവിടുത്തെ ഒരു
ഗഡിക്ക് ബോധോദയമുണ്ടായി ..... പെണ്ണുപിടിക്കാന്‍ പോയപ്പോഴാത്രേ ലവന്‍ വെട്ടുകൊണ്ടു
ചത്തത്... എന്നു പ്രസംഗിച്ചുപോല്‍.... മേമ്പൊടിക്ക് അല്‍പം ഭീഷണിയും....
മൂത്തസഖാവ് കേരളം കത്തിക്കുമെന്ന് പറഞ്ഞപ്പോള്‍ നുമ്മ ഇത്രയെങ്കിലും പറയേണ്ടേ...
സ്ഥലം സാംസ്കാരിക തലസ്ഥാനമായതുകൊണ്ട് ഇതിലൊതുങ്ങി..... ‘മഞ്ച്’ വാസുവിനും അശോകനും
പിന്നാലെ വെട്ട്-കുത്ത്, ബോംബേറ് എന്നിവയില്‍ ഏറെ പ്രാവീണ്യമുള്ള ഒരു വിഭാഗം എന്‍.ഡി.എഫുകാര്‍
കൂടി പാളയത്തിലേക്ക് എത്തുമ്പോള്‍ ‘സ്വയ’രക്ഷായാത്ര കൊയിക്കൊട്ടെത്തുന്നതിനുമുന്നേ
എന്തെരേലുമൊക്കെ കാണാം....
മറ്റൊരു യാത്ര കാസ്രോട്ടുനിന്നു
തിരോന്തോരത്തേക്ക് ‘സ്ത്രീശാക്തീകരണ’ത്തിനുവേണ്ടി
ഖദര്‍പാര്‍ട്ടിയുടെ വനിതാനേതാവ് ബിന്ദുകൃഷ്ണ നയിക്കുന്ന സ്ത്രീമുന്നേറ്റയാത്ര. താക്കൊല്‍സ്ഥാനീയന്‍ ആഭ്യന്തരന്‍ ഉല്‍ഘാടിച്ചു വിട്ടു എന്നതൊഴിച്ചാല്‍ കാര്യമായ പബ്ലിസിറ്റിയില്ലാതെ, ബഹളങ്ങളോന്നുമില്ലാതെ തണലുപറ്റി ഒരു യാത്ര. പക്ഷെ ഇങ്ങനെ അനക്കങ്ങളൊന്നുമില്ലാതെ യാത്രചെയ്താല്‍ തന്‍റെ ജീവിതയാത്ര (പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍, തോറ്റാലും വേണ്ടില്ല ഒരു സീറ്റ്; അതാണല്ലോ ലക്ഷ്യം) ശെരിയാവൂല എന്നു കൃഷ്ണമ്മയ്ക്ക് തോന്നിക്കാണും. എന്തെങ്കിലും ചെയ്ത് യാത്രക്കൊരു പെരുണ്ടാക്കണം... തലപുകഞ്ഞാലോചിച്ചു... ആലോചനക്കൊടുവില്‍ അച്ചുമാനാണ് താരം എന്നു തിരിച്ചറിവുണ്ടായി........ ഉടനടി കൊടുത്തു അച്ചുമാനൊരു ഉപദേശം. രമയുടെ സമരപ്പന്തലില്‍ പോണം.... പോയില്ലെങ്കില്‍ തൂങ്ങിച്ചാകണം.... സംഗതി ഏറ്റു..... പോരെ പൂരം.... എന്താ ഒരു മീഡിയകവറേജ്..... തകര്‍പ്പന്‍ പംബ്ലിസിറ്റി.. കൃഷ്ണമ്മ പോലും വിചാരിച്ചിട്ടുണ്ടാവില്ല ഇത്രയും കവറേജ്.... ‘ഹോ....എന്നെ സമ്മതിക്കണം’ കൃഷ്ണമ്മ സ്വയം പറഞ്ഞുപോല്‍...
തൂങ്ങലിന്റെ ഓളം തീരുംമുന്നെ ഒരു സ്ത്രീമുന്നേറ്റംകൂടി
നടത്തിക്കളഞ്ഞു കൃഷ്ണമ്മ... കോടതിപരിസരത്തു പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ മൈക്ക്
ഓഫ് ചെയ്ത പോലീസുകാരനായിരുന്നു അടുത്ത ഇര.... കലിതുള്ളി താണ്ഡവമാടിയ കൃഷ്ണമ്മ
പോലീസുകാരന്‍റെ തോപ്പിതെറിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തന്നെയുമല്ല
കുട്ടികളെയൊക്കെ പേടിപ്പിക്കാനായി നമ്മള്‍ ‘മാക്കാച്ചി’ വരും എന്നൊക്കെ പറയുന്നതുപോലെ .... ‘പിണറായിയുടെ
മൈക്ക് ഓഫ് ചെയ്യാന്‍ തനിക്ക് ധൈര്യമുണ്ടോ’ എന്നൊരു ചോദ്യവും... താനും പിണറായിയും
ഒരേ റാങ്കുകാര്‍ ആണെന്ന് പ്യാവം ധരിച്ചുവശായിട്ടുണ്ടെന്നു തീര്‍ച്ച.... തീര്‍ന്നില്ല
പോലീസുകാരന്‍റെമേല്‍ മുന്‍ ആഭ്യന്തരന്‍ കോടിയേരിയുടെ പ്രേതാവേശമാനെന്നുള്ള
കണ്ടെത്തലും....!!!... എന്താല്ലേ മുന്നേറ്റം??? നിയമം നടത്തുന്ന പോലീസുകാരുടെ
മെക്കിട്ടു കേറുന്ന മുന്നേറ്റമാണോ കൃഷ്ണമ്മ ഉദ്ദേശിച്ചത് എന്നറിയില്ല..... പക്ഷേ
ഒരു സംശയം ഇതല്ലേ ഫെമിനിസം?? ഇതാണോ നമ്മുക്ക് വേണ്ടത് സ്ത്രീകള്‍ ചിന്തിക്കുക....
കൃഷ്ണമ്മയുടെ സമയം നല്ലതാണെന്ന് തോന്നുന്നു....
സ്ത്രീമുന്നെറ്റയാത്ര നടക്കുമ്പോള്‍തന്നെ തന്‍റെ പാര്‍ട്ടിയുടെ ഒരു മന്ത്രിയുടെ സ്റ്റാഫ്
ഉള്‍പ്പെട്ട സ്ത്രീപീഡനവും കൊലപാതകവും പുറത്തുവന്നിരിക്കുന്നു... അതും പാര്‍ട്ടി
ഒഫീസില്‍വച്ച്. യാത്ര പകുതിയായപ്പോള്‍തന്നെ സ്ത്രീസ്വാതന്ത്ര്യവും
സ്ത്രീമുന്നേറ്റവും അതിന്‍റെ പരകോടിയില്‍ എത്തിയിരിക്കുന്നു...... സ്വന്തം പാര്‍ട്ടിഓഫീസില്‍വച്ച്
നടന്ന കൊലപാതകം കൃഷ്ണമ്മയുടെ യാത്രക്കും, വിശിഷ്യാ ഗാന്ധിയന്മാരുടെ പാര്‍ട്ടിക്കും
ഒരു പൊന്‍തൂവല്‍ സമ്മാനിച്ചിരിക്കുന്നു എന്നതില്‍ സംശയമില്ല. ഏതായാലും പ്രതികളെ
തന്‍റെ പാര്‍ട്ടി സംരക്ഷിക്കില്ല എന്ന് പറഞ്ഞ് കൃഷ്ണമ്മ തടിയൂരി. സ്ത്രീശാക്തീകരണപരിപാടി
ഉല്‍ഘാടനം ചെയ്യാന്‍ ഖദര്‍പാര്‍ട്ടിയുടെ ദേശീയപ്രസിഡന്‍റ് കേരളത്തില്‍
എത്തുന്നസമയവും കൊലപാതകവാര്‍ത്ത പുറത്തുവന്ന സമയവുംസമയവുംകൂടി നോക്കുമ്പോള്‍ ഖദര്‍പാര്‍ട്ടിയുടെ
സമയം നല്ല ‘ബെസ്റ്റ് ടൈം’.........
മറ്റുപാര്‍ട്ടികളില്‍നിന്നും
ചാടിവരുന്നവരെ താല്‍ക്കാലിക നേട്ടങ്ങള്‍ക്കുവേണ്ടി പ്രധാനസ്ഥാനങ്ങളില്‍
അവരോധിക്കുന്ന എല്ലാ രാഷ്ട്രീയപാര്‍ട്ടിനേതാക്കന്മാര്‍ക്കും ഒരു പാഠമാവണം ഈ
കൊലപാതകം.
കൊലപാതകത്തിനുശേഷം ശവം കൊണ്ടുപോകാന്‍
ഉപയോഗിച്ച ചാക്ക്, ദേശാഭിമാനിയുടെ സ്ഥലം ചാക്കിലാക്കിയ രാധാകൃഷ്ണന്‍റെ ചാക്കാണെന്ന്
പിന്നാമ്പുറ സംസാരം....
ശവം മറവുചെയ്തതും ,തെളിവുനശിപ്പിക്കാന്‍ ചെയ്തകാര്യങ്ങളും അറസ്റ്റിലായ
രണ്ടു പ്രതികള്‍ക്കുമാത്രമായി ചെയ്യാന്‍ കഴിയില്ല എന്ന് പിണറായി സഖാവിന്റെ
പ്രസ്താവം അന്വേഷണോദ്യോഗസ്ഥര്‍ മുഖവിലക്ക് എടുക്കണം.... കാരണം ഇങ്ങനെയുള്ള
കാര്യങ്ങളില്‍ എക്സ്പീരിയന്‍സ് ഉള്ളവരുടെ ഉപദേശം വളരെ നല്ലതാണ്....
രണ്ടുയാത്രകളും തീരുംമുന്നെ ഇനി
എന്തെല്ലാം കാണാനും കേള്‍ക്കാനും കിടക്കുന്നു......... കണ്ടും കേട്ടും
ആസ്വദിക്കാം...അല്ലാണ്ടെന്തു ചെയ്യാന്‍???
Monday, 20 January 2014
ആം ആദ്മി രക്ഷപ്പെടുമോ??
അഴിമതിക്കെതിരെ ശ്രീ.അണ്ണാഹസാരെ
തുടങ്ങിവച്ച ലോക്പാല്‍സമരത്തിന്‍റെ മുഖ്യപ്രചാരകനായി രംഗത്തുവന്ന ശ്രീ.അരവിന്ദ്
കേജ്രിവാള്‍ ഹസാരെയുമായി പിരിഞ്ഞ് സാധാരണ ജനങ്ങള്‍ എന്നര്‍ഥം വരുന്ന ആം ആദ്മി പാര്‍ട്ടി
(AAP) രൂപീകരിക്കുകയും, രൂപമെടുത്ത് ഒരുവര്‍ഷമാകുമ്പോഴേക്കും ഡല്‍ഹിപോലൊരു
സംസ്ഥാനത്തിന്‍റെ ഭരണം കയ്യേല്‍ക്കാനും സാധിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക
മാറ്റമായി നിരീക്ഷകര്‍ അതിനെ വിലയിരുത്തുന്നു. അഴിമതിക്കെതിരെയുള്ള
AAPയുടെ നിലപാടുകളില്‍ മാത്രമല്ല ജനങ്ങളെ അതിലേക്കു ആകര്‍ഷിച്ചത്.
മുഖ്യധാരാ രാഷ്ട്രീയകഷികളുടെ
ജനവിരുദ്ധനയങ്ങള്‍ തന്നെയാണ് അതിനു പ്രധാനകാരണം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍
തടയുന്നതില്‍ നിലവിലുള്ള സര്‍ക്കാരുകളുടെ പരാജയം, ഡല്‍ഹി കൂട്ടബലാത്സംഗം എന്നിവ
യുവജനങ്ങളെ AAPയിലേക്ക് ആകര്‍ഷിച്ചു. ശ്രീ.അണ്ണാ ഹസാരെയുടെ ജനപിന്തുണയും
വ്യക്തിപ്രഭാവവും ചൂഷണം ചെയ്ത് ശ്രീ.കേജ്രിവാള്‍ ഈയവസരം രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുകയും
ചെയ്തു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു മാറ്റം
ആഗ്രഹിച്ച ജനങ്ങള്‍ ഒന്നാകെ ഡല്‍ഹിയില്‍ AAPക്ക്
പിന്നില്‍ അണിനിരന്നു എന്നുവേണം മനസ്സിലാക്കാന്‍. മറ്റു
രാഷ്ട്രീയകക്ഷികളെ അപേക്ഷിച്ച്, AAPയുടെ കുറച്ചുകൂടി സുവ്യക്തമായ ധരിക്കപ്പെടുന്ന നിലപാടുകളില്‍
ആകൃഷ്ടരായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ജനങ്ങള്‍ AAPയിലേക്ക് ചേരുന്നതായി
റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഡല്‍ഹിയില്‍ ഭരണത്തിലേറാനായത് അതിന്‍റെ ആക്കം
കൂട്ടുകയും ചെയ്യുന്നു. ജനോപകാരനടപടികള്‍ എത്രത്തോളം നടപ്പിലാക്കാന്‍ സാധിക്കും
എന്നുള്ളത് കാത്തിരുന്നു കാണണം. ബാലാരിഷ്ടതകള്‍ മാറാത്ത പാര്‍ട്ടിയും,
രാഷ്ട്രീയ-ഭരണകാര്യങ്ങളില്‍ തുടക്കക്കാരായ നേതാക്കളുടെ പ്രവര്‍ത്തിയും
നയങ്ങളും എത്രകണ്ട് ജനപ്രിയമാകുമെന്നത് അവരുടെ നിലപാടുകളെ ആശ്രയിച്ചിരിക്കും.
ഭരണത്തിലേറി കുറച്ചുദിവസങ്ങള്‍ കൊണ്ടുതന്നെ
തെരഞ്ഞെടുപ്പില്‍ നല്‍കപ്പെട്ട വാഗ്ദാനങ്ങളില്‍ ചിലതൊക്കെ ഭാഗികമായെങ്കിലും നിറവേറ്റാന്‍
സാധിച്ചത് വലിയകാര്യം തന്നെയാണ്. AAP മന്ത്രിമാരുടെ താമസ സ്ഥലത്തെയും,
വാഹനങ്ങളെയും, സുരക്ഷയെയും സംബന്ധിച്ചു പുറത്തുവരുന്ന പ്രസ്താവനകള്‍ ബാലിശം എന്നെ
പറയാനൊക്കൂ. മന്ത്രിമാരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും കുറച്ചു വലിയ
വീടും,മെച്ചപ്പെട്ട യാത്രാ സൌകര്യങ്ങളുമൊക്കെ അനിവാര്യമായ ഒന്നാണ്. ഡല്‍ഹി പോലൊരു
സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ അതിപ്രധാനമായ കാര്യമാണ്.
ഇതൊക്കെ വേണ്ടായെന്നു തെരഞ്ഞെടുപ്പിന് മുന്‍പ് പറഞ്ഞിട്ടുണ്ടെങ്കില്‍ അത്
അജ്ഞതകൊണ്ടോ അല്ലെങ്കില്‍ സാധാരണജനങ്ങളുടെ വോട്ടു നേടാനോവേണ്ടിയുള്ള തന്ത്രം
മാത്രം ആയിരുന്നിരിക്കും.
വ്യക്തമായ ഒരു രാഷ്ട്രീയ-ഭരണ-വികസന-സാമ്പത്തികനയമോ
കാഴ്ചപ്പാടോ ഇല്ല എന്നതാണ് AAPയുടെ പ്രധാന ന്യൂനത. നയവൈകല്യം ഉയര്‍ത്തുന്ന ഭീഷണി
തെല്ലൊന്നുമല്ല AAPയെ വലയ്ക്കുന്നത്. തീരുമാനങ്ങള്‍ എടുക്കുക എന്നത് പ്രധാനമായും
ശ്രീ.കേജ്രിവാളിലും വിരലില്‍ എണ്ണാവുന്ന ചുരുക്കം ആള്‍ക്കാരിലുമായി
ഒതുങ്ങിയിരിക്കുന്നു. ഏതാനും ചിലരാല്‍ നയിക്കപ്പെടുന്ന ആള്‍ക്കൂട്ടമാണ് AAP എന്ന് പറയാം.
കേവലം അഴിമതിവിരുദ്ധ
മുദ്രാവാക്യംകൊണ്ട് മാത്രം ഭരണം നടത്താനാവില്ല എന്ന് ശ്രീ.കേജ്രിവാളിനു ഇതിനകം
ബോധ്യമായിട്ടുണ്ടാവണം. പരാജയപ്പെട്ട ജനതാദര്‍ബാര്‍ അതിനു പ്രത്യക്ഷ ഉദാഹരണമാണ്.
വര്‍ദ്ധിച്ചുവരുന്ന പീഡനങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതില്‍ തുടരെയുള്ള വീഴ്ചകള്‍
AAP സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന്
ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതുപോലെതന്നെ വിദേശനിക്ഷേപത്തെ എതിര്‍ക്കുകവഴി
തൊഴിലില്ലായ്മക്ക്നേരെ കണ്ണടക്കുകയാണ് ചെയ്യുന്നത്. പാളയത്തില്‍ പടയാണ് AAP
നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. വിടുവായിത്തം പറയുന്ന നേതാക്കള്‍ തന്നെ
AAPയുടെ ശവപ്പെട്ടി ഒരുക്കുന്ന കാഴ്ചയും വിദൂരമല്ല. ഡല്‍ഹിയിലെ ജനങ്ങളുടെ സുരക്ഷ
മുഖ്യമന്ത്രിതന്നെ ദൈവത്തെ ഏല്‍പ്പിച്ചു കഴിഞ്ഞു. നേതാവ് തന്നെ ഇങ്ങനെ പറയുമ്പോള്‍
അണികള്‍ അതില്‍ കൂടുതല്‍ പറഞ്ഞില്ലങ്കിലെ അത്ഭുതമുള്ളൂ.
700 ലിറ്റര്‍വരെ സൌജന്യമായി നല്‍കുമെന്നു
പ്രഖ്യാപിച്ച കുടിവെള്ളവിതരണത്തിലും പ്രഖ്യാപിത നിലപാടുകളില്‍ നിന്ന്
പിന്നോട്ട്പോയിരിക്കുന്നു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ചെപ്പടിവിട്യകള്‍
കൊണ്ടൊന്നും രാജ്യത്തെയോ സ്റ്റേറ്റിനെയോ നയിക്കുക അസാധ്യമാണ്.
ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലത്തിലും
ശ്രീ.കേജ്രിവാളിന്‍റെ വ്യക്തിപ്രഭാവത്തിലും ആകൃഷ്ടരായി AAP യില്‍ അംഗത്വമെടുക്കാന്‍
വന്‍തിരക്കാണ് ഉള്ളത്. സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ളവര്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നു.
പക്ഷേ ഇങ്ങനെയുള്ളവരില്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടപ്പെടുന്നത്
സാധാരണക്കാരെയല്ല മറിച്ച് കോര്‍പറേറ്റ് മേധാവികളെയും, കാപ്പിറ്റലിസ്റ്റുകളേയുമാണ്.
ഇവരൊക്കെ ചേര്‍ന്ന് അധികാരത്തില്‍ വന്നാല്‍ സാധാരണക്കാരന്‍റെ താല്പര്യങ്ങളും
അവകാശങ്ങളും സംരക്ഷിക്കപ്പെടുമോ എന്നുള്ളത് കാത്തിരുന്നു കാണണം.
Wednesday, 30 October 2013
ഒരു കല്ലും കുറെ കാര്യങ്ങളും
തന്‍റെ ഓഫീസ് അഴിമതി ആരോപണത്തില്‍ മുങ്ങി നില്‍ക്കുമ്പോഴും
ജനസമ്പര്‍ക്കപരിപാടിയിലൂടെ പ്രതിച്ഛായ കാത്തുസൂക്ഷിക്കുന്ന മുഖ്യന്‍റെ മുഖത്തു
പതിച്ച കല്ലാണല്ലോ ഇപ്പോള്‍ പ്രധാന താരം.കല്ലിന്‍റെ കഥകളും ഉപകഥകളും കൊണ്ട് പത്ര-ദൃശ്യ
മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും നിറയുകയാണ്.
കല്ലുവീണ അവസരം പരമാവധി മുതലെടുക്കാന്‍
മുഖ്യന്‍റെ കൂടെയുണ്ടായിരുന്ന അമാത്യപ്രധാനിയും, “ഞാമ്പറയാം ഞാമ്പറയാം”വിദൂഷകനും സംഭവത്തെക്കുറിച്ച് ക്വാണ്ടം തിയറിയെപ്പോലും അതിശയിപ്പിക്കുന്ന
തരത്തില്‍ കുറച്ചു ‘പൊലിമ’ ചേര്‍ത്തത്
ജനം വിശ്വസിച്ചിട്ടില്ല എന്നതൊഴിച്ചാല്‍ സംഭവത്തിന്‍റെ യഥാര്‍ത്ഥവശം സാമാന്യവിവരമുള്ള ഏവര്‍ക്കും ബോധ്യപ്പെട്ടിട്ടുമുണ്ട്.
ആശയം തോല്‍ക്കുമ്പോള്‍ ആയുധമെടുക്കുക എന്നത് തികച്ചും
‘സമാധാനകാംക്ഷി’കളായ മാര്‍ക്സിസ്ടുകളുടെ സഹനസമരമാര്‍ഗമാണ്
എന്ന് ഏവര്‍ക്കും അറിവുള്ളതാണ്. അതുകൊണ്ട് മുഖ്യന്‍റെ മുഖത്തുപതിച്ച കല്ലിന്‍റെ
ഉറവിടത്തെക്കുറിച്ച് പൊതുജനത്തിന് യാതൊരു സംശയവുമില്ല. പ്രത്യേകിച്ചും
പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഒരു കൂത്തുപറമ്പ്കൂടി ആവര്‍ത്തിക്കണം
എന്ന് നിര്‍ബന്ധം ഉള്ളതുപോലെയായിരുന്നു നേതാക്കന്മാരുടെ നീക്കങ്ങള്‍
സൂചിപ്പിച്ചിരുന്നത്
എറിഞ്ഞത് ചാലക്കുടിയിലെ കൊട്ടേഷന്‍ സംഘാംഗമാണെന്ന്
നേതാവിന്റെ പ്രസ്താവന. പുള്ളി പഴയ പലകാര്യങ്ങള്‍ക്കും അതിയാന്റെ സേവനം
പ്രയോജനപ്പെടുത്തിയ പരിചയംവച്ച് പെട്ടന്ന് പറഞ്ഞു പോയതാവാം. പക്ഷേ
അന്വേഷിച്ചു ചെന്നപ്പോള്‍ അതിയാന്‍ വടിയായിട്ട് വര്ഷം പലതുകഴിഞ്ഞു.
എറിഞ്ഞത് ഞങ്ങളല്ല എന്ന് നേതാക്കന്മാര്‍ ആണയിടുമ്പോഴും
സോഷ്യല്‍മീഡിയകളിലൂടെ അണികള്‍ അത് ആഘോഷിക്കുന്നു. ഇനിയുമെറിയും എന്ന്
വീമ്പിളക്കുന്നു. അത് ചോദ്യം ചെയ്യുന്നവരെയും കൊണ്ഗ്രെസ്സ് നേതാക്കളെയും ആകെമാനം തെറിവിളിച്ച്
ആക്ഷേപിക്കുന്നു. സോഷ്യല്‍മീഡിയകളിലൂടെ മാത്രം പരിചയമുള്ളവര്‍ ഇങ്ങനെ ഗോഗ്വാ
വിളികള്‍ നടത്തുമ്പോള്‍ തകരുന്നത് അവര്‍ക്കിടയിലുള്ള സൗഹൃദമാണ്. മാന്യമായ
രാഷ്ട്രീയനിരീക്ഷണങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഉപരിയായി അപ്പനും അമ്മയ്ക്കും വരെ
വിളിച്ചുകൊണ്ടുള്ള രാഷ്ട്രീയചര്‍ച്ചകള്‍ തങ്ങള്‍ക്കു ഭൂഷണമോ എന്ന് അഭ്യസ്തവിദ്യരായ
ചെറുപ്പക്കാരാണ് തീരുമാനിക്കേണ്ടത്.
കൊണ്ഗ്രെസ്സ് നേതൃത്വത്തിന്റെയും,
യു.ഡി.എഫിന്റെയും കടുത്ത സമ്മര്‍ദ്ദം ഉണ്ടായിട്ടും പ്രതിഷേധാര്‍ഹമായി ഹര്‍ത്താല്‍
നടത്താന്‍ മുഖ്യന്‍ സമ്മതംനല്‍കിയില്ല എന്നതാണ് ശ്രദ്ധിക്കപ്പെടേണ്ട
പ്രധാനകാര്യം. അങ്ങിനെയൊരു ഹര്‍ത്താല്‍ ഉണ്ടായാല്‍ വ്യാപകമായ അക്രമങ്ങള്‍
നടന്നേക്കാം എന്നദ്ദേഹത്തിനു നന്നായി അറിയാം. അങ്ങിനെയുണ്ടായേക്കാവുന്ന കഷ്ടനഷ്ടങ്ങളില്‍
നിന്ന് പൊതുജനത്തെ രക്ഷപ്പെടുത്തിയത് പ്രശംസാര്‍ഹമായ കാര്യമാണ്. കൌശലക്കാരനായ
രാഷ്ട്രീയക്കാരന്‍റെ പക്വമായ തീരുമാനം. ജനങ്ങള്‍ക്കിടയിലുള്ള അദ്ദേഹത്തിന്‍റെ
മതിപ്പ് ഒന്നുകൂടി ഉയര്‍ന്നു എന്നും മനസ്സിലാക്കാം.
ഇതുപോലെ വിപ്ലവപാര്‍ട്ടിയുടെ കണ്ണൂര്‍ നേതാവിന്‍റെ കാറിനുമേല്‍ കല്ലെറിഞ്ഞ ഷുക്കൂര്‍ എന്ന ചെറുപ്പക്കാരന്റെയും, ആശയസമരത്തിന്‍റെ പേരില്‍ പാര്‍ട്ടിവിട്ട ചന്ദ്രശേഖരന്റെയും ഗതി എന്തായി എന്ന് കേരളജനതക്ക് അറിവുള്ളതാണ്. ഇരുപാര്‍ട്ടികളും അവയുടെ നേതാക്കന്മാരെയും താരതമ്യം ചെയ്യാനുള്ള ഒരു അവസമാണ്ഇപ്പോള്‍ ജനങ്ങളുടെ മുന്നിലുള്ളത്.
തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കെതിരെ ജനാധിപത്യപരമായ
രീതിയില്‍ സമരം ചെയ്യാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും അവകാശമുണ്ട്. എന്നാല്‍
അതിനൊക്കെ ഒരു സാമാന്യമര്യാദയും പരിധിയും ഒക്കെയുണ്ട്. മര്യാദയുടെ എല്ലാ സീമകളും
ലംഘിച്ചുകൊണ്ടുള്ള സമരമുറകള്‍ വേണമോ എന്ന് തീരുമാനിക്കേണ്ടത് രാഷ്ട്രീയപാര്‍ട്ടികളുടെ
നേതാക്കന്മാരും അവരുടെ ഔചിത്യബോധവുമാണ്. ജനങ്ങള്‍ക്ക് വേണ്ടിയാവണം രാഷ്ട്രീയക്കാര്‍
ഭരണവും സമരവുംനടത്തേണ്ടത്. ജനത്തെ മറന്നുകൊണ്ട് വ്യക്തികള്‍ക്കായുള്ള ഭരണവും
സമരവും ജനങ്ങളാല്‍ തിരസ്കരിക്കപ്പെടും എന്നുള്ള കാര്യം എല്ലാ രാഷ്ട്രീയകക്ഷികളും ഓര്‍ക്കുന്നത്
നന്ന്.
ഫീലിംഗ്സ്:
രാഷ്ട്രീയത്തിലെ മൂല്യച്യുതിയിലുള്ള അമര്‍ഷം
Subscribe to:
Posts (Atom)

